Thursday, October 27, 2011

ഫോര്‍ട്ട്‌ റോഡിലെ സിറ്റി ഹബ്ബ്‌

കഴിഞ്ഞാഴ്ച ധനീഷിന്‍റെ കല്യാണം ആയിരുന്നു. കണ്ണൂര്‍ മുഴുപ്പിലങ്ങാട് അടുത്തുള്ള മേലേചൊവ്വയില്‍, പെണ്ണും ചെറുക്കനും ഒരേ ദേശക്കാര്‍.

കല്യാണം കഴിഞ്ഞു രാത്രി ബംഗ്ലൂരിലേക്ക് തിരിച്ചു വരാന്‍ ഫോര്‍ട്ട്‌ റോഡിലെ പിക്കെ ട്രാവല്‍സില്‍ ടിക്കറ്റ് എടുത്ത് അടുത്ത റോഡിലെ 'പിയെസ്സന്‍ ടൂറിസ്റ്റ്‌ ഹോമിലെ' തനിത്തറ ബാറില്‍ നിന്നും 'രണ്ടെണ്ണവും അടിച്ച്' നല്ല ഭക്ഷണം അന്വേഷിച്ച് വലഞ്ഞ് അവസാനം ട്രാവാസിന്‍റെ തൊട്ടടുത്ത 'സിറ്റി ഹബ്ബില്‍' തന്നെ കയറി. നേരത്തെ 'ട്രാവല്‍സിന്‍റെ അടുത്തുള്ള ഹോട്ടലോക്കെ ഉടായ്പ്‌ ആണ്' എന്നും പറഞ്ഞ് അവനെ തഴഞ്ഞ് പോയതിന്‍റെ ശിക്ഷ.

പക്ഷെ ഭക്ഷണം കഴിച്ചു തുടങ്ങിയപ്പോള്‍ സ്ഥിതി മാറി. പൊറോട്ടയും ചിക്കനും ബീഫും മീന്‍ മുളകിട്ടതും എല്ലാം വെണ്ണ പോലെ അങ്ങോട്ട്‌ ഇറങ്ങുകയാണ്. സമയാ സമയത്ത് ഉപദംശങ്ങള്‍ വന്നു കൊണ്ടേ ഇരിക്കുന്നു, ഓര്‍ഡര്‍ ചെയ്യാതെ തന്നെ. വര്‍ഷങ്ങളായി ഭക്ഷണം കഴിക്കാന്‍ വരുന്നവരോടുള്ള പെരുമാറ്റം.

തുരുമ്പ് പിടിച്ച ഇലക്ട്രിക്‌ പോസ്റ്റ്‌ പോലുള്ള ഞങ്ങളുടെ എന്‍ജിനീയര്‍ രാമേട്ടന്‍ കഴിച്ചത് പന്ത്രണ്ട് പൊറോട്ടയും രണ്ടു ബീഫും ഒരു മീന്‍ മുളകിട്ടതും. ഞാന്‍ പോലും പതിനാല് പൊറോട്ട രണ്ട് മീന്‍ മുളകിട്ടത്, രണ്ട് ചിക്കന്‍, ഒരു ബീഫ്‌ എന്നിങ്ങനെയെ പറ്റിയുള്ളൂ. ഈരണ്ട് ലൈം ജ്യുസ് കൂടി ചെന്നപ്പോള്‍ ഭൂമി വിഴുങ്ങിയ ചെലുക്കായി.

ഹോട്ടല്‍ ഓണര്‍ കം സപ്ലൈ കം ക്ലീനിംഗ് കം ജ്യുസ് മേയ്ക്കിംഗ് കം കഷ്യെര്‍ കം ഗസ്റ്റ്‌ മാനേജര്‍ ആയ അഷറഫിനെ പരിചയപ്പെട്ടു. ഹൃദയം നിറഞ്ഞ് അഭിനന്ദിച്ചു. പുള്ളിക്കാരന്‍ 'ഗള്‍ഫ്‌ റിട്ടേണ്‍' ആണ്. കുറച്ച് നേരം സംസാരിച്ചിട്ട് പോരാന്‍ നേരത്ത് ഇങ്ങനെ കൂടി പറഞ്ഞു.

'പീക്കെ ട്രാവല്‍സിന്‍റെ അടുത്തുള്ള 'സിറ്റി ഹബ്ബ്‌' എന്നത് മാറി ഒരു കാലത്ത് 'മ്ടെ അഷറഫിക്കാടെ 'സിറ്റി ഹബ്ബിനടുത്തുള്ള' പീക്കെ ട്രാവല്‍സ്‌ എന്ന് കേള്‍ക്കാം'

'അതൊന്നും വേണ്ട സര്‍, അടുത്ത്‌ പ്രാവശ്യം കണ്ണൂര്‍ വരുമ്പോള്‍, മ്ടെ പീടികേന്നു തന്നെ ഭക്ഷണം കഴിക്കുംന്ന് പറഞ്ഞാല്‍ മതി, ബാക്കിയൊക്കെ അള്ള തരും. എന്നാലും കേട്ടപ്പോ എന്തോ ഒരു സന്തോഷം. താങ്ക്സ്' അഷറഫിന്‍റെ മറുപടി.

നിറഞ്ഞ 'വയറും' മനസ്സുമായി തിരിച്ച് ബംഗ്ലൂരിലേക്ക്....

Monday, February 1, 2010

കര്‍ത്താവ് രക്ഷിക്കും (ഭാഗം 12)

(അപ്പൊ ഇനിയുള്ള ആട്ടം ഞാന്‍ കളിച്ചു മദിക്കുന്ന സ്റ്റേജില്‍ വെച്ച് ആണ്. സ്വാഭാവികമായും അതൊരു താണ്ഡവം തന്നെ ആകും !)

അവര്‍ തിരിച്ചു മഠത്തില്‍ പോകുന്നത് ഞാന്‍ കണ്ടില്ല, ഉറങ്ങിപ്പോയി. പിറ്റേന്നേ ഞാന്‍ വീട്ടില്‍ പോയുള്ളൂ. വീണ്ടും രാത്രി ഒരര്‍മാദം !

അവിടെ നിന്നും യാത്ര പുറപ്പെടുമ്പോള്‍ ഓരോ രണ്ടു മിനിട്ടിലും ഒരു പ്രാവശ്യം അവളെ ഒര്‍ത്തിരുന്ന ഞാന്‍, പിന്നെ അത് ഓരോ മിനിട്ടിലെക്കും ഒരു പ്രാവശ്യം ആക്കി കുറച്ചു !

ഇനി മൂന്ന് ദിവസം കൂടി കഴിഞ്ഞാല്‍ കോളേജ് തുറക്കും, പക്ഷെ എന്‍റെ മനസ്സ് എന്നെ ഇരിക്കാനും നില്‍ക്കാനും സമ്മതിക്കുന്നില്ല. രണ്ടു പ്രാവശ്യം അവളെ ഫോണില്‍ വിളിക്കാന്‍ ട്രൈ ചെയ്തു, തോറ്റുപോയി. എന്‍റെ വെപ്രാളം കൊണ്ട് എനിക്ക് നല്ല നമ്പരുകള്‍ ഒന്ന് ഇടാന്‍ സാധിച്ചില്ല, അത്കൊണ്ട് തന്നെ ആ ശ്രമങ്ങള്‍ എല്ലാം പാഴായി.

നേരെ അങ്ങോട്ട്‌ പോയാലോ എന്ന് തോന്നി, പിന്നെ അത് വേണ്ടെന്നു വെച്ചു.

പിന്നെ അത്യപൂര്‍വമായ ഒരു ബുദ്ധി ഉപയോഗിച്ച്, ടെലിഫോണ്‍ ബൂത്തിലിരിക്കുന്ന പെണ്ണിനെക്കൊണ്ട് വിളിപ്പിച്ച് അവസാനം ആ സത്യം മനസ്സിലാക്കി. അവള്‍ നാട്ടില്‍ പോയിരിക്കുകയാണ്.

കഷ്ടമായിപ്പോയി, എന്തായാലും കോളേജ് തുറന്നാല്‍ വരാതിരിക്കില്ലല്ലോ ?

എനിക്കിനി ഈ ലോകത്ത് ആരെയും കാണേണ്ട, വേറൊന്നും ചെയ്യാനും ഇല്ല എന്നാണ് ഇപ്പോഴത്തെ സ്റ്റാന്റ്. കോളേജ് തുറക്കുന്ന ദിവസം ഞാന്‍ പൂര്‍ണമായും ആ വികാരത്തിനു അടിമപ്പെട്ടു കഴിഞ്ഞിരുന്നു.

സ്ഥിരമായി കയറുന്ന ബസ്, ഇറങ്ങുന്ന സ്റ്റോപ്പ്‌, കോളേജിലേക്കുള്ള വഴി, ഇതെല്ലാം എന്‍റെ മനസ്സിനെ വീണ്ടും വീണ്ടും ആഹ്ലാദിപ്പിച്ചു. ആരൊക്കെയോ എന്നെ വിഷ് ചെയ്തു, പക്ഷെ ഞാന്‍ ആരെയും കണ്ടില്ല !

കോളേജ് ഗേറ്റ് കടക്കുമ്പോള്‍ എന്‍റെ ഹൃദയം ഇപ്പോള്‍ പൊട്ടിത്തെറിക്കും എന്ന് പോലും തോന്നിപ്പോയി.

ഇംഗ്ലീഷ് ക്ലാസ്സിലേക്ക് കാലെടുത്തു വെക്കുമ്പോള്‍ ഞാന്‍ ഒരു തരം ഭ്രാന്തമായ ആവേശത്തോടെ സീറ്റില്‍ നോക്കി, കാണാതായപ്പോള്‍ മനസ് ചത്തു !

(ഞാന്‍ തന്നെ പെട്ടെന്ന് അടക്കം ചെയ്തു, പിന്നെ അടിയന്തരം, പുലകുളി, അവസാനം ഉയര്ത്തെഴുന്നെല്‍പ്പ് എന്താ മതിയാ ?)

വാച്ചില്‍ നോക്കി ഇനിയും പത്തിരുപതു മിനിറ്റ് ഉണ്ട, എന്നാലും ഇനി ഇന്നും വരാതിരിക്കുമോ ? (കലഭവന്‍ മണി ഗോ ബാക്ക് !)

നമ്മുടെ ക്ലാസ്സില്‍ വളരെക്കാലത്തിനു ശേഷം എല്ലാവരും കൂടി ഓണം വെക്കേഷന്  തറവാട്ടില്‍ ഒത്തു കൂടിയ ഒരവസ്ഥ. എല്ലാവര്ക്കും പരസ്പരം കണ്ട സന്തോഷം. ലേറ്റ് ആയി വരുന്നവര്‍ക്ക് വേണ്ടിയുള്ള കാത്തിരിപ്പ്.

ഞാന്‍ മാത്രം അയല്‍പക്കത്തെ ആ സുന്ദരിയെ കാണാനും !

രണ്ടു പ്രാവശ്യം ഞാന്‍ പോയി നോക്കി, വന്നിട്ടില്ല, മാത്രമല്ല വേറെ പലരും അവിടിരുന്നു എന്നെ നോക്കി ചിരിക്കുന്നും ഉണ്ട്.  കഷ്ടം നിങ്ങളൊക്കെ എന്‍റെ ലെന്‍സില്‍ ഔട്ട്‌ ഓഫ് ഫോക്കസ് ആണ് മക്കളെ !

ക്ലാസ്സ്‌ തുടങ്ങുന്നത് വരെ ഞാന്‍ അങ്ങോട്ടും ഇങ്ങോട്ടും നടന്നുകൊണ്ടിരുന്നു. അവരുടെ ക്ലാസ്സില്‍ ആരോ ക്ലാസ് സ്റ്റാര്‍ട്ട്‌ ചെയതപ്പോള്‍, ഞാന്‍ വീണ്ടും നോക്കി. ഇല്ലാ !

വീട്ടില്‍ നിന്നും എത്താന്‍ വൈകിയതാവും. ഞാന്‍ ആശ്വസിച്ചു. അന്ന് മുഴുവന്‍ ക്ലാസ്സില്‍ നേരിപ്പോടിനു മുകളില്‍ എന്ന പോലെ ഇരുന്നു.

പിറ്റേ ദിവസം ആകുമ്പോഴേക്കും നിരാശ എന്നെ ഒരു കിനാവള്ളിയെ പോലെ പിടിച്ചു ഞെരിക്കാന്‍ തുടങ്ങി. അന്നും എലിസബത്ത് ക്ലാസ്സില്‍ എത്തിയില്ല.

'ഞാന്‍ കയ്യീന്ന് പോകുന്ന ഇല്ലാ ലക്ഷണവും കണ്ട് തുടങ്ങി !'

നാലാം ദിവസം !

(ആട്ടക്കാരന് നട്ട പ്രാന്ത് ആയതു കൊണ്ട് പതിവിനു വിപരീതമായി, നാലാം ദിവസം കളിയില്‍, കീച്ചകവധമോ അല്ലെങ്കില്‍ പാഞ്ചാലി വസ്ത്രാക്ഷേപമോ കളിക്കും, അത് ആട്ടാക്കാരന്‍റെ പ്രാന്തിന്‍റെ ഏറ്റം പോലെ ഇരിക്കും !)

അപ്പോഴേക്കും എന്‍റെ കണ്ട്രോള്‍ മുഴുവന്‍ പോയി. അവരുടെ ക്ലാസ്സില്‍ കയറുമ്പോള്‍ ഞാന്‍ ഒന്ന് കൂടി നോക്കി, വന്നിട്ടില്ല.

ഞാന്‍ മേശമേല്‍ ഒറക്കെ ഒരടി അടിച്ചിട്ടു ചോദിച്ചു: ഈ' സിസ്റ്റര്‍ എവിടെപ്പോയിരിക്കുകയാണ് എന്നാര്‍ക്കെങ്കിലും അറിയാമോ ?'

'പുറത്ത് പോയിരിക്കുകയാണ്, ഇപ്പൊ വരും' ആരോ പറഞ്ഞു.

'ങേ വന്നോ ?' ആ ആവേശത്തില്‍ അറിയാതെ ചോദിച്ചു പോയി.

ഞാന്‍ തിരിച്ചു എന്‍റെ ക്ലാസ്സിലേക്ക് നടക്കുമ്പോള്‍ മനസ്സ് തണുത്തു.

പിന്നെ ബ്രേക്ക്‌ ടൈമില്‍ പുറത്തിറങ്ങുമ്പോള്‍ എലിസബത്ത് പുറത്ത് നില്‍ക്കുന്നുണ്ട്. ഞാന്‍ അടുത്ത് ചെല്ലുമ്പോള്‍ പുള്ളിക്കാരത്തി ചിരിച്ചു.

'ഇതെവിടായിരുന്നു എലിസബത്തെ ?'

'ഉച്ചക്ക് കാണാം' അത്രയും പറഞ്ഞിട്ട് പ്രത്യേകിച്ചു ഭാവമാറ്റം ഒന്നും കൂടാതെ അവള്‍ ക്ലാസ്സിലേക്ക് പോയി.

എന്തോ എന്നോട് കാര്യമായി പറയാന്‍ ഉണ്ടെന്ന് എനിക്ക് മനസ്സിലായി. വൈകുന്നെരമെങ്ങില്‍ വൈകുന്നേരം.

നേരെ പട്ടരോട് പോയി പറഞ്ഞു 'ഡേയ് കുറെ ദിവസമായി അടിച്ചിട്ടു, ഇന്ന് ഞാന്‍ പോകുന്നില്ല'

'സന്തോഷം, ആരൊക്കെ ഇന്ന് പോകുന്നില്ല എന്ന് ഇപ്പൊ പറഞ്ഞാല്‍ പരിപാടി പ്ലാന്‍ ചെയ്യാം, 'മലവണ്ണാന്‍' (അത് ഈ ഞാനാണ്, ആ നായിന്റെ മോന്‍ നന്ദന്‍ ഇട്ട പേരാണ് !)  ഇന്ന് പോകുന്നില്ല !'

'ഞാനുണ്ട്' ഗോപി... 'ഞങ്ങളും' നന്ദന്‍  വിജയന്‍ രാജേഷ്‌.

'ശരി നമുക്ക് എന്ന് ഹോട്ടല്‍ വുഡ് ലാന്‍ഡ്‌സില്‍ ആകാം' പട്ടരുടെ വക.

'ഓകെ' അതിലാര്‍ക്കും എതിരഭിപ്രായം ഉണ്ടാകാന്‍ വഴിയില്ലല്ലോ !

ഉച്ചക്ക് പുറത്ത് ടെയെഫെയുടെ മുന്നില്‍ ഇരിക്കുമ്പോള്‍ വിജയനും രാജേഷും സിനിമക്ക് പോകുന്നു.

'ഡേയ് നീ വരുന്നുണ്ടോടാ ?'

'ഏയ്‌, രാത്രി ഹോട്ടലില്‍ കാണാം'

കുറച്ചു കഴിഞ്ഞപ്പോള്‍ എലിസബത്ത് പുറത്ത് വന്നു. ഞാന്‍ എഴുന്നേറ്റു അടുത്ത് ചെന്നു. ഒരു മൌനം എവിടെയോ തളം കെട്ടി കിടക്കുന്നുണ്ട്.

'പോകാം' ഞാന്‍ ചോദിച്ചു

'നമുക്ക് നാളെ കാണാം, എനിക്ക് പെട്ടെന്ന് മഠത്തിലേക്ക് ഒന്ന് പോകണം'

'എന്ത് പറ്റി ?'

'പ്രത്യേകിച്ചു ഒന്നുമില്ല, എന്നാലും പോണം. പിന്നെ നാളെ ഞാന്‍ ക്ലാസ്സില്‍ വരില്ല, ഒരു പതിനൊന്നു മണിയാവുമ്പോള്‍ സൂര്യ റൌണ്ടില്‍ വരുമോ, ഇന്ത്യന്‍ കോഫീ ഹൌസിന്‍റെ അവിടെ കാണാം'

'നീ എന്തൊക്കെയാ ഈ പറയുന്നത്, ക്ലാസ്സില്‍ പോകാതെ അങ്ങോട്ട്‌ പോണോ, നമുക്ക് ക്ലാസ്സ്‌ വിട്ടിട്ടു പോയാല്‍ പോരെ ?' ഞാന്‍ ചെറുതായി ഒന്നമ്പരന്നു.

'അതൊക്കെ പറയാം, വരാമോ ?'

'വരാം'

'ശരി, അപ്പൊ നാളെ കാണാം'

എന്താണാവോ കാര്യം ? ഭാവി പരിപാടികള്‍, അങ്ങിനെ വല്ലതും ആയിരിക്കുമോ ? എനിക്ക് ചെറിയ ഒരു ഭയം ഇല്ലാതില്ല. ഒന്ന് സ്വന്തം കാലില്‍ നില്‍ക്കാതെ ഇതുപോലെയുള്ള 'ജുറാസിക് പാര്‍ക്ക്' റിസ്കുകള്‍ എടുക്കാന്‍ പറ്റില്ലല്ലോ ?

അവന്‍മാരും പോയി, അല്ലെങ്കില്‍ സിനിമക്കെങ്ങിലും പോകാമായിരുന്നു. നേരെ പട്ടരെ വിളിച്ചു. അഞ്ചു മിനിറ്റുനുള്ളില്‍ എത്താം എന്ന് മറുപടി. നേരെ വുഡ്-ലാണ്ട്സ്, നേരത്തെ റൂമെടുത്തു 'പ്രയോഗം' തുടങ്ങി, പിന്നെ ആ മേളം അങ്ങിനെ അങ്ങിനെ എപ്പോഴോ അവസാനിച്ചു !

രാവിലെ എല്ലാവരും റെഡി ആകുമ്പോഴും ഞാന്‍ കിടക്കയില്‍ തന്നെ ആയിരുന്നു.

'ഡാ വേഗം ആവട്ടെ' ഗോപി.

'ഞാനില്ല, നിങ്ങള്‍ പൊക്കോ'

'എടാ റൂം മൂന്ന് മണി വരെ ഉള്ളു എന്നാ രാമന്‍ പറഞ്ഞത്, അത് കഴിഞ്ഞാ പിന്നേം കാശ് കൊടുക്കേണ്ടി വരും'

'ഏയ്‌ അതിനു മുന്പ് ഞാന്‍ ചാടും'

'എന്നാ നീ നേരത്തെ വരുന്നുണ്ടെങ്കില്‍ ടെയെഫെയുടെ അവിടെ വാ, അല്ലെങ്കില്‍ നാളെ കാണാം'

'ഓകെ'

പിന്നെയും ഒന്ന് രണ്ടു മണിക്കൂര്‍ കഴിഞ്ഞാണ് ഞാന്‍ റെഡി ആയി പുറത്തിറങ്ങിയത്. ഇന്ത്യന്‍ കോഫീ ഹൌസിന്‍റെ അടുത്തെത്തുമ്പോള്‍ സമയം പതിനൊന്നര. എലിസബത്തിനെ  അവിടെങ്ങും കണ്ടില്ല. ഞാനൊരു സിഗരറ്റും കത്തിച്ചു നടക്കുമ്പോള്‍, ദേ വരുന്നു എലിസബത്ത് കൂടെ 'സാധനം സാറാമ്മയും'. കര്‍ത്താവേ ഇതിനി പുതിയ വല്ല പ്രശ്നവും സോള്‍വ്‌ ചെയ്യാനാണോ വരാന്‍ പറഞ്ഞത് എന്നായി സംശയം.

പണ്ടാരക്കാലന്‍ വേലായുധേട്ടന്‍ 'അരി അരച്ചതും പോരാണ്ട് മാവ് അടുപ്പത്തും വെച്ചാ' !

ഇനിയിപ്പോള്‍ എന്ത് പുലിവാലോക്കെ ആണോ നമ്മള്‍ സോള്‍വ്‌ ചെയ്യേണ്ടി വരുക !

പക്ഷെ അടുത്തെത്തിയപ്പോള്‍ 'സാധനം' വളരെ സീരിയസ് ആയി 'അധികം വൈകരുത്' എന്ന് ഒരുപദേശവും കൊടുത്തു പെട്ടെന്ന് തിരിച്ചു നടന്നു. എന്നെ ഒന്ന് മൈന്‍ഡ് പോലും ചെയ്യാതെ, പെണ്ണല്ലേ ജാതി !

എലിസബത്ത്  ആദ്യം... പിന്നെ ഞാന്‍... എന്ന രേഖയില്‍ അകത്തേക്ക് പോകുന്നു. 'സ്ഥിരം' മുറിയില്‍ കയറുന്നു.

എന്‍റെ ക്ഷമ പതുക്കെ നശിച്ചു തുടങ്ങി...

പിന്നെയും വെയ്റ്റര്‍ വരുന്ന വരെ മൌനം നിലനിര്‍ത്താന്‍, ഞാന്‍ വേണുനാഗവള്ളിയും അവള്‍ ശോഭയും ആയി (പശ്ചാത്തലത്തില്‍ ഗാനം: 'ശരബിന്ദു മലര്‍ദീപ നാളം നീട്ടി....)

'വെയ്റ്റന്‍' വരുന്നു. 'രണ്ടു കോള്‍ഡ്‌ കോഫീ.....' അവള്‍ ഓര്‍ഡര്‍ കൊടുക്കുന്നു.

'മാത്രം ?' 'വെയ്റ്റന്‍'

'മാത്രം' അവള്‍

ഛെ എന്തൊരു യാന്ത്രികത !

'എന്താ എലിസബത്തെ കാര്യം' ഇതും ചോദിച്ചു ഞാന്‍ അവളുടെ മുഖത്തേക്ക് നോക്കുമ്പോള്‍ അവള്‍ ഇപ്പോള്‍ പൊട്ടും എന്നപോലെയായി എന്നെ നോക്കുന്നു.

'എന്തുപറ്റി, എന്തായാലും എന്നോട് പറ' ഞാന്‍ വീണ്ടും.

തൂവാലയെടുത്ത്‌ മുഖം പോത്തിയിരിക്കുമ്പോള്‍ എനിക്ക് കാണാമായിരുന്നു അതിന്‍റെ  പല ഭാഗങ്ങളും നനഞ്ഞു വരുന്നത്.

'വെയ്റ്റന്‍'വീണ്ടും 'കോള്‍ഡ്‌ കോഫി'

ഞാന്‍ പെട്ടെന്ന് പറഞ്ഞു 'ഞങ്ങളുടെ ഫ്രണ്ട്സ് വരുന്നുണ്ട്, അവരും കൂടി കഴിച്ചിട്ടു ബില്ല് മതി'

'ഓകെ സര്‍' അവന്‍ പോയി.

ഇല്ലെങ്ങില്‍, പിന്നെ ബില്ല് തരാനും അതിന്‍റെ കാശ് വാങ്ങാനും ബാക്കി തരാനും ഒക്കെ ആയി ഇവന്‍ കേറി ഇറങ്ങും. മര്യാദക്ക് ഒന്നും സംസാരിക്കാനും പറ്റില്ല.

അവന്‍ പോയ ഉടനെ വീണ്ടും 'എന്ത് പറ്റി എലിസബത്തെ, എന്താണെങ്കിലും  പറ, എന്തിനും ഞാന്‍ ഉണ്ടാവും കൂടെ, എന്‍റെ വാക്കാണ്‌'

നനഞ്ഞ തൂവാല എലിസബത്ത് മുഖത്ത് നിന്നും മാറ്റുമ്പോള്‍, ആ മുഖം ഇതിനു മുന്പ് ഒരിക്കലും ഞാന്‍ കാണാത്തത് ആയിരുന്നു. ഇങ്ങനൊരു ഭാവം, ഇത്രയും ദുഖം, അവളുടെ മുഖത്ത് എന്നല്ല, ഞാന്‍ വേറെ ആരുടെ മുഖത്തും അതുവരെ കണ്ടിരുന്നില്ല.

'ഞാന്‍ വെറുതെ നിന്നെ ആശ്വസിപ്പിക്കാന്‍ പറഞ്ഞതല്ല, കാര്യമായിട്ട് തന്നെ പറഞ്ഞതാണ്' അത് പറയുമ്പോള്‍ ഞാന്‍ അവളുടെ തോളില്‍ ചെറുതായി ഒന്ന് തൊട്ടു.

അതേ കരച്ചലിന്‍റെ അടക്കി പിടിച്ചുള്ള ശബ്ദത്തില്‍ രണ്ടുകൈകൊണ്ടും തോളിലിരുന്ന എന്‍റെ കൈ മുറുകെ പിടിച്ചു കൊണ്ട് പറഞ്ഞു 'എനിക്കറിയാം, അതെനിക്കറിയാം, അതുകൊണ്ടാണ് ഞാന്‍ കരഞ്ഞത് സൂര്യ, എനിക്കു അതിനുള്ള ഭാഗ്യമില്ല, അതിനുള്ള ഭാഗ്യം ദൈവം തന്നില്ല...' എലിസബത്ത് പിച്ചും പേയും പറയുന്നത് പോലെ ആണ് അത്രയും പറഞ്ഞത്. എനിക്ക് ശരിക്കും പേടി തോന്നി തുടങ്ങി. എന്തോ പ്രശ്നമുണ്ട്.

'അതൊന്നും അങ്ങിനെ അല്ലാ എലിസബത്തെ, ഞാനുണ്ടാവും എന്ന് പറഞ്ഞാല്‍ പിന്നെ അതാര്‍ക്കും മാറ്റാന്‍ പറ്റില്ല, ഞാന്‍ ഉണ്ടാവും' ഞാന്‍ വീണ്ടും അവള്‍ക്കു ധൈര്യം കൊടുത്തു. കൂട്ടത്തില്‍ എനിക്ക് തന്നെയും !

'പറ്റും, സൂര്യ അത് മാറ്റാന്‍ ദൈവത്തിനു പറ്റും, ദൈവത്തിനു മാത്രം'

'എന്ന് വെച്ചാല്‍, നീ ഒന്ന് തെളിച്ചു പറ, എന്താ ഉണ്ടായത് ?'

'12-)o തിയതി ഞാന്‍ ജര്‍മനിയിലേക്ക്‌ പോകും, ബോംബെയില്‍ നിന്നും, നാളെ കഴിഞ്ഞു മറ്റെന്നാള്‍ ഞാന്‍ ബോംബെക്കും'

എന്‍റെ ജീവിതത്തില്‍ അന്ന് വരെയും മരണം എന്തെന്ന് ഞാന്‍ അറിഞ്ഞിരുന്നില്ല.

ഇപ്പോള്‍ ‍.... ഇപ്പോള്‍  ഞാന്‍ അറിയുന്നു എന്താണ് മരണം എന്ന്.

എന്‍റെ സ്നേഹം... ഇത്രയും ദിവസത്തെ എന്‍റെ മാസസ്സിന്റെ വിങ്ങല്‍, എല്ലാം ഒരു നിമിഷം കൊണ്ട് തകര്‍ന്നുപോയി.

വീണുടഞ്ഞ അക്വോറിയത്തിലെ മീനിനെ പോലെ ഞാന്‍ 'ശ്വാസം കിട്ടാതെ' പിടഞ്ഞു.

എലിസബത്ത് നിര്‍ത്തിയിട്ടുണ്ടായിരുന്നില്ല , കരഞ്ഞു കൊണ്ട് തന്നെ പിന്നെയും പറഞ്ഞു കൊണ്ടിരുന്നു: 'ആന്റിയാണ് എല്ലാം ശരിയാക്കിയത്, ഞാന്‍ നാട്ടില്‍ ചെന്നപ്പോള്‍ ആണ് വിവരം അറിഞ്ഞത്, പെപെഴ്സ് എല്ലാം ആന്റി ഒരു കൊല്ലം മുന്‍പേ കൊടുത്തിരുന്നു, പക്ഷെ .... ഞാന്‍.... ഞാന്‍..... '

അതോടു കൂടി എലിസബത്ത് പൊട്ടിക്കരഞ്ഞു. ഞാന്‍ സ്തബ്ദനായിപ്പോയിരുന്നു. അവളെ ഒന്നാശ്വസിപ്പിക്കാന്‍ കൂടി എനിക്ക് കഴിഞ്ഞില്ല.

എന്‍റെ കണ്ണു നിറഞ്ഞോ എന്നറിയില്ല, പക്ഷെ എനിക്കൊന്നും കാണാന്‍ കഴിയുന്നില്ലായിരുന്നു.

എന്‍റെ തൊണ്ട അടഞ്ഞോ എന്നും അറിയില്ല, പക്ഷെ എനിക്കൊന്നും പറയാന്‍ പറ്റുന്നില്ലായിരുന്നു.

കുറെ നേരം ഞങ്ങള്‍ അവിടെ ഇരുന്നു. പക്ഷെ അവള്‍ അത്രയും പറഞ്ഞതിന് ശേഷം പിന്നെ എനിക്കൊന്നും പറയാന്‍ ഇല്ലായിരുന്നു.

ഒന്നെനിക്ക് മനസ്സിലായി, ഈ ഇരിക്കുന്ന 'അഹങ്കാരത്തോടെയുള്ള എന്‍റെ വിശ്വാസം' ഇനിയില്ല. ഇനിയുള്ള രണ്ടു ദിവസങ്ങള്‍ അത് എന്നെ പഠിപ്പിക്കും.

ഒരു നിമിഷം എന്‍റെ മനസ്സ് പറഞ്ഞു, എന്‍റെ ആദ്യതോന്നാല്‍ ശരിയായിരുന്നു എന്ന്, എലിസബത്ത് മരിച്ചുപോയി ! അതോ മരിച്ചത് ഞാനാണോ ?

അതേ രണ്ടു പേരുമാണ്.....

ഞാന്‍ എലിസബത്തിനോട് പറഞ്ഞു 'പോകാം'

അവള്‍ കരഞ്ഞു കലങ്ങിയ കണ്ണുകള്‍ ഉയര്‍ത്തി അത്ഭുതത്തോടെ എന്നെ നോക്കി.

'സത്യമാണ് എലിസബത്തെ, നമുക്ക് പോകാം. ഇനിയൊന്നും പറയാനില്ല. ഇതില്‍ നിന്നും ഒരു തിരിച്ചു പോക്ക് നമുക്ക് സാധ്യമല്ല. നിന്റെ ഇപ്പോഴത്തെ അവസ്ഥയില്‍ നിന്നും നിനക്ക് ഒളിച്ചോടാന്‍ പോലും കഴിയില്ല, പിന്നെ എന്തിനു നമ്മള്‍ പിരിയണം ?'

എലിസബത്തിന്റെ മുഖത്ത് വേറെന്തോ ഭാവം, ഞാന്‍ ഇനി ആത്മഹത്യാ ആണോ ഉദ്ദേശിക്കുന്നതെന്ന് അവള്‍ക്കു തോന്നിക്കാണണം. പാവം!

ആ ഭാവത്തിനു വലിയ പ്രാധാന്യം കൊടുക്കാതെ ഞാന്‍ തുടര്‍ന്നു...

'എലിസബത്ത് ഞാനും അവസാനം കണ്ടതെവിടെ ആയിരുന്നു എന്നോര്‍ക്കുന്നുണ്ടോ ?'

ഒരു നിമിഷം എലിസബത്ത് ബംഗാളി സിനിമ കാണുന്ന പോലെ എന്നെ വീണ്ടും നോക്കി !

ഞാന്‍ പറഞ്ഞു 'അവിടെ.... ആ കൊച്ചു പള്ളിയില്‍, ആ തിരുസ്വരൂപത്തിന്‍റെ മുന്നില്‍.. അവിടെ വെച്ചാണ് നമ്മള്‍ അവസാനമായി കണ്ടത്ത്'

'അതിന്‍റെ പിറ്റേന്നു ആ ശ്മശാനത്തില്‍ ഒരു കല്ലറയുടെ മുന്നില്‍ നീയെന്‍റെ തോളില്‍ തലവെച്ചു നിന്നില്ലേ, അത് നമ്മള്‍ മരിച്ചതിന്‍റെ  പിറ്റേ ദിവസം ആയിരുന്നു. അത് നമ്മുടെ തന്നെ കല്ലറ ആയിരുന്നു എലിസബത്തെ,  നമ്മളുടെ രണ്ടു പേരുടെയും'

'ഒരിക്കലും പിരിയാതിരിക്കാനാണ് നമ്മള്‍ ചേര്‍ന്ന ദിവസം തന്നെ മരിച്ചത്. അല്ലേ എലിസബത്തെ ?'

എലിസബത്ത് ഒരു നിമിഷം കണ്ണടച്ചിരുന്നു, പിന്നെ എന്നെ നോക്കി വിറയ്ക്കുന്ന ചുണ്ടുകളോടെ തുളുമ്പുന്ന കണ്ണുകളോടെ തലയാട്ടി. 'ആണ്' എന്ന അര്‍ത്ഥത്തില്‍.

'നമുക്കൊരിക്കലും പിരിയാന്‍ കഴിയില്ല എലിസബത്തെ, ഒരിക്കലും..' ഇത്രയും പറഞ്ഞു ഞാന്‍ അവളുടെ മുഖം ചേര്‍ത്ത് പിടിച്ചു ആ നെറ്റിയില്‍ ചുംബിച്ചു. അവള്‍ എന്‍റെയും.

പിന്നെ ഒരു നിമിഷം ആ കൈ ഞാന്‍ മുറുകെ പിടിച്ചിട്ടു, തല കൊണ്ട് 'പോകാം' എന്ന് ആഗ്യം കാണിച്ചു.

പിന്നെ പതിഞ്ഞ ശബ്ദത്തില്‍ അവള്‍ പറഞ്ഞു 'ഞാന്‍ എറണാകുളം സ്റ്റേഷനില്‍ നിന്നും വൈകീട്ട് 7 മണിയുടെ ട്രെയിനാണ് പോകുന്നത്. മറ്റെന്നാള്‍....'

പറഞ്ഞത് മുഴുമിക്കാന്‍ സമ്മതിച്ചില്ല. 'ഞാന്‍ വരില്ല, എന്നോ മരിച്ചു പോയ നമ്മള്‍ ഇനിയെന്നും കാണുന്നവരാണ്, എനിക്കാതെ പറ്റു'

ഒരു നിമിഷം എന്‍റെ മുഖത്ത് നോക്കിയിട്ട് അവള്‍  വീണ്ടും തല താഴ്ത്തി ഇരുന്നു. എന്‍റെ പോക്കെറ്റില്‍ ഉണ്ടായിരുന്ന നോട്ടില്‍ നിന്നും കുറച്ചെണ്ണം വാരി ടേബിളില്‍ വച്ചു. എന്നിട്ട് എഴുന്നേറ്റു.

എലിസബത്ത് 'കുറച്ചു നേരം കൂടി' എന്ന ഒരു അപേക്ഷയുടെ ഭാവത്തോടെ നോക്കുന്ന കണ്ടു. പക്ഷെ ഞാന്‍ തീരുമാനിച്ചിരുന്നു. ഇവളെ നഷ്ടപ്പെടാതിരിക്കാന്‍ വേണ്ടിയും, എനിക്ക് സ്വയം നഷ്ടപ്പെടാതിരിക്കാന്‍ വേണ്ടിയും ഇതേ ഒരു വഴിയുള്ളൂ എന്ന്.

ഞാന്‍ ചെറുതായി ചിരിച്ചു കൊണ്ട് ചോദിച്ചു 'പോകുന്നതല്ലേ നല്ലത് ?'

വീണ്ടും ഒരു നിമിഷം ആവള്‍ ആലോചിച്ചു. ഞാന്‍ ചിരിച്ച അതേ അളവില്‍ ചിരിച്ചു കൊണ്ട് അവള്‍ എഴുന്നേറ്റു. വാതില്‍ തുറക്കാന്‍ തുനിഞ്ഞ എന്നെ അവള്‍ തടഞ്ഞു.

ഒരു നിമിഷം പെട്ടെന്ന് നിറഞ്ഞ കണ്ണുകള്‍ ഒരു കൈ കൊണ്ട് തുടച്ചു കൊണ്ട്, എന്‍റെ കവിളില്‍ പതിയെ തലോടി, പിന്നെ പറഞ്ഞു ...

'പോകാം'

പുറത്തിറങ്ങി നടക്കുമ്പോള്‍ ഞങ്ങളുടെ വൈറെര്‍ എതിരെ, 'പൈസ അവിടെ വെച്ചിട്ടുണ്ട്' ഞാന്‍ പറഞ്ഞു.

പുറത്തിറങ്ങി ഞങ്ങള്‍ വീണ്ടു പരസ്പരം നോക്കി, സാറാമ്മ കാത്തു നിക്കുന്നുണ്ടായിരുന്നു.

'ശരി എലിസബത്ത്' ഞാന്‍ പറഞ്ഞു.

ഇനി യാത്ര പറയേണ്ട ആവശ്യമില്ലല്ലോ!

'ശരി' എന്നവളും

തിരിഞ്ഞു നടക്കുമ്പോള്‍ മനസ്സില്‍ എന്‍റെ പ്രിയപ്പെട്ട ആര്‍ക്കോ വേണ്ടി ഞാന്‍ ഒരു ജന്മം ഉഴിഞ്ഞു വെച്ചിട്ട് വരുന്ന ഒരു സുഖം. ഇനിയൊന്നും പേടിക്കാനില്ല എന്ന ഭാവം.

വീണ്ടും ഒരിക്കല്‍ കൂടി തിരിഞ്ഞു നോക്കി. കുറെ അകലെ അവളും തിരിഞ്ഞു നില്‍ക്കുന്നുണ്ടായിരുന്നു.

ഞാന്‍ പതിയെ കൈ വീശിക്കാണിച്ചു. ചിരിച്ചു കൊണ്ട് അവളും. അതിനുശേഷം അതേ കൈ കൊണ്ട് കണ്ണു തുടക്കുന്നുണ്ടായിരുന്നു.

ഞാന്‍ വീണ്ടും നടന്നു. ഇനിയെത്ര ദൂരം പോയാലാണ് ആ കല്ലറയില്‍ എത്തുക ?

ആ കല്ലറയില്‍ ആരെങ്കിലും പൂക്കള്‍ വെക്കുന്നുണ്ടോ ആവോ ? അതോ അവരും പരസ്പരം വീണ്ടും കണ്ടു കാണുമോ ?

(ശുഭം)

(ആ വര്‍ഷം തന്നെ, ആറു മാസത്തിനിടക്ക്, എലിസബത്തിന്‍റെ രണ്ടു കത്തുകള്‍ വന്നിരുന്നു. ആദ്യത്തേത് അവിടുത്തെ അഡ്രെസ്സും ഫോണ്‍ നമ്പറും ഒക്കെ വെച്ചുള്ളതും, രണ്ടാമത്തെ അവള്‍ ഇപ്പോഴും എന്നെ ഓര്‍ക്കുന്നു എന്ന് പറഞ്ഞത് കൊണ്ടുള്ളതും. കണ്ണീരിന്‍റെ നനവുള്ള കത്തുകള്‍.

ഒന്നിനും ഞാന്‍ മറുപടി അയച്ചില്ല. ആ കത്തുകള്‍ സൂക്ഷിക്കാനും നിന്നില്ല.  എലിസബത്തിനെ നഷ്ടപ്പെടാന്‍ ഞാന്‍ ഒരുക്കമായിരുന്നില്ല, ഒരിക്കലും !)

Tuesday, January 26, 2010

കര്‍ത്താവ് രക്ഷിക്കും ! (ഭാഗം 11)

(ഒരേ സ്ഥലം, ഒരേ ആള്‍ക്കാര്‍, പക്ഷെ സാഹചര്യങ്ങള്‍ അനുസരിച്ചു നമുക്കവയോടു സ്നേഹവും വെറുപ്പും, എല്ലാം ആപേക്ഷികം !)

സ്മശാനത്തിനടുത്തെത്തിയപ്പോള്‍ ഞാന്‍ പറഞ്ഞു 'ഇന്നലെ കാലത്ത് ഞാന്‍ ഇതിനകത്ത് വന്നിരുന്നു, എലിസബത്ത് വരുന്നതിനു മുന്പ്'

'ഉവ്വോ, എന്നിട്ട് ?'

'എന്നിട്ട്.... അ....... രസകരമായ ഒരു കാഴ്ച കണ്ടു, ഒരു കല്ലറ, വാ കാണിച്ചു തരാം' ഞാന്‍ അവളെയും കൊണ്ട് അകത്തേക്ക് നടന്നു.

അകത്തു ചെന്നപ്പോള്‍, ഒരു കണ്‍ഫ്യുഷന്‍, ഇതല്ലല്ലോ ഞാന്‍ അകത്തു കടന്ന വഴി. പിന്നെ മനസ്സിലായി അപ്പുറത്തെ ഗേറ്റില്‍ കൂടി ആണ് വന്നത്.

നേരെ ആ കല്ലറയുടെ മുന്നില്‍ ചെന്നു നിന്നപ്പോള്‍, അത്ഭുതം, ഇന്ന് ആരോ പുതിയ പൂക്കള്‍ കൊണ്ട് വച്ചിരിക്കുന്നു !

അതിനു ചുറ്റും നടന്നിട്ട് ഞാന്‍ പറഞ്ഞു 'അമ്പതു വര്ഷം ജീവിച്ച ഒരു ഫ്രെഞ്ചുകാരന്‍, അയാളുടെ കല്ലറ ഇവിടെ, കണ്ടോ ? രണ്ടു വര്ഷം മുന്പ് മാത്രം മരിച്ച ഇയാളുടെ കല്ലറയില്‍ ഇപ്പോഴും ആരോ സ്ഥിരമായി വരുകയും പൂക്കള്‍ കൊണ്ട് വക്കുകയും ചെയ്യുന്നുണ്ട്. ഇന്നലെ വന്നപ്പോള്‍ കണ്ട പൂക്കള്‍ അല്ലാ ഇന്ന്. ആരോ പുതിയത് കൊണ്ട് വച്ചിരിക്കുന്നു'

ഞാന്‍ അവളുടെ അടുത്തു ചെന്നിട്ടു ചോദിച്ചു 'കണ്ടോ ?'

എലിസബത്ത് ദൈവത്തിനെ കണ്ടതു പോലെ അതിനെ തന്നെ നോക്കി നില്‍ക്കുന്ന കണ്ടപ്പോള്‍ എനിക്കും അത്ഭുതം.

ഞാന്‍ ചോദിച്ചു 'എന്തേ എലിസബത്തെ ?'

'ഇതാരായിരിക്കും ഇവിടെ കൊണ്ട് വച്ചത് ?' എലിസബത്ത് എന്നോട്.

'ഞാനും അത് തന്നെ ഇന്നലെ ആലോചിച്ചു, ഭാര്യയോ, കാമുകിയോ, മക്കളോ, വേറെ ബന്ധുക്കളോ ആയിരിക്കാം'

'ഇതൊന്നുമല്ലാത്ത ആരെങ്ങിലും ആവാം, അല്ലേ ?' എന്റെ മുഖത്ത് നോക്കാതെ എലിസബത്ത് അത് ചോദിച്ചിട്ട്, പിന്നെയും ആ കല്ലറയെയും  പൂക്കളെയും തന്നെ നോക്കി നിന്നും.

വാക്കുകള്‍ ഹൃദയത്തില്‍ നിന്നും അല്ലെങ്കില്‍ ഹൃദയത്തിലേക്കുള്ള വാക്കുകള്‍ എന്നൊക്കെ വായിച്ചു മാത്രം ശീലമുള്ള എന്നെ, ആകെ ആ ചോദ്യം ആകെ കുലുക്കി കളഞ്ഞു.

അവള്‍ പറഞ്ഞത് എന്താണെന്ന് എനിക്ക് ശരിക്കും മനസ്സിലായിരുന്നു, ശരിക്കും !

ഒരു മിനിറ്റ് കഴിഞ്ഞപ്പോള്‍ എന്റെ കൈ വീണ്ടും പിടിച്ചു എന്നിട്ട് എന്റെ കണ്ണിലേക്കു നോക്കി. പിന്നെ പതുക്കെ എന്റെ തോളില്‍ തല ചായ്ച്ചു നിന്നു. ഞാന്‍ ചുറ്റും നോക്കി ആരെങ്ങിലും ഉണ്ടോ എന്ന്.

ഞങ്ങള്‍ ഒരുമിച്ചു എത്ര നേരം അങ്ങിനെ നിന്നു എന്നറിയില്ല.

പിന്നെപ്പോഴോ എലിസബത്ത് പറഞ്ഞു 'പോകാം'

'ഉം'

പുറത്ത് കടന്നു പള്ളിയിലേക്ക് നടക്കുമ്പോള്‍ എലിസബത്ത് ഒരിക്കലും എന്റെ കൈ വിട്ടിരുന്നില്ല. ഇടയ്ക്കിടെ പരസ്പരം ഒന്ന് നോക്കും, ഒന്നും സംസാരിക്കാതെ പിന്നെയും നടക്കും. അങ്ങിനെ പള്ളിയുടെ മുന്നില്‍ എത്തി.

എലിസബത്ത് ചോദിച്ചു 'ആരെങ്കിലും ഉണ്ടാകുമോ അകത്ത് ?'

'നീ ഇവിടെ നില്‍ക്ക്, ഞാന്‍ പോയി നോക്കാം'

അകത്തും പുറത്തുമായി ഒന്ന് ചുറ്റി അടിച്ചു. ഒരു മനുഷ്യന്‍ ഇല്ല.

എല്ലാ വാതിലുകളും തുറന്നിട്ട്‌ ദൈവിത്തിന്റെ മാത്രം സാന്നിധ്യമുള്ള ഒരു ദേവാലയം !

ഞാന്‍ മുന്നില്‍ ചെന്നു കൈ കൊണ്ട് 'ആരുമില്ല, പോരെ' എന്ന് ആംഗ്യം കാണിച്ചു.

പടികള്‍ കയറി വരുന്ന എലിസബത്ത് പലപ്പോഴും എന്നെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു.

ഞങ്ങള്‍ ഒരുമിച്ചു ഉള്ളിലേക്ക് നടന്നു. ഇന്നലെ ഇരുന്ന ബഞ്ചിലേക്ക് കയറാന്‍ തുടങ്ങുമ്പോള്‍, എലിസബത്ത് വീണ്ടും കയ്യില്‍ പിടിച്ചുകൊണ്ട് 'പാടില്ല' എന്ന് ആംഗ്യം കാണിച്ചു. എന്നിട്ട് എന്നെയും കൊണ്ട് നേരെ ഏറ്റവും മുന്നില്‍ ചെന്നു നിലത്തു മുട്ടുകുത്തി നിന്നു, എന്നോട് വീണ്ടും ഒരാംഗ്യം 'അതുപോലെ' നില്‍ക്കാന്‍. ഞാനും അതുപോലെ നിന്നു. എന്നിട്ട് അവള്‍ കൈകള്‍ ചേര്‍ത്ത് കണ്ണടച്ചു നിന്നു. ഞാനും അങ്ങിനെ ഒക്കെ നിന്നെങ്കിലും ഒന്നും പ്രാര്‍ഥിക്കാന്‍ തോന്നിയില്ല.

ഒരു നിമിഷം കഴിഞ്ഞു ഞാന്‍ എലിസബത്തിനെ നോക്കി, ഇല്ല അവള്‍ എന്നെ നോക്കുന്നില്ല എന്ന് മാത്രമല്ല എന്തൊക്കെയോ പിറുപിറുക്കുന്നുണ്ട്. ഞാന്‍ കണ്ണടച്ചു, പക്ഷെ എത്ര ശ്രമിച്ചിട്ടും എനിക്ക് വേറൊരു മുഖവും മനസ്സില്‍ തെളിയിക്കാന്‍ കഴിഞ്ഞില്ല. വീണ്ടും യേശുവിനെ നോക്കി, ഒരു നിമിഷം .. വീണ്ടും കണ്ണടച്ചു. ഇല്ലാ, ആകെ എന്റെ മനസ്സില്‍ വരുന്നത് എലിസബത്തിന്റെ രൂപം മാത്രം.

ഞാന്‍ മനസ്സില്‍ ഓര്‍ത്തു, ചെയ്യുന്നത് തെറ്റാണോ ? എലിസബത്തിനെ ഒന്ന് നോക്കി. എന്റെ മനസ്സില്‍ ഒരു നൊമ്പരം, ഞാന്‍ കാരണം ഇനി ഇവള്‍ കൂടി അനുഭവിക്കേണ്ടി വരുമോ ? പാവം.

ദൈവമേ, ഇതെല്ലാം ഒരു തെറ്റാണെങ്കില്‍ അതിനുള്ള ശിക്ഷ എനിക്ക് മാത്രമായി തന്നേക്കണം, ഇവള്‍ ഒരു തരത്തിലും അതിനൊന്നും തെറ്റുകാരിയല്ല !

ശ്ശേടാ, ഇന്നലത്തെ പോലെ തന്നെ എന്റെ മനസ്സറിയാതെയുള്ള പ്രാര്‍ത്ഥന ഇത്തവണയും അവളെ പറ്റി തന്നെ. ഞാന്‍ വീണ്ടും അവളെ നോക്കുമ്പോള്‍ മനസ്സില്‍ ഒരു ഫ്ലാഷ്, ഈ പറഞ്ഞതും അവള്‍ കേട്ട് കാണുമോ ? ഇല്ല. അവള്‍ ഗാഡമായ പ്രാര്‍ത്ഥനയില്‍ ആണ്.

ഞാന്‍ പതുക്കെ എഴുന്നേറ്റു, കുറച്ചു കഴിഞ്ഞു അവളും.

തിരികെ പോരാന്‍ തുടങ്ങിയ എന്നെ വീണ്ടും എലിസബത്ത് പിടിച്ചു നിര്‍ത്തി, എന്നിട്ട് കര്‍ത്താവിന്റെ മുന്നില്‍ തലകുനിച്ചു നിന്നു, ഞാനും. പിന്നെ എന്റെ ആ കൈ വിടാതെ, ഞങ്ങള്‍ തിരിച്ചു നടന്നു.

നടക്കുമ്പോള്‍ അവള്‍ പറഞ്ഞു 'സൂര്യാ...........എനിക്ക്.......... എനിക്ക്.............  എനിക്കറിയില്ലായിരുന്നു !'

'പക്ഷെ എനിക്കറിയാമായിരുന്നു, അതങ്ങിനെ തന്നെ ആയിരിക്കും എന്ന് എനിക്കറിയാമായിരുന്നു'

ഇതില്‍ കൂടുതല്‍ ഒന്നും പറയാനില്ല, ഞങ്ങള്‍ പരസ്പരം നോക്കി. പിന്നെ വീണ്ടും നടന്നു.

പുറത്തെത്തിയപ്പോള്‍ ദൂരേന്നു വേറൊരു ശബ്ദം 'സൂര്യ.... ഡാ പൂയ് .... സൂര്യ' നോക്കുമ്പോള്‍ രാധുവാണ്‌.

'എന്തെടാ...'

'ഡാ ദേ ഇവരുടെ കൂട്ടത്തില്‍ ഉള്ളവരെല്ലാം അവിടെ തിരിച്ചെത്തി, നിങ്ങളിതെവിടെ ആയിരുന്നു ?'

'എലിസബത്തെ പ്രശനമാവുമോ ?' ഞാന്‍ ചോദിച്ചു.

'ഉം... ആ സെക്യുരിറ്റി എവിടെ ?' അവള്‍ രാധുവിനോട്.

'അവന്‍ ഓഫ്‌ ആയി. കടപ്പുറത്തെ ഒരു കടയുടെ സൈഡില്‍ ഗഡി പടായി, ഇനി നാളെ നോക്കിയാല്‍ മതി.' അവന്റെ മറുപടി.

'എന്നാല്‍ കുഴപ്പമില്ല, സൂര്യന്‍ പൊയ്ക്കോ, ഞാന്‍ ആ വലിയ പള്ളിയില്‍ ഉണ്ടാവും, അവര്‍ നേരെ ഇങ്ങോട്ടാകും ഇനി വരുന്നത്'

'എന്നാല്‍ ശരി, വൈകിട്ട് പോകാനുള്ളതല്ലേ ? അപ്പൊ കാണാം.'

'ശരി, ബൈ' എലിസബത്ത് എന്റെ വിരലില്‍ ഒന്ന് തൊട്ടു. എന്നിട്ട് വേഗം നടന്നു നീങ്ങി. കുറെ ദൂരം ഞാന്‍ അവളെ നോക്കി നിന്നു. എന്റെ മനസ്സ്, 8-)o ക്ലാസ്സിലെ കുട്ടിക്ക് ആദ്യത്തെ പ്രേമലേഖനത്തിനു അനുകൂലമായ മറുപടി കിട്ടിയ പോലെ, സന്തോഷം കൊണ്ട് തുള്ളിപ്പോയി.

'എന്തൂട്ടാണ്ട ഗഡി, പ്രേമാ ?' രാധു എന്നോട്.

'പ്രേമം അല്ലെടാ, മൈ$#@* ഇത് ഉഡായപ്‌, നിന്റെ അമ്മൂമ്മേടെ ഉഡായപ്' എന്ന് പറഞ്ഞു ഞാന്‍ രാധുവിനെ എടുത്തു പൊക്കി രണ്ടു കറക്കം.

'എന്റമ്മേ എന്നെ താഴെ ഇറക്കെടാ, എടാ, തലകറങ്ങും, അയ്യോ, നിറുത്തെടാ' എന്നിങ്ങനെ അവന്റെ നിലവിളി. വീണ്ടും രണ്ടു കറക്കം, ദേ രണ്ടെണ്ണം കൂടി താഴെ, മണല്‍ ആയതു കൊണ്ട് തല പൊളിഞ്ഞില്ല.

ചാടി എഴുന്നീട്ടു മണലെല്ലാം തട്ടി കളയുമ്പോള്‍ 'നിനക്കെന്താണ്ടാ പുല്ലേ  പ്രാന്താ ? ആണെങ്കില്‍ തന്നെ എന്നെ വിട്ടേക്ക് ഗഡി' എന്ന് പറഞ്ഞു രാധു ഒറ്റ നടത്തം.

'നിക്കെടാ അവിടെ' എന്ന് പറയലല്ല അവന്‍ ഓടി, ഞാന്‍ പിന്നാലെ ഓടി. പെട്ടെന്ന് ഞാന്‍ അത് കണ്ടു കുറച്ചകലെ എലിസബത്ത് ചിരിച്ചുകൊണ്ട് ഇതൊക്കെ നോക്കി നില്‍പ്പാണ്. എന്നിട്ട് 'ഇതെന്തു പ്രാന്താ' എന്ന് ആംഗ്യത്തില്‍ ഒരു ചോദ്യം. ഞാന്‍ ചിരിച്ചു കൊണ്ട് തന്നെ ഒരു റ്റാ റ്റാ കൊടുത്തു. എലിസബത്ത് തലയാട്ടി വീണ്ടും നടന്നു പോയി.

സമയം 4 മണി, 'എത്ര മണിക്കാടാ നമ്മള്‍ പോണത്' ഞാന്‍ രാധുവിന്റെ അടുത്തെത്തിയപ്പോള്‍ ചോദിച്ചു.

'ഒരു ഒരു പതിനോന്നെര പന്ത്രണ്ടു... എന്നാ വേലായുധേട്ടന്‍ പറഞ്ഞത്'

'ഡാ സാധനം ഇണ്ടാ ?'

'പിന്നെ' എന്ന് പറഞ്ഞു ഒരു 'ഫ്രഷ്‌' അരക്കുപ്പി അരയില്‍ നിന്നും 'രാജാപ്പാര്‍ട്ട്' സ്റ്റൈലില്‍ ഒരു വലിച്ചൂരല്‍ !

പിന്നെ അതും അടിച്ചടിച്ചു നേരെ ഹോട്ടലിലേക്ക്.\

നേരെ റൂമില്‍ ചെന്നു ബെല്‍ അടിച്ചു. വാതില്‍ തുറന്ന 'വേലുമ്മാന്‍' പുതപ്പു ലുങ്കി ആയി ഉപയോഗിച്ചു കൊണ്ട് നില്‍ക്കുന്നു.

'ഇതെവിടായിരുന്നുടാ പിള്ളേരെ ?'

'ഞങ്ങള്‍ ഒന്ന് കറങ്ങി, എങ്ങനെണ്ടായിരുന്നു ?'

'എങ്ങനെ ആവാന്‍, നിന്റെയൊക്കെ കൂടി അധ്വാനിച്ചു എന്റെ നടുവൊടിഞ്ഞു, അത്രന്നെ !'

'ചേട്ടനോട് ആരാ പറഞ്ഞെ  ഞങ്ങള്‍ക്ക് കൂടിയുള്ളത് പണിയാന്‍ ? എല്ലാം കൂടി ആയി ആ പെണ്ണു ജരാസന്ധന്റെ പോലെ രണ്ടായി പിളര്‍ന്നു പോയിക്കാണുമല്ലോ ?' എനിക്കത്ഭുതം.

'ഉവ്വേ, അരക്കുപ്പി റം വെള്ളം തോടാതെയാ അവള് വിഴുങ്ങിയത്, എന്നിട്ട് എന്നെ കുതിരയാക്കി ഈ മുറി മുഴുവന്‍ ഓടിച്ചു കളിക്കുകയായിരുന്നു. എന്റെ അടപ്പ് ഇളക്കിയിട്ട് അവസാനം ഒരു ചോദ്യം, നിങ്ങളാരെങ്കിലും വരുന്ന വരെ വെയിറ്റ് ചെയ്യണോ എന്ന്. മനസ്സിലായാ ? ഞാന്‍ പറഞ്ഞില്ലെട ആദ്യം തന്നെ, സാധനം നെടുവരിയന്‍ ആണെന്ന്, പക്ഷെ 'നാഗയക്ഷി' ആണെന്ന് ഇപ്പോഴാ മനസ്സിലായത്‌'

'ആണോ, ഛെ ചാന്‍സ് മിസ്സ്‌ ആയല്ലോ' രാധു.

'ആര്‍ക്ക് ? നിനക്കാ ? ഒന്ന് പോടാപ്പാ, നീയെങ്ങാന്‍ വന്നിരുന്നെങ്കില്‍ ഇപ്പൊ സംഗതി കൊലപാതകം ആയേനെ, എടാ അവള് നിന്നെ കാലില്‍ പിടിച്ചു നിലത്തടിക്കും എന്ന് മാത്രമല്ല നിന്റെ 'കടുകും കരിവെപ്പിലേം' രണ്ടാമത്തെ പെഗ്ഗിന്റെ 'സൈഡായി' പെടച്ചേനെ, എന്നിട്ടാണ്. ഹും !'

രാധുവിന്റെ മുഖം നിലത്തു വീണു, എന്നാലും പിടിച്ചു നില്‍ക്കാന്‍ ഒരു പുച്ഛം 'പിന്നെ ?'

'എന്ത് പിന്നെ ? എടാ അവള് കിടപ്പറയില്‍ വെന്നിക്കൊടി പാറിക്കുന്ന ടൈപ്പ് ആണ്,  അറിയോ നിനക്ക് ?'

അതോടെ രാധു നിര്‍ത്തി, ഇനി അതും ഇതും പറഞ്ഞു അങ്ങേരുടെ വായിലിരിക്കുന്ന ബാക്കി കൂടി കേള്‍ക്കണ്ട.

ഞാന്‍ പറഞ്ഞു 'അത് വിട്, നമുക്ക് രാത്രി പോണ്ടതല്ലേ ? അതിനു മുന്പ് ഒന്ന് 'വൃത്തികെടാവണ്ടേ' ചേട്ടാ ?'

പിന്നെ വേണ്ടെന്നാ ? ഇനി ഒരു ആറെണ്ണം അടിക്കാതെ എങ്ങനാ ഒന്ന് ഉഷാറാവുക ? എടാ എന്നെക്കൊണ്ട് അധികം ഓടിക്കാന്‍ ഒന്നും പറ്റില്ല, കേട്ടാ ? ഇപ്പോത്തന്നെ ഞാന്‍ 'ഓടിച്ചു' വശക്കേടായി, നീ ഒന്ന് ഹെല്‍പ്പണം' രാധുവിനോടാണ്.

'കണ്ണില്‍കണ്ട പെരുച്ചാഴികളെയൊക്കെ തിമര്‍ത്തു പണ്ണീട്ട് അവസാനം ജോലി നമുക്ക്' അവന്‍ പിറുപിറുത്തുകൊണ്ട് ടവലും എടുത്തു ബാത്ത് റൂമിലേക്ക്‌ കയറി.

അവന്‍ കഴിഞ്ഞു ഞാന്‍, ഞാന്‍ കഴിഞ്ഞു 'വേല്‍ചേട്', അങ്ങിനെ എല്ലാവരും കുളിച്ചു കഴിഞ്ഞപ്പോള്‍ ഒരു പുതിയ ഐഡിയ, ഒരു ചെയ്ഞ്ചിനു വേണ്ടി ഇന്ന് നമുക്ക് മദ്യം അവിടെ പോയി ആസ്വദിച്ചാലോ എന്ന് 'വേല്‍മാന്‍', ആ നിര്‍ദേശം ഞങ്ങള്‍, ഞാനും രാധുവും, കയ്യടിച്ച് അംഗീകരിച്ചു.

എല്ലാവരും 'കുട്ടപ്പന്മാരും പേങ്ങന്‍മാരും' (രണ്ടു പേരും സുഹൃത്തുക്കള്‍ ആണ്, കുട്ടപ്പനെ മാത്രം വിളിക്കുന്ന കേട്ട് ഇനി മറ്റെയാള്‍ക്ക് വിഷമം ആകണ്ട !) ആയി ഇറങ്ങി നടന്നു. ഒരു 10 മിനിറ്റ് നടന്നപ്പോള്‍ ഞങ്ങള്‍ മനോഹരമായ ഒരു ബാര്‍ കണ്ടു.

'വൈകുന്നേരം ആയാല്‍ പള്ളിയെക്കാളും അമ്പലത്തെക്കാളും ഭംഗി ബാറിനാണ് !'

(എന്റെ അഭിപ്രായം ഉള്ളവര്‍ക്ക് യോജിക്കാം, അല്ലാത്തവര്‍ക്ക് രണ്ടെണ്ണം അടിച്ചു, ചുണ്ടൊക്കെ തുടച്ചിട്ടു ഒരു പ്രതിഷേധ കുറിപ്പ് ഇറക്കാം, നാലും മൂന്നും ഏഴു വായനക്കാരുള്ള ഞാന്‍ എന്തായാലും 'യുവതലമുറയെ' വഴിതെറ്റിക്കും എന്നാരും ആരോപണം ഉന്നയിക്കാന്‍ വഴിയില്ല !)

പിന്നെ എന്നത്തെയും പോലെ ജീവിതത്തിലെ ഒരു സുന്ദരമായ ഒരു രാത്രി അവിടെ, ഇറങ്ങുമ്പോള്‍, രാത്രി 8 മണി,

'ഇനി നമുക്ക് പോകുന്ന വഴിക്കടിക്കാം' വേലായുധേട്ടന്‍.

'തനിക്കു ഇത് മദ്യം പോലെ തോന്നുന്നില്ലെടോ ? എങ്ങനാടോ ഇങ്ങനെ കുടിക്കാന്‍ പറ്റുന്നത് ?' ഞാന്‍ ചോദിച്ചു.

'ഓ, ഈ പറയുന്ന ആള്‍ നല്ല മുതാലാണല്ലോ, വളരെ കുറച്ചല്ലേ കഴിക്കു' രാധു എന്റെ കാര്യം പറഞ്ഞതാണ്.

'എടാ ഞാന്‍ ഓവര്‍ ആയാല്‍ ഓഫ്‌ ആകും, ഇയാള്‍ എന്നെങ്ങിലും ഓഫ്‌ ആയി നീ കണ്ടണ്ടാ ?' ഞാന്‍ തിരിച്ചു ചോദിച്ചു.

ആ ചോദ്യത്തിനു അവനു ഇല്ലായിരുന്നു.

റൂമില്‍ ചെന്ന് ഡ്രസ്സ്‌  എല്ലാം പായ്ക്ക് ചെയ്തു താഴെ വന്നു ഒരു സിഗരറ്റും വലിച്ചു നില്‍ക്കുമ്പോള്‍ വീണ്ടും ആലോചിച്ചു, ഇന്നിനി കണ്ടിട്ടും വലിയ കാര്യമില്ല, ഒന്നും സംസാരിക്കാന്‍ പറ്റിലാ, എന്നാലും കാണുന്നത് ഒരു സന്തോഷം ആണല്ലോ.

ബസ്സുമായി ഞങ്ങള്‍ അവര്‍ താമസിക്കുന്നെടത്ത് ചെന്ന്, പത്ത് മിനിറ്റ് കഴിഞ്ഞാണ് എല്ലാവരും ഇറങ്ങി വന്നത്. കൂട്ടത്തില്‍ അവളും, ഷാളൊക്കെ പുതച്ചു കൊണ്ട് വന്നു കയറി. പിന്നെ പതിവ് സീറ്റില്‍ ചെന്നിരുന്നു. അവള്‍ എന്നെ നോക്കി ചിരിക്കുമ്പോള്‍, തിരിച്ചൊന്നു ചിരിക്കാം എന്നല്ലാതെ സത്യത്തില്‍ അവളില്‍ നിന്നും കണ്ണെടുക്കാന്‍ കഴിഞ്ഞില്ല.

പെട്ടെന്ന് 'സാധനം സാറാമ്മ' കാബിനിലേക്ക്‌ കയറി വന്നു.

'നല്ല ആളാ, സൂര്യന്‍ ചേട്ടന്‍ ഇവിടെ ആയിരുന്നു ? ഞാന്‍ എത്ര നേരം കാത്തിരുന്നു എന്നറിയാമോ ?'

എന്റെ പേര് വിളിക്കുന്ന കേട്ട് ഞാന്‍ ഒന്ന് ഞെട്ടിത്തിരിഞ്ഞു വേലായുധേട്ടനെ നോക്കി. അങ്ങേരു ചിരിച്ചോണ്ട് പുറത്തേക്ക് നോക്കി ഇരിക്കുന്നു !

'സാറാമ്മ ഇവിടെ വരൂ' മദര്‍ ('നായിന്റെ മോളെ, നീ പിന്നേം പോയോ' എന്ന് അണ്ടര്‍സ്റ്റുഡ്).

സാറാമ്മ 'ആമ' തലവലിക്കുന്ന പോലെ ബസ്സിനുള്ളിലേക്ക്‌ വലിഞ്ഞു.

മദര്‍ വീണ്ടും പ്രാര്‍ത്ഥന തുടങ്ങി, പതിവ് പോലെ ബസ് മുതല്‍ ഈ ലോകത്തെ അഖണ്ട ചരാചരങ്ങള്‍ക്കും നല്ലത് വരുത്താന്‍ ഉള്ള കൂട്ട പ്രാര്‍ത്ഥന കഴിഞ്ഞു.

'സൈമാ ആ ഡോറടച്ചു വണ്ടി വിടാന്‍ പറയു'

'വേലായുധേട്ടാ, കേട്ടാ ?'

'പോവാം'

വണ്ടി സ്റ്റാര്‍ട്ട്‌ ചെയ്തപ്പോള്‍ എനിക്ക് തോന്നി, ഛെ വണ്ടിയില്‍ കയറുന്നതിനു മുന്പ് ഒന്നും പറയാന്‍ പറ്റിയില്ലല്ലോ എന്ന്. പിന്നെ ആലോചിച്ചു, എന്തിനു ടെന്‍ഷന്‍ നമ്മള് ഭരിക്കുന്ന കോളേജില്‍ സാധനത്തിനെ വെക്കേഷന്‍ കഴിഞ്ഞു കിട്ടുമ്പോള്‍ ആരോ ചോദിക്കാന്‍ ? ഞാനൊന്ന് അര്‍മ്മാദിക്കും !

വീണ്ടും അവള്‍ ഇരിക്കുന്നിടത്തേക്ക്‌ തിരിഞ്ഞു നോക്കി. എന്നെ അവള്‍ കാണുന്നുണ്ട്, ചിരിക്കുന്നുമുണ്ട്. ഞാന്‍ 'ഗുഡ് നൈറ്റ്‌' എന്ന് 'മറ്റേ വാര്‍ത്ത' പോലെ കാണിച്ചു.അവള്‍ തിരിച്ചും.

പിന്നെ ഇരുട്ട് വീണ വഴികളിലൂടെ, ബസ്സിന്റെ മഞ്ഞ വെളിച്ചത്തില്‍ മുന്നിലുള്ളതെല്ലാം പിന്നോട്ട് പായുന്നത് കണ്ട്, മനസ്സ് ചിരിച്ചു.

എന്നെ സ്നേഹിക്കുന്ന, ഞാന്‍ സ്നേഹിക്കുന്ന, ഇതുവരെ പേരിടാത്ത ഒരു വിശ്വാസം പുറകില്‍ എവിടെയോ ഇരുന്നു എന്നെപ്പറ്റി ഇതുപോലെ ചിന്തിക്കുന്നുണ്ട് എന്ന ചിന്ത ഉണ്ടാക്കിയ ചിരി, സന്തോഷം മനസ്സില്‍ നിറഞ്ഞ് പുറത്തേക്ക് വന്ന ഒരു ചിരി !

(അന്നും ഇന്നും ആ ബന്ധത്തിനു ഞാന്‍ പേരിട്ടിട്ടില്ല, പക്ഷെ ഒരു പേരും ഇല്ലാതെ തന്നെ അതെന്നെ ജന്മാന്തരങ്ങളോളം പിന്തുടരാന്‍ ആണ് സാധ്യത. അതോ അങ്ങിനെയാണോ ഇപ്പോള്‍ അതെന്നെ കണ്ടെത്തിയത് ?)

Sunday, January 24, 2010

കര്‍ത്താവ് രക്ഷിക്കും (ഭാഗം 10)

(ഒരു മുറിവെ ഉള്ളു എന്ന് കരുതി തെന്നി തെന്നി നടുക്കുമ്പോള്‍ 'മനസ്സ് നിറയെ ചോര'... ഒന്നുകില്‍ വേറെയും മുറിവുകള്‍ ഉണ്ടാകണം, അല്ലെങ്കില്‍ ആ 'ഒരു' മുറിവ് നല്ല ആഴത്തില്‍ ആയിരിക്കണം !)

ആ വെയിലത്ത് എങ്ങോട്ടെന്നില്ലാതെ പോകുമ്പോള്‍ തലപെരുക്കുകയായിരുന്നു. കടപ്പുറത്തെ ആദ്യം കണ്ട കടയില്‍ നിന്നും സിഗരെട്ടും വാങ്ങി വീണ്ടും നടക്കുമ്പോള്‍ മനസ്സിലോര്‍ത്തു, ആ കുപ്പിയും കൂടി എടുക്കാമായിരുന്നു.

പെട്ടെന്ന് പിന്നില്‍ നിന്നും ഒരു വിളി 'അണ്ണേ'.

തിരിഞ്ഞു നോക്കുമ്പോള്‍ കടക്കാരനാണ്. 'കാശ് കൊടുങ്കണ്ണേ'

ഛെ ! കാശ് കൊടുത്തില്ല, കാശ് വെച്ച് തിരിഞ്ഞപ്പോള്‍ വീണ്ടും 'അണ്ണേ ബാക്കി'

അവന്‍ ചിരിക്കുന്നു. എന്റെ അവസ്ഥ അവനു പിടി കിട്ടി കാണണം.

കണ്ണാടിപ്പെട്ടിയുടെ പുറത്ത് വച്ച കാശും എടുത്തു പോക്കറ്റില്‍ ഇട്ടു നടക്കുമ്പോള്‍ അതേ ശബ്ദം 'ഇന്നും ഇരുക്ക്‌ അണ്ണേ'

ശെടാ ഇത് വലിയ ശല്യമായല്ലോ ? തിരിഞ്ഞു നിന്നു, അവന്‍ തന്നെതെല്ലാം കൂട്ടിയെടുത്തിട്ടു ചോദിച്ചു 'മുടിഞ്ഞുതാ, അല്ലേ ഇന്നും ഇരുക്കാ ?' എനിക്ക് ദേഷ്യം വന്നു.

അപ്പോളും അവനു ചിരി, അതേ ചിരിയോടെ ഒരു ചോദ്യം 'എന്നണ്ണേ പ്രോബ്ലം എന്കിട്ടെ ശോല്ലുങ്കോ ? നാന്‍ സോള്‍വ്‌ പണ്ണിത്തരെന്‍ !'

പോടാ %$#@ എന്ന് പറയണം എന്നോര്ത്തതാണ് പക്ഷെ എന്ത് കാര്യം...

സോള്‍വ്‌ ചെയ്യാമെന്ന്‍, എന്ത് സോള്‍വ്‌ ചെയ്യാമെന്ന് ? കുറച്ച്‌ ഉപ്പു കൊണ്ട് വരാം എന്നോ ?  അതോ ഉപ്പും മുളകും കൂടി കൊണ്ടുവരാമെന്നോ ? പു%$#@*^!മോന്‍.

പെട്ടെന്ന് തോന്നി, ഈ തെണ്ടിയോടു ചോദിച്ചാല്‍ ചിലപ്പോള്‍ 'സാധനം' കിട്ടും. തിരിഞ്ഞു നിന്നിട്ട് ചോദിച്ചു 'തമ്പീ ഇങ്കെ പക്കത്തിലെ സരക്ക് കിടക്കുമാ ?'

'അതുതാനാ പ്രശ്നേ, മുതലിലെ ശോല്ല വേണ്ടിയ താനേ, ഒരേ ഒരു ബോട്ടില്‍ താന്‍ ഇരുക്കുത്, 200 റുപ്പീസ്' അപ്പൊ സാധനം ഇവിടത്തന്നെ ഉണ്ട്‌.

'കൊടുങ്കോ' ഞാന്‍ കാശ് കൊടുത്തു. അവന്‍ ഒരു പൊതി എനിക്ക് നീട്ടി.

'തമ്പീ, ഇത് ഊത്തരതുക്ക് ഏതാവത് ഇടം ഇരുക്കാ ?'

'ഇങ്കെയിലിരുന്തു  കൊഞ്ചം ദൂരം അപ്പടി പോയാല്‍  രൈട്ടിലെ ഒരു വഴി ഇരുക്ക്‌, അതുക്കപ്പുറം ഒരു മതില്‍, അന്കെന്തു കൊഞ്ചം ദൂരം നടന്നാല്‍ നിദാനാമാ ഊറ്റരുതുക്ക് അരുമായന ഇടം'

'താങ്ക്സ്' എന്ത് നല്ല മനുഷ്യന്‍, കുടിക്കാനുള്ള സാധനവും തന്നു, അതിനുള്ള സ്ഥലവും, ദൈവമേ, ഇവനെ മുന്പ് പറഞ്ഞ തെറിയൊക്കെ ഞാന്‍ തിരിച്ചെടുത്തിരിക്കുന്നു !

അവന്‍ കാണിച്ചു തന്ന 'അപ്പടി' വഴിയെ ഞാന്‍ പതിയെ നടന്നു, കുറെ ദൂരം കഴിഞ്ഞപ്പോള്‍ തലക്കകത്ത് എന്തോ കിടന്നു മൂളുന്നു. പതുക്കെ ബോട്ടില്‍ തുറന്നു ഒരു കവിള്‍ അകത്തോഴിച്ചു. (മൂളല്‍ നിന്നു !) പിന്നെയും നടന്നു, വീണ്ടും ഒഴിച്ചു. അങ്ങിനെ ഒഴിച്ചും നടന്നും ഒരു ഇരുപതു മിനിറ്റ് കഴിഞ്ഞപ്പോള്‍ അവന്‍ പറഞ്ഞ ആ കരിങ്കല്ല് കൊണ്ട് കെട്ടിയ മതിലിനു അടുത്ത് എത്തി. അതിന്റെ സൈഡില്‍ കൂടി കുറെ ദൂരം ചെന്നപ്പോള്‍ പരിചയം ഉള്ള സ്ഥലം പോലെ, വീണ്ടും ചെല്ലുമ്പോള്‍ കാണുന്നത് ആ 'ചെറിയ പള്ളി'. തിരിഞ്ഞു നോക്കുമ്പോള്‍ ആ പഴയ ശ്മശാനത്തിന്റെ ഗേറ്റ്.

പുലയാടി മോന്‍ ചതിച്ചല്ലോ ! വീണ്ടും അവിടേക്ക് തന്നെ എത്തിച്ചോ ?

എനിക്ക് ദൈവത്തിനോട് തന്നെ ദേഷ്യം തോന്നി.

അതിന്റെ മതിലില്‍ ഇരുന്നു വീണ്ടും വീണ്ടും കുടിച്ചു. എത്ര നേരം ആയെന്നോ, എത്ര കുടിച്ചോ എന്നറിയില്ലായിരുന്നു, പിന്നെ നോക്കുമ്പോള്‍ ആ ബോട്ടില്‍ കാലി. പക്ഷെ ബോധം പോയിട്ടില്ല. തല പമ്പരം പോലെ തിരിഞ്ഞു കളിക്കുന്നു, അതോ മനസ്സാണോ ?

എന്റെ നാല് ചുറ്റും എലിസബത്ത്, അവളുടെ ശബ്ദം, കണ്ണീര്‍, സ്പര്‍ശനം, ചിരി, എല്ലാം എല്ലാം പല പല ഇമേജുകള്‍ ആയി എന്റെ ചുറ്റും വട്ടം കറങ്ങുന്നു. ഈ ലോകം എന്റെ ചുറ്റും കറങ്ങുന്നു. പക്ഷെ അത് എലിസബത്തിന്റെ രൂപത്തില്‍ ആണെന്ന് മാത്രം.

നെഞ്ചില്‍ ഒരു കരിങ്കല്‍ കയറ്റി വെച്ച പോലെ..... ഒരു സിഗരെട്ടു കത്തിച്ചു. പെട്ടെന്ന് ആരോ എന്റെ തോളത്തു പിടിച്ചു. തിരിഞ്ഞു നോക്കുമ്പോള്‍ എലിസബത്ത്. ഞാന്‍ ആ കൈ പിടിച്ചിട്ടു ഒരു നിമിഷം അനങ്ങാതിരുന്നു. എന്റെ കണ്ണു നിറയാന്‍ തുടങ്ങി. എനിക്ക് ആ വിങ്ങല്‍ സഹിക്കാന്‍ പറ്റിയില്ല. അതുവരെ ഞാന്‍ പിടിച്ചു നിറുത്തിയതൊക്കെ  അണപൊട്ടി ഒഴുകി.  എന്റെ നെഞ്ചില്‍ ഇത്രയും നേരം കെട്ടി നിന്നതാണ് കണ്ണില്‍ കൂടി ഈ ഒഴുകി വരുന്നത് എന്ന് തോന്നിപ്പോയി.

'ഇതെന്താടാ ഇത് ?' ആ ശബ്ദം കേട്ടു ഞാന്‍ വീണ്ടും നോക്കി. അത് രാധുവാണ്‌. അപ്പൊ അവനായിരുന്നോ അത് ?

ആയിരുന്നു..... അപ്പോഴത്തെ ആ വിഭ്രാന്തിയില്‍ അത് എലിസബത്ത് ആയി എനിക്ക് തോന്നിയതാണ്.

'ഏയ്‌ ഒന്നുമില്ലെടാ, വാ പോകാം' ഞാന്‍ കണ്ണു തുടച്ചു കൊണ്ട് എഴുന്നേറ്റപ്പോള്‍ വീഴാന്‍ പോകുന്നു. രാധു എന്നെ പിടിച്ചു.

'നീ വല്ലാണ്ട് കുടിച്ചു അല്ലേ ?' പിന്നെ താഴെ കിടക്കുന്ന ബോട്ടിലില്‍ നോക്കീട്ടു 'ശിവനേ ഒരു ഫുള്ളാ ? എന്ത് കുടിയാടാ ഇത് ? ഉം.... ഈ വെള്ളം കൊണ്ട് മുഖവും തലയും ഒക്കെ ഒന്ന് കഴുക്.'

ഞാന്‍ അവന്റെ കയ്യീന്ന് വെള്ളം വാങ്ങി മുഖത്തും കുറച്ചു തലയിലും ഒഴിച്ചു. രാധു തന്നെ അവന്റെ തോര്‍ത്ത് കൊണ്ട് തല തുവര്‍ത്തി തന്നു. പിന്നെ അവന്റെ ചീര്‍പ്പ് വാങ്ങിച്ചു തലയൊക്കെ ഒന്ന് ചീവി, ഒരു സിഗരെട്ടു എടുത്തു കത്തിച്ചു അവന്റെ കൈ പിടിച്ചു ബസ്സിന്റെ അടുത്തേക്ക് നടന്നു.

'ചോദിക്കാന്‍ വിട്ടു എവിടുന്നാട നിനക്ക് സാധനം കിട്ടീത് , ഈ പള്ളിയുടെ പരിസരത്ത് നിന്നും ഞാന്‍ പണ്ട് പോലീസ് നായായേയും കൂട്ടി വന്നിട്ട് പോലും എനിക്ക് കിട്ടിയിട്ടില്ലല്ലോഡാ  ...' അവനു സംശയം, ഞാന്‍ ഇതും താങ്ങി പിടിച്ചാണോ ഞാന്‍  ഹോട്ടലില്‍ നിന്നും വന്നതെന്ന്.

'അതൊക്കെ ഉണ്ടെടാ...'

'എന്നാലും സമ്മതിക്കണം ചങ്ങായി, നിന്നെ സമ്മതിക്കണം, ഇത്രയും അടിച്ചട്ടും നീ നടക്കണ്‍ണ്ടല്ലോ !' രാധു.

അവനറിയാമോ ഈ ഒഴിച്ചതെല്ലാം നെഞ്ചില്‍ എരിഞ്ഞിരുന്ന നേരിപ്പൊടിലേക്കായിരുന്നു എന്ന്  ?

ബസ്സിനടുത്ത് എത്തുമ്പോള്‍ എല്ലാവരും നേരത്തെ തന്നെ കയറിയിട്ടുണ്ട്. ഞാന്‍ കയറി കാബിന്റെ ബാക്കിലെ ഒറ്റ സീറ്റില്‍ ഇരുന്നു. പിന്നെ പതുക്കെ തിരിഞ്ഞു നോക്കി, എലിസബത്ത് അവിടെ എഴുന്നേറ്റ് നിന്നും നോക്കുന്നുണ്ട്. ഒന്ന് ചിരിക്കാന്‍ പോലും പറ്റിയില്ല. ഞാന്‍ പതുക്കെ അവിടെ കിടന്നു.

വേലായുധേട്ടന്‍ പതുക്കെ രാധുവിനോട് 'എന്താണ്ടാ അവനു പറ്റിയത് ?'

'ഏയ് ഒന്നൂല്ല ചേട്ടാ, അവന്‍ രണ്ടു മൂന്നെണ്ണം കൂടുതല്‍ അടിച്ചു എന്നാ തോന്നുന്നത്'

'മൂനെണ്ണാ, ഒന്ന് പോയെടപ്പാ, കാര്യം അതൊന്നല്ല. ആ.... റൂമില്‍ ചെല്ലട്ടെ'

ഞാന്‍ ഒന്നും കേട്ടില്ല, കണ്ണടച്ചാല്‍ അപ്പൊ എത്തും അവള്‍,  പല രൂപത്തില്‍. ഛെ ! വീണ്ടും ചാടി എഴുന്നേറ്റു.

'എന്തെടാ മോനെ ?' വേലായുധേട്ടന്‍

'ഒന്നൂല്ല ചേട്ടാ ?' താഴെ ഇരുന്ന രാധുവിന്റെ ബോട്ടിലെടുത്തു ബാക്കിയുണ്ടായിരുന്നത് കൂടി അടിച്ചു.

'മതീടാ ഗഡി' രാധു.

ഞാന്‍ വീണ്ടും കിടന്നു.

പിന്നെ ഉണരുമ്പോള്‍ സമയം 9 മണി. ഞാന്‍ കിടക്കുന്നത് ബസ്സില്‍ തന്നെ. എഴുന്നേറ്റ് പുറത്ത് കടന്നു. ഭാഗ്യം ഡോര്‍ ഒന്നും ലോക്ക് ചെയ്തിട്ടില്ല. പുറത്തിറങ്ങി പതുക്കെ റൂമിലേക്ക്‌ നടക്കുമ്പോള്‍ രാധു താഴേക്കു വരുന്നു.

'ആ എണീറ്റാ, ഞാന്‍ വിളിക്കാന്‍ വരുവായിരുന്നു, വാ വാ' അവന്‍ വേഗം ബസ്സിന്റെ ഡോര്‍ ലോക്ക് ചെയ്തിട്ട് വന്നു.

'അപ്പൊ ഇന്ന് തിരിച്ചു പോണില്ലേടാ' ഞാന്‍ ചോദിച്ചു.

'ഏയ്‌ നാളെ രാത്രിയല്ലേ പോണത്. നാളെ പകല്‍ അവര്‍ക്ക് ഏതാണ്ട് ക്ലാസ്സ്‌ ഉണ്ട്.'

റൂമില്‍ വേലായുധേട്ടന്‍ കുളിച്ചു 'വീണ്ടും കുട്ടപ്പനായി' ഇരിക്കുന്നു.

'ആ,,, നീ കുളിക്കണ്‍ണ്ടാ സൂര്യാ ?' എന്നോട്.

'ഒന്ന് കുളിക്കണം ചേട്ടാ...' ഞാന്‍ ടവല്‍ എടുത്തു ബാത്ത്റൂമിലേക്ക് പോയി.

ഷവറിനടിയില്‍ നില്‍ക്കുമ്പോള്‍ തല മുതല്‍ തണുത്തു വരുന്നു. പിന്നെ ശരീരവും. അവസാനം കുളി കഴിയുമ്പോള്‍ മനസ്സും തണുത്തിരുന്നു!

തിരിച്ചു വരുമ്പോള്‍ വേലായുധേട്ടന്‍ വീണ്ടും ഓരോന്ന് ഒഴിച്ച് വെച്ചിരിക്കുന്നു. ഇങ്ങനെയോരോരോ ജന്മങ്ങള്‍ !

ഞാന്‍ ഒരു സിഗരറ്റും എടുത്തു ബാല്‍ക്കണിയില്‍ ചെന്നു നിന്നു. വേലായുധേട്ടന്‍ പിന്നാലെ...

'എന്താ പ്രശ്നം, ഏതാ പ്രശ്നം, എന്നൊന്നും ഞാന്‍ ചോദിക്കുന്നില്ല, നീയിതാ അടിച്ചേ, ഒക്കെ ശരിയാവും' രാധു ചിലപ്പോള്‍ പറഞ്ഞു കാണും.

ഞാന്‍ ഗ്ലാസ്‌ വാങ്ങി ഒരു സിപ് ചെയ്തു. പിന്നെ അവിടത്തന്നെ ഇരുന്നു. 'പതുക്കെ' എലിസബത്തിനെ ഓര്‍ത്തു. കടലില്‍ നിന്നുള്ള തണുത്ത കാറ്റ്. അവളെ ശരിക്കും ഒന്ന്  കാണണം എന്ന് തോന്നി, അപ്പോള്‍.

ഇതുവരെ ഓരോ പ്രാവശ്യവും 'അവളാര് ?' എന്ന ബോധമനസ്സിന്റെ ചോദ്യത്തില്‍ നിന്നും എന്റെ ഉപബോധ മനസ്സ് ഒഴിഞ്ഞു മാറുകയായിരുന്നു. സത്യത്തില്‍ അതൊരു ആവശ്യമില്ലാത്ത ചോദ്യമാണെന്നു ഇപ്പോള്‍ എനിക്ക് തോന്നുന്നു. അവള്‍ ഇപ്പോള്‍ എന്റെ ആരോ ആയി മാറിക്കൊണ്ടിരിക്കുന്നു.

'ആരായാലും നിനക്കെന്താ ?' എന്ന് എന്റെ മനസ്സിനെ ഞാന്‍ തന്നെ ചോദ്യം ചെയ്തു തുടങ്ങിയിരിക്കുന്നു !

എന്തായാലും നാളെ അവളെ കണ്ടിട്ട് തന്നെ കാര്യം. തീരുമാനിച്ചു. ഗ്ലാസ്സിലുള്ളത് ഒറ്റവലിക്ക് തീര്‍ത്ത് ഞാന്‍ അകത്തേക്ക് നടന്നു.

'ഞാന്‍ കിടക്കുന്നു, വേലണ്ണാ !'

'കിടന്നോ കാലത്ത് കാണാം'

കിടക്കുമ്പോള്‍ ഉറക്കം വരുമെന്ന് കരുതിയതല്ല. പക്ഷെ അധികം ചിന്തകള്‍ ഉണ്ടായില്ല.

കാലത്തു എഴുന്നേല്‍ക്കുമ്പോള്‍ മുറിയില്‍ അരണ്ട വെളിച്ചം മാത്രം, അതും ബാത്ത് റൂമിന്റെ അടച്ചിട്ട കതകിനിടയില്‍ കൂടിയും, ജനലില്‍ കൂടിയുള്ള നേര്‍ത്ത വെള്ള വെളിച്ചവും ചേര്‍ന്ന ഒന്ന്. സമയം, 0615. വെളുത്തു വരുന്നേ ഉള്ളു. ദേ വരുന്നു വേലായുധേട്ടന്‍ ബാത്ത് റൂമില്‍  നിന്നും, തലയും തുവര്‍ത്തി. ഇയാള്‍  ഇത്ര നേരത്തെ കുളിച്ചോ ?

'ചൂട് വെള്ളം വന്നിട്ടില്ല, അതുകൊണ്ട് ഞാന്‍ പച്ച വെള്ളത്തില്‍ അങ്ങ് കുളിച്ചു, നീയും വേണമെങ്ങില്‍ ഒന്ന് കുളിച്ചോ, എന്നിട്ട് നമുക്ക് പോയി നല്ല ചൂട് ഇഡ്ഡലി അടിച്ചേച്ചു  വരാം.'

ഞാനും അത് തന്നെ തീരുമാനിച്ചു. ചട പടാന്ന് 'ഒന്ന് മുതല്‍ പൂജ്യം വരെ' നടത്തി. തിരിച്ചിറങ്ങിയപ്പോള്‍ വേലുവാശാന്‍ ഒരു സിഗരറ്റും കത്തിച്ചിരിക്കുന്നു.

നല്ല തണുപ്പ്... ചൂടുള്ള കുറച്ച്‌ ഡ്രസ്സ്‌ ഒക്കെ കേറ്റി കഴിഞ്ഞപ്പോള്‍ വേലുവണ്ണന്‍റെ ഡയലോഗ്.

'വേഗം ഇതങ്ങോട്ട് അടിച്ചോ, എന്നെട്ടിറങ്ങാം' ഒരു ഡബിള്‍ ലാര്‍ജ്.

ഈ മനുഷ്യന്റെ ഒരു കാര്യം. (കുറാലി ബാബുവിനെക്കാള്‍ കഷ്ടം !)

ഞാന്‍ ഒറ്റ വലിക്കത് തീര്‍ത്തു. (അപ്പൊ ഞാനോ ?)

നേരെ താഴത്തെ ഹോട്ടലിലേക്ക്.

അവിടെ ഇഡ്ഡലി ആകുന്നെ ഉള്ളു, എന്നാലും ഇരുന്നു. പത്ത് മിനിട്ടിനകം സാധനങ്ങള്‍ വരി വരിയായ് എത്തി. ഒരു അര മണിക്കൂര്‍ നേരം നിശബ്ദ യുദ്ധം. ശേഷം സംസാരം.... 'ഇഡ്ഡലി നന്നായിട്ടുണ്ട് അല്ലേ, അപ്പൊ ചട്ടിനിയോ, സാമ്പാറും ദോശയും മോശമൊന്നും അല്ലാ, വടയും ചായയും എനിക്കിഷ്ടപ്പെട്ടു' അങ്ങിനെ പറഞ്ഞു വരുമ്പോള്‍, കൊണ്ടുവന്നത് എല്ലാം ഇഷ്ടായി എന്നര്‍ത്ഥം !

'ഡാ മറ്റേ സാധനം ഇന്ന് വരൂട്ടാ ?' പുറത്തെക്കിറങ്ങുമ്പോള്‍  'വെല്‍മുരുഗ്' എന്നോട്.

'ഏത് ?'

'മ്ടെ സാറ'

'ഏ ?'

'ഉം, അതന്നെ' വേലു ഒരു ചിരി !

'അപ്പൊ കഴിഞ്ഞാ ?' ഞാന്‍.

'പിന്നല്ലാണ്ട് ?'

'എപ്പോ ?'

'ഇന്നലെ ഞങ്ങടെ പ്രാര്‍ത്ഥന ഇതല്ലേ ആയിരുന്നു ?'

'എവിടെ വെച്ച് ?'

'ദിവിടെ, നമ്മടെ റൂമില്‍'

'എടോ ഭയങ്കരാ, എന്നാലും ഒരു കന്യാസ്ത്രീനെ ഇത്രപെട്ടെന്നു'

'മ$#@ണ്, അവള് കന്യാസ്ത്രീ ഒന്നും അല്ലേടാ, കുശിനിക്കാരത്തി'

'ആണാ ?'

'പിന്നെ ?'

'അപ്പൊ രാധുവോ ?'

'ആ പ%^*$#മോനെ ഇന്നലെ ഞാന്‍ വിളിച്ചതാ, അപ്പൊ അവനു പേടി, എന്തെങ്ങിലും പ്രശ്നം ഉണ്ടായാലോ എന്ന് അവന്‍ എന്നോട്, ഞാന്‍ പറഞ്ഞു പ്രശ്നം ഇണ്ടായാ നീ കുടുങ്ങും. ഞാന്‍ തല ഊരും. വയസ്സനല്ലേ ?.... എന്നൊക്കെ .....നീ കെട്ടേണ്ടി വരും എന്നും കൂടി പറഞ്ഞപ്പോ, ഗഡി സൈഡ് ആയി !'

'തന്നെ ഞാന്‍ സമ്മതിച്ചെടോ ?' ഒരു കംപ്ലിമെന്റ്റ്‌.

'ആ പിന്നെ സാധനത്തിനോടു നിന്റെ കാര്യം പറഞ്ഞിട്ടുണ്ട്, ഒരു 11 മണിയാവുമ്പോള്‍ കുരിശു ഇങ്ങട് വരും.'

'ഞാന്‍ ഉണ്ടാവില്ല ചേട്ടാ, മാത്രമല്ല എനിക്ക് വേണ്ട, അതിനുള്ള ഒരു മൂഡില്ല.'

'അതിക്കെ ശരിയാക്കാം, നാലെണ്ണം വിട്ടാല്‍ എല്ലാം ശരിയാകും' 'വെല്‍സ്' ധൈര്യം തന്നു !

'ഏയ് എനിക്ക് വേറെ പരിപാടി ഉണ്ട്'

'ആ, എനിക്ക് മനസ്സിലായി, അതൊക്കെ കൈ വിട്ട കളികള്‍ ആണ് ട്ടാ, ഡാ നീ കേള്‍ക്കണ്ടാ ?'

'ഉണ്ട് ചേട്ടാ'

'നീ ചെറുപ്പാണ്, റയിലുമ്മെ കൊണ്ടോയി തല വെക്കല്ലേ മോനെ'

'അങ്ങിനെയൊന്നും ഇല്ല ചേട്ടാ'

'ഞാന്‍ പറയാനുള്ളത് പറഞ്ഞു, ബാക്കി നിന്റിഷ്ടം'

ഒരു പതിനൊന്നു മണി വരെ ഞങ്ങള്‍ ഓരോരോ സ്മാളും ചീട്ടും ഒക്കെ ആയി അങ്ങിനെ ഇരുന്നു, അപ്പോഴേക്കും രാധു എഴുന്നേറ്റ് കുളിച്ചു റെഡി ആയിരുന്നു.

കതകില്‍ ആരോ തട്ടി. വേലായുധേട്ടന്‍ എഴുന്നേറ്റ് കതകു തുറന്നു.

എന്നിട്ട് പറഞ്ഞു 'ആ, വാ വാ '

നോക്കിയപ്പോള്‍ 'സാറാമ്മ ദി പീസ്‌ !'

ഞാന്‍ പതുക്കെ എഴുന്നേറ്റു ഡ്രസ്സ്‌ ഒക്കെ ഒന്ന് ശരിയാക്കി, തലയൊക്കെ ഒന്ന് ഒതുക്കി, പതുക്കെ പുറത്തേക്ക് നടന്നു.

'അല്ലാ സൈമണ്‍ ചേട്ടന്‍ എവടപ്പൂവാ ?' എന്നോടാണ്. അവളുടെ അമ്മേ .......

എല്ലാം കടിച്ചോതുക്കി ഞാന്‍ 'വേല്‍ മുരുകന്' ഒരു ചെറിയ നോട്ടം സമ്മാനിച്ചു.

ഉടനെ വേലായുധേട്ടന്‍ 'പുള്ളി ദിപ്പോ വരുടി, നീ ഇരിക്ക്'

ഞാന്‍ പുറത്തേക്കിറങ്ങി ഒരു സിഗരെട്ടു വലിച്ചു നടക്കുമ്പോള്‍, ആലോചിച്ചു 'എങ്ങനെയാണാവോ അവരുടെ ക്ലാസ് നടക്കുന്ന സ്ഥലത്തേക്ക് പോവുക ?' ചതിയായി, ആരോടെങ്ങിലും ചോദിച്ചു മനസ്സിലാക്കി പോരാമായിരുന്നു.

'ഡാ സൂര്യാ, നിക്ക് ഞാനും ഉണ്ട് !' രാധാകൃഷ്ണന്‍, ചാടി പോന്നതാണ്.

'നിനക്കറിയാമോ അവരുടെ ഈ ക്ലാസ് നടക്കുന്ന സ്ഥലം ?' ഞാന്‍

'ഇല്ല, അതെങ്ങിനെയാട എനിക്കറിയണെ ?'

'അവര് താമസിക്കണ സ്ഥലം അറിയോ ?'

'അറിയാം'

'എന്നാ വാ'

'എന്ന് വെച്ചാല്‍ ?'

'എന്ന് വച്ചാല്‍ അതന്നെ, നീയാ വന്നെ, ഓട്ടോയില് പോണാ ?'

'ഇല്ലെടാ, നടക്കാനാണെങ്കില്‍  രണ്ടു മിനിട്ടിന്റെ വഴെയേ ഉള്ളു'

'എന്നാ വേഗം വാ'

ഞങ്ങള്‍ രണ്ടും കൂടി അതിലെയും ഇതിലെയും നടന്നു, ഏതോ ഒരു ചായക്കടയുടെ ഉള്ളില്‍ കൂടെ വരെ ആ തെണ്ടി എന്നെ കൊണ്ട് പോയി, അവസാനം ഈ പറഞ്ഞ സ്ഥലം എത്തി.

ഞങ്ങള് അകത്തു കേറി നല്ല പാണ്ടി തമിഴന്‍മാരുടെ പോലെ, ആദ്യം കണ്ട ഒരുത്തനോട്‌, 'ഞങ്ങള്‍ കേരളത്തില്‍ നിന്നുള്ള തമിഴ് ശിങ്കങ്ങള്‍  ആണെന്നും, തൃശ്ശൂരില്‍ നിന്നും വന്ന ടീമിനെ കാണണം എന്നും ഉള്ള വിവരം അങ്ങോട്ട്‌ കാച്ചി !'

അവന്‍ അവിടുത്തെ സെക്യുരിറ്റി സിങ്കം ആയിരുന്നു. 'നില്ല്' എന്നാഗ്യം കാണിച്ചു അവന്‍ നേരെ അകത്തേക്ക് ഒരു പോക്ക്.

രണ്ടു മിനിറ്റ് കഴിഞ്ഞപ്പോള്‍ ലോക്കല്‍ സിങ്കം 'സിംഗിളാ' വന്നു.

'അവര്‍ ക്ലാസ് എങ്കെ എന്ന് യരുക്കുമേ തെരിയാത്, അന്ത ഗ്രൂപ്പ് അവരോടെ അമ്മ കൂടെ അന്ത ക്ലാസ് നടക്കിര ഇടത്ത് താന്‍ ഇരുക്കുത്. അവര്‍ കൂടെ വന്ത സെര്‍വിന്റെയും കാണലെ'

(അവള്‍ ഇവിടെയുണ്ട് എന്ന് വേണമെങ്കില്‍ നിനക്ക് ഞാന്‍ പറഞ്ഞു തരാടാ #@$^)

'അപ്പൊ, എന്ന ശോല്ലരെന്‍ അണ്ണാ, നാങ്ക നിക്കരതാ പോകരതാ ?' ഞാന്‍

'നില്ലുങ്കോ, അവര്‍ കൂടെ വന്ത ഒരു സിസ്റ്റര്‍ ഉടമ്പ് മുടിയാമല്‍ പടുത്തിക്കിരെന്‍, അന്ത അമ്മ ഇപ്പൊ കീളെ വരുവാന്‍, അവരെ കേളുങ്കോ, നീങ്ക വന്തതാ ഞാന്‍ അവര്‍ കിട്ടെ ശോല്ലിയിരുക്കിരേന്‍'

'കോപ്പ് എടവാട്' ഞാന്‍ രാധകൃഷ്ണനോട് പറഞ്ഞു. 'നീ വാഡാ, നമുക്ക് മറ്റേ സാധനത്തിനോടു തന്നെ ചോദിക്കാം, അതാ നല്ലത്'

ഞാന്‍ സിഗരെട്ടു എടുത്തു കത്തിച്ചു തിരിഞ്ഞു നടന്നു. പെട്ടെന്ന് രാധാകൃഷ്ണന്‍ ആര്‍ത്തിയോടെ വിളിച്ചു.

'ഡാ ഡാ സൂര്യ, പോവല്ലേ, മറ്റേ പാര്‍ട്ടി വരുന്നുണ്ട്'

'ഏത് പാര്‍ട്ടി' എന്ന് ചോദിച്ചുകൊണ്ട്  ഞാന്‍ തിരിഞ്ഞു നോക്കിയതും കണ്ടത് എലിസബത്തിനെ, പതുക്കെ സ്റെപ്പ് ഇറങ്ങി വരുന്നു. ഞാന്‍ സിഗരെട്ടു കളഞ്ഞു അക്ഷരാര്‍ദ്ധത്തില്‍ ഓടി ചെന്നു.

രാധുവിനെ ക്രോസ് ചെയ്യുമ്പോള്‍ അവന്‍ പറഞ്ഞു 'പതുക്കെ പോടാ, മറ്റേ കോമാളി നിന്നെ നോക്കണ്ട്‌' അത് കേട്ടതും ഞാന്‍ ഒന്ന് സ്ലോ ആക്കി.

അടുത്തെത്തിയപ്പോള്‍ ലോകം കീഴടക്കിയപോലെയോ അതോ സുനാമിയില്‍ നിന്നും തിരിച്ചു വന്ന പോലെയോ എന്താണ് ആ വികാരം എന്നറിയില്ല, സന്തോഷം അടക്കാന്‍ കഴിഞ്ഞില്ല.

'എലിസബത്തെ..'

'ഓ'

ദൈവമേ, ഈ നിമിഷം ഞാന്‍ മരിച്ചു പൊയ്ക്കോട്ടേ എന്ന് പറയാവുന്ന സന്തോഷം.

'നമുക്കൊന്ന് നടന്നാലോ ?'

'സെക്യുരിറ്റി ?'

'അത് അവന്‍ നോക്കിക്കൊള്ളും' ഞാന്‍ രാധുവിനെ ചൂണ്ടി പറഞ്ഞു.

'എന്നാല്‍ ഒരു മിനിറ്റ്' അവള്‍ വീണ്ടും മുകളിലേക്ക് പോയി.

'ഡാ രാധു, വേഗം വാ'

'ഈ സാധനത്തിനെ മറക്കെടാ ' ഞാന്‍ സെക്യുരിറ്റിയെ കണ്ണു കൊണ്ട് അടയാളം കാണിച്ചിട്ട് പറഞ്ഞു.

'അതിനു ഞാന്‍ വിളിച്ചാല്‍ അവന്‍ വരണ്ടേ ?' രാധു.

എനിക്ക് ദേഷ്യം വന്നു 'നിന്റെ തലേല് എന്തൂട്ടാടാ പോത്തേ, ചേറാ ? ബുദ്ധി ഉപയോഗിക്കെടാ... സ്മാള്‍ കിട്ടണ സ്ഥലം കാണിച്ചു തരാന്‍ ഗടിയോടു പറ, എന്നിട്ട് അതിനെ തുള്ളിയടിച്ചു വീഴത്ത്'.

ഞാന്‍ കയ്യില്‍ കിട്ടിയ കാശ് അവന്റെ കയ്യില്‍ കൊടുത്തു.

അവന്‍ നേരെ ചെന്നു സെക്യുരിറ്റി സിങ്കത്തിന്റെ ചെവിയില്‍ ഒരു വണ്ടിനെ കേറ്റി വിട്ടു !
പിന്നെ നോക്കുമ്പോള്‍ രണ്ടുപേരും 'പെരിയ നന്‍പര്‍കള്‍ മാതിരി' ഒരുമിച്ചു നടന്നു പോകുന്നു.

അവര്‍ പോയിക്കഴിഞ്ഞു രണ്ടു മിനിറ്റ് കഴിഞ്ഞാണ് എലിസബത്ത് വരുന്നത്.

'പോകാം' അവള്‍ പറഞ്ഞു.

'ശരി' ഞാനും

കടപ്പുറത്ത് കൂടെ കുറെ ദൂരം, എങ്ങോട്ടെന്നില്ലാതെ, നടക്കുമ്പോള്‍ ഞങ്ങള്‍ പരസ്പരം ഒന്നും മിണ്ടിയില്ല. ഇടയ്ക്ക് പരസ്പരം ഒന്ന് നോക്കും പിന്നെയും നടക്കും.

കുറച്ച്‌ കഴിഞ്ഞപ്പോള്‍ എലിസബത്ത് ചോദിച്ചു 'ഇന്നലെ പള്ളിയില്‍ നിന്നും എങ്ങോട്ടാ പോയത് ?'

'അത്.....' ഞാന്‍ ചുറ്റും നോക്കി, അതേ വഴി തന്നെ ! 'ഇതേ വഴിക്ക് തന്നെയാണ് ഞാന്‍ നടന്നത്, പക്ഷെ നടക്കുമ്പോള്‍ ഒരു കുപ്പി കയ്യില്‍ ഉണ്ടായിരുന്നു, എന്ന വെത്യാസം മാത്രം'

'ഓഹോ, അപ്പോള്‍ ഇന്നോ ?'

'ഇന്ന് നീയും'

'നീ' എന്ന വിളി കേട്ട് എലിസബത്ത്ചെറുതായി ഒന്ന് ചിരിച്ചു. എന്നിട്ട് ചോദിച്ചു 'എന്ന് വെച്ചാല്‍ ?'

'എന്ന് വെച്ചാല്‍... (ഞാന്‍ കൈകള്‍ മേലോട്ട് ഉയര്‍ത്തിക്കൊണ്ട്) ഇന്നലെ എന്റെ കയ്യില്‍ നീ തന്ന വീഞ്ഞും, ഇന്നു നിന്റെ കൂട്ടത്തിലെ ഒരു മാലാഖയും ! കര്‍ത്താവേ നീ എത്ര വലിയവന്‍, ഞാന്‍ എത്ര ഭാഗ്യവാന്‍ !'

എലിസബത്ത് കള് കള് എന്നു പൊട്ടിച്ചിരിച്ചു, ഞാനും ചിരിച്ചു പോയി. ചിരിയുടെ അവസാനം അവള്‍ എന്റെ കയ്യില്‍ പിടിച്ചു നടക്കാന്‍ തുടങ്ങി.

ഞാനും അവളുടെ കൈകള്‍ മുറുക്കെ പിടിച്ചു നടന്നു, ഇനി ഈ ജീവിതത്തില്‍ ഇത് ഞാന്‍ വിടില്ല എന്ന ഭാവത്തോടെ !

(കുറച്ചു സ്ലോ ആയി എന്നറിയാം, എന്നാലും ഇതില്‍ കൂടുതല്‍ ഇതിനെ ഫാസ്റ്റ് ആക്കാന്‍ എനിക്ക് പറ്റില്ല. കാരണം ...........

എന്റെ മനസ്സാണെഡൊ ഇത് !)

Tuesday, January 19, 2010

കര്‍ത്താവ്‌ രക്ഷിക്കും (ഭാഗം 9)

(അവസാനം മുറിവിനു മുകളില്‍ വര്‍ഷങ്ങള്‍ക്കു ശേഷം ഒന്ന് തലോടി.....)

ബസ്സിലേക്ക് കയറിയപ്പോഴേക്കും മദര്‍ യാത്രക്ക് വേണ്ടിയും യാത്രക്കാരുടെ ആരോഗ്യത്തിനു വേണ്ടിയും ബസ്സിന്റെ കണ്ടീഷന് വേണ്ടിയും ഒരു നീണ്ട പ്രാര്‍ത്ഥന നടത്തി.

കാബിനില്‍ നിന്നും ഞാന്‍ എലിസബത്ത് ഇരിക്കുന്ന സ്ഥലം നോക്കി കൊണ്ടിരുന്നു. അവസാനം കണ്ടുപിടിച്ചു അഞ്ചാമത് നിരയില്‍ വിന്‍ഡോ സീറ്റ്‌. 'മുതല്‍' എന്നെ കണ്ടതും വീണ്ടും ചിരിച്ചു. ഞാനും.

പെട്ടെന്ന് കാബിനിന്റെ വാതില്‍ തുറന്നു ഒരു രൂപം അകത്തു വന്നിട്ട് പറഞ്ഞു

'പോകാം'

വേലായുധേട്ടന്‍ കാബിനിലെ വെളിച്ചം തെളിയിച്ചു. രാധാകൃഷ്ണന്‍ നല്ല ഉറക്കം. മാറി ഓടിക്കാനുള്ളതല്ലേ ?

നോക്കുമ്പോള്‍ നടി ഗീത ഒരു പത്തു വയസ്സ് കൂടി കൂടിയാല്‍ എങ്ങനിരിക്കും ? അത് പോലൊരു പീസ്‌. പക്ഷെ കന്യാസ്ത്രീ അല്ലാ കാരണം സിവില്‍ ഡ്രസ്സ്‌ ആണ്. ചിലപ്പോള്‍ മഫ്ടിയില്‍ ആയിരിക്കും.

'ങേ ?' വേലായുധേട്ടന്‍.

'അല്ലാ പോകാമെന്ന് മദര്‍ പറഞ്ഞു' രൂപം മൊഴിഞ്ഞു.

'എന്നാല്‍ പോകാം അല്ലേ ?' വേലായുധേട്ടന്‍ രൂപത്തിനോട്. (നമ്പര്‍......)

'ഉം' രൂപം ചിരിച്ചുകൊണ്ട്. (നമ്പര്‍ മനസ്സിലായി .....)

'എന്താ പേര്' 'വേല്‍ ചേട്ട്‌'

'സാറാമ്മ, സാറാന്നു വിളിക്കും' രൂപം.

'സാറാന്നു വിളിച്ചാല്‍ ....' അടുത്ത നമ്പര്‍

'ഹി ഹി..' ഒരു ചിരി.

(പാശ്ചാത്തലത്തില്‍ ഈ ഗാനം: നീ ചോദിച്ചാല്‍ ഞാന്‍ സാധിക്കില്ലാന്നു പറയോ കൃഷ്ണാ... കൃഷ്ണാ... )

'സാറാമ്മ ഇങ്ങോട്ട് വരൂ' അകത്തു നിന്നും മദറിന്റെ ശബ്ദം. (കഴുവേറിടെ മോളെ എന്നത് അണ്ടര്‍സ്റ്റുഡ്)

'എടോ സൈമാ, ആ വാതിലങ്ങോട്ടു കുറ്റി ഇട്ടോളു' മദര്‍ വീണ്ടും.

ഒരു നിമഷം തലമാന്തി ഇരുന്ന എന്നോട് വെട്രിവേല്‍

'ഡാ നിന്നോടാണ്, നീയാണ്ടാ സൈമണ്‍ !' ഞാന്‍ പെട്ടെന്ന് ചാടി എണീറ്റു.

'ഓകെ മദര്‍' എന്നിട്ട് വാതില്‍ കുറ്റി ഇട്ടു.

'സാധനം കൊള്ളാം അല്ലേ വേലായുധേട്ടാ ?'

'സംഗതി നെടുവരിയനാണ്, നീ അവന്റെ ബാഗില്‍ നിന്നും മറ്റേ കുപ്പി എങ്ങേടുത്തെ !'

അപ്പൊ സാധനം ഇനീം ഉണ്ടല്ലേ ?

ബാഗിന്റെ സിബ് തുറന്നപ്പോള്‍ ദേ കിടക്കുന്നു തൊരപ്പന്റെ പിള്ളാരുടെ പോലെ അഞ്ചാറു പൈന്റുകള്‍.

രാധാക്രിഷ്ണുക്കീ ജയ്‌ !

ഒരെണ്ണം ആചാരപൂര്‍വ്വം തുറന്നു ഞാന്‍ രണ്ടു കവിള്‍ അടിച്ചു. രണ്ടെണ്ണം വേലുഅണ്ണനും. വണ്ടി സ്റ്റാര്‍ട്ട്‌ ചെയ്തു, അങ്ങിനെ യാത്ര തുടങ്ങി. ടൌണ്‍ വിട്ടു പാലക്കാട് റൂട്ടിലൂടെ വണ്ടി പറ പറക്കുമ്പോള്‍ ഞാന്‍ വീണ്ടും കാബിന്‍ വിന്‍ഡോയിലൂടെ എലിസബത്തിനെ നോക്കി. ഉറങ്ങിയിട്ടില്ല. അത് മാത്രമല്ല ഭൂരിഭാഗം പേരും വര്‍ത്തമാനം പറഞ്ഞു കൊണ്ടിരിക്കുന്നു. ഒരു രണ്ടു മിനുട്ട് കഴിഞ്ഞപ്പോള്‍ എലിസബത്ത് ഇങ്ങോട്ട് നോക്കി. അപ്പൊ അറിയാം ഞാന്‍ ഇവിടെ ഉണ്ടെന്ന്. ഞാന്‍ ചിരിച്ചു. അടുത്തിരിക്കുന്ന 'മണവാട്ടിയെ' ഒന്ന് നോക്കി, ഉറപ്പിച്ചു, പിന്നെ എന്നെ നോക്കി ചിരിച്ചു.

പക്ഷെ ഈ ചിരിയില്‍ ഞാന്‍ മയങ്ങി എന്ന് പറഞ്ഞാല്‍ അതിലൊരു അതിശയോക്തിയും ഇല്ല സഹോദര. അത്ര മനോഹരം, ബസ്സിലെ അരണ്ട വെളിച്ചം, പുറത്തു നിന്നും ഉള്ള നീല നിലാവ്, ഇടക്കിടെ ഫ്ലാഷ് പോലെ അടിക്കുന്ന നിയോണ്‍ വെളിച്ചം.

ഞാന്‍ പതുക്കെ എന്റെ തലയുടെ മുന്നില്‍ നിന്നും പിന്നിലേക്ക്‌ തടവി കാണിച്ചു, തട്ടം മാറ്റാനായിരുന്നു. അതിനു മനസ്സിലാവുമോ എന്തോ ? പക്ഷെ ആര്‍ക്കു മനസ്സിലായില്ലെങ്ങിലും ഒരു പെണ്ണിന് ഒരു സിഗ്നല്‍ മനസ്സിലാകാതിരിക്കുമോ ? വീണ്ടും അടുത്തിരിക്കുന്ന സാധനത്തിനെ നോക്കി, പതിയെ തട്ടം പിന്നോട്ട് മാറ്റി.

ദൈവമേ, ഇളകി പറന്നു നടക്കുന്ന ഇളം ബ്രൌണ്‍ നിറത്തിലുള്ള ആ തലമുടി കൂടി ആയപ്പോള്‍ എലിസബത്ത് ഒരു കൊച്ചു സുന്ദരി ആയി മാറി.

കര്‍ത്താവേ നീ എത്ര ഭാഗ്യവാന്‍, നിന്റെ മണവാട്ടിമാര്‍  എത്ര സുന്ദരികള്‍ !

'ഡാ' പെട്ടെന്ന് ഒരു വിളിയും പുറത്തു ഒരടിയും. വേലു ദി ഡ്രൈവന്‍ !

'നീ എന്തൂട്ടാണ്ട അങ്ങട് നോക്കി ഇരിക്കണത്‌ ? മറ്റേ സാധനത്തിനെ ആണെങ്ങില്‍. ഒറ്റയ്ക്ക് മറയ്ക്കരുത്‌'

'ഏയ്, ഗുരുവിനു തരാതെ നമ്മള്‍ക്കൊരു പരിപാടിയും ഇല്ലേ !'

'സാധനം കഴിഞ്ഞാ ?'

'ഇല്ല'

'എന്നാ എടുക്കഡാപ്പാ'

വീണ്ടും രണ്ടു രണ്ടു കവിളുകള്‍, അതും കാലി. പിന്നെ നോക്കുമ്പോള്‍ ഒന്നും ഓര്‍മയില്ല. പിന്നീട് എഴുന്നേല്‍ക്കുമ്പോള്‍ വണ്ടി എവിടെയോ നിര്‍ത്തിയിട്ടിരിക്കുന്നു, കാബിനില്‍ ആരുമില്ല. പതുക്കെ എഴുന്നേറ്റ് സൈഡ് ഡോര്‍ തുറന്നു പുറത്തിറങ്ങുമ്പോള്‍, ഏതാണ്ട് നേരം വെളുത്തിരിക്കുന്നു. രണ്ടു ഡ്രൈവന്‍മാരും ചായ കുടിച്ചു കൊണ്ടിരിക്കുന്നു. ഞാന്‍ സൈഡില്‍ നിന്നും ഒരു 'ശൂ ശൂ' വച്ചിട്ട് അവരുടെ അടുത്ത് ചെന്നിരുന്നു.

'ആ എഴുന്നേറ്റാ ? ഇങ്കെ ഒരു ടീ കൊട് അണ്ണാ' രാധു.

'എന്തൂട്ടാ സൂര്യ നീ മൂക്കിന്റുള്ളില്‍ 3 ലിട്ടെരിന്റെ ഡീസല്‍ ജെനരെട്ടര്‍ ആണോ ഫിറ്റ് ചെയ്തിരിക്കുന്നത് ? രാത്രി നീ ചെവിതല കേള്‍പ്പിച്ചിട്ടില്ലല്ലോ ഗഡി !' വേലായുധേട്ടന്‍.

'വെള്ളമടിച്ചാല്‍ പിന്നെ ഞാന്‍ ഭയങ്കര 'കൂര്‍ക്ക' വലിയാണ് ചേട്ടാ'

'പണ്ടാരം, നീ ഉറങ്ങി കഴിഞ്ഞിട്ട് പിന്നെ ഞങ്ങള്‍ രണ്ടാളും ഉറങ്ങിയിട്ടില്ലെടാ മറ്റവനെ'

'അങ്ങിനെ ആണോ ? എന്നാല്‍ നമുക്കതിനു പരിഹാരം ഉണ്ടാക്കാം, ഇനി എത്ര ദൂരം ഉണ്ട് 'വേലുമ്മാന്‍ നമ്മുടെ സ്ഥലത്തേക്ക് ?'

'2 മണിക്കൂര്‍, അത്രയേ ഉള്ളു'

'എന്നാല്‍ അവിടെ ചെന്നിട്ടു മുഴുവന്‍ ചിലവും എന്റെ വക'

'അപ്പൊ നീ പള്ളിയില്‍ പോകുന്നില്ലേ ?'

'അത് നമുക്ക് നാളെ പോകാമന്നേ'

'എന്നാല്‍ ഓക്കേ, തെറിക്കാം'

'ഓകെ, ചലോ ചലോ വേളാങ്കണി'

'ഒന്ന് മിണ്ടാണ്ട്‌ വാടാ, പ്രൈമറി സ്കൂളീന്ന് ടൂര്‍ വന്ന പോലെ'

പിന്നോത്തൊരു ഉറക്കത്തോട്‌ കൂടി ഞാന്‍ എഴുന്നേല്‍ക്കുന്നത്‌ രാധു വിളിക്കുമ്പോള്‍ ആണ്.

'വാടാപ്പാ, ഇവിടെയാ നമുക്ക് റൂം'. നോക്കുമ്പോള്‍ ഒറ്റ എണ്ണം ബസ്സില്‍ ഇല്ല.

'അപ്പൊ അവരോക്കെയോ ?' എനിക്ക് നിരാശ അടക്കാന്‍ കഴിഞ്ഞില്ല.

'അവരൊക്കെ പള്ളീടെ ഏതോ ഹോസ്റ്റലില്‍ ആണ്. നമുക്ക് അവിടെ താമസിക്കാന്‍ പറ്റില്ലത്രേ. അതുകൊണ്ട് അവര് ബുക്ക്‌ ചെയ്തതാണ് ഈ ഹോട്ടല്‍ റൂമും'

'ആ ഹോസ്റല്‍ ഇവിടെ നിന്നും എത്ര ദൂരം ഉണ്ട് ?' ഞാന്‍ പിന്നെയും.

'അത് കുറെ ദൂരം ഉണ്ടെടോ ?' പള്ളിയില്‍ പോകുന്ന വഴിയില്‍. എന്തേ ?'

'അപ്പൊ ഇനി നമ്മള്‍ എപ്പോഴാ അങ്ങോട്ട്‌ പോകുന്നത് ?'

'നാളെ, ഇന്നവര്‍ക്ക് അവിടെ തന്നെ എന്തോ ധ്യാനമോ പൂജയോ മാരണമോ ഉണ്ടത്രേ. നാളെ അവരെ പള്ളിയില്‍ കൊണ്ട് പോകാന്‍ കാലത്ത് ചെല്ലണം. നീ ഈ 'അഫിമുഖ' സംഭാഷണം നിര്‍ത്തി വേഗം ബാഗും എടുത്തോണ്ട് കൊണ്ട് വാ'.

അവന്റെ കൂടെ റൂമില്‍ ചെന്നപ്പോള്‍, വെലായുധേട്ടന്റെ കുളി കഴിഞ്ഞു കുട്ടപ്പനായി ഇരിക്കുന്നു. ഇത്ര വേഗമോ ?  ഞാനും രാധുവും ഒരുമിച്ചൊരു കുളി, അപ്പിയിടല്‍ മാത്രം തനി തനി.

വേലായുധേട്ടന്‍ കുറച്ചു ചീട്ടുമായി ഇരിക്കുന്നു. ഇയാള്ക്കൊന്നും ഉറക്കം ഇല്ലേ ?

'വേഗം വന്നെ ഗഡി, ഒരു റൌണ്ട് കീറാം'.

'വല്ലതും കഴിക്കണ്ടേ ?' ഞാന്‍ ഈ തണുപ്പത്ത് കുളിയും വിശാല മായ തൂറലും കഴിഞ്ഞപ്പോള്‍ വിശന്നിട്ടു പാടില്ല.

'നീ ഇരിക്കെടാ ശവി, അതിക്കെ ഇപ്പോള്‍ വരും' ഓ അപ്പൊ എല്ലാം ഓര്‍ഡര്‍ ചെയ്തു വച്ചിരിക്കുകയാണല്ലേ ? അതും ഒരു കണക്കിന് നന്നായി.

കളിതുടങ്ങി അഞ്ചു മിനിട്ടിനു ഉള്ളില്‍ സാധനങ്ങള്‍ എത്തി, നോക്കുമ്പോള്‍ ഒരു 3 ഫുള്‍ ബോട്ടിലും. പിന്നെ ഒന്നും ഓര്‍മയില്ല.

'എഴുന്നേറ്റു റെഡി ആവഡാ  പിള്ളേരെ' ചാടി എഴുന്നേറ്റു നോക്കുമ്പോള്‍ 'വേലുമ്മാന്‍' റെഡി ആയി നില്‍ക്കുന്നു. ഒരു ദിവസം കഴിഞ്ഞിരിക്കുന്നു. പിന്നെ ഒരൊറ്റപ്പാച്ചിലില്‍  ഞങ്ങള്‍ രണ്ടാളും റെഡി ആയി വണ്ടിയില്‍ !

വണ്ടി ചെന്നു ഒരു പഴയ കെട്ടിടത്തിന്റെ മുന്നില്‍ നിര്‍ത്തി. ഞങ്ങളെ കണ്ടെന്ന പോലെ സകല 'പെന്‍ഗ്വിന്‍സും' ഇറങ്ങി വരി വരിയായ് വന്നു. ഏറ്റവും പുറകില്‍ കയ്യില്‍ ഒരു  വാച്ച് കേട്ടിക്കൊണ്ടിറങ്ങുന്നു, ദി ക്വീന്‍ എലിസബത്ത് !. അടുത്തെത്തിയപ്പോള്‍ കഴിഞ്ഞ രാത്രിയിലെ പോലെ, (ആക്ച്വലി കഴിഞ്ഞതല്ല, എന്തെങ്കിലും ആവട്ടെ, അതല്ലല്ലോ പോന്നിക്കരയുടെ വിഷയം) അതേ ചിരി അതേ ഭാവത്തോടെ !

വണ്ടി അവിടെയും ഇവിടെയും ഇടിക്കും എന്ന ഭാവത്തില്‍ വളഞ്ഞു പുളഞ്ഞു ഒരു സ്ഥലത്ത് നിര്‍ത്തി. നല്ല കാറ്റ്. ഇറങ്ങിയപ്പോള്‍ കുറച്ചു ദൂരെ കടല്‍ ! നിറുത്തിയതിന്റെ വലതു വശത്തായി അങ്ങ് അകലെ പള്ളി, ഒരു രണ്ടു കിലോമീറ്റര്‍ കാണും. എന്തിനാണാവോ എത്ര അകലെ കൊണ്ട് വന്നു നിര്‍ത്തിയത് ?

'എല്ലാവരും പ്രാര്‍ഥിച്ചിട്ട്‌ വേണമെങ്ങില്‍ കടല്‍കരയില്‍ ഒന്ന് നടന്നോളു. അധികം ദൂരെ പോകാതെ എന്തെങ്ങിലും പര്‍ചെയ്സ് ചെയ്യണമെങ്കില്‍ അതും ആവാം. നാല് മണിക്ക് മുന്‍പ് ഇവിടെ തിരിച്ചെത്തണം' മദര്‍.

ഞാന്‍ വാച്ചില്‍ നോക്കി, 12 മണി, 4 മണിക്കൂര്‍ സമയം ഉണ്ട്. എല്ലാവരും പള്ളിയിലേക്ക് നടക്കുന്നു. ഞാന്‍ പിന്നാലെ ചെന്നു.  ഞാന്‍ ചുറ്റും നോക്കിയപ്പോള്‍ അവര്‍ പോകുന്നതിന്റെ ഓപ്പോസിറ്റ് വഴിയില്‍ ഒരു ചെറിയ പള്ളി. ഒരു മനുഷ്യന്‍ ഇല്ല ആ പരിസരത്തൊന്നും.

എലിസബത്തിന്റെ അടുത്തെത്തിയപ്പോള്‍ വേറാരും കേള്‍ക്കുന്നില്ല  എന്ന് ഉറപ്പു വരുത്തി ഞാന്‍ പറഞ്ഞു,

'വേഗം തന്നെ പുറത്ത് ചാടിക്കോണം. ഞാന്‍ ആ ചെറിയ പള്ളിയില്‍ കാണും'.

'അയ്യോ' ചെറിയ ശബ്ദത്തില്‍ ഒരു ചെറിയ നിലവിളി.

'അയ്യോ കയ്യോ എന്നൊന്നും പറയണ്ട, ഞാന്‍ അവിടെ കാണും'.

പതുക്കെ ഒന്നും അറിയാത്തവനെ പോലെ ഞാന്‍ കൂട്ടത്തില്‍ നിന്നും അകന്നു അകന്നു നടന്നു തിരിച്ചു പോന്നു. തിരിഞ്ഞു നോക്കുമ്പോള്‍ ഞാന്‍ പ്രതീക്ഷിച്ചതില്‍ നിന്നും വെത്യസ്തമായി എലിസബത്ത് ചിരിക്കുന്നു. അതേ ചിരി. എന്റെ മനസ്സ് ആദ്യമായി പ്രോഗ്രെസ് കാര്‍ഡ്‌ തിരുത്തുന്ന കുട്ടിയുടേത് പോലെ വല്ലാതെ തുടിക്കാന്‍ തുടങ്ങി. ബസ്സിന്റെ അടുത്ത് കൂടി നടക്കുമ്പോള്‍, കാബിനില്‍ നിന്നും ഒരു വിളി.

'എന്നാടപ്പാ രണ്ടെണ്ണം അടിച്ചോ, ഒരു ധൈര്യത്തിന് !' രാധാകൃഷ്ണന്‍ കണ്ടെന്നു തോന്നുന്നു.

'വേണ്ടെടാ' ഞാന്‍.

'ഉം ഉം, ശരി' എന്നവനും. ഭാഗ്യം വേലായുധേട്ടനെ അവിടെങ്ങും കാണാന്‍ ഇല്ല.

ഞാന്‍ ആ ചെറിയ പള്ളിയുടെ അടുത്തെത്തിയപ്പോള്‍ കടലില്‍ നിന്നുള്ള നല്ല കാറ്റ്, അതെന്നെ ശരിക്കും റിഫ്രെഷിംഗ് ആക്കി. നല്ല ഭംഗിയുള്ള കൊച്ചു പള്ളി. പരിസരത്തെങ്ങും ഒരു മനുഷ്യ ജീവിയെപ്പോലും കണ്ടില്ല, പക്ഷെ ധാരാളം പക്ഷികള്‍, അണ്ണാന്‍മാര്‍ (അണ്ണന്‍മാരല്ല !)  അങ്ങിനെ അങ്ങിനെ. സെലക്ട്‌ ചെയ്ത സ്ഥലം സൂപ്പര്‍. അതിനു ഞാന്‍ എനിക്ക് തന്നെ ഒരു ബിയര്‍ ഓര്‍ഡര്‍ ചെയ്തു പിന്നെ ഒരു സിഗരെട്ടു കത്തിച്ചു.

പതുക്കെ നടന്നു.പള്ളിയുടെ ഇടത്തു വശത്ത് ഒരു ചെറിയ വഴി. നേരെ ചെന്നു കയറുന്നത് കടല്‍ ഭിത്തിയുടെ താഴെ. അവിടെ നിന്നും വേറെ ഒരു വഴി, വഴിയില്‍ നിന്നും വഴിയിലേക്കൊരു ഒരു വഴി !

നടന്നു നടന്നു ചെന്നു കയറിയത് ഒരു ശ്മശാനത്തില്‍. ചുറ്റും കരിങ്കല്‍ മതിലുള്ള ഒരു സ്മശാനം. ഒരു പത്തു നാനൂറു പേര്‍ക്ക് പുളപ്പനായിട്ടു മരിച്ചു കിടക്കാനുള്ള സൌകര്യം ഉള്ള ഒരു സംഭവം. അതിനകത്ത് കയറി നോക്കിയപ്പോള്‍, കല്ലറകള്‍ മാത്രം, പക്ഷെ എല്ലാം നല്ല ചിക്ലി ഉള്ള അവന്‍മാരുടെ കല്ലറകള്‍ ആയിരിക്കും. മാര്‍ബിളും മോസൈക്കും ഒക്കെ ധാരാളം ഉപയോഗിച്ചിട്ടുണ്ട്. കരിങ്കല്‍ പതിച്ച അതിനു ചുറ്റുമുള്ള ചെറിയ റോഡിലൂടെ ഞാന്‍ ഒന്ന് ചുറ്റിയടിച്ചു. കടല്‍ ഭിത്തിയോട് ചേര്‍ന്ന് ഒരു കല്ലറ മാത്രം കരിങ്കല്‍ ഉപയോഗിച്ച് പണിതിരിക്കുന്നു.

ഈ കാശില്ലാത്തവന്‍മാരൊക്കെ എന്തിനാ മരിക്കാന്‍ നില്‍ക്കുന്നത് ?

പേര്: അന്റോണിയോ റോഡ്രിഗസ്
ജനനം: 1942 (France)
മരണം - 1993 (India)
കൃത്യമായി 51 വര്ഷം ജീവിച്ച ഫ്രെഞ്ച്കാരന്റെ കല്ലറ എങ്ങിനെ ഇവിടെ വന്നു ? അതിലേറെ എന്നെ ആകര്‍ഷിച്ചത് ആ കല്ലറയില്‍ വച്ചിരുന്ന ഒരുപിടി പൂക്കള്‍ ആയിരുന്നു. കെട്ടുകയോ ബൊക്കെ ആക്കുകയോ ചെയ്യാത്ത ഒരു പിടി ഓര്‍ക്കിഡ് പൂക്കള്‍. അവ കല്ലറക്ക്  മുകളില്‍ കാറ്റത്ത്‌ സ്ഥാനം തെറ്റി കിടക്കുന്നു. ഓര്‍ക്കിഡ് അത്ര പെട്ടെന്ന് വാടില്ലെങ്കിലും, ഈ കടല്‍ കാറ്റിലും  കാലാവസ്ഥയിലും കൂടിയാല്‍ 2 ദിവസം. അപ്പോള്‍ ആരായിരിക്കും 2 ദിവസത്തിനിടയില്‍  ഈ ഫ്രെഞ്ച്കാരനെ കാണാന്‍ ഇവിടെ വന്നത് ? ഭാര്യ, കാമുകി, അതോ മക്കളോ ?

മരണം എല്ലാത്തിന്റെയും ഒരവസാനം ആണെന്ന് പറയുന്നുണ്ടെങ്കിലും ഒന്നിന്റെ മാത്രം അവസാനം അല്ലെന്നു എനിക്ക് തോന്നി, സ്നേഹിക്കുന്നവരുടെയും സ്നേഹിക്കപ്പെട്ടവരുടെയും ഓര്‍മകളുടെ, അവക്ക് ജനനം മാത്രമേ ഉള്ളു, തലമുറകളിലൂടെയുള്ള ജീവിതവും, അതേ, അതിനു മാത്രം മരണം ഇല്ല !

സമയം കുറെ ആയി, തിരിച്ചു നടക്കുമ്പോള്‍ തലയില്‍ ഫ്രഞ്ച് തൊപ്പി വച്ച സുന്ദരനായ ഒരു ചെറുപ്പക്കാരന്റെ മുഖം വരച്ചെടുക്കാന്‍ നോക്കി. വാച്ചില്‍ നോക്കി, ദൈവമേ 2 മണി. എലിസബത്ത് വന്നു പോയിക്കാണുമോ ?

തിരിച്ചു പള്ളിയുടെ അടുത്തെത്തിയപ്പോള്‍ അകലെയുള്ള 'പെരിയ' പള്ളിയില്‍ മണി മുഴങ്ങുന്നു. പരിസരത്തൊന്നും നമ്മുടെ ടീമിനെ കാണാന്‍ ഇല്ല. സമാധാനമായി.  പിന്നെ പള്ളിക്ക് ചുറ്റും ഒന്ന് നടന്നു. നല്ല വൃത്തിയായി സൂക്ഷിച്ചിരിക്കുന്ന പരിസരം. ഞാന്‍ വീണ്ടും ഒരു സിഗരെട്ടിനു തീ കൊളുത്തി.

അത് വലിച്ചു കഴിഞ്ഞപ്പോള്‍ പതുക്കെ പള്ളിയുടെ അകത്തു കയറി. മനോഹരമായി അലങ്കരിച്ച ഒരു ചെറിയ അള്‍ത്താര, അതിനകത്ത് യേശുനാഥന്റെ ഒരു ചെറിയ പ്രതിമ, കുരിശില്‍ കിടക്കുന്ന രൂപത്തില്‍. പരിസരത്ത് മറ്റു ഗടിപിടികള്‍ എല്ലാം ഉണ്ട്. ആകെ പത്തോ പതിനഞ്ചോ ബഞ്ചുകള്‍. അരണ്ട പകല്‍ വെളിച്ചവും കടല്‍ കാറ്റിന്റെ നേര്‍ത്ത ഇരമ്പലും കൂടി ഇതിനകത്ത് ഒരു ശാന്തമായ അന്തരീക്ഷം. മുന്‍വശത്ത്, എന്നാല്‍ കുറച്ചു പിന്നിലായി ഒരു ബഞ്ചില്‍ ഞാനിരുന്നു. ചുറ്റും നോക്കിയപ്പോള്‍ ഒരു സംശയം എലിസബത്ത് വന്നിട്ട് കാണാതെ പോകുമോ, കാരണം അത്രയ്ക്കു വെളിച്ചം കുറവാണ് ഇതിനകത്ത്. സമയം നോക്കി 2:15 മണി. അവര് 'കുര്‍ബാനിയും' 'ഷോലെയും' ഒക്കെ കഴിഞ്ഞാവും വരുന്നത്.

പിന്നെ അള്‍ത്താരയിലേക്ക് നോക്കിയിരുന്നപ്പോള്‍ മനസ്സ് വീണ്ടും അസ്വസ്ഥമായി. തെറ്റ് എന്തെങ്ങിലും ചെയ്യുന്നുണ്ടോ ?

പണ്ടാരം അതിനു ഞാന്‍ ഒന്നും ചെയ്തില്ലല്ലോ, ശെടാ ഇതെന്തൊരു പുലിവാല്  !

അങ്ങിനെ സ്വയം തല്ലിയും തടുത്തും ഇരിക്കുമ്പോള്‍ എന്റെ തൊട്ടടുത്ത്‌ എലിസബത്ത് വന്നിരുന്നു. ഞാന്‍ പെട്ടെന്ന് ഞെട്ടിക്കൊണ്ട് നോക്കി. എലിസബത്ത്‌ പതുക്കെ ചിരിച്ചു. ഇന്നലെ കണ്ടത് പോലെ അല്ലാ, ഒരു ചിരി, ഒരു ചെറു പുഞ്ചിരി !

'ശരിക്കും പ്രാര്‍ഥിച്ചോ ?' ഞാന്‍ പതിയെ ചോദിച്ചു. സത്യത്തില്‍ പതിയെ ആയിപ്പോയതാണ്. എലിസബത്ത് വന്നിരുന്നപ്പോള്‍, എന്റെ ശബ്ദം വല്ലാതെ നേര്‍ത്തു പോയി.

'പ്രാര്‍ഥിച്ചു, പക്ഷെ ശരിക്കും ഇവിടെ പ്രാര്‍ഥിക്കാം എന്ന് വിചാരിച്ചു'

'ഓക്കേ, ഞാന്‍ ഇതുവരെ പള്ളിയില്‍ പ്രാര്‍ഥിച്ചിട്ടില്ല, വല്ല ചിട്ടവട്ടങ്ങളും ഫോളോ ചെയ്യണോ ?'

'ഒന്നും ഇല്ല, ദൈവത്തിനെ മനസ്സില്‍ വിചാരിച്ചു അങ്ങോട്ട്‌ പ്രാര്‍ഥിച്ചാല്‍ മതി'

'ഓക്കേ, അപ്പൊ ആളൊരു 'ഇന്ത്യന്‍' ക്രിസ്ത്യാനി ആണല്ലേ. സന്തോഷം.' വീണ്ടും എലിസബത്ത് ചെറുതായി ചിരിച്ചു. പിന്നെ എലിസബത്ത് മുന്നിലെ ബഞ്ചിന്റെ പിന്നിലുള്ള പലകയില്‍ മുട്ട് കുത്തി നിന്നു, കൈ രണ്ടും ബഞ്ചിന്റെ ചാരിനു മുകളില്‍  തൊഴുതു നില്‍ക്കുന്ന പോലെ വെച്ച് കണ്ണടച്ച് നിന്നു. ഞാന്‍ വിചാരിച്ചു ഇതായിരിക്കും പള്ളിയില്‍ പ്രാര്‍ഥിക്കാനുള്ള 'ആസനം'.

ഞാനും അതുപോലെ ഒക്കെ നിന്നു... എന്ത് പ്രാര്‍ഥിക്കും ? എലിസബത്തിനെ നോക്കിയപ്പോള്‍ എന്തൊക്കെയോ പിറുപിറുക്കുന്നുണ്ട്. പാവം ! ആദ്യമായി എനിക്ക് എലിസബത്തിനോട് ഒരു സഹാനുഭൂതി തോന്നി. പിന്നെ നിര്‍വചിക്കാന്‍ ബുദ്ധിമുട്ടുള്ള ഒരു ബന്ധവും. അതോ അത് വേറെ എന്തെങ്ങിലും ആണോ ? ആയിരിക്കണം. എന്നോട് കാണിക്കുന്ന ഈ വിശ്വാസം ഒരു വെറും ബന്ധം മാത്രമല്ല, അത് ഒരു തരം സ്നേഹം തന്നെയാണ്. സത്യത്തില്‍ സ്നേഹവും വിശ്വാസവും മാത്രമല്ലേ ലോകത്ത് പരസ്പരപൂരകങ്ങള്‍ ആയിട്ടുള്ളൂ !

ഇവള്‍ക്ക് എല്ലാ നന്മകളും ഉണ്ടാകണേ എന്റെ ദൈവമേ ! അറിയാതെ ആണെങ്കിലും എന്റെ ഉള്ളിന്റെ ഉള്ളില്‍ നിന്നും അങ്ങിനെയൊരു  പ്രാര്‍ത്ഥന ഉണ്ടായി.

പെട്ടെന്ന് ഈ പറഞ്ഞത് കേട്ട പോലെ എലിസബത്ത് എന്നെ നോക്കി. ഞാനും സെയിം പോസില്‍ തന്നെ നില്‍ക്കുന്ന കണ്ടിട്ടാവണം ഒന്ന് ചിരിച്ചു.

'എന്തേ എലിസബത്തെ ?' ഞാന്‍ ചോദിച്ചു.

'ഇപ്പൊ എന്തെങ്ങിലും പറഞ്ഞോ ?'

'ഒന്ന് പ്രാര്‍ഥിച്ചു, എന്തേ അതവിടെ കേട്ടോ ?'

'എന്റെ പേര് പറഞ്ഞോ ?'

'ഇല്ല, എന്തേ ?'

'എന്നെ പറ്റി എന്തെങ്ങിലും പറഞ്ഞോ ?'

'ഇല്ലെടോ, തന്നെ 'പ്പറ്റി' ഒന്നും പറഞ്ഞില്ല' ഞാന്‍ അതില്‍ ഒന്ന് ഊന്നി പറഞ്ഞു.

'എന്ന് വെച്ചാല്‍ ?'

'ഈ പെണ്ണിന് നല്ലത് വരുത്തണേ എന്ന് പ്രാര്‍ഥിച്ചു. എന്താ കാര്യം ?'

ഒരു നിമിഷം... എലിസബത്ത് എന്നെ നോക്കിയിരുന്നു. പിന്നെ വേണ്ടും പ്രാര്‍ഥിക്കാന്‍ തുടങ്ങി. ഞാനും കണ്ണടച്ച് നിന്നു. മനസ്സ് ശരിക്കും ശാന്തമായത് പോലെ. കുറച്ചു കഴിഞ്ഞു ഞാന്‍ വീണ്ടും എലിസബത്തിനെ നോക്കുമ്പോള്‍‍, അവള്‍ താഴേക്കു നോക്കിയിരിക്കുന്നു മാത്രമല്ല, ആ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നു. വല്ലാത്തൊരു അവസ്ഥയിലായി ഞാനും.  എന്താ പറ്റിയത് ? എന്താ പറയേണ്ടത് ? ആകെ മൂടല്‍ മഞ്ഞിനകത്ത് പെട്ട പോലെ.

'അയ്യോ എലിസബത്തെ കരയാതെ, എന്താ പറ്റീത് ?' ഉത്തരമോ എങ്ങലടിയോ ഒന്നും ഇല്ലാതെ നിര്‍നിമേഷയായി എലിസബത്ത് എന്നെ ഒന്ന് നോക്കി. പക്ഷെ ആ കണ്ണുകള്‍ നിറഞ്ഞ് ഒഴുകുന്നുണ്ടായിരുന്നു, മനസ്സിന്റെ ഉറവ പൊട്ടിയ പോലെ !.

ഞാന്‍ വേഗം കണ്ണ് തുടച്ചു കൊടുത്തു കൊണ്ട് പറഞ്ഞു 'എന്താ എലിസബത്തെ ഇത്, വിഷമിക്കാതിരി, എന്താണെങ്കിലും  എന്നോട് പറ'

മറുപടി ഒന്നും പറഞ്ഞില്ല എന്ന് മാത്രമല്ല, എലിസബത്ത് കണ്ണു തുടച്ചുകൊണ്ടിരുന്ന  എന്റെ കൈ പിടിച്ചു അവളുടെ നെറ്റിയില്‍ വച്ചു. കണ്ണുനീര്‍ എപ്പോഴും നിന്നിട്ടില്ല. എത്ര നേരം അങ്ങിനെ ഇരുന്നു എന്നെനിക്കറിയില്ല. പരസ്പരം ഒരക്ഷരം സംസാരിച്ചില്ല. എന്റെ നെഞ്ചിനകത്ത് എന്തോ വന്നു കെട്ടിയ പോലെ. എത്ര പ്രാവശ്യം ഞാന്‍ എലിസബത്തേ എന്ന് വിളിക്കാന്‍ ശ്രമിച്ചു എന്നറിയില്ല. പക്ഷെ ഒറ്റ പ്രാവശ്യം പോലും എനിക്കതിനു കഴിഞ്ഞില്ലേ. എന്റെ വലത്തെ കൈ എലിസബത്ത് വിട്ടുമില്ല.

അവസാനം ഞാന്‍ രണ്ടു കൈകൊണ്ടും അവളുടെ കൈകള്‍  കൂട്ടിപിടിച്ചിട്ടു പതുക്കെ വിളിച്ചു 'എലിസബത്തേ'

'എന്തോ !' ഞാന്‍ വീണ്ടും അത്ഭുതത്തോടെ അവളുടെ കണ്ണിലേക്കു നോക്കി, അങ്ങിനെ ഇതുവരെ അവള്‍ എന്ന് മാത്രമല്ല എന്റെ ജീവിതത്തില്‍ ആരും വിളി കേട്ടിട്ടില്ല.

'പോകണ്ടേ ?' ഞാന്‍ ചോദിച്ചു. സത്യത്തില്‍ അങ്ങിനെ ഒരു സിറ്റുവേഷന്‍ എങ്ങനെ ഹാന്‍ഡില്‍ ചെയ്യണം എന്നെനിക്കറിയില്ലായിരുന്നു. അതുകൊണ്ടായിരുന്നു അങ്ങനെ ഒരു ചോദ്യം ചോദിച്ചത്.

(എക്സ്പീരിയന്‍സ് ഉള്ള വായനക്കാര്‍ ഇപ്പൊ പറഞ്ഞു കാണും 'കളഞ്ഞില്ലേ കഞ്ഞിക്കലം  ! ഇവനാരെടാ ഈ നേരത്ത് പോകുന്ന കാര്യം ചോദിക്കുന്നത്, പൊങ്ങന്‍ !)

'പോകാം, ദൈവമേ മൂന്നര മണി !' എലിസബത്ത് വാച്ചില്‍ നോക്കിക്കൊണ്ട്‌ പറഞ്ഞു.

ഞാനുമൊന്നു ഞെട്ടി, ഒന്നര മണിക്കൂര്‍, അതിനിടയില്‍ സംസാരിച്ചത് രണ്ടോ മൂന്നോ വാചകങ്ങള്‍ മാത്രം ! അപ്പൊ ബാക്കി സമയം ഒക്കെ എന്ത് ചെയ്യുകയായിരുന്നു ?  എപ്പോഴായിരുന്നു നെഞ്ചിനകത്ത് ഈ ഭാരം കേറ്റി വച്ചത് ?  ഈ തോന്നുന്ന വിങ്ങലിനെ എന്ത് പേരിട്ടു വിളിക്കണം ?

പുറത്തേക്കുള്ള വാതിലിനടുത്ത് എത്തിയപ്പോള്‍ എലിസബത്ത് കണ്ണു തുടച്ചു കൊണ്ട് ഒരിക്കല്‍ കൂടി എന്റെ കയ്യില്‍ പിടിച്ചിട്ടു പറഞ്ഞു,

'ഞാന്‍ പോട്ടെ, അവരെല്ലാം എന്നെ തിരക്കുന്നുണ്ടാവും'

എനിക്കൊന്നും പറയാന്‍ പറ്റിയില്ല, പുറത്തെത്തിയപ്പോഴേക്കും എലിസബത്ത് കൈ വിട്ടിട്ടു വേഗം നടന്നു പോയി. ഞാന്‍ പള്ളിക്ക് പുറത്ത് അവള്‍ പോകുന്നതും നോക്കി നിന്നു. അങ്ങ് കണ്ണെത്താ ദൂരത്തെത്തിയിട്ടും അവള്‍ ഒരിക്കല്‍ പോലും തിരിഞ്ഞു നോക്കിയില്ല.

ഞാന്‍ ഒരു സിഗരെറ്റെടുത്ത്‌ ചുണ്ടത്തു വച്ചു. കടപ്പുറത്തെ കാറ്റില്‍ കത്തിക്കാറുള്ള ഞാന്‍ അവിടെ വച്ചു അതൊന്നു കത്തിക്കാന്‍ ആറോ ഏഴോ തീപ്പെട്ടിക്കൊള്ളി ചിലവാക്കേണ്ടി വന്നു. ഒരുതരം വിറയല്‍, ശബ്ദം പുറത്തേക്ക് വരായ്ക ഇതെല്ലാം ഇപ്പോഴും ഉണ്ട്.

എന്താണ് എനിക്ക് സംഭവിച്ചത് എന്ന് വീണ്ടും വീണ്ടും ചോദിച്ചിട്ടും എന്റെ മനസ്സൊരു ഉത്തരം തരുന്നില്ലല്ലോ ഭഗവാനെ !

തിരിച്ചു ബസ്സിന്റെ അടുത്തേക്ക് നടുക്കുമ്പോള്‍ ഞാന്‍ സിഗരറ്റുകള്‍ ഒന്നൊന്നായി വലിച്ചു കൊണ്ടിരുന്നു. ബസ്സിന്റെ അടുത്തെത്തിയപ്പോഴേക്കും കയ്യിലെ സിഗരട്ട് എല്ലാം കഴിഞ്ഞു. ബസ്സില്‍ രാധു ആണെങ്ങില്‍ നല്ല ഉറക്കം, അവനെ ആകെ തപ്പിയിട്ടും ഒരു സിഗരട്ട് പോലും കിട്ടിയില്ല. ആകെ കിട്ടിയത് സീറ്റിനു താഴെ ഉണ്ടായിരുന്ന കുപ്പിയാണ്. പിന്നൊന്നും ആലോചിച്ചില്ല, അതെടുത്ത് മടമടാന്നു കുടിച്ചു. എന്നിട്ട് വീണ്ടും ഇറങ്ങി നടന്നു. എങ്ങോട്ടാണ് എന്നറിയാതെ .....

തിരിച്ചു കിട്ടാത്ത സ്നേഹം മനസ്സിന്റെ വിങ്ങലാണെന്നായിരുന്നു പദ്മരാജന്‍ പറഞ്ഞത്, അങ്ങിനെയെങ്ങില്‍ മനസ്സിന്റെ വിങ്ങല്‍ ഒരു മുറിവായിരിക്കണം, നിര്‍വചിക്കാന്‍ പറ്റാത്ത സ്നേഹത്തിന്റെ മുറിവ്, അതായിരിക്കണം ഇപ്പോള്‍ അവളെന്നോട് പറഞ്ഞത്, അത് പറഞ്ഞപ്പോഴായിരിക്കും ആ സ്നേഹം മുറിവായത്.


(മുറിവില്‍ നിന്നും ഇപ്പോള്‍, ഇത്രയും വരഷങ്ങള്‍ക്ക് ശേഷവും, ചെറുതായി രക്തം പൊടിക്കുന്നുണ്ടോ ? വഴിയില്ല !)

Thursday, January 14, 2010

കര്‍ത്താവ്‌ ക്ഷമിക്കും (ഭാഗം 8)

(പുത്തന്‍ പള്ളി വരെ ഒന്ന് പോകണം എന്ന് തോന്നിയ നാളുകള്‍ .........................)

പിന്നീടുള്ള ദിവസങ്ങളില്‍ കന്യാസ്ത്രീയെ ഉന്നം വെച്ചുള്ള ചിന്തകള്‍ ആയിരുന്നു അധികവും. ആദ്യം ആദ്യം അതിനെ നമ്മുടെ കൂട്ടത്തില്‍ തന്നെ ഉള്ള ഏതെങ്കിലും കുരിശുകളുമായി കൂട്ടി കെട്ടാന്‍ എന്തെങ്ങിലും മാര്‍ഗം ഉണ്ടോ എന്ന് ചിന്തിച്ചു നോക്കി. അതിനൊരു ഗ്യാപ് കാണാത്തത് കൊണ്ടും, ഈ ശ്രമദാനം ഞാന്‍ തന്നെ നടത്തണം എന്നുള്ളത് കൊണ്ടും, ഈ പരിപാടിയുടെ കഥ തിരക്കഥ സംഭാഷണം സംവിധാനം നായകന്‍ വില്ലന്‍ ഹാസ്യ കഥാപാത്രം ക്യാമറ പോസ്റര്‍ എല്ലാം ഞാന്‍ തന്നെ ചെയ്യാന്‍ തീരുമാനിച്ചു.

എത്ര ദിവസത്തിന് ശേഷമാണ് ഞാന്‍ എലിസബത്തിനെ കാണുന്നത് എന്നോര്‍മയില്ല, പക്ഷെ കാണുന്നത് വീണ്ടും 'കൊപ്രാട്ടി' കോളേജിന്റെ മുന്നില്‍ വെച്ചാണ്. ചിരിക്കാന്‍ ഒരു വൈമനസ്യത്തോടെ എലിസബത്ത്‌ എന്റെ മുന്നില്‍...

'എന്താണ് എലിസബത്തെ നമ്മളെയൊക്കെ മറന്നല്ലേ ?' എന്റെ ചോദ്യം.

'സൂര്യനല്ലേ എന്നെ മറന്നത്'

'ഞാനോ ? ഏയ് തനിക്കു തോന്നുന്നതാണ്. ടുഷന്‍ കഴിഞ്ഞോ ?'

'കഴിഞ്ഞു'

'എന്നാല്‍ നമുക്കൊന്ന് നടക്കാം ?'

'എങ്ങോട്ട് ?'

'എങ്ങോട്ടെങ്ങിലും, മഠത്തില്‍ പോയാല്‍ പോരെ ? താന്‍ വാടോ !'

നേരെ തിരുവനമ്പാടി അമ്പലത്തിന്റെ പുറകില്‍ കൂടെ നടക്കുമ്പോള്‍ ഒരു വല്ലാത്ത ശൂന്യത ഞങ്ങളുടെ ഇടയില്‍ കെട്ടി നില്‍ക്കുന്നുണ്ടായിരുന്നു. അത് പൊളിക്കാനായി ഒരു നമ്പര്‍ ഇട്ടാലോ ?

ആദ്യം കുറച്ചു സോഫ്റ്റ്‌ നമ്പര് ആവാം.... (അഞ്ചു ശരങ്ങളും പോരാതെ .....).

'എലിസബത്തെ എനിക്കൊരു കാര്യം പറയാനുണ്ടായിരുന്നു'

'എന്തേ ?' ആ ചോദ്യത്തിലെ ആകാംക്ഷ എന്നെ ഒന്ന് സംശയിപ്പിച്ചു. എങ്ങനെയെങ്ങിലും ഏതു പറയാമായിരുന്നു. പക്ഷെ ഒരു പ്രശ്നം, ഒരു നല്ല കോള് ഇല്ലാതെ തുരുപ്പ് ഇറക്കുന്നത്‌ ബുദ്ധിയല്ല, ന്ച്ചാല്‍ തയ്യാറെടുപ്പ് ഇല്ലാതെ ഇറക്കാന്‍  പറ്റിയ നമ്പര്‍ അല്ല ഏതു എന്നര്‍ഥം. സൂക്ഷിച്ചില്ലേല്‍ പണി പാളും ! അതുകൊണ്ട് പെട്ടെന്ന് തന്നെ 'കൂലി' തള്ളുന്നതാണ് ഭംഗി.

'അല്ല അത് പിന്നെ ............ പിന്നെ .................. അല്ലെങ്കില്‍ ഇപ്പോള്‍ വേണ്ട പിന്നെ പറയാം'

'അതെന്തിനാ പിന്നെ ആക്കുന്നത്, ഇപ്പോള്‍ തന്നെ പറഞ്ഞുകൂടെ ?'

'അല്ല, ഇപ്പൊ പറഞ്ഞാല്‍ അത് ശരിയാവില്ല, പിന്നെ പറയാം'

'എന്താ ഒരു സസ്പെന്‍സ് ?'

'ഏയ് അങ്ങിനെ ഒന്നുമില്ല, എന്നാലും ................. പിന്നെ പറയാം'

'ശരി എന്നാല്‍ അങ്ങിനെ ആവട്ടെ'  (ഇപ്പൊ  പറഞ്ഞെങ്കില്‍ പെട്ടേനെ !)

മനപ്പൂര്‍വം അല്ലെങ്കിലും ഈ തുടക്കം എനിക്കിഷ്ടപ്പെട്ടു. ഇതില്‍ തന്നെ പിടിക്കുകയാവും നല്ലത്.

'അടുത്ത ആഴ്ച മുതല്‍ അവധിയല്ലേ എലിസബത്തെ, നാട്ടില്‍ പോകുന്നുണ്ടോ ?'

'ചിലപ്പോള്‍..............., മഠത്തില്‍ നിന്നും വേളാങ്കണ്ണിക്ക് പോകാന്‍ പരിപാടി ഉണ്ട്. ചിലപ്പോള്‍ അതാവും പരിപാടി, സൂര്യനോ ?'

'ഞാന്‍ ഒരു പരിപാടി ഇട്ടതായിരുന്നു, പിന്നെ അത് വേണ്ടെന്നു വച്ചു' ഞാന്‍ ഇതും പറഞ്ഞു എലിസബത്തിന്റെ മുഖത്തേക്ക് ഒന്ന് നോക്കി. ഗൂഡമായ ഒരു ചിരി അവിടെ പമ്മി നില്‍ക്കുന്നു !

ശരിയാക്കാം !

'വേറൊരു കാര്യം സൂര്യനോട് ചോദിക്കണം എന്ന് വിചാരിച്ചു, ഞങ്ങളുടെ ബസ്‌ കംപ്ലൈന്റ്റ്‌ ആണ്. അപ്പോള്‍ മദര്‍ പറഞ്ഞു ഏതെങ്കിലും ഒരു ട്രാവല്‍സില്‍ ഒന്ന് ട്രൈ ചെയ്യണം എന്ന്. സൂര്യന് ഏതെങ്കിലും ട്രാവല്‍സില്‍ പരിചയക്കാര്‍ ഉണ്ടോ ?'

ഒരു നിമിഷം ഞാന്‍ ചിന്തിച്ചു, എതെന്തെങ്ങിലും ഒരു 'വഴി' ആണോ ?

'എന്നാണു ഡേറ്റ് ? എത്ര സീറ്റ്‌ വണ്ടി വേണം ?' ഞാന്‍ രണ്ടു മൂന്ന് ചോദ്യങ്ങള്‍ വച്ചു. എന്തോ ഒരു സംഭവം, ഏതോ ഒരു വഴി ഇതില്‍ തെളിഞ്ഞു വരുന്നുണ്ട്. എന്താണെന്ന് ക്ലിയര്‍ ആകാന്‍ സമയം വേണം.

'വിഷുവിന്റെ തലേ ദിവസം, ഞങ്ങള്‍ എല്ലാവരും കൂടി ഏകദേശം ഒരു 40  പേര്‍ വരും'

'വിഷുവിന്റെ തലേ ദിവസം' അന്ന് തന്നെ വേണം അല്ലേടി !

'ശരി, ഞാന്‍ ഒന്ന് നോക്കട്ടെ'

'നാളെ പറയാമോ ?'

'പറയാം'

'കല്യാണില്‍' ഒന്ന് വിളിച്ചു പറഞ്ഞാല്‍ നടക്കാവുന്ന കാര്യമേയുള്ളൂ. വരട്ടെ എങ്ങനെ ഇതിനെ ഒരു വഴിയാക്കി മാറ്റാം എന്ന് തെളിയട്ടെ. നടന്നു നടന്നു ചെമ്പുക്കാവ് എത്തിയപ്പോള്‍ സിസ്റ്റര്‍ പറഞ്ഞു 'എന്നാല്‍ ഞാന്‍ അങ്ങോട്ട്‌ പോകട്ടെ, ആ കാണുന്നതാണ് മഠം'

നോക്കിയപ്പോള്‍ ഒരു പഴയ ഭാര്‍ഗവി നിലയം പോലെ ഒരു വീട്, ഇതിനകത്ത് എങ്ങനെ ആണാവോ ഈ 40  കഴിഞ്ഞു കൂടുന്നത് !

'അല്ലാ എലിസബത്തെ വേളാങ്കണ്ണിക്ക് എന്നെ വിളിക്കുന്നില്ലേ ?'

'അയ്യോ, പുറത്തു നിന്നുള്ളവര്‍ക്ക് വരാന്‍ ഒന്നും പറ്റില്ല' എലിസബത്ത് പാമ്പ് കടിച്ചപോലെ, അതായത് ഒരു നിലവിളി ശബ്ദത്തോടെ, ഒരു മറുപടി.

'വേളാങ്കണ്ണിക്ക് ആര്‍ക്കു വേണമെങ്കിലും പോകാമല്ലോ ?' ഞാന്‍ തിരിച്ചു ചോദിച്ചു.

'എന്നുവെച്ചാല്‍ സൂര്യന്‍ നേരെ അങ്ങോട്ട്‌ വരാമെന്നോ ? അങ്ങിനെ ആണെങ്ങില്‍ നന്നായി'

'അങ്ങനെയും ആകാം, വേണ്ടിവന്നാല്‍ ഞാന്‍ നിങ്ങളുടെ കൂടെ തന്നെ വരും, ഒരേ വണ്ടിയില്‍, കാണണോ ?'

'ചതിക്കല്ലേ സൂര്യ !' പാവം അതിനു പേടി, നമ്മള്‍ എങ്ങനെ അവരുടെ കൂടെ പോകാന്‍ ?

പെട്ടെന്ന് ഒരു മിന്നല്‍, അല്ലാ അങ്ങിനെ പോകാന്‍ എന്തെങ്ങിലും വഴിയുണ്ടോ ?

അല്ലാ പോയതുകൊണ്ട് വല്ല കാര്യമുണ്ടോ ? അതും ഒരു ചോദ്യമാണല്ലോ ! അവസാനം ആട്ടാന്‍ പോയവന്‍ നെയ്ത്തുശാലയില്‍ ചെന്നപോലെ ആകുമോ ? എന്തായാലും ഒരു കൈ നോക്കുക തന്നെ.

കിട്ടിയാല്‍ ചേമ്പ് അല്ലെങ്കില്‍ താള് !

രണ്ടു ദൈവങ്ങളുടെ ചിത്രം തെളിഞ്ഞു വന്നു, വേലയുധേട്ടനും രാധാകൃഷ്ണനും, കല്യാണ്‍ ട്രാവല്‍സിലെ 'ഡ്രൈവന്‍മാര്‍', അവര്‍ സഹായിച്ചാല്‍ ഞാന്‍ ഇവരുടെ വണ്ടിയില്‍ വേളാങ്കണ്ണിക്ക് പോകും ! പൂഹോയ് !

'ചതിക്കുകയും ഒന്നും ഇല്ല, പക്ഷെ ബസ്സില്‍ എന്നെ കണ്ടാല്‍ കിടന്നു ബഹളം വെക്കരുത്'

അപ്പോള്‍ സൂര്യ കാര്യമായിട്ടാണോ പറയുന്നത് ? എനിക്ക് പേടിയാകുന്നു. എന്തെങ്ങിലും പ്രശ്നം ഉണ്ടായാലോ ? എന്റെ കര്‍ത്താവേ, എനിക്കാലോചിക്കാന്‍ കൂടി പറ്റുന്നില്ല'

ഹും 'എലിസബത്തിന്റെ ജല്പനങ്ങള്‍ !

'എന്ത് പ്രശ്നം ? ആകെ തനിക്കു മാത്രമേ എന്നെ അറിയൂ, താന്‍ വിളിച്ചു കൂവി പ്രശ്നം ആക്കാതിരുന്നാല്‍ മതി' ഞാന്‍ ഒന്ന് നോര്‍മലൈസ് ചെയ്യാന്‍ ശ്രമിച്ചു.

'ദൈവമേ !' എലിസബത്ത് പ്രാര്‍ത്ഥന തുടങ്ങിയെന്നു തോന്നുന്നു. ആ 'ദൈവ വിളിയോടെ' എന്തൊക്കെയോ പിറുപിറുത്തു കൊണ്ട് നടക്കുന്നുണ്ട്.

'പിന്നെ കാണാം, മദറിനോട് വണ്ടി ശരിയായി എന്ന് പറഞ്ഞോളു. ഒരു രണ്ടു മണിക്കൂറിനകം ഞാന്‍ ഫോണ്‍ ചെയ്യാം'

ഇതു തന്നെ ആ അവസരം, ഇതായിരിക്കണം 'ആ വഴി'

ഞാന്‍ നേരെ രാധാകൃഷ്ണന്റെ വീട്ടിലേക്കു ചെന്നു, അത് മയിലിപ്പാടത്താണ്. 'ബുള്ളുവിന്റെ' വീടിനു തൊട്ടടുത്തു, മയിലിപ്പാടം രാജേഷിന്റെ ഓമന പേരാണ്, ന്ച്ചാല്‍ സ്റ്റേഷന്‍ പേര് ബുള്ളറ്റ് രാജേഷ്‌, അതിനെ ചുരുക്കി വിളിക്കുന്ന പേരാണ് 'ബുള്ളൂ' !. നമ്മുടെ ദോസ്താണ്. അവനാണ് രാധാകൃഷ്ണനെ പരിചയപ്പെടുത്തി തന്നതും. എല്ലാം നമ്മുടെ പട്ടരുടെ സൗഹൃദ  വലയമാണ് കേട്ടോ !

ചെല്ലുമ്പോള്‍ രാധാകൃഷ്ണന്‍ ഷര്‍ട്ടിന്റെ കയ്യൊക്കെ മടക്കി പുറത്തേക്ക് ഇറങ്ങാന്‍ തുടങ്ങുന്നു. നന്നായി ! നേരെ പിടിച്ചു കൊണ്ടുപോയി 'കല്‍ക്കട്ട' ബാറില്‍ ഇരുത്തി ഉള്ള കാര്യം മുഴുവനും അങ്ങ് പറഞ്ഞു. ആദ്യത്തെ മൂന്നാലെണ്ണം വരെ പറ്റില്ല, പിരിവില്ല എന്നൊക്കെ പറഞ്ഞെങ്കിലും പിന്നീടുള്ള ഓരോ പെഗ്ഗിലും എനിക്കുള്ള പിന്തുണ കൂടി കൂടി വന്നു. പതുക്കെ പിടിച്ചു കൊണ്ട് പോയി ബാറിന്റെ കൌണ്ടറില്‍ നിന്നു തന്നെ ഫോണ്‍ ചെയ്യിച്ചു വണ്ടി ബുക്ക് ചെയ്യിച്ചു. കൂട്ടത്തില്‍ വേലായുധേട്ടനെയും വിളിച്ചു കാര്യം പറഞ്ഞു.

'അല്ലെടോ എന്തൂട്ടാ ഗഡി അപ്പൊ നിന്റെ പ്ലാന്‍, നീ ആകെ ചളി ആക്കോ ?' രാധു എന്നോട്.

'ഏയ് ഇല്ലെടപ്പാ, നമ്മള് ഡീസന്റ് ആയി ഒരു ചുറ്റല് അത്രന്നെ'

'നീ നമ്മള്‍ക്ക് ബൂസ്ടുണ്ടാക്കി തരരുത്'

'ഏയ് നീയാ പൂശിക്കോ, ബാക്കി ഞാന്‍ ഏറ്റു. നീ ഇത് മറ്റു ശവികളോട് പറയരുത്, പറഞ്ഞാ നേരത്തെ പറഞ്ഞ സംഭവം നടക്കും. പിടി കിട്ടിയാ ?'

'പിടി മാത്രല്ല സംഗതി 'മുഴുവനും' എന്റെ കയ്യിലുണ്ട്, എന്നാലും ഒരു പേടി'

'ഒന്നും പേടിക്കണ്ടാടാ, നീ വീട്ടില്‍ പോയി ഒന്ന് 'തീവണ്ടി ആയി കളിച്ചു' സുഖായിട്ട് ഉറങ്ങിക്കോ, ഞാന്‍ സംക്രാന്തിയുടെ അന്ന് വരാം. '

രാധാകൃഷ്ണനെ ഒരു ഓട്ടോയില്‍ കേറ്റി വിട്ടിട്ടു ഞാന്‍ എലിസബത്തിനെ വിളിച്ചു. ഫോണ്‍ റിംഗ് ചെയ്യുന്നുണ്ട്.

'ഹലോ' ആരോ എടുത്തു.

'ഹലോ എലിസബത്തുണ്ടോ ?' ഞാന്‍

'എലിസബത്തോ ? ഏതു എലിസബത്ത് ? നിങ്ങളാരാ ?' ഇങ്ങോട്ട് ഒരു ലോഡ് ചോദ്യങ്ങള്‍. എല്ലാത്തിനും കൂടി ഒരു മറുപടി എന്റെ നാവില്‍ വന്നതാണ്. പിന്നെ അതങ്ങോട്ടു കടിച്ചിറക്കി, മര്യാദ റോളില്‍ ഞാന്‍.....

'സിസ്റര്‍ എലിസബത്തെയ്..... എലിസബത്ത്, പാലേന്നു അവളുടെ അപ്പനാണ്'

'ഇപ്പൊ വിളിക്കാം' അപ്പുറത്തെ മണവാട്ടി കുഞ്ഞാടായി ! ഒരു പരസ്യത്തിന്റെ ഇടവേള, നല്ല മൂഡ്‌, ഒരു സിഗരെട്ടു കത്തിച്ചു.

'ഹലോ' വിറയാര്‍ന്ന ശബ്ദത്തോടെ എലിസബത്ത്‌.

'മോളെ എലിസബത്തെ ഇതു അപ്പാനാണ്, ബസ്‌ ശരിയായി എന്ന് അവിടുത്തെ അമ്മാമയോട് ഒന്ന് പറഞ്ഞേക്ക്, പിന്നെ കാണാട്ടാ'

മറുപടിക്ക് കാത്തു നില്‍ക്കാതെ ഞാന്‍ ഫോണ്‍ വച്ചു. അപ്പുറത്തെ ഇപ്പോഴത്തെ അവസ്ഥ അറിയാവുന്നത് കൊണ്ട് കൂടുതല്‍ സംസാരിച്ചു നില്‍ക്കേണ്ട കാര്യം ഇല്ല എന്നറിയാം.

നന്ദന്റെ വീട്ടില്‍ പോയപ്പോള്‍ മുതല്‍ ദിനേശന്റെ വീട്ടിലേക്കു ഒരു ക്ഷണം അങ്ങിനെ നില്‍ക്കുന്നുണ്ടായിരുന്നു. അടുത്ത ദിവസങ്ങളില്‍ അതുമായി ബന്ധപ്പെട്ട യാത്രകള്‍ ആയിരുന്നു. അവന്റെ വീടിനടുത്ത് ഒരു ബീച്ച് ഉണ്ട്. ഒരു മനുഷ്യന്‍ ഉണ്ടാവില്ല. കുടിച്ചു കടലില്‍ തലകുത്തി മറയാന്‍ പറ്റിയ സ്ഥലം. അണ്ടര്‍വെയറിന്റെ  ഉള്ളില്‍ മണല്‍ കയറി നാശമാകും എന്നതൊഴിച്ചാല്‍ കടല്‍ കടലില്‍ കുളി മനോഹരം. കുളിച്ചു കയറിക്കഴിഞ്ഞാല്‍ പിന്നെ ചുരുങ്ങിയത് ഒരു 2 ലിറ്റര്‍ വെള്ളം ഓരോരുത്തരും കുടിക്കും, അപ്പോഴേക്കും കൊണ്ടുവന്ന ബിയര്‍ കഴിഞ്ഞിട്ടുണ്ടാവും, പിന്നെ അടുത്ത പെട്ടിക്കടകള്‍ തന്നെ ശരണം. എന്ത് കിട്ടിയാലും കുടി തന്നെ. അവര്‍ക്കും സന്തോഷം, 8 പേര്‍ വന്നാല്‍ 28 പേരുടെ കച്ചവടം ആണ് നടക്കുന്നത്.

അവന്റെ വീട്ടില്‍ പോയ ദിവസം ആണ് ഞാന്‍ മുളക് തിന്നു ഫിറ്റ്‌ ആയത്. സത്യം പറഞ്ഞാല്‍ അങ്ങിനെ ഒരനുഭവം അതുനു മുന്‍പോ ശേഷമോ ഉണ്ടായിട്ടില്ല. ഞാന്‍ ഒരു 2 -3 ഗ്ലാസ്‌ കള്ള് കുടിച്ചിട്ടുണ്ടാവും, ഏതോ ഒരു കറിയില്‍ ഉണ്ടായിരുന്ന ഒരു പച്ചമുളക് ഞാന്‍ കടിച്ചത് മാത്രം ഓര്‍മയുണ്ട്, എന്റെ രണ്ടു കണ്ണില്‍ നിന്നും വെള്ളം കുടു കുടാന്നു ചാടാന്‍ തുടങ്ങി എന്ന് മാത്രമല്ല ഞാന്‍ നല്ല ഫിറ്റ്‌. എനിക്ക് നടക്കാനോ മിണ്ടാനോ എന്തിനു ആരെയെങ്ങിലും നോക്കാനോ പറ്റുന്നില്ല !

എല്ലാവരും ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോള്‍, ഞാന്‍ എങ്ങിനെയോ പുറത്തു ചാടി. എന്തെല്ലാം കറികള്‍ ആണെന്നോ അവിടെ ഉണ്ടാക്കിയിരുന്നത്, എല്ലാം ഒരു ഓര്മ മാത്രം ആയി. നമ്മുടെ ഭാഷയില്‍ പറഞ്ഞാല്‍ @#*%പ്പോയി, അതന്നെ !

രണ്ടാം ദിവസ്സം കടലില്‍ പോയപ്പോള്‍ വാഴാനി ബഷീര്‍, അത് നന്ദന്റെ ഒരു ഫ്രണ്ട്-തെണ്ടി ('കിടക്ക ബഷീര്‍' എന്നും വിളിക്കും)  ഒന്ന് പേടിപ്പിച്ചു. അവന്‍ കരുത്തു തെളിയിക്കാന്‍ കണ്ണെത്താ ദൂരത്തേക്കു ഒരു നീന്തല്‍ ! അഞ്ചു മിനിറ്റ് കഴിഞ്ഞിട്ടാണ് സാധനം തിരിച്ചു വരുന്നത്. പക്ഷെ അപ്പോഴേക്കും എല്ലാവരുടെയും ഫിറ്റ്‌ ഇറങ്ങി. പിന്നെ ആരും പരസ്പരം അധികം സംസാരം ഉണ്ടായില്ല. ചെറിയൊരു ഷോക്ക് ‌!

'ദിനേശവാസം' കഴിഞ്ഞു പിന്നെ കോണത്തുകുന്നു ടൂര്‍. ചാത്തന്റെ ആവാസ സ്ഥലം കാണാന്‍ ഒരു യാത്ര !

അതെല്ലാം കഴിഞ്ഞു ക്ലാസ്സിലെത്തുമ്പോള്‍ വെക്കേഷന്‍ തുടങ്ങാന്‍ ഇനി രണ്ടു ദിവസം മാത്രം. നോക്കുമ്പോള്‍ നമ്മുടെ പൂത്തലയന്മാര്‍ ഇരുന്നു ഒരു ട്രിപ്പ്‌ പ്ലാന്‍ ചെയ്യുന്നു. ഈ കഴിഞ്ഞതൊന്നും പോരാതെ !

ഊട്ടി, കൊടൈക്കനാല്‍ അങ്ങിനെ അങ്ങിനെ. ഈ തല്ലിപ്പോളികള്‍ ചതിക്കുമോ എന്നായി എന്റെ ചിന്ത. രണ്ടു കാര്യങ്ങളാണ് ആ ചിന്തയുടെ പിറകില്‍, ഒന്ന് ഞാന്‍ വരുന്നില്ല എന്ന് പറഞ്ഞാല്‍ അതിനെപറ്റി വിശദമായ ഒരന്വേഷണം നടക്കും, ഉറപ്പ്.  രണ്ട് പട്ടരു വണ്ടി ഏല്‍പ്പിക്കാന്‍ പോകുന്നത് നമ്മുടെ ടീമിന്റെ അടുത്ത് തന്നെ ആണ്, ആരെങ്ങിലും ഒരാള്‍ അവനോടു കാര്യം പറയും. രണ്ടായാലും എല്ലാവരും കൂടി എന്റെ 'കട്ടേം പടോം' മടക്കും.

എന്റെ പുണ്യാളച്ചാ, കാത്തോളണേ !

പറഞ്ഞപോലെ തന്നെ അങ്ങേരു കാത്തു, ഊട്ടി കൊടൈക്കനാല്‍ എല്ലാം ലോപിച്ച് ലോപിച്ച് അവസാനം യാത്രിനിവാസില്‍ ഒരു 'അഖണ്ട വെള്ളമടി യന്ജം' (ഫുള്‍ ഡേ വെള്ളമടി) ആക്കി അവസാനിപ്പിച്ചു. ഒരു ചെയ്ഞ്ചിനു വേണ്ടി, നന്നായി, ഒരു ചെയ്ഞ്ച് ആര്‍ക്കാണ് ഇഷ്ടമല്ലാത്തത്‌ !

പക്ഷെ അത് വിഷുവിന്റെ തലേ ദിവസം ആക്കി ഫിക്സ് ചെയ്തപ്പോള്‍ ഞാന്‍ ഒന്ന് ഞെട്ടി. അന്ന് തന്നെ ആണല്ലോ ഭഗവാനെ വേളാങ്കണി ട്രിപ്പ്‌. എന്തുചെയ്യും ?

എന്ത് ചെയ്യാന്‍ ? വരുന്നത് വരട്ടെ, കാര്യങ്ങള്‍ ഇതുവരെ എത്തിയതേ നേരത്തെ വിളിച്ചു പ്രാര്‍ഥിച്ച പുള്ളിക്കാരന്റെ കൃപയാണ്. അപ്പൊ ബാക്കി അങ്ങേരു തന്നെ അങ്ങ് ശരിയാക്കി തരും !

സംക്രാന്തി ദിവസം വീട്ടില്‍ നിന്നും 'മനോഹരമായ ഊട്ടി ട്രിപ്പിനു' വേണ്ടി അനുവാദവും കാശുമൊക്കെ വാങ്ങി കാലത്ത് തന്നെ ഒരു എയര്‍ ബാഗുമായി വടക്കേ സ്റ്റാന്‍ഡില്‍ ചെന്നു ഇറങ്ങി. അപ്പോളാണ് ഒരപകടം മനസ്സില്‍ തോന്നിയത്‌. ഈ ബാഗുമായി അവന്മാരുടെ അടുത്ത് ചെന്നാല്‍ അത് പ്രശ്നമാകും. നേരെ ഡ്രൈവന്‍ രാധാകൃഷ്ണന്റെ അടുത്ത് ചെന്നു ബാഗ് അവന്റെ അടുത്ത് ഏല്പിച്ചു. വൈകിട്ട് വരുമ്പോള്‍ അതും കൂടി കൊണ്ട് വരാന്‍ ചട്ടം കെട്ടി ഒരു 100  രൂപയും കൊടുത്തു. കാര്യങ്ങള്‍ നേരെ 'ചൊവ്വെ' നടക്കാന്‍ !.

തിരികെ സ്റ്റേഡിയത്തിന്റെ  അടുത്ത് എത്തിയപ്പോള്‍ നന്ദനും രാജേഷും എത്തിയിട്ടുണ്ട്.

'എപ്പോ വന്നെടാ' നന്ദന്‍

'ദിപ്പോ' ഞാന്‍

'മറ്റവന്‍മാരൊക്കെ എവിടെ ?' ഞാന്‍ ചോദിച്ചു.

'ഗോപിയും വിജയനും വന്നിട്ടുണ്ട്, സിഗരട്ട് വാങ്ങാന്‍ പോയിരിക്കുകയാ, കൂട്ടത്തില്‍ രാമനെ ഫോണ്‍ ചെയ്യാനും പറഞ്ഞിട്ടുണ്ട്' രാജേഷ്‌.

'ഇനി എപ്പോഴാ പോകുന്നത്, മണി പത്തായിലോ, ഒരു ദിവസം എന്ന് പറഞ്ഞാല്‍ ഒരു ദിവസം ആയിരിക്കണം' നന്ദനാണ്.

എന്തൊരു ദേഷ്യം ! പറയുന്ന കേട്ടാല്‍ തോന്നും എന്ന് മുഴുവന്‍ കുടിക്കാന്‍ പോകുന്നത് ഇവനാണെന്ന് !

ഗോപിയും വിജയനും തിരിച്ചെത്തി. 'എടാ നമ്മളോട് യാത്രിനിവാസിലേക്ക് പൊക്കോളാന്‍ പറഞ്ഞു, പട്ടര്‍ അങ്ങോട്ട്‌  എത്തിക്കോളാം എന്ന്'

'എന്ന വാ പോകാം' ഇതും പറഞ്ഞു നന്ദന്‍ ഒറ്റ നടത്തം. ഇവന് ഞങ്ങളെ കുടിപ്പിക്കാന്‍ എന്തൊരു ആര്‍ത്തി, ഓരോരോ തരം സ്നേഹം !

യാത്രിനിവാസില്‍  പറ്റിയ ഒരു മൂലക്കിരുന്നു, മനോഹരമായ അഞ്ചാറു ബിയറുകള്‍ ഓര്‍ഡര്‍ ചെയ്തു. അതും ആ 'ചടയന്‍' തന്നെ. ആരെടാ ഇവന്‍ !

അത് തീരാറായപ്പോളെക്കും പട്ടരെത്തി. പിന്നെ മേളം രണ്ടാം കാലം, ഒന്നാം കാലം, പെരുക്കം എങ്ങനെ അങ്ങോട്ട്‌ മുന്നേറി. അതിനിടയില്‍ 'കക്ഷത്തില്‍ സെന്റും അടിച്ചു നടക്കുന്ന' ഏതോ 'ആഷ്-പൂഷ്' പിള്ളാര്, ഓര്‍ഡര്‍ ചെയ്ത ഫുഡ്‌ നേരം വൈകി എന്ന് പറഞ്ഞു വെയ്ട്ടരെ പിടിച്ചൊരു തള്ള്.

കള്ളുകുടിച്ചു ബഹളം വെച്ചു എന്ന് പറഞ്ഞു പട്ടരു പോയി ആ ചെറുക്കനെ രണ്ടെണ്ണം, അത് ചോദിച്ചവന് വേറെ രണ്ട്, തോട്ടടുടുത്തു മിണ്ടാതിരുന്നവന് വെറുതെ ഒരെണ്ണം, ടേബിളില്‍ ഒരു ചവിട്ടും !

യാത്രിനിവാസുകാര്‍ക്ക് സന്തോഷം, ഒന്നാമത് അവര്‍ക്ക് ഞങ്ങളെ അറിയാം, രണ്ടാമത് 'മുരളി' - ആ വെയ്റ്റര്‍ - പറയുന്നത് ഇവന്മാരെ കൊണ്ട് വലിയ ശല്യം ആയിരുന്നു എന്നാണ്. ഇതിനിടയില്‍ രാമന്റെ കൂടെ ഓടാന്‍ നോക്കിയ നന്ദനെ പിടിക്കാന്‍ രാജേഷ്‌ കൂടെ ചാടി, ദേ കിടക്കുന്നു രണ്ടെണ്ണം കൂടി പൂച്ചട്ടിയിന്മേല്‍. 3 എണ്ണം തദൈവ ! അതിലും ഹോട്ടലുകാര്‍ക്ക്‌ സന്തോഷം.

5 മണി ആയപ്പോഴേക്കും ഒരെണ്ണം എഴുന്നേല്‍ക്കാനും നടക്കാനും പറ്റാത്ത സ്ഥിതിയില്‍, നന്ദനും രാജേഷും ഞങ്ങളെ വേണ്ട പോലെ ശുശ്ര്ര്ഷിക്കുന്നുണ്ട്. വേണ്ടവരെയൊക്കെ കൊണ്ട് പോയി മുഖം കഴുകിക്കുന്നു. വാള് വെക്കേണ്ടവരെ കൊണ്ട് പോയി അതിനുള്ള സൗകര്യം ചെയ്തു കൊടുക്കുന്നു. ഗോപിയെ തല കുളിപ്പിച്ച് തുവര്‍ത്തിയാണ് പഹയന്മാര്‍ കൊണ്ട് വന്നത്.

ഈ കോലത്തില്‍ എന്തായാലും ഒരു സ്ഥലത്തേക്കും പോകാന്‍ പറ്റില്ല, എനിക്ക് മാത്രമല്ല, ആര്‍ക്കും !

'ഡേയ് മുരളി' ഞാന്‍ വിളിച്ചു.
'സര്‍' മുരളി ഹാജര്‍

'ഒരു മുറി അറേഞ്ച് ചെയ്യ് ഗഡി'

'അയ്യോ സാറെ, ഒറ്റ മുറി പോലും ഇല്ല, എല്ലാം ഫുള്‍ ആണ്'

'ഒന്ന് കുളിക്കണം അത്രേള്ളുഡാപ്പാ, അല്ലാണ്ട് അവിടെ കുന്തം മറയേണ്ട കാര്യം ഒന്നും ഇല്ല, നീ പോയി ഒന്ന് നോക്യേ, ഒരു രക്ഷയും ഇല്ലാണ്ട് ഇരിക്കില്ലെടാ'

'സാറെ..' അവന്‍ വീണ്ടും പമ്മുന്നു.

'ഒന്ന് നോക്കെഡാപ്പാ...'

'ശരി സാര്‍'

'മുരളിയെ രണ്ടു ബിയറും കൂടി !' ഗോപിയാണ്, തെണ്ടി !

'മുരളിയെ മൂന്ന്' വിജയന്‍

'എന്നാല്‍ നാലായിക്കോട്ടേ' പട്ടര്‍

'എന്നാപ്പിന്നെ നീ മാത്രമായി എന്തിനാടാ സൂര്യാ കുടിക്കാതിരിക്കുന്നത്, മുരളിയെ ആറെണ്ണം തികച്ചും എടുത്തോ' രാജേഷിന്റെ വക.

എന്തിന്നാ ആറെണ്ണം എന്ന് വെറുതെ ചോദിക്കണ്ടല്ലോ, അവസാനത്തെ രണ്ടെണ്ണം എനിക്കാണ്, എന്നും ഡബിള്‍ ആണ് എനിക്ക്, ഒമ്ലെറ്റ് മുതല്‍ ബസ്സിലെ സീറ്റ്‌ വരെ !

അതുകൂടി കഴിഞ്ഞപ്പോള്‍ ഏകദേശം ആയി, എങ്ങോട്ടോ നടക്കുന്നു, ആരൊക്കെയോ പിടിക്കുന്നു, എവിടെയോ കിടന്നു, ഉണര്‍ന്നു വാച്ചില്‍ നോക്കുമ്പോള്‍ 9 മണി. എന്റെ പുണ്യാളച്ചാ ബസ്‌ 10  മണിക്കാണ്. ഒരു മണിക്കൂര്‍, തിരുവയറൊഴിക്കണം, തിരുകുളി കുളിക്കണം, തിരുവായ ക്ലീന്‍ ചെയ്യണം, എന്തെല്ലാം പണി കിടക്കുന്നു.

എല്ലാം കഴിഞ്ഞു ഡ്രസ്സ്‌ ചെയ്യുമ്പോള്‍, എല്ലാ അവന്മാരും പരസ്പരം കെട്ടിപിടിച്ചു കിടപ്പാണ്. മാറി മാറി വിളിച്ചു നോക്കി, ങേ ഹെ ഒരെണ്ണം അനങ്ങിയില്ല.

താഴെ ചെന്നു മുരളിയിട് കാര്യം പറഞ്ഞു. നേരെ വിട്ടു. ചെല്ലുമ്പോള്‍ വണ്ടി മOത്തിന്റെ  മുന്നില്‍ തന്നെ ഉണ്ട്, രാധാകൃഷ്ണന്‍ കലിതുള്ളി നില്‍ക്കുന്നു.

'എന്തൂട്ടനെന്റിഷ്ടാ, ഞങ്ങള്‍ എത്ര നേരായി കാത്തു നില്‍ക്കുന്നു ?'

'ഒരബദ്ധം പറ്റി രാധ, വേലായുധേട്ടാ..... ' ഞാന്‍ സ്നേഹത്തോടെ വിളിച്ചു.

'ങാ, എത്തിയാ സൂര്യ, സാധനണ്ടാ ?'

'ഇല്ല ശരിയാക്കാം'

'സാധനോക്കെ എന്റെ കയ്യിലുണ്ട് നീ പോയി ഡ്രെസ്സാ മാറിയേ' രാധാകൃഷ്ണന്‍.

'ഡ്രെസ്സ് മാറണോ, ഇതു പോരെ ?'

എന്നാ ഒരു തൊപ്പിയും കൂടി വെച്ചോ, നന്നായിരിക്കും, ലോകത്ത് ഏതു ബസ്സിന്റെ കിളിയാണ് ഭായി ജീന്‍സും ടീഷര്‍ട്ടും ഇട്ടു നടക്കുന്നത്'

'കിളിയാ ?' ഞാന്‍ ചെറുതായി ഞെട്ടി.

'അല്ലാ, എന്നാ നീ കല്യാണ്‍ സാമിടെ മോനാണെന്നു പറഞ്ഞു വന്നോ. ഈ ഗഡി ഇതു ചളിയാക്കാനുള്ള എല്ലാ ലക്ഷണവും ഉണ്ട് വേലായുധേട്ടാ...'

'കളിക്കാണ്ട് നീ ഡ്രസ്സ്‌ മാറിയേ മോനെ' വേലായുധേട്ടന്‍ കൂടി പറഞ്ഞ സ്ഥിതിക്ക് ഇനി രക്ഷയില്ലാ.

'രാധാകൃഷ്ണാ.. എന്റെ കയ്യില്‍ ഈ ജാതി ഡ്രെസ്സേ ഉള്ളെടാ'

'അതെനിക്കറിയാം, നിന്റെ ഭാഗിന്റെ സൈഡില്‍ ഒരു ലുങ്കി വച്ചിട്ടുണ്ട്, വേഗം ഉടുത്തോണ്ട് വാ'

ഓഹോ അപ്പോള്‍ അവന്‍ കരുതി തന്നെയാ വന്നത്. ഞാന്‍ ലുങ്കിയും ഒരു ടീഷര്‍ട്ടും ഒക്കെ ആയി വന്നപ്പോള്‍, വേലായുധേട്ടന്‍ ഒരു ബക്കറ്റ് കയ്യില്‍ തന്നിട്ട്  'ആ പൈപ്പില്‍ നിന്നും ലേശം വെള്ളം  ഇങ്ങെടുത്തോ മോനെ'

വേഷം കെട്ടിയില്ലേ ആടിക്കളയാം !

വെള്ളം കൊണ്ട് വരുമ്പോള്‍, വേറൊരു കന്യാസ്ത്രീ, കുറച്ചു പ്രായമുള്ള ഒരു മുതല്‍, നമ്മുടെ ഡ്രൈവന്‍മാരെ  ചോദ്യം ചെയ്യുന്നു. എന്നെ കണ്ടതും എന്റെ നേരെ ഒരു ചോദ്യം

'ക്രിസ്ത്യാനി ആണല്ലേ ?' ഇതെന്തു കുരിശ് എന്ന് ഞാന്‍ അന്തം വിട്ടു രാധാകൃഷ്ണന്റെ മുഖത്തേക്ക് ഒരു നോട്ടം.

'സൈമണ്‍ എന്നാണല്ലേ പേര് ?' വീണ്ടും ചോദ്യം !

'അതെന്നു ഞാന്‍ പറഞ്ഞില്ലേ മദറെ' വേലയുധേട്ടനാണ്, അപ്പൊ അങ്ങേരുടെ ആണ് തിരക്കഥയിലെ ഈ മാറ്റം. മദര്‍ ഇവിടുത്തെ പുലിയായിരിക്കും.

'നിങ്ങള്‍ പറഞ്ഞിട്ടെന്താ കാര്യം, ഇയ്യാള്‍ പറയട്ടെ' എന്നെ ചൂണ്ടിക്കൊണ്ട്.

'അതേ, അതെന്ന്യ പേര്' ഞാന്‍.

'ഉം' മദര്‍ ഒന്നിരുത്തി മൂളി.

'എന്താ മതിയാവോ ?' വേലായുധേട്ടന്‍ ഒരു കലിപ്പ് ചോദ്യം.

'എന്താ ചോദിച്ചേ ?' മദര്‍ ചെറുതായി ഒന്ന് ചൂടായി.

'ഇതു മതിയാവോ, അതോ കുട്ടങ്കുളങ്ങര SI യുടെ കയ്യില്‍ നിന്നും ഒരു സര്‍ട്ടിഫിക്കറ്റ് വേണോ എന്നറിയാന്‍ ചോദിച്ചതാണ്'. വേലായുധേട്ടന്‍ ഫുള്‍ കലിപ്പിലാണ്.

'എന്റെ മദരെ, ഒന്ന് പോയെ, ഈ വേലായുധേട്ടന്‍ ഇങ്ങനെയാ, വേലായുധേട്ടാ അതാ വിട്ടേ' ഞാന്‍ കേറി ഇടപെട്ടു

'ഉം' വേലായുധേട്ടന്‍ തിരിഞ്ഞു നടന്നു.

'ഹും' മദറും

തക്ക സമയത്ത് ഇടപെടാന്‍ തോന്നിയതിനു 'ഉദ്ദിഷ്ട കാര്യത്തിനു ഉപകാര സ്മരണ' അല്ലെങ്കില്‍ ഇന്നത്തെ യാത്രാ കുന്തസ്യാ ആയേനെ !

'താനൊന്നിങ്ങു വന്നെ' മദര്‍ എന്നോടാണ്.

'എന്തേ മദര്‍ ?' ഞാന്‍ വിനീത വിധേയന്റെ ശബ്ദത്തില്‍.

'ക്രിസ്ത്യാനി ആയതു കൊണ്ട് പറയുകയാണ്‌, അവരുടെ കൂടെ കൂടി അധികം നടക്കണ്ട. അവന്മാര്‍ക്കെതിരെ എന്തായാലും ഞാന്‍ കംപ്ലൈന്റ്റ്‌ ചെയ്യുന്നുണ്ട്'

'അത് വേണ്ട മദറെ, ആളൊരു പാവമാണ്. ഇനി പ്രശ്നം ഒന്നും ഉണ്ടാകില്ല'

'ശരി ശരി, താന്‍ വല്ലതും കഴിച്ചോ ? വേണമെങ്ങില്‍ കുശിനിയില്‍ പോയി എന്തെങ്ങിലും വാങ്ങി കഴിച്ചോ'

'വേണ്ട മദര്‍, താങ്ക്സ്'

അത് കേട്ടതും മദര്‍ എന്നെ നോക്കി വെളുക്കെ ഒന്ന് ചിരിച്ചു. ഇത്രയും വേഗം ഇവരുടെ ഗുഡ് ബുക്കില്‍ കയറി പറ്റാം എന്ന് ഞാനും വിചാരിച്ചില്ല.

അവിടത്തെ കാരുണ്യത്തിനു സ്തോത്രം സ്തോത്രം !

'കര്‍ത്താവേ ഞാന്‍ ഭര്‍ത്താവില്ലാതെഴു പെറ്റു......
കര്‍ത്താവിന്റെ കൃപ കൊണ്ട് ഏഴും ചത്തു....'

എന്റെ മനസ്സ് ആഹ്ലാദം കൊണ്ട് തുള്ളി ചാടി. നേരെ രാധാകൃഷ്ണന്റെ ട്രൌസറിന്റെ പോക്കറ്റില്‍ കയ്യിട്ടു (അയ്യേ, അതൊന്നുമല്ല കാര്യം). ഒരു ഹാഫ് അതിനകത്തുണ്ടാകും എന്നെനിക്കറിയാം.

ജം ജം ജം തലയ്ക്കു ഒരു മൂനടി അടിച്ചു... കുപ്പി തുറന്നു,, നേരെ ഒരു കവിള്‍ ഞാന്‍

നീട്ടി വേലയുധേട്ടന്, 'അടിക്ക് ചേട്ടാ അടിക്ക്' ചേട്ടനും രണ്ടു കവിള്‍, പിന്നെ രാധാകൃഷ്ണന്‍, പിന്നെ ഞാന്‍ അങ്ങിനെ അങ്ങിനെ രണ്ടേ രണ്ടു റൌണ്ട്, കുപ്പി കാലി.

അപ്പൊ ദേ വരുന്നു....

ഭാര്‍ഗവി നിലയത്തിലെ മാലാഖമാര്...........................,
വരി വരിയായ്...................., നിലാവിന്റെയും ട്യൂബ് ലൈറ്റിന്റെയും വെളിച്ചത്തില്‍ അവര്‍ ശരിക്കും സ്വര്‍ഗത്തില്‍ നിന്നും ഇറങ്ങി വരുന്ന പോലെ തോന്നി, വെളുത്ത വസ്ത്രം ധരിച്ചു..... വെളുത്ത നിറത്തില്.............‍, അവരുടെ മുഖം നിലാ വെളിച്ചത്തില്‍ തിളങ്ങുന്നു, ഓരോരോ ബാഗും തൂക്കി, എല്ലാവരും ഏതോ കണ്‍വെയര്‍ ബെല്‍റ്റിലൂടെ അടുത്തടുത്ത്‌ വരുന്നു. എന്തൊരു മനോഹരമായ കാഴ്ച ! (എന്തൊരു നല്ല റം !) ഓരോരുത്തരായി എന്റെ മുന്നിലൂടെ നടന്നു വണ്ടിയില്‍ കയറുന്നു.

ഒരു മുഖം മാത്രം ചിരിച്ചുകൊണ്ട് വരുന്നു, 'എലിസബത്ത്‌' ! എല്ലാവരും കയറിയിട്ടും ഞാന്‍ മൊത്തത്തിലുള്ള ആ കാഴ്ച്ചയുടെ സുഖത്തില്‍ അന്തിച്ചു നിന്നുപോയി.

'വന്നു കേറഡാപ്പാ' രാധാകൃഷ്ണന്‍.

അപ്പൊ സംഭവബഹുലമായ മൂന്ന് ദിവസങ്ങള്‍, ഇവിടെന്നു തുടങ്ങുന്നു, എന്റെ മാതാവേ !

(ഈ യാത്രയിലെ വിശേഷങ്ങള്‍ അടുത്ത 'എപ്പിഡോസില്'‍, പരിപാടിക്ക് സ്പോന്സെര്‍മാരെ കിട്ടിയാല്‍ കൊള്ളാം, സ്പോണ്‍സര്‍ഷിപ്പ് 'കൂര്‍ക്ക ഇട്ട പോര്‍ക്കോ' അല്ലെങ്കില്‍ 'മുട്ടന്‍ റോസ്റ്റ് വിത്ത്‌ പാലപ്പമോ', ചുരുങ്ങിയ പക്ഷം ഒരു '10 വാത്ത് മുട്ടയെങ്കിലും' ആവാം.

അല്ലാതെ വലക്കാരി വിശാലക്ഷിയുടെ പോലെ  ...  ക്ടാവിന് കൊടുക്കാന്‍ വെച്ച  ഷര്ട്ടിന്റെ  ബട്ടന്‍ പോലുള്ള നാല് കാട മുട്ട കൊണ്ടൊന്നും ഈ സ്രാവിനെ വീഴ്ത്താന്‍ നോക്കേണ്ടാ !)

Wednesday, January 6, 2010

കര്‍ത്താവ്‌ ക്ഷമിക്കും (ഭാഗം 7)

(ഇന്നാ പിടിച്ചോ അടുത്ത ഭാഗം !)

പറയാതെ തന്നെ അതേതു ബോംബാണെന്നു ഊഹിച്ചവര്‍ക്ക് വേണ്ടി അതേ, അത് തന്നെ, അല്ലാത്തവരുടെ അറിവിലേക്കായി അത്, സാക്ഷാല്‍ എലിസബത്ത് മഹാ-കന്യാസ്ത്രീ !

ഞാന്‍ ക്ലാസ്സിലൂടെ  നടന്നു  ചെല്ലുമ്പോള്‍ എലിസബത്ത് ചുവന്ന കണ്ണുകളും ആന്‍ മേരി ചമ്മിയ മുഖവും ആയി ഇരിക്കുന്നു.  എന്താണവോ സംഭവിച്ചത് ?

'എന്ത് പറ്റി എലിസബത്തെ ?'
എലിസബത്ത്‌ ഒന്നും പറഞ്ഞില്ല എന്നുമാത്രമല്ല കണ്ണ് ഒന്നുകൂടി ചുവപ്പിച്ചു കൊണ്ട് ഒരു നോട്ടം. എങ്ങനാണാവോ തോന്നുമ്പോള്‍ ഇതു ചുവപ്പിക്കാന്‍ കഴിയുന്നത്‌.

പെണ്ണല്ലേ  ജാതി  എന്താ  കഴിയാത്തതല്ലേ ?

'എന്താ സംഭവം ?' ഞാന്‍ വീണ്ടും.

'സംഭവം, ഞാന്‍ വൈകിട്ട് കാണുമ്പോള്‍ പറയാം' ഫുള്‍ കലിപ്പിലാണ്. എന്റമ്മോ ഈ സാധനത്തിനെ ഇങ്ങനെ ഇതാദ്യമായാണ് കാണുന്നത്. എന്ത് പണ്ടാരം ആണാവോ ? പെട്ടെന്ന് എനിക്ക്  തോന്നി,  ഇവളുമാരെ എല്ലാം താങ്ങി നടക്കുന്ന എനിക്കിത് കിട്ടണം. എനിക്ക് എന്തോ  ഭയങ്കര ദേഷ്യം വന്നു.

ഞാന്‍ പറഞ്ഞു 'അതിനു ആര് കാണുന്നു,  ഇനി നമ്മള്‍ കാണണോ  വേണ്ടയോ എന്ന്  ഞാന്‍ തീരുമാനിക്കും'

സംഭവം എലിസബത്തിന് പെട്ടെന്ന് മനസ്സിലായില്ല. ഞാന്‍ നിര്‍ത്തിയില്ല, എനിക്ക് ശരിക്കും ഇളകി.

'മനസ്സിലായാ എലിസബത്തിന് ? അത് നല്ല ശബ്ദത്തിലായിരുന്നു. ഞാന്‍ ചുറ്റും നോക്കിയപ്പോള്‍ ക്ലാസ്സ്‌ നിശബ്ദം. ആന്‍ മേരി എന്നെ ഒന്ന് നോക്കി അപ്പോള്‍ തന്നെ തല താഴ്ത്തി ഇരുന്നു.

അവളുടെയൊക്കെ @#&$*! എന്ന് മനസ്സില്‍ പറഞ്ഞു ഞാന്‍ ആ മേശപ്പുറത്ത് ഒരൊറ്റ അടിയാണ്, സാമന്യം നല്ല ശബ്ദത്തില്‍. ക്ലാസ്സിന്റെ അവസ്ഥ മൊത്തത്തില്‍ ഭീതിതമായി.

ഞാന്‍ നേരെ ക്ലാസ്സില്‍ ചെന്നിരുന്നു. എന്നാലും അവളുടെ ഒരു  അഹന്ത. എനിക്ക് ദേഷ്യം അടക്കാന്‍ പറ്റിയില്ല. 

'കന്യാസ്ത്രീ ആയിപ്പോയി അല്ലെങ്കില്‍ ഞാന്‍ ...' അറിയാതെ വായില്‍ നിന്നും ചാടി.

'അല്ലെങ്കില്‍ ?' നോക്കുമ്പോള്‍ നന്ദന്‍ നേരെ മുന്‍പില്‍ നില്‍ക്കുന്നു. ഈ തെണ്ടി കറക്റ്റ്  ആയി എങ്ങനെ  എത്തി ? മാത്രമല്ല അവന്റെ മുഖത്ത്  ഒരു പുഴുങ്ങിയ ചിരിയും.

'ഒന്ന് പോയെടാ, നിന്നു തോലിക്കാതെ'

'എടാ, നിന്നെ ഞാന്‍ നോക്കി നടക്കുകയായിരുന്നു, ഇതു ആലയിലാണ് നീ മേയുന്നത് എന്നറിയാന്‍, കിട്ടിയെടാ കിട്ടി, ഇതു മതി, ബാക്കി ഞാന്‍ പിടിച്ചോളാം'

'നീ എന്റെ വായില്‍ നിന്നും എന്തെങ്ങിലും കേള്‍ക്കും, പോടാ ചൊറിയാതെ' അവന്‍ എന്തെങ്ങിലും ചെയ്യട്ടെ, എനിക്ക് കലിപ്പ് തീര്‍ന്നിട്ടില്ലായിരുന്നു.

ഞാന്‍ ബുക്കെടുത്ത്‌ ഇറങ്ങി നടന്നു, ഇംഗ്ലീഷ് ക്ലാസ്സ്‌ സ്റ്റാര്‍ട്ട്‌ ചെയ്തിട്ടുണ്ടായിരുന്നു. ഞാന്‍ ആരോടും ഒന്നും ചോദിക്കാതെ ക്ലാസ്സിലൂടെ നേരെ അങ്ങ് നടന്നുപോയി. പാവം വിജയം ടീച്ചര്‍.  ഞാന്‍ ഒന്നും ശ്രദ്ധിച്ചില്ല നേരെ ദിയെഫെയുടെ മുന്നില്‍ ഇരുന്നു. അഞ്ചാറു സിഗരെട്ടു ഒരുമിച്ചു വലിക്കാനാണ് ആദ്യം തോന്നിയത്. പക്ഷെ അത് ബുദ്ധിമുട്ടായത് കൊണ്ട് ഒന്നൊന്നായി വലിച്ചു കൊണ്ടിരുന്നു.  അഞ്ചു മിനുട്ട് കഴിഞ്ഞപ്പോള്‍ ഗോപിയും രാജേഷും ക്ലസ്സിലേക്ക്‌ ഓടിപ്പോകുന്നു. വിളിക്കണം എന്ന് തോന്നിയതാണ്. പിന്നെ തോന്നി ഒറ്റെക്കിരിക്കാം അതാ നല്ലത് എന്ന്.

പക്ഷെ പെട്ടെന്ന് തന്നെ   അവന്മാര്‍ തിരിച്ചെത്തി. 'എന്താടാ ഒറ്റെക്കിരിക്കുന്നത് ?'

'ഏയ്‌ ഒന്നുമില്ല, ക്ലാസ്സില്‍ ഇരിക്കാന്‍ ഒരു സുഖം തോന്നുന്നില്ല'

പെട്ടെന്ന് വേറൊരു ശബ്ദം 'മുഴുവനും പറയെടാ !' നന്ദനാണ്.

നശിപ്പിച്ചു ! ഞാന്‍ പോന്നത് കാരണം ഇരിക്കപൊറുതി ഇല്ലാതെ എന്തെങ്ങിലും നുണ പറഞ്ഞു ഇറങ്ങിയാതാവും, തെണ്ടി.

'ഞാന്‍ പറയാം ബാക്കി,  അവനോടു  ആരും  ചോദിക്കണ്ട'  നന്ദന്‍ അതങ്ങോട്ടു    ഏറ്റെടുത്തു. രാജേഷും വിജയനും പരസ്പരം മിഴിച്ചു നോക്കി. നന്ദന്‍ ക്ലാസ്സില്‍ വച്ചുണ്ടായ സംഭവം അവരോടു പറഞ്ഞു.

'എന്താണ്ടാ ഇതു ?' വിജയന്‍.

'എല്ലാവരും ഇരിക്ക്, ഞാന്‍ പറയാം.' ഒരു കഥ എനിക്ക് തരണേ എന്ന് സാക്ഷാല്‍ 'പയ്യനെ'  മനസ്സില്‍ ധ്യാനിച്ച്‌ തുടങ്ങി.

'അതായത് ഞാന്‍ ആദ്യം ആ ക്ലാസ്സിലെ ഒരു പെണ്ണിനെ നോക്കിയതും പിന്നെ ആ പെണ്ണ് ഗോപിക്ക് ലൈന്‍ ആയതും അത് പിന്നീട് പൊളിഞ്ഞതും എല്ലാം നിങ്ങള്‍ക്കറിയാമല്ലോ ?

'ആ, അതും ഇതും തമ്മില്‍ എന്താടാ ബന്ധം ?' രാജേഷ്‌.

എടാ 'പൂമാനമേ' അത് തന്നെയാ ഞാനും ആലോചിക്കുന്നത് ! എങ്ങനാ ഇതു തമ്മില്‍ ഒന്ന് ബന്ധിപ്പിക്കുന്നത് എന്ന് !

പക്ഷെ എന്റെ തുടക്കം മോശമായില്ല എന്നെനിക്കു തോന്നി. ഓക്കേ, അപ്പോള്‍ അടുത്ത ഭാഗം...

'അന്ന് ഗോപി വെള്ളമടിച്ചു കരഞ്ഞ ദിവസം, ഞാന്‍ ഈ സിസ്ടരെ കണ്ടിരുന്നു, നാന്‍ അവരോടു ഈ ഗോപിയുടെയും ആന്‍ മേരിയുടെയും കാര്യം ചോദിച്ചു. പക്ഷെ അന്നവര്‍ ഒന്നും അറിയില്ലെന്നാണ് പറഞ്ഞത്. പിന്നീട് അതായത് ഇന്നലെ ആന്‍ മേരി എന്നോട് പറഞ്ഞു അവര്‍ സിസ്റ്റര്‍ പറഞ്ഞിട്ടാണ് അതില്‍  നിന്നും മാറിയത് എന്ന്. അത് കൊണ്ട് ഞാന്‍ അതിനെ എന്ന് അവരുടെ ക്ലാസ്സില്‍ വച്ചു ചെറുതായി ഒന്ന് പേടിപ്പിച്ചു. അത്രയേ ഉള്ളു'

കര്‍ത്താവേ കാത്തോളണമേ !

'ആ.... ഞാന്‍ എങ്ങോട്ട് വരുമ്പോള്‍ ആ സിസ്റ്റര്‍ കണ്ണൊക്കെ കലങ്ങി ഇരിക്കുന്നുണ്ട്‌, അപ്പൊ അതാണു കാര്യം. കാര്യം ഗോപി നമ്മുടെ ഫ്രണ്ട് ആണ് എന്നാലും ഒരു കന്യസ്ത്രീയോടു ഇങ്ങനെയൊന്നും ചെയ്യാന്‍ പടില്ലെടാ'. നന്ദന്‍ പറഞ്ഞവസാനിപ്പിച്ചു.

അതേറ്റു ! അതേറ്റു ! എന്ന് തുള്ളിചാടണം എന്ന് തോന്നി. ലോക-കുറുക്കനെ ആണ് ഞാന്‍ മറച്ചിരിക്കുന്നത്.

സാക്ഷാല്‍ ക്രിസ്ത്യാനി, രാജേഷ്‌ പക്ഷെ പറഞ്ഞത് , 'കോപ്പ് എടവാട് കാണിച്ചിട്ട് എന്തൂട്ട്  കന്യാസ്ത്രീ, നീ കൊടുത്തത് നന്നായെടാ'.

'പട്ടരെവിടെയാടാ ?' വിജയന്‍

'പട്ടരും ചാത്തനും ദിനേശനും, ഒറ്റ അവന്മാരെയും കാലത്ത് മുതല്‍ കാണാനില്ല. നന്ദന്‍ പറഞ്ഞു.

അപ്പൊ എനിക്ക് തോന്നി എവിടേയോ പ്രോഗ്രാം സ്റ്റാര്‍ട്ട്‌ ചെയ്തിട്ടുണ്ട്, അത് മാരാര്‍ റോഡിലെ വൈന്‍ ഷോപ്പിലാണോ അതോ കോലോത്തും പാടത്തെ ഷാപ്പിലാണോ എന്ന് മാത്രം നോക്കിയാല്‍ മതി. രണ്ടായാലും ഇന്നു ഒന്ന് പൂശണം.

'വാടാ രണ്ടെണ്ണം അടിക്കാം' ഞാന്‍ ബാക്കിയുള്ള 'അവന്മാരെ' വിളിച്ചു.

'കശുണ്ടോടാ കയ്യില്‍ ?' ചപ്പലുണ്ണിയുടെ ചോദ്യം.

'അതോക്കെയുന്ടെടാ' എന്ന് വിജയന്‍

'ഇന്നു എന്റെ വക !' രാജേഷ്‌. ദൈവമേ എല്ലാ അവന്മാരും എന്ന് കശുപെട്ടി പോളിച്ചാണോ വന്നിരിക്കുന്നത്.

തിരിച്ചു വരുമ്പോള്‍, എല്ലാവരും നല്ല ഫിറ്റ്‌, നന്ദനും രാജേഷും ഒഴിച്ച്, ആ തെണ്ടികള്‍  കുടിക്കില്ലല്ലോ ! (കുടിക്കുവാരുന്നു ഇതിലും നല്ലത്, അല്പമെങ്ങിലും വെളിവുണ്ടാകുമായിരുന്നു, കേട്ടിട്ടില്ലേ 'കുടിക്കാത്ത എട്ടുകാലിയെക്കാള്‍ നല്ലത്,  കുടിക്കുന്ന സ്റാന്‍ലി ആണെന്ന് !')

മോര്‍ണിംഗ് ബാച്ചുകള്‍ പോയിക്കാണണം. നന്നായി, അല്ലെങ്കില്‍ അവളുമാരെ വീണ്ടും കാണേണ്ടി വരുമായിരുന്നു.

പക്ഷെ എന്തായിരിക്കും എലിസബത്തിന് പറ്റിയത് ? എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല. വീണ്ടും ടെയെഫെയുടെ മുന്‍പില്‍ ഇരിക്കുമ്പോള്‍ തോന്നി, പോകാമായിരുന്നു, അവന്മാര്‍ പല പ്രാവശ്യം വിളിച്ചതാണ്. സിനിമക്ക്. പക്ഷെ ഒരു മൂഡ്‌ തോന്നിയില്ല. ഒരു സിഗരട്ട് കത്തിച്ചു അങ്ങിനെ കാറ്റ് കൊണ്ടിരിക്കുമ്പോള്‍, ദേ പോകുന്നു രാധാകൃഷ്ണന്‍ സാര്‍. പെട്ടെന്ന് സിഗരട്ട് കളഞ്ഞുകൊണ്ട്  ഞാന്‍ എഴുന്നേറ്റു. സാറിനു മനസ്സിലായിക്കാണണം, എന്റെ എഴുന്നേല്‍ക്കുന്ന രീതി കണ്ടാല്‍ ആര്‍ക്കും മനസ്സിലാകും. സാര്‍ ചിരിച്ചുകൊണ്ട് പോയി. കൂടെ എന്റെ ഒരു സിഗരെട്ടും പോയി !

പെട്ടെന്ന് ആന്‍ മേരി ഗേറ്റ് കടന്നു വന്നു. അപ്പൊ ഇവറ്റകള്‍ പോയിട്ടില്ലേ ? ചതിച്ചോ കര്‍ത്താവേ  ? (കൂടെ കൂടെ ഇങ്ങനെ  വിളിക്കുന്നത്‌ കൊണ്ട് കര്‍ത്താവിനു വിഷമം ഒന്നും അവുല്ലല്ലോ അല്ലേ ?)

'ആഹാ, ഇവിടുണ്ടായിരുന്നോ ?' ചോദ്യം എന്നോടാണ്.

'ഉം എന്ത് വേണം ?' ഞാന്‍ ചോദിച്ചു.

അതേ ടോണില്‍ ആന്‍ 'ഹും നല്ല ഫിറ്റ്‌ ആണല്ലേ ? എന്തെങ്ങിലും ആകട്ടെ, വേഗം വാ'

'എങ്ങോട്ട് ?'

'എങ്ങോട്ട് ആണെന്നോ, നല്ല കഥയായി. സിസ്റ്റര്‍ ഇന്നു കരച്ചിലോടു കരച്ചിലായിരുന്നു. ഒന്നും കഴിച്ചിട്ടും ഇല്ല. എന്ത് പണിയാ സുര്യന്‍ കാണിച്ചത്, അത് ഒരു പാവമല്ലേ ? അതിനെ ഇങ്ങനെ വിഷമിപ്പിക്കേണ്ട എന്ത് കാര്യമാണ് ഉണ്ടായത് ?'

'ഓ, അതാണോ കാര്യം, എന്നെ ഭരിക്കാന്‍ ആര്‍ക്കും ഞാന്‍ ലൈസെന്‍സ് കൊടുത്തിട്ടില്ല. എന്ത് കാര്യത്തിനാണ് കാലത്തെ തന്നെ അവള്‍ എന്നോട് ചൂടായത് ?'

'എന്നാലും എന്തെങ്ങിലും ആവട്ടെ, ഇപ്പൊ ഒന്ന് വന്നു അവരെ ഒന്ന് സമാധാനിപ്പിച്ചു വിട്.'

'എന്തിനു ?'

'വാശി കള സുര്യാ, എല്ലാം ഞാന്‍ പറയാം, ആദ്യം സിസ്ടരെ ഒന്ന് പിരിച്ചു വിട് \'

'എന്ത് പറയാമെന്നു ?'

'നടന്നതെന്താണെന്ന് ഞാന്‍  പറയാം, ഇപ്പൊ വാ' ആന്‍ എന്നെ പിടിച്ചു വലിച്ചു കൊണ്ട് നടന്നു. ഇന്നലെ തോന്നിയ ആ സുഖം ഒന്നും എന്ന് തോന്നിയില്ല. ഇതിങ്ങനെ അവസാനിക്കും എങ്കില്‍ അതല്ലേ നല്ലത് എന്ന് തോന്നി.

അവരുടെ ക്ലാസ്സിലേക്ക് കയറുമ്പോള്‍ എലിസബത്ത് ഏതാണ്ട് മരിച്ച വീട്ടിലെ പെണ്ണുങ്ങളുടെ പോലെ ഇരിക്കുന്നു. കണ്ണും മുഖവും എല്ലാം വീര്‍ത്തു കെട്ടി, ഡ്രസ്സ്‌ എല്ലാം 'നാശകോശമായി', ആകെ കൂടി ഒരു 'കെട്ടിയോന്‍ മരിച്ച കെട്ടിയോളുടെ' പോലെ.

എന്നെ കണ്ടതും കണ്ണീര്‍ ഡാമിന്റെ ഒരു ഷട്ടര്‍ കൂടി തുറന്നു. കൂടെ സൈക്കിള്‍ ചെയിന്‍ ചെയിന്‍ കവറില്‍ ഒരയുന്ന പോലെ വിട്ടു  വിട്ടുള്ള കരച്ചിലിന്റെ ശബ്ദവും.

ഞാന്‍ പോയി അടുത്തിരുന്നു. ഇപ്പോള്‍ ആരെങ്ങിലും കണ്ടാല്‍ തീര്‍ന്നു ! പിന്നെ അജിത്‌ സാറിനെ ചെന്നു കണ്ടു കാലുപിടിച്ചാല്‍ മതി, പുതിയ അഡ്മിഷന്. അതെന്തെങ്ങിലും ആവട്ടെ, ഈ കരച്ചില്‍ കാണുമ്പോള്‍ സാധനത്തിനെ അങ്ങോട്ട്‌ തല്ലി കൊന്നാലോ എന്ന് തോന്നുന്നുണ്ട്.

എന്നാലും 'മാന്നാര്‍ മത്തായി' സ്റ്റൈലില്‍, എല്ലാം അടക്കിക്കൊണ്ടു, ഞാന്‍ പറഞ്ഞു.

'എന്തേ എലിസബത്തിന് പറ്റിയത്, ഇതുപോലെ കരയാന്‍ ഞാന്‍ ഒന്നും പറഞ്ഞില്ലല്ലോ ? ഇനി അഥവാ ഞാന്‍ എന്തെങ്ങിലും പറഞ്ഞിട്ടുണ്ടെങ്ങില്‍ എലിസബത്ത്‌ അതങ്ങോട്ടു ക്ഷമിക്ക്.'

എലിസബത്ത്‌ മറുപടിയായി കരച്ചിലിനെ, ഏങ്ങലടി എന്ന രൂപത്തിലാക്കി പബ്ലിഷ് ചെയ്തു. ഫലത്തില്‍ രണ്ടും ഒന്ന് തന്നെ, ശല്യം...

ഒരല്പം മധുരം ചേര്‍ത്താലേ, ഈ വക ക്ടാങ്ങളെ ഒന്ന് ഒതുക്കാന്‍ പറ്റു, അത് കൊണ്ട്  ഞാന്‍ 'ആ മറ്റേ ചെക്കന്‍ പറഞ്ഞ പോലെ കുറച്ചു പഞ്ചസാര ഇട്ടു അങ്ങോട്ട്‌ ഇളക്കികൊണ്ട്' (സല്ലാപം) വീണ്ടും....

'എലിസബത്തെ...... (നോ റിപ്ലെ)....... എലിസബത്തോ...... (നോ റിപ്ലെ)....... ഏലിക്കുട്ടിയെ (ബാലചന്ദ്രമേനോന്‍ 'ടോണ്‍')................ ഏലിയാമോ.........'

അവസാനത്തെ രണ്ടെണ്ണം അങ്ങോട്ട്‌ ചെന്നപ്പോള്‍, എലിസബത്ത് തീവണ്ടി ഇടിച്ചിട്ടു ഒന്നും പറ്റാതെ എഴുന്നേറ്റു വന്നവനെ കാണുന്ന ഒരു ഭാവത്തില്‍ എന്നെ നോക്കി. കണ്ണ് രണ്ടും തള്ളി,  ഇപ്പോള്‍ പുറത്തേക്കു ചാടും എന്ന നില.

കൈ മുഖത്തിന്‌ താഴെ പിടിക്കണോ ? അല്ല, ഇനി എങ്ങാന്‍ അത് രണ്ടും ഊരി വീണാലോ ?

ഒരു ചിരി ക്ലാസിന്റെ വാതിലില്‍ എവിടെയോ വന്നു നില്‍ക്കുന്നുണ്ട്. അവളുടെ ഭാവം കണ്ടാല്‍ അറിയാം, ഇപ്പൊ അത് കേറി പിടിക്കും. അത് ഇരിക്കുന്ന ബഞ്ച് വരെ എത്തി, പെട്ടെന്ന്  എലിസബത്തിന്റെ മുഖത്ത് കയറി അങ്ങ് സ്വയം അവരോധിച്ചു.

ഒരു ചിരി ! (കാര്യം എന്തൊക്കെ ആണെങ്കിലും ആ ചിരിക്കൊരു ഭംഗിയൊക്കെ ഉണ്ട് !)

'ഈ സൂര്യന്‍‍,  (ഏതു സൂര്യന്‍, &$#*@ !)  കാലത്തെ ഞാന്‍ ചോദിച്ചത് വിഷമം ആയി എന്ന് തോന്നുന്നു, അത് കൊണ്ടാണോ പോയി ശരിക്കും 'മിനുങ്ങിയത്'. എലിസബത്ത്‌ ഇങ്ങോട്ട്.

പെണ്ണുങ്ങളുടെ ഒരു കാര്യം, എന്തെല്ലാം വ്യാഖാനങ്ങള്‍ !

മിനുങ്ങുകയോ ? അപ്പൊ ഞാന്‍ പാല-പൊന്‍കുന്നം അച്ചായനായി ആണോ ഇവളുമാര് കണ്ടിരിക്കുന്നത് ? അതോ ഇവളുമാരുടെ മുണ്ടക്കയം - കട്ടപ്പനക്കാരന്‍ കെട്ടിയവന്‍ റബ്ബര്‍ വര്‍ക്കിയോ  ?

എന്തായാലും വടി തന്നിട്ട് അടിക്കാതെ പോകുന്നത് ശരിയല്ലല്ലോ !

'പക്ഷെ എലിസബത്ത്‌ എന്നെ മനസ്സിലാക്കാതിരുന്നത് മോശമായി'

നേരത്തെ കണ്ടതിനേക്കാളും  മോശമായി എലിസബത്തിന്റെ മുഖം. ഈ കോലത്തില്‍ ഇതിനെ ഇവിടെ വിടുന്നതാണ് നല്ലത്. മാത്രമല്ല ആന്‍ മേരി മയിലെണ്ണയില്‍ വീണ ഈര്‍ക്കില്‍ മാതിരി ആണ് നില്‍ക്കുന്നത്. അത് കൊണ്ട് ഇത്രയും വേഗം സംഗതിയുടെ കിടപ്പ് അറിയണം.

'വേഗം വാ, ആരെങ്കിലും കണ്ടാല്‍, അത് മതി എല്ലാവരും ഇന്നുതന്നെ പുറത്താകും' ഇതും പറഞ്ഞു ഞാന്‍ പുറത്തോട്ടിറങ്ങി. പിന്നാലെ ആന്‍ മേരിയും എലിസബത്തും.

പുറത്തിറങ്ങിയപ്പോള്‍ ഞാന്‍ പറഞ്ഞു. 'എന്നാല്‍ പിന്നെ കാണാം' എന്നിട്ട് ആനിന്റെ മുഖത്ത് നോക്കി, എന്താണ് പരിപാടി എന്ന ഭാവത്തില്‍. ആന്‍ എന്നെ കണ്ണിറുക്കി കാണിച്ചു. പണ്ടാരം, അപ്പൊ എന്ന് പറയാന്‍ വഴിയില്ല.

ആട്ടിടയത്തിയുടെ പിടി വിടുകെലായിരിക്കും !

ഞാന്‍ ശക്തന്‍ സ്റ്റോപ്പില്‍ എത്താറായപ്പോള്‍ മുന്‍പില്‍ ദേ ആന്‍ മുന്‍പില്‍ !

'എന്ത് പണിയാ കാണിച്ചത്, ഞാന്‍ തിരിച്ചു വന്നപ്പോള്‍ ആളെ കാണാന്‍ ഇല്ല!

'അതിനു താന്‍ ആഗ്യം കാണിച്ചത് രക്ഷയില്ലന്നല്ലേ ?'

'ഇങ്ങനൊരു ബുദ്ധൂസ് !'

എടീ എടീ ഞാന്‍ ആരെന്നു വിചാരിച്ചു, അനിയത്തിപ്രാവിലെ നായകനോ ? വിട്ടേക്കാം, കിട്ടാനുള്ള 'കൊടമ്പുളി' എന്തിനാ വെറുതെ പട്ടിക്കു കൊടുക്കുന്നത് !

'ആന്‍ കാര്യം പറ, എന്താ എലിസബത്തിന് പറ്റിയത് ?'

'ആദ്യം തന്നെ ഞാന്‍ ഒരു കാര്യം പറയട്ടെ, എല്ലാം എന്റെ തെറ്റാണ്'

ഈ  &$#@*മോള്‍ക്ക്  വളച്ചു കെട്ടാതെ കാര്യം പറയാന്‍ അറിയില്ലല്ലേ ?

'നീ കാര്യം പറയെടി' ഞാന്‍ തനി 'അച്ചായനായി'.

'നമ്മള്‍ കോഫി കഴിക്കാന്‍ പോയകാര്യം ഞാന്‍ സിസ്ടരിനോട് പറഞ്ഞു'

'അതിനെന്താ ?'

'പിന്നെ ...'

'പിന്നെ ?'

'നമ്മള്‍ വിഷുവിന്റെ തലേ ദിവസം കറങ്ങാന്‍ പോകുന്ന കാര്യവും പറഞ്ഞു'

ചതിച്ചോ കര്‍ത്താവേ, ഇവള്‍ എന്നാ പണിയാ കാണിച്ചത്. ഇതൊക്കെ ചെന്നു ആ മുതലിനോട് പറയേണ്ട വല്ല കാര്യവുമുണ്ടോ ? എല്ലാം കഴിഞ്ഞിട്ട് പോരെ കുമ്പസാരം !

'ശരി, അതും ഇതും തമ്മില്‍ എന്ത് ബന്ധം ?'

'ഒരു കുരുക്കില്‍ നിന്നും നിന്നെ കര്‍ത്താവ്‌ രക്ഷിച്ചിട്ടു നീ വേറൊന്നില്‍ ചെന്നു ചാടാന്‍ പോവുകയാണോ എന്ന് ചോദിച്ചു സിസ്റ്റര്‍ എന്നെ കുറെ ചീത്ത പറഞ്ഞു'

ദൈവമേ, സംഗതി പിടിച്ചതിലും വലുതാണല്ലോ അളയില്‍ !

'സിസ്റ്റര്‍ അങ്ങിനെയൊക്കെ പറയും, അവര്‍ക്ക് അങ്ങിനെ വല്ല ചിന്തയുമുണ്ടോ ?' ഞാന്‍ എന്റെ ആവേശം ഒരു തരത്തില്‍ പ്രകടിപ്പിച്ചു.

'എന്നാലും സൂര്യന്‍ ഒന്നാലോചിച്ചു നോക്കിയേ, എന്ത് അബദ്ധം ആയേനെ ?'

'എങ്ങനെ അബദ്ധം ആവും ?'

'സിസ്റ്റര്‍ പറഞ്ഞപ്പോഴാണ് ഞാനും ആലോചിച്ചത്, എന്തെങ്ങിലും അബദ്ധം പറ്റിയിരുന്നെങ്ങില്‍ ...'

ഏകദേശം നാശം ആയി എന്നെനിക്കു മനസ്സിലായി, ഇനി തുരുപ്പു ഗുലാന്‍ ഇറക്കുകയെ ആകെ ചെയ്യാന്‍ ബാക്കിയുള്ളൂ.

ഇറക്കവനെ, വെട്ടാമെങ്ങില്‍ വെട്ടിക്കോ !

'എന്ത് അബദ്ധം ? തനിക്കെന്നെ ഇഷ്ടമാണ്, എനിക്ക് തന്നെയും, പിന്നെ ആര്‍ക്കാടോ പ്രശ്നം'

ആന്‍ മേരിയുടെ കണ്ണില്‍ വെടിക്കെട്ട്‌, അതും നെന്മാറ വേലയുടെ വെടിക്കെട്ട്‌ !

ഒരു നിമിഷം എല്ലാം നിശ്ചലം, ആന്‍ എന്റെ മേലേക്ക് വീഴും എന്ന് തോന്നിയപ്പോള്‍ ഞാന്‍ വിളിച്ചു.

'ആന്‍, അതൊന്നും താന്‍ കാര്യമാക്കെണ്ടാടോ, നോക്കൊരു ദിവസം അടിച്ചു പൊളിക്കണം, അതല്ലേ ?'

'പക്ഷെ സിസ്റ്റര്‍ എന്നെക്കൊണ്ട് കുരിശിന്മേല്‍ തൊട്ടു സത്യം ചെയ്യിച്ചു, ഞാന്‍ പോകുല്ല എന്ന്. കുരിശുതൊട്ടു സത്യം ചെയ്‌താല്‍ അത് ഞങ്ങള്‍ തെറ്റിക്കില്ല.'

'അപ്പൊ ?' എന്റെ എല്ലാ പ്രതീക്ഷകളും ഏകദേശം അസ്തമിച്ചു. ഇനി ചെറിയ ഒരു അരണ്ട വെളിച്ചം മാത്രം.

'സിസ്റ്റര്‍ പറഞ്ഞു ഇല്ല പരിശുദ്ധിയോട് കൂടി വേണം നമ്മള്‍ ഒരാളെ സ്വീകരിക്കാന്‍ എന്ന്. അതുകൊണ്ട് എല്ലാം മുറ പോലെ കഴിയട്ടെ, എന്നിട്ടാകാം.....' ആനിന്റെ ചിരി.

'ഇവള്‍ക്കെന്താ 'കല്യാണഭ്രാന്തോ' ? ഗോപിയുടെ കാര്യത്തിലും ഇതു തന്നെ ആയിരുന്നല്ലോ സ്ഥിതി.

ചുരുക്കത്തില്‍, ഞാന്‍ മനസ്സില്‍ കണ്ടത് വടികുത്തി പിരിഞ്ഞു !

അപ്പൊ അതാണു കാര്യം, നമ്മുടെ 'പ്ലൂട്ടോണിയം ശേഖരം' നേരെ എലിസബത്തിനോട് ചെന്നു ഉണ്ടായ കാര്യങ്ങള്‍ മൊത്തം അങ്ങോട്ട്‌ കുമ്പസാരിച്ചു. കന്യാസ്ത്രീ നോക്കിയപ്പോള്‍ ഒരു കുഞ്ഞാട് വഴിതെറ്റാന്‍ പോകുന്നു. കന്യാസ്ത്രീ നേരെ 'മറ്റേ' വെള്ളം തളിച്ച് അവളെ പാപചിന്താവിമുക്തയാക്കി. ന്ച്ചാല്‍ അവളുടെ ചൂടായി കിടന്ന 'മരുന്ന് ശേഖരം' കന്യാസ്ത്രീ വെള്ളമൊഴിച്ച് കെടുത്തി !

എടി എലിസബത്തെ ദുഷ്ടേ, സുനാമി !!

എന്റെ ഇല്ല 'കൊച്ചു' സ്വപ്നങ്ങളും പൊട്ടിയില്ലെടി, പൊട്ടിയെന്ന് മാത്രമല്ല, സകലതും അത് തകര്‍ത്തു കളയുകയും ചെയ്തു, ആന്‍ മേരി, ജെല്ലി ബാഗ്, എല്ലാം, എല്ലാം.

എന്ത് ചെയ്യും എന്നൊന്ന് ആലോചിച്ചു നോക്കിയേ എന്റെ പുണ്യാളാ, നിന്റെ സര്‍പ്പം, പാപം, വിലക്കപ്പെട്ട കനി, ആദം, ഹൌവ്വ എന്നിങ്ങനെ ഉള്ള സംഭവങ്ങള്‍ എല്ലാം അടിസ്ഥാനമാക്കി എലിസബത്തിനെ ഒന്ന് ഉപദേശിച്ചു മനസ്സിലാക്കിക്കണം എന്ന് കരുതിയതാണ്.

പക്ഷെ ഈ അച്ചന്മാരെയും കന്യാസ്ത്രീകളും 'പരസ്പരം' മനസ്സിലാക്കും എന്നല്ലാതെ നമ്മള്‍ പറഞ്ഞാല്‍ മനസ്സിലാകാന്‍ വഴിയില്ലല്ലോ !

എന്നാല്‍ ഇതു വല്ലാത്ത ചതിയായി, ഇതു വെറുതെ വിടേണ്ട കാര്യമല്ല. ഇതിനെ ഒരു വഴിക്കാക്കിയാലെ ഒരു സമാധാനം കിട്ടു.

അതിനുള്ള വഴി നമ്മള്‍ തന്നെ വെട്ടണം, വെട്ടാം നാളെ ആവട്ടെ !

(യഥാര്‍ത്ഥത്തില്‍ സംഭവിച്ചതില്‍ നിന്നും വത്യസ്തമായി ആന്‍ മേരിയെ നമ്മള്‍ ഇവിടെ  ഉപേക്ഷിക്കുന്നു. കാര്യം  അവളെ ഈ കഥയില്‍ ആവശ്യമില്ല, പലപ്പോളും പല  കൂട്ടിമുട്ടലുകളും ഉണ്ടായെങ്ങിലും പിന്നെ അവള്‍ ഞങ്ങളുടെ ഇടയില്‍ ഒരു കഥാപാത്രം അല്ലാതായി.

രണ്ടു വര്ഷം കഴിഞ്ഞാണ് പിന്നെ ഞാന്‍ അവളെ ശരിക്കും കാണുന്നത്, അപ്പോള്‍ ഞാനും ചാത്തനും ആപ്പിള്‍ കമ്പ്യൂട്ടര്‍ സെന്റെറില്‍ പഠിക്കുന്നു‍, പക്ഷെ അപ്പോളേക്കും ആന്‍ 'പ്രൊഫഷണല്‍' ആയിട്ടുണ്ടായിരുന്നു, ന്ച്ചാല്‍ വലിയ ബുദ്ധിമുട്ട് ഉണ്ടായില്ല എന്നര്‍ത്ഥം. അപ്പോളും ചാത്തന്‍ സ്വാഹ !)