Sunday, December 13, 2009

കര്‍ത്താവ്‌ ക്ഷമിക്കും ! (ഭാഗം 4)

(എല്ലാ പ്രോത്സാഹനങ്ങള്‍ക്കും നന്ദി... .............. എന്ത് പ്രോത്സാഹനം ?
ഇതാരും വായിക്കരുത് ഇന്നു കരുതി എഴുതിയതാണ്  ഇന്നു വല്ല പ്രഖ്യാപനവും നടത്തേണ്ടി വരുമോ എന്നാണിപ്പോള്‍ ആലോചിക്കുന്നത്, രണ്ടാമത് വായിക്കാന്‍ എനിക്ക് തന്നെ ഒരു മടി)

ക്ലാസ്സ്‌ കഴിഞ്ഞിറങ്ങുമ്പോള്‍ പഴയ മൂന്നാം ബഞ്ച് പാര്‍ട്ടി പതുക്കെ നടന്നു പോകുന്നു. ഞാന്‍ ഇത്തിരി സ്പീഡ് കൂട്ടി. അടുത്തെത്തിയപ്പോള്‍ ചോദിച്ചു 'ഒറ്റെക്കാണോ ?'
'അല്ല, ഫ്രണ്ട്സ് പുറത്തു വെയിറ്റ് ചെയ്യുന്നുണ്ട്.'
'എന്താ പേര് ?'
'ആന്‍ മേരി'. 'കൊള്ളാം, അവസാനം 'ആണ്‍ മേരി' ആവുമോ ?
'നല്ല പേര്' മറുപടിയായി ഒരു ചിരി കിട്ടി. സന്തോഷമായി അമ്മേ, സന്തോഷമായി !

'എന്റെ പേര് സൂര്യന്‍'
'എനിക്കറിയാം' എന്റമ്മേ എന്നെ അങ്ങോട്ട്‌ കൊല്ല് !

'കൂട്ടുകാരൊക്കെ ഇവിടെ ?' ചോദ്യം ചെയ്യല്‍ ഇങ്ങോട്ടായി, എന്തെങ്ങിലും ആവട്ടെ, സാധനം വളയുന്നു..ഹൌ !
'അവരൊക്കെ പിന്നാലെ വരുന്നുണ്ട്'
'ഇന്നു സുര്യയുടെ പോലെയുള്ള ആ ചേട്ടന്‍ വന്നിട്ടില്ലേ ?'
എനിക്ക് ദേഷ്യം വന്നു. സൂര്യയുടെ പോലെയുള്ള ആ ചേട്ടനോ ? അപ്പൊ എനിക്കും അവള്‍ക്കും ഒരു പ്രായം. മറ്റവന്‍ ചേട്ടനും. ഏതാടാ ആ കൂതറ ...

'ആര് ?' ഞാന്‍ തിരിച്ചു ചോദിച്ചു.
'ആ ചേട്ടനെ...' പിന്നെയും ചേട്ടന്‍ .ആര് നിന്റമ്മേടെ നായരോ എന്ന്  തിരിച്ചു ചോദിക്കണം എന്ന്  വിചാരിച്ചതാണ്. പക്ഷെ പടിക്കല്‍ കൊണ്ട് പോയി കാലം ഉടക്കണ്ടല്ലോ ഇന്നു മാത്രം കരുതി ഞാന്‍ 'മര്യാദാ പട്ടര്‍' ആയി, ന്ച്ചാല്‍ 'മര്യാദാ രാമന്‍' !

'ഏതു ചേട്ടന്‍ ?'
'ആ കൊടുങ്ങല്ലൂര്‍ നിന്നും വരുന്ന, സൂര്യയെപ്പോലെ തടിച്ച...' (എടീ എടീ കൊത്തി കൊത്തി നീ ...)
'ആര് ?' ഞാന്‍ പൊട്ടന്‍ കളിച്ചു. ചാത്തനെപ്പറ്റി ആണ് ചോദിക്കുന്നത് എന്നെനിക്കു മനസ്സിലായി . ആ പണ്ടാരക്കാലന്റെ ആരെങ്ങിലും ആണോ ? അങ്ങിനെ ആണെങ്ങില്‍ അവന്‍ പറയേണ്ടതാണല്ലോ.

'...... ഗോപിചെട്ടന്‍' - (കഴുവേറിടെമോളെ ഇതിനാന്നോടി എന്നെ ഇട്ടു വട്ടം കറക്കിയത്.)
ആന്‍ മേരിയുടെ മുഖം ഒരു നവവധുവിനെപ്പോലെ... എന്തൊരു നാണം, എന്തോ പിശകുണ്ട്.
 
'ആ വന്നിട്ടില്ല, അതെന്താ അവനെ ചേട്ടാ എന്നും എന്നെ പേരും വിളിക്കുന്നത് ? ഞങ്ങള്‍ ഒരേ പ്രായം ആണല്ലോ ?'
'അങ്ങിനയേ വിളിക്കാവൂ എന്നാ പറഞ്ഞിരിക്കുന്നത് '
'ആര് ?'
'ഗോപിചെട്ടന്‍'
'അതെന്ത്താ'
'അങ്ങിനെ പേര് പറഞ്ഞൊന്നും വിളിക്കാന്‍ പാടില്ലെന്നാ ചേട്ടന്‍ പറയുന്നത്, പ്രത്യേകിച്ചും പരസ്പരം ഇഷ്ടം തോന്നുന്നവര്'
ചതിച്ചു, ഇതു വരെ പൊട്ടന്‍ കളിച്ചതല്ല, ശരിക്കും പൊട്ടനായിരുന്നു എന്ന് മനസ്സിലായി. ആ നായിന്റെ മോനെ പറ്റിച്ചു.

ഇതു കുറച്ചു കടന്ന കൈ ആയിപ്പോയി. അവനരിയാമല്ലോ ഞാന്‍ നോട്ടമിട്ട പശുവാനിതെന്നു. അപ്പൊ അവന്‍ ഗോളി നിന്ന് ഫോര്‍വേഡ് കളിച്ചതാണ്. എന്നാല്‍  കിടക്കട്ടെ അവനൊരു പണി.

കുറയ്ക്കണ്ട.... സ്വര്‍ണം കെട്ടിച്ചത് തന്നെ ആയിക്കോട്ടെ ....

'എന്നിട്ട് അവന്‍ കല്യാണം കഴിക്കാന്‍ പോകുന്ന പെണ്ണ് അവനെ പേരാണല്ലോ വിളിക്കുന്നത്‌'.

ഭും !

ഇതു മതിയാവും, ദിപ്പോ ശരിയാവും. ദിപ്പോ ശരിയാവും.

ഒരു സെക്കെന്റ്  കഴിഞ്ഞു ഞാന്‍  നോക്കിയപ്പോള്‍ ആ ബോംബ്‌ പൊട്ടിയത് അവിടെയും ഇവിടെയും ഒന്നും  അല്ല, മുഖത്ത് തന്നെ ! വെട്ടിയാലും കുത്തിയാലും മാന്തിയാലും ഒന്നും ഒരു തുള്ളി ചോര കിട്ടില്ല...

വീണ്ടുമൊരു സെക്കന്റ്‌ കൂടി, ദാ ഈ ലോകത്തുള്ള കമ്പ്ലീറ്റ് ചോരയും മുഖത്ത് വന്നു, ചെറിയ ഒരു ശതമാനം കണ്ണിലും. ചുണ്ട് കവിളും ചുവക്കുന്നത് കാണാന്‍ നല്ല ഭംഗി. ചാത്താ എനിക്ക് കിട്ടാത്തത് നിനക്ക് കിട്ടും, നല്ല അടി !

നീ ചാത്തനാന്നെങ്ങില്‍ ഞാന്‍ ഭദ്രകാളി ആണ് !

ഒന്നും മിണ്ടാതെ ആന്‍ ഓടിപ്പോയി, ആരോക്കയോ ഗേറ്റിനു വെളിയില്‍ നിന്നും അവളെ വിളിക്കുന്നുണ്ട്, പക്ഷെ നമ്മുടെ കക്ഷിക്ക് പറ്റിയ പരിക്ക് നിസ്സാരമല്ലല്ലോ ?. അതുകൊണ്ട് തന്നെ ആള്‍ നിന്നില്ല.

'എന്ത് പറ്റി, ആ കുട്ടിക്ക് ?' സിസ്റ്റര്‍ ആണ്. അവര്‍ കക്ഷിയെ കാത്തു നില്‍ക്കുകയായിരുന്നു..
'ഓരോര്ത്തര്‍  പറ്റിക്കാനായി നടക്കുകയാ, അബദ്ധം പറ്റരുതല്ലോ' ഞാന്‍ മറുപടി കൊടുത്തു.
'എന്താ സംഭവം ?'
'എലിസബത്ത്‌ വാ, പറയാം' ഞാന്‍ പതുക്കെ നടന്നു, കുഞ്ഞാട് എന്റെ കൂടെയും. ഞാന്‍ സംഭവം മുഴുവന്‍ പറഞ്ഞു, കൂട്ടത്തില്‍ കഥാപാത്രങ്ങള്‍ക്ക് വേണ്ട പൊടിപ്പും തൊങ്ങലും ചേര്‍ത്ത് തന്നെ (ഈ കഥ പോലെ)

കഥയില്‍
ചാത്തന്‍ - വില്ലന്‍, ആന്‍ മേരി - ദുരന്ത നായിക, ഞാന്‍ - ദൈവദൂതന്‍, സിസ്റ്റര്‍ - ഗസ്റ്റ്‌ റോള്‍ ....

'നന്നായി സൂര്യന്‍ ചെയ്തത്' എലിസബത്തിന്റെ അഭിനന്ദനം.
'എലിസബത്തെ, എനിക്ക് സ്നേഹിക്കാനേ അറിയൂ' ആ ഡയലോഗ് പറഞ്ഞ എനിക്ക് മനസ്സില്‍ ഒരു സ്മാള്‍ വാങ്ങി കൊടുത്തു.
എലിസബത്തിന്റെ മുഖത്ത് സാമ്പിള്‍ വെടിക്കെട്ടിന്റെ പോലെ പല നിറത്തില്  , പല തരത്തില്‍
'ഞാന്‍ പോട്ടെ ?'
'അതേ, ഒരു കാര്യം പറയാനുണ്ട്‌'
'എന്താ ?'
'അല്ലെങ്ങില്‍ വേണ്ട, പിന്നെ പറയാം, എനിക്കും തിരക്കുണ്ട്‌, താന്‍ പോയ്കോ'
എലിസബത്ത് പോയപ്പോളാണ് ഞാന്‍ ആലോചിച്ചത്, എന്ത് കാര്യമാണ് ഞാന്‍ പറയാന്‍ ആലോചിച്ചത് ? പെട്ടെന്ന് ആലോചിച്ചതാനെങ്ങില്‍ തന്നെ എന്താ പറയാതിരുന്നത് ? പണ്ടാരം, എന്തെങ്ങിലും ആവട്ടെ. ഇനി അതാലോചിച്ച് സമയം കളയണ്ട. ഇന്നൊരു സുദിനം അല്ലെ, ഒരുത്തനെ പൊളിച്ചടുക്കിയ സുദിനം !

പിറ്റേന്ന് ഞാന്‍  എത്തുമ്പോഴേക്കും രണ്ടു മണിക്കൂര്‍ കഴിഞ്ഞു. ഇനി കയറിയിട്ടും കാര്യമില്ല,
കാലത്ത് തന്നെ മുഴുവന്‍ ടീം ദിയെഫെയുടെ അവിടെ വട്ടം കൂടിയിരിക്കുന്നുമുണ്ട്.
'ആ നിന്നെ കാത്തീരിക്കുക്കയാന്നു, ഒരു ചിലവുണ്ട്, വാ' രാമനാണ് വിളിക്കുന്നത്‌.
'എടാ ഗോപി എവിടെ ?' എനിക്ക് അവനെ കാണാന്‍ കൊതിയായി.
'അതൊക്കെ ഉണ്ടെടാ, നീ വാ'
എല്ലാവരും കൂടി ലുസിയയുടെ പുറകിലെ സങ്കേതത്തില്‍ എത്തുമ്പോള്‍ എന്താ കഥ..
ചാത്തന്‍ അടിച്ചു ഫിറ്റ്‌ !
'ഇതെന്താടാ ഇവന്‍ രാവിലെ തന്നെ ഇങ്ങനെ ? ഞാന്‍ രാമനോട് ചോദിച്ചു.
'അവന്റെ പ്രേമം പൊളിഞ്ഞെടാ'
'എങ്ങനെ ?'
'എങ്ങനെ ആണെന്നറിയില്ല, ഇന്നാ പെണ്ണ് കാലത്ത് വന്നു എല്ലാവരുടെയും മുന്നില്‍ വച്ച്  ഇവനോട്  - ചതി - വഞ്ചന - സങ്കടം എന്നിങ്ങനെ കുറെ നാടക സംഭാഷണങ്ങള്‍  പറഞ്ഞു പോകുന്നത് കണ്ടു, അത് കഴിഞ്ഞപ്പോള്‍ ഇവന്‍ കണ്ണൊക്കെ നിറച്ചു രാജഗോപലനെയും കൂട്ടി ഇങ്ങോട്ട് പോന്നു, നീ വന്നിട്ട് പോരമെന്നു വിചാരിച്ചാ ഞങ്ങള്‍ ഒക്കെ വെയിറ്റ് ചെയ്തത്'
'എന്ത് പറ്റിയെടാ ഗോപി ?' ഞാന്‍ ഓസ്ക്കാര്‍ അഭിനയം പുറത്തെടുത്തു.
'എല്ലാം പോയെടാ' ഗോപി ഗദ്ഗദ 'കണ്ടനായി'.
'നീ കാര്യം പറ'
'ഞാന്‍ അവളെ ചതിച്ചു എന്നാ അവള്‍ പറയുന്നത്, ഇങ്ങനെ ആണെന്ന് മാത്രം എനിക്കറിയില്ല'
'എടാ പോത്തെ, ഇവിടെ വന്നു മുക്രയിടുന്നതിനു പകരം നിനക്കതു ചോദിച്ചു കൂടായിരുന്നോ ?
'എന്റെ മനസ്സ് ചത്തെടാ'
'ചത്തെന്ഗില്‍ കൊണ്ട്  പോയി അടക്കം ചെയ്യ്‌, അല്ലാതെ' ഞാന്‍ മാക്സിമം നല്ലവനായി മാറുന്നുണ്ട്.
'എന്തൊക്കെയാ നന്ദാ ഈ കേള്‍ക്കുന്നത്' ഞാന്‍ നന്ദനോട് ചോദിച്ചു. നന്ദന്‍ വാഴാനിക്കാരന്‍ , ചപ്പലുണ്ണി, ഇന്നു അറിയപ്പെടുന്നവന്‍.

ഇപ്പൊ കേള്‍ക്കാം ശരിയായ മറുപടി !

'ഈ പെലിയാടികളുടെ പിന്നാലെ ഒന്നും നടക്കേണ്ട കാര്യം ഇല്ല എന്ന് ഞാന്‍ ആദ്യമേ പറഞ്ഞതാണ്, ഇപ്പൊ എന്തായി ? നീ ഒരെണ്ണം ഒഴിച്ചടിക്കാന്‍ നോക്ക്. ഇവന്റെ കാര്യം ഞാന്‍ നോക്കിക്കൊള്ളാം.' നന്ദന്‍ നന്ദന്‍-മാഷായി.

(ഗോപി ചാടി വീഴും, എന്നാരും കരുതേണ്ട, ഇതില്‍ കൂടുതല്‍ ഒന്നും കേള്‍ക്കേണ്ട എങ്കില്‍ മിണ്ടാതിരിക്കുകയാണ് നല്ലത് എന്നറിയാം, ഗോപിക്ക് മാത്രമല്ല, എല്ലാവര്ക്കും നന്ദനെ അറിയാം)

'ചേട്ടാ, രണ്ടു ഗ്ലാസും ഒരു പൈന്റും' അനന്തന്‍ (രാമന്‍, പട്ടരു, അനന്തന്‍ - എല്ലാം ഒന്ന് തന്നെ) ഓര്‍ഡര്‍ കൊടുത്തു. അതോടെ ചര്‍ച്ച കഴിഞ്ഞു. ഞാനോര്‍ത്തു ഈ തെണ്ടിയെങ്ങാന്‍ നടന്നതെന്താണെന്ന് അറിഞ്ഞാല്‍, ഈ ഇരിക്കുന്ന കുപ്പിയൊക്കെ എന്റെ തലയില്‍ അടിച്ചു പൊട്ടിക്കും.

ആദ്യത്തെ ഗ്ലാസ്‌ അടിക്കുന്നതിനു മുന്‍പ് രണ്ടു തുള്ളി 'ശരിക്കുള്ള' ചാത്തന് വീത് വച്ചു.

താങ്ക്സ് ! ഉദ്ദിഷ്ട കാര്യത്തിനു ഉപകാര സ്മരണ ശ്രീ ചാത്തന്‍ സ്വാമി മാഹാല്മ്യം !

ആ അടി കുറച്ചു നീണ്ടു പോയി, കഴിഞ്ഞിറങ്ങുമ്പോള്‍ സമയം 3 മണി. ഇനി ഒന്നും ചെയ്യാനില്ല, നേരെ കോലോത്തും പാടത്തേക്കു, ബാക്കി അവിടെ ആടി തീര്‍ക്കാം. ചാത്തന്‍ ദൈവം, നാഗ ദൈവമായി മാറി. ഇനിയിപ്പോള്‍ ഞങ്ങള്‍ എല്ലാവരും ചേര്‍ന്ന് ഒരു 'ആട് പാമ്പേ, ആടാടു പാമ്പേ' ഗാനം ആലപിക്കണം, എങ്ങനെയെങ്ങിലും ഇവനെ പായ്ക് ചെയ്യണം. അതാണ് സാധാരണ അജണ്ട.

സ്പെഷ്യല്‍ ക്ലാസ്സുള്ള ഒരു ദിവസം, ക്ലാസ്സ്‌ കഴിഞ്ഞു ഞാനും പട്ടരും ചേര്‍ന്ന് മുക്കാപ്പുഴ പാലസിലേക്ക് പോകുമ്പോള്‍, അത് കൃഷ്ണന്‍ സ്രാങ്കിന്റെ വീടാണ്, ആള് തറവാടി നായരാന്നെങ്ങിലും, അങ്ങിനെ ഒരു ഭാവമില്ലാത്ത ലുക്ക്, ഒരു പാവം. ഉള്ളത് ഒരു അരയന്റെ പോലത്തെ ഷേയ്പ്പും ഉയരവും. നല്ല മനുഷ്യന്‍.

അങ്ങോട്ട്‌ മാതൃഭുമിയുടെ അവിടെ നിന്നും തിരിയുന്ന മൂലയില്‍ വെച്ചാണ്‌ കന്യാസ്ത്രീയും സംഖവും എതിരെ വരുന്നത് കണ്ടത്. ഞങ്ങളെ കണ്ടതും എല്ലാവരും സൈലെന്റ് ആയി, എലിസബത്ത്‌ മാത്രം ചിരിച്ചു.
ഞാന്‍ ചോദിച്ചു 'ഇതെവിടെ പോയി ?'
'ടൂഷന്‍'
'എവിടെ ?'
'കോ ഒപെരെടിവ്  (ഞങ്ങള്‍ അതിനെ 'കൊപ്രാട്ടി' എന്ന് വിളിക്കും)  കോളേജില്‍'
'എനിയ്പ്പോ ?'
'തിരിച്ചു മഠത്തിലേക്ക് '
'സന്തോഷം, എവിടെ ആന്‍ മേരി ?'
'രണ്ടു ദിവസമായി ലീവ് ആണ്'
പിന്നീടാണ്‌ അപകടം ഓര്‍ത്തത്‌, പട്ടര്‍ അടുത്ത് നില്‍ക്കുകയാണ്. ഇവന്‍ വല്ല സംശയമ തോന്നിയാല്‍. പിന്നെ എല്ലാ അവന്മാരും ചേര്‍ന്നായിരിക്കും എന്നെ ചാമ്പുന്നത്.
'ഓക്കേ, ഓക്കേ, ഞാന്‍ വെറുതെ ചോദിച്ചതാണ്, പിന്നെ കാണാം' ഞാന്‍  കാര്യങ്ങള്‍ കണ്ട്രോള്‍ ആകാന്‍ നോക്കി.
'ഓക്കേ, പിന്നെ കാണാം' എലിസബത്ത് ചിരിച്ചു കൊണ്ട് പറഞ്ഞു.
നടന്നു തുടങ്ങിയപ്പോഴാണ് ഞം ശരിക്കും ഓര്‍ത്തത്‌, ആന്‍ മേരിയുടെ കാര്യം, എലിസബെതിനോടെ പറയണം, കഷ്ടകാലത്തിനു നമ്മടെ ഫ്രണ്ട്സ് തെണ്ടികള്‍ അറിഞ്ഞാല്‍ പിന്നെ പറയണ്ട, ദിനേശന്‍ വെള്ളമടിച്ചു പ്രന്തയപ്പോള്‍ കണ്ടതാണ്, ഇടിച്ചു അവനെ ഈരേഴു പതിനാലു ലോകവും കാണിച്ചു. ഞാനും ആ കൂട്ടത്തില്‍ ഉണ്ടായിരുന്നതാണ്.

'എലിസബത്ത്‌ ഒന്നവിടെ നിന്നെ ?' ഞാന്‍ പെട്ടെന്ന് തിരിഞ്ഞു നിന്ന് പറഞ്ഞു.
 കന്യാസ്ത്രീ ചെകുത്താന്റെ വിളി കേട്ടത് പോലെ പെട്ടെന്ന് തിരിഞ്ഞു നിന്നു. കൂടെയുള്ളവരൊക്കെ അന്തിച്ചു നില്‍ക്കുകയാണ്. അവരില്‍ പലര്‍ക്കും ഈ ഇടയത്തിയുടെ പേര് പോലും അറിയില്ല. അപ്പോഴാണ് നമ്മള്‍ പച്ചക്ക് പരസ്യമായി വിളിക്കുന്നത്‌.

എലിസബത്ത്‌ പതുക്കെ നടന്നു വന്നു, ഞാനും രാമന്റെ അടുത്ത് നിന്നു കുറച്ചു നീങ്ങി.
'എന്ത് പണിയാ കാണിച്ചത്, ഞാന്‍ പറഞ്ഞതല്ലേ പരസ്യമായി പേര് വിളിക്കരുത് എന്ന്.'
'ഞാനതോര്തില്ല, സോറി'
'എന്താ വിളിച്ചത് ?'
'അല്ല അന്ന് ഞാന്‍ ആനിന്റെ അടുത്ത് സംസാരിച്ചത് വേറെ ആരോടും പറയരുത് എന്ന് പറയാനായിരുന്നു. ആനിനോടും ഒന്ന് പറയണം'
'അതാണോ, അത് ഞാന്‍ നേരത്തെ അവളോട്‌ പറഞ്ഞിട്ടുണ്ട്'
'താങ്ക്സ്'
'പിന്നെ, അന്നെന്താ പറയാനുണ്ട്‌ എന്ന് പറഞ്ഞത് ?'
'ഓ അതോ, അത് ഞാന്‍ പിന്നെ പറയാം' അല്ലാതെന്തു പറയാന്‍ !
'ഒകെ, നാളെ കാണാം'
'ഒകെ'

അവര്‍ പോയി കഴിഞ്ഞപ്പോള്‍ രാമന്‍ എന്നോട് 'നീ എങ്ങിനെയടാ ഈ കന്യാസ്ത്രീയെ പരിചയപ്പെട്ടത്‌ ?'
'ആ അതോ ? ഒരു ദിവസം അവരുടെ ക്ലാസ്സില്‍ വായ നോക്കി നടന്നു ചെന്നിടിച്ചത് ഈ കന്യാസ്ത്രീ ഇരുന്ന ബന്ചിലാടാ, അങ്ങിനെ പരിചയപ്പെട്ടു'

'നല്ല കുട്ടി, അല്ലേടാ ? എന്തിനാണ് എവളുമാരൊക്കെ കന്യാസ്ത്രീ ആകുന്നതു എന്ന് ഇത്ര ആലോചിച്ചു നോക്കിയിട്ടും മനസ്സിലാകുന്നില്ല.' രാമന്റെ ചിന്തകള്‍ വാക്കുകളായി.
ഞാന്‍ മറുപടി ഒന്നും പറഞ്ഞില്ല. ശരിക്കും എലിസബത്ത്‌ നല്ല കുട്ടിയാണെന്ന് എനിക്കും തോന്നി.

കാര്‍ന്നോമ്മാര്, നെല്ലിനു മുഞ്ഞ വന്നാല്‍ മക്കളെ കന്യാസ്ത്രി ആകാന്‍ നേരുന്ന നാടല്ലേ നമ്മുടെ, അങ്ങിനെ എങ്ങാനും ആകും ! ഞാന്‍ സമാധാനിച്ചു. എന്നാലും, മനസ്സില്‍ തോന്നി, രാമന്‍ ചോദിച്ച ചോദ്യത്തിന് ഉത്തരം കണ്ടെത്തണം.

പിറ്റേന്ന് എലിസബത്തിനെ കണ്ടപ്പോള്‍ ഒരു സഹതാപം. സത്യം എന്താണെന്നു അറിയണമല്ലോ ? വൈകിട്ട് കാണണം എന്ന് പറയാം. ഇപ്പൊ ആണെങ്ങില്‍ കൂടെ ആന്‍ മാത്രമേ ഉള്ളൂ.
'ക്ലാസ്സ്‌ വിട്ടിട്ടു കാണണം' ഞാന്‍ ഒറ്റ വാക്കില്‍ കാര്യം പറഞ്ഞു, (സോറി രണ്ടു മൂന്നു വാക്കുണ്ട് !)
'ശരി' മറുപടി ശരിക്കും ഒറ്റ വാക്ക് തന്നെ.

ക്ലാസ്സില്‍ അനന്തരാമന്‍ (അതാണ് ആ തെണ്ടിയുടെ മുഴുവന്‍ പേര്‍ ഇപ്പോഴേ നാവിന്‍ തുമ്പില്‍ നിന്നും കിബോര്ടിലേക്ക് ഇറങ്ങിയുള്ളൂ, സോറി) ഒരു പാമ്പിനെ കൊണ്ട് വന്നിരിക്കുന്നു. റബ്ബര്‍ പാമ്പാണ്, പക്ഷെ കണ്ടാലും തൊട്ടാലും ശരിക്കുള്ള പാമ്പ് മാറി നിക്കണം. സംഭവം രഹസ്യമാണ്, ഞങ്ങളുടെ ഗ്യാങ്ങും നാടന്‍ ഗ്യാങ്ങും മാത്രമേ അറിയൂ. മാറ്റ് അവളുമാര്‍ക്ക് ഒരു പണി. അതാണ് ഉദ്ദേശം. ഏകദേശം ക്ലാസ്സ്‌  ഫുള്ള്  ആയപ്പോള്‍ രാമന്‍ പാമ്പിനെ എടുത്തു ഒരേര്‍, ചെന്ന് വീഴുന്നത് റേഷന്‍ കട ബിന്ദുവിന്റെ തലയിലും, പോരെ പൂരം, ഒരു കൂട്ട നിലവിളി, പെണ്ണുങ്ങള്‍ കരഞ്ഞാല്‍ പറയണ്ടല്ലോ, എപ്പോ ഉറക്കെ കരഞ്ഞാലും ഇവളുമാരെ ആരെങ്ങിലും ബലാല്‍സംഗം ചെയ്യുകയാനെന്നെ തോന്നു.

ബിന്ദുവിന്റെ ബോധം പോയി !

രാധാകൃഷ്ണന്‍ മാഷുടെ ക്ലാസ്സ്‌ കഴിഞ്ഞപ്പോള്‍ സമയം മൂന്നര. സാധാരണ ക്ലാസ്സ്‌ രണ്ടു മണിക്ക് കഴിയുന്നതാണ്. അപ്പോഴാണ് ഞങ്ങളുടെ ഭക്ഷണവും. വിശന്നിട്ടു കുടല്‍ തിത്തൈ തികുതൈ പാടുന്നു. എല്ലാവരും കൂടി പാഞ്ഞു പോകുമ്പോള്‍ രാജേഷ്‌, കരാട്ടെ കുട്ടന്‍, പറഞ്ഞത്...
'നമ്മടെ ഇംഗ്ലീഷ് ക്ലാസ്സിലെ കന്യാസ്ത്രീയെ പ്രിന്‍സിപ്പാളും വൈസ്സും കൂടി പോരിക്കുന്നുണ്ടല്ലോ'
ചതിച്ചു, എന്നെ കാത്തു നിന്നതിനു അതിനെ അവര് പോക്കിയതായിരിക്കും. ഞാന്‍ അത് മറന്നും പോയല്ലോ.

'നിങ്ങള് നടന്നോ, ഞാന്‍ വന്നേക്കാം, ജസ്റ്റ്‌ ഒന്ന് ഒന്നിന് പോണം' ഞാന്‍ പറഞ്ഞു.
'വേഗം വന്നേക്കണം, അല്ലെങ്കില്‍ ഞങള്‍ തുടങ്ങും' പോത്തമരന്‍, അതായത് വിജയന്‍ വാണിംഗ് തന്നു.

ഞാന്‍ ഓഫീസിന്റെ അടുത്ത് ചെന്ന് നോക്കി, ഒന്നും കേള്ല്‍ക്കാനില്ല, പക്ഷെ സിസ്റ്റര്‍ ചിരിച്ചു ആണ് സംസാരിക്കുന്നത്. അപ്പൊ കുഴപ്പമില്ല.

രാമന്‍കുട്ടി മാത്രം ചില ഹെഡ് കൊണ്സ്ടബില്‍ മാരുടെ പോലെ മീശ പിരിച്ചു നില്കുന്നുണ്ട്.

വരട്റെടോ തന്റെ പെട്ടത്തല ഒരു ദിവസം എന്റെ കയ്യില്‍ കിട്ടും !

ഭാഗ്യം സിസ്റ്റര്‍ വരുന്നുണ്ട്. ഞാന്‍ വേഗം ഗേറ്റിനു വെളിയില്‍ ചെന്ന് നിന്നു. പുള്ളിക്കാരത്തി എത്തിയപ്പോള്‍ ഞാന്‍ ചാടി ചോദിച്ചു..
'എന്താ പറ്റിയത്, പിടിച്ചോ ? എന്റെ ക്ലാസ്സ്‌ കഴിയാന്‍ സോല്പം ലേറ്റ് ആയി.'
'ഞാന്‍ ക്ലാസ്സില്‍ തന്നെ ഇരുന്നതാണ്, അപ്പൊ പ്രിന്‍സിപ്പല്‍ ആ വഴി വന്നു, എന്താ തനിച്ചിരിക്കുന്നത് എന്നൊക്കെ ചോദിച്ചു, ഞാന്‍ തലവേദനയാണ് എന്നൊക്കെ പറഞ്ഞു. ഉടനെ അവരെന്നെ ഓഫീസിലേക്ക് കൊണ്ട് പോയി, ചായയും ഒരു ഗുളികയും തന്നു. പിന്നെ കുറെ നേരം സംസാരിച്ചിരുന്നു.' ഒറ്റശ്വാസത്തില്‍ സിസ്റ്റര്‍ മുഴുവന്‍ കാര്യങ്ങളും പറഞ്ഞു.

ഇനി 'പ്രശാന്ത്‌ രഘുവംശം, ക്യാമറമാന്‍ രജീഷിനോപ്പം, ഏഷ്യാനെറ്റ്‌ ന്യൂസ്‌' എന്ന് കൂടി പറഞ്ഞെങ്ങില്‍ സംഗതി ലൈവ് ആയേനെ !

'ഭാഗ്യം, ഞാനങ്ങു പേടിച്ചു പോയി, താന്‍ വാ.' ഞങ്ങള്‍ ഒരുമിച്ചു നടക്കാന്‍ തുടങ്ങി.
'എന്ന് ട്യൂഷന്‍ ഉണ്ടോ ?'
'ഇല്ല, എന്തെ ?'
'ഏയ് ഒന്നുമില്ല, അങ്ങോട്ടാണോ അതോ ഈങ്ങോട്ടാണോ നടക്കേണ്ടത്‌ എന്നറിയാന്‍ ചോദിച്ചതാണ്.'
'എങ്ങോട്ടുമില്ല നമ്മള്‍ ആ കോഫീ ഷോപ്പില്‍ കയറാന്‍ പോകുന്നു' ദൈവമേ അവന്മാരൊക്കെ അതിനകതാണ്.
'അവിടെ വേണ്ട, കച്ചടകള്‍ വട്ടം കൂടുന്ന സ്ഥലമാണ്, നമുക്ക്  KTDC - യില്‍  പോകാം'
'ഒകെ' വീണ്ടും രക്ഷപ്പെട്ടു, എന്നെ സമ്മതിക്കണം !

'രണ്ടു കോഫീ, രണ്ടു പ്ലേറ്റ് സമൂസ' ഞാന്‍ ഓര്‍ഡര്‍ ചെയ്തു. കാശുള്ള ദിവസമല്ലെങ്ങില്‍ പല്ല് വേദനയാനെന്നു പറയേണ്ടി വന്നേനെ. ദൈവം ഒരാളുണ്ട് എന്ന് പറയുന്നത് എത്ര ശരിയാണ്.

'എന്താ കാണണം എന്ന് പറഞ്ഞത് ?' സിസ്റ്റര്‍ തുടക്കം ഇട്ടു.
'ഒരുകാര്യം ചോദിക്കണം എന്നുണ്ടായിരുന്നു. ചോദിച്ചാല്‍ വിഷമം ആകുമോ എന്നൊന്നും എനിക്കറിയില്ല, എന്നാലും ... എന്താ ഇങ്ങനെ ഒരു വേഷം തിരഞ്ഞെടുത്തത് ?' ഞാന്‍ എല്ലാം ഒരുമിച്ച് തന്നെ പറഞ്ഞു.
'ഇതാണോ ? ഇതു വിഷമം ഒന്നും ഉണ്ടാക്കുന്ന ചോദ്യമല്ല. ഞാനായിട്ട് തിരഞ്ഞെടുത്തതാണ്. എന്റെ ഒരു ആന്റി ഉണ്ട് ജെര്‍മനിയില്‍ ആണ്. അവരാണ് പ്രചോദനം. അവരുടെ ജീവിതം എന്നെ വല്ലാതെ ആകര്‍ഷിച്ചിട്ടുണ്ട്.'

അപ്പൊ പ്രതീക്ഷിച്ച പൈങ്കിളി കഥകള്‍ ഒന്നും ഇല്ല, കഷ്ടമായിപ്പോയി. കുറച്ചു സെന്റിമെന്റ്സ് , രണ്ടു തുള്ളി കണ്ണ് നീര്, എന്റെ ആശ്വാസ വാക്കുകള്‍, എന്തൊക്കെ പ്രതീക്ഷകള്‍ ആയിരുന്നു. ഒക്കെ പോയി.

സമൂസയും കാപ്പിയും കഴിഞ്ഞു. ബില്ല് വന്നപ്പോള്‍ ഒരു മിനിറ്റ് ഞാന്‍ വെയിറ്റ് ചെയ്തു, അതെങ്ങാന്‍ എലിസബത്ത് എടുക്കുന്നുണ്ടോ എന്നറിയാന്‍. അവിടെയും ഞാന്‍ തോറ്റു. തോല്‍വികള്‍  ഏറ്റു വാങ്ങാന്‍ എതെന്തോന്നിത് 'വടക്കന്‍ വീരഗാഥ റിലീസ് ആയ ദിവസമോ' ? അങ്ങിനെ ആയാലും പറ്റില്ലല്ലോ, ഒന്ന് പൊടിക്കണം.
'എന്നാലും എലിസബത്ത് കന്യാസ്ത്രീ അവണ്ടായിരുന്നു' ഒരു നിമിഷം കഴിഞ്ഞു ഞാന്‍ നോക്കുമ്പോള്‍ അവരുടെ മുഖത്ത് കാര്യമായ വെത്യാസം ഉണ്ട്.

മതി, കാപ്പിക്കാശു മുതലായി.

'ഞാന്‍ വെറുതെ പറഞ്ഞതാണ് കേട്ടോ, ഈ വേഷം തനിക്കു നല്ല ചേര്‍ച്ചയുണ്ട്. അപ്പൊ മറ്റു വേഷങ്ങളില്‍ തന്നെ കാണാന്‍ പറ്റില്ലല്ലോ എന്നോര്‍ത്ത് പറഞ്ഞതാണ്‌' അവസാനത്തെ ആണി അടിച്ചു.

വീണ്ടും നോക്കുമ്പോള്‍ ബോണസ്സും ആയി, എലിസബത്തിന്റെ കണ്ണ് ചുവന്നിരിക്കുന്നു.

'പോകാം ?' ഞാന്‍ ചോദിച്ചു. അവരൊന്നും മിണ്ടാതെ എഴുന്നേറ്റു നടന്നു. പുറത്തേക്കു ഇറങ്ങുമ്പോള്‍ ഞാന്‍ ചോദിച്ചു 'എലിസബത്തിന് വിഷമം ആയോ ?
'ഏയ് ഇല്ല, സത്യത്തില്‍ സൂര്യ എന്നോട് ഇതു ചോദിക്കുന്നത് വരെ അങ്ങിനെ ഒരു നഷ്ടത്തെപറ്റി ഞാനും ആലോചിച്ചില്ല.'
'അതൊരു നഷ്ടമായി കാണണമെന്നില്ല, ഇതുപോലെ ഒരു മഹത്തായ ജീവതത്തിനു കൊടുത്ത വിലയായി കണ്ടാലും മതി'
'അതെ അതാണ്‌ ശരി, എന്നാലും...' എലിസബത്ത് എന്റെ മുഖത്ത് നോക്കി.
'എന്നാലും ?' ഞാന്‍ ചോദിച്ചു. ഒന്നുമില്ലെന്ന് സിസ്റ്റര്‍ തലയാട്ടി.
'എനിക്ക് ഇവിടെ നിന്നും ഓട്ടോ കിട്ടും'
'ഓക്കേ നാളെ കാണാം'
'നാളെ കാണാം'
അവര്‍ പോയി കഴിഞ്ഞു ബസ്‌ സ്ടോപ്പിലെക്ക് നടക്കുമ്പോള്‍  ഞാന്‍ ആലോചിച്ചു എന്തായിരിക്കും ആ എന്നാലും ? ആ എന്തെങ്ങിലും ആകട്ടെ, ഒരാളെ എങ്കിലും കണ്‍ഫ്യൂഷന്‍ ആക്കാന്‍ പറ്റിയല്ലോ, അത് മതി, അതുമതി !

തിരിച്ചു ഞാന്‍ ഹോട്ടലില്‍ ചെല്ലുമ്പോള്‍ എല്ലാവന്മാരും ഭക്ഷണം കഴിച്ചു കഴിഞ്ഞു.
'ബില്ല് കൊടുക്കാന്‍ ആയി മാത്രം ഒരുത്തന്‍ വരുന്നുണ്ട്.' ഗോപിയുടെ കമെന്റ്.
'നീ ഇവിടെ ആയിരുന്നു ?' നന്ദന്‍ ചോദിച്ചു. എന്ത് പറയും.
'ഞാന്‍ എന്റെ ഒരു ഫ്രണ്ടിനെ ഇവിടെ വച്ചു കണ്ടു, സംസാരിച്ചു സമയം പോയി'
'ഗോപിയെ, എവിടെയോ ഒരു പിശക് മണം അടിക്കുന്നുണ്ടല്ലോ ?' നന്ദന്‍ ഗോപിയോട്.
'ഉം എനിക്കും തോന്നുന്നുണ്ട്' ഗോപി.
'പോടാ, നീയാര്  DySP ദേവദാസ്സോ "സ്പോട്ടില്‍ ചെന്നാല്‍ മണത്ത് അറിയാന്‍ ?" ചെറിയൊരു തോട്ടി.
'പിടിച്ചോളാം' നന്ദന്‍, ഈ തെണ്ടിയെ സൂക്ഷിക്കണം, ബാക്കി ആരും പ്രശ്നക്കാരല്ല. ഇവന്‍ പാഷാണത്തിലെ ക്രിമിയാണ്.
'ആ നീ പിടി, പോട്ടെടാ, പിന്നെ കാണാം, നീ വരുന്നുണ്ടോ ?' ഞാന്‍ ഗോപിയോടെ ചോദിച്ചു.
'ആ സ്റ്റാന്റ് വരെ ഞാനും വരാം'

പിന്നീട് ഉള്ള ദിവസങ്ങളില്‍ എലിസബത്തിനെ കാണും സംസാരിക്കും പക്ഷെ കാര്യമായി ഒന്നും പറയാന്‍ ഉണ്ടായിരുന്നില്ല. രാമചന്ദ്രന്‍ പ്രേമോപഹാരമായി ഹേമക്ക് ഭസ്മവും ലോട്ടറി ടിക്കെറ്റും കൊടുത്തതും, രാധാകൃഷ്ണന്‍ സാറിന്റെ റൂമില്‍ നിന്നും രശീത്‌ ബുക്ക്‌ അടിച്ചു മാറ്റി അത് കോളേജില്‍ വിറ്റതും, എവിടെ നിന്നാണെന്നു അറിയാതെ രാജഗോപാലന്‍ അത് സാറിനു തന്നെ കൊടുക്കാന്‍ ചെന്നതും, കയ്യോടെ പിടിച്ചതും അങ്ങിനെ അങ്ങിനെ ക്ലാസ്സിലെ വിശേഷങ്ങള്‍ ആണ് സംസാരം.

അതിനിടയില്‍ രാമന്‍ ബോസ്സന്റെ രണ്ടാം ഭാഗം ചെയ്യാന്‍ തീരുമാനിച്ചു. മാത്രമല്ലാ ആദ്യ ഭാഗത്തില്‍ ഗോപിക്ക് വേഷം ഒന്നും ഉണ്ടായില്ലല്ലോ. മാത്രമല്ല ദിനേശന്‍ രണ്ടാം ഭാഗത്തില്‍ അഭിനയിക്കാന്‍ തയ്യാറായിരുന്നില്ല. അവന്റെ പട്ടി ആ സംഭവത്തിന്‌ ശേഷം നാളിതുവരെ അവനെ ഒരു അന്യനായി കണ്ടു കൊണ്ട് കുരയോടു കുറയാന്. അതുകൊണ്ട് ഗോപിക്ക് ഒരു പ്രധാന വേഷം കൊടുത്തു കൊണ്ട് തിരക്കഥ രൂപപ്പെടുത്തി. ദിനേശന്‍ പിറ്റേന്ന് ലീവ് ആയതു കൊണ്ട് പ്രോഗ്രാം അന്ന് തന്നെ നടത്താന്‍ തീരുമാനിച്ചു.

(ഒരു ഫോളോവര്‍ ഉണ്ടായിരുന്നത് കഴിഞ്ഞ ദിവസം നോക്കിയപ്പോള്‍ കാണാനില്ല !
ഇനി നിര്‍ബന്ധ പിരിവു തുടങ്ങേണ്ടി വരുമോ ?)

No comments:

Post a Comment