Monday, February 1, 2010

കര്‍ത്താവ് രക്ഷിക്കും (ഭാഗം 12)

(അപ്പൊ ഇനിയുള്ള ആട്ടം ഞാന്‍ കളിച്ചു മദിക്കുന്ന സ്റ്റേജില്‍ വെച്ച് ആണ്. സ്വാഭാവികമായും അതൊരു താണ്ഡവം തന്നെ ആകും !)

അവര്‍ തിരിച്ചു മഠത്തില്‍ പോകുന്നത് ഞാന്‍ കണ്ടില്ല, ഉറങ്ങിപ്പോയി. പിറ്റേന്നേ ഞാന്‍ വീട്ടില്‍ പോയുള്ളൂ. വീണ്ടും രാത്രി ഒരര്‍മാദം !

അവിടെ നിന്നും യാത്ര പുറപ്പെടുമ്പോള്‍ ഓരോ രണ്ടു മിനിട്ടിലും ഒരു പ്രാവശ്യം അവളെ ഒര്‍ത്തിരുന്ന ഞാന്‍, പിന്നെ അത് ഓരോ മിനിട്ടിലെക്കും ഒരു പ്രാവശ്യം ആക്കി കുറച്ചു !

ഇനി മൂന്ന് ദിവസം കൂടി കഴിഞ്ഞാല്‍ കോളേജ് തുറക്കും, പക്ഷെ എന്‍റെ മനസ്സ് എന്നെ ഇരിക്കാനും നില്‍ക്കാനും സമ്മതിക്കുന്നില്ല. രണ്ടു പ്രാവശ്യം അവളെ ഫോണില്‍ വിളിക്കാന്‍ ട്രൈ ചെയ്തു, തോറ്റുപോയി. എന്‍റെ വെപ്രാളം കൊണ്ട് എനിക്ക് നല്ല നമ്പരുകള്‍ ഒന്ന് ഇടാന്‍ സാധിച്ചില്ല, അത്കൊണ്ട് തന്നെ ആ ശ്രമങ്ങള്‍ എല്ലാം പാഴായി.

നേരെ അങ്ങോട്ട്‌ പോയാലോ എന്ന് തോന്നി, പിന്നെ അത് വേണ്ടെന്നു വെച്ചു.

പിന്നെ അത്യപൂര്‍വമായ ഒരു ബുദ്ധി ഉപയോഗിച്ച്, ടെലിഫോണ്‍ ബൂത്തിലിരിക്കുന്ന പെണ്ണിനെക്കൊണ്ട് വിളിപ്പിച്ച് അവസാനം ആ സത്യം മനസ്സിലാക്കി. അവള്‍ നാട്ടില്‍ പോയിരിക്കുകയാണ്.

കഷ്ടമായിപ്പോയി, എന്തായാലും കോളേജ് തുറന്നാല്‍ വരാതിരിക്കില്ലല്ലോ ?

എനിക്കിനി ഈ ലോകത്ത് ആരെയും കാണേണ്ട, വേറൊന്നും ചെയ്യാനും ഇല്ല എന്നാണ് ഇപ്പോഴത്തെ സ്റ്റാന്റ്. കോളേജ് തുറക്കുന്ന ദിവസം ഞാന്‍ പൂര്‍ണമായും ആ വികാരത്തിനു അടിമപ്പെട്ടു കഴിഞ്ഞിരുന്നു.

സ്ഥിരമായി കയറുന്ന ബസ്, ഇറങ്ങുന്ന സ്റ്റോപ്പ്‌, കോളേജിലേക്കുള്ള വഴി, ഇതെല്ലാം എന്‍റെ മനസ്സിനെ വീണ്ടും വീണ്ടും ആഹ്ലാദിപ്പിച്ചു. ആരൊക്കെയോ എന്നെ വിഷ് ചെയ്തു, പക്ഷെ ഞാന്‍ ആരെയും കണ്ടില്ല !

കോളേജ് ഗേറ്റ് കടക്കുമ്പോള്‍ എന്‍റെ ഹൃദയം ഇപ്പോള്‍ പൊട്ടിത്തെറിക്കും എന്ന് പോലും തോന്നിപ്പോയി.

ഇംഗ്ലീഷ് ക്ലാസ്സിലേക്ക് കാലെടുത്തു വെക്കുമ്പോള്‍ ഞാന്‍ ഒരു തരം ഭ്രാന്തമായ ആവേശത്തോടെ സീറ്റില്‍ നോക്കി, കാണാതായപ്പോള്‍ മനസ് ചത്തു !

(ഞാന്‍ തന്നെ പെട്ടെന്ന് അടക്കം ചെയ്തു, പിന്നെ അടിയന്തരം, പുലകുളി, അവസാനം ഉയര്ത്തെഴുന്നെല്‍പ്പ് എന്താ മതിയാ ?)

വാച്ചില്‍ നോക്കി ഇനിയും പത്തിരുപതു മിനിറ്റ് ഉണ്ട, എന്നാലും ഇനി ഇന്നും വരാതിരിക്കുമോ ? (കലഭവന്‍ മണി ഗോ ബാക്ക് !)

നമ്മുടെ ക്ലാസ്സില്‍ വളരെക്കാലത്തിനു ശേഷം എല്ലാവരും കൂടി ഓണം വെക്കേഷന്  തറവാട്ടില്‍ ഒത്തു കൂടിയ ഒരവസ്ഥ. എല്ലാവര്ക്കും പരസ്പരം കണ്ട സന്തോഷം. ലേറ്റ് ആയി വരുന്നവര്‍ക്ക് വേണ്ടിയുള്ള കാത്തിരിപ്പ്.

ഞാന്‍ മാത്രം അയല്‍പക്കത്തെ ആ സുന്ദരിയെ കാണാനും !

രണ്ടു പ്രാവശ്യം ഞാന്‍ പോയി നോക്കി, വന്നിട്ടില്ല, മാത്രമല്ല വേറെ പലരും അവിടിരുന്നു എന്നെ നോക്കി ചിരിക്കുന്നും ഉണ്ട്.  കഷ്ടം നിങ്ങളൊക്കെ എന്‍റെ ലെന്‍സില്‍ ഔട്ട്‌ ഓഫ് ഫോക്കസ് ആണ് മക്കളെ !

ക്ലാസ്സ്‌ തുടങ്ങുന്നത് വരെ ഞാന്‍ അങ്ങോട്ടും ഇങ്ങോട്ടും നടന്നുകൊണ്ടിരുന്നു. അവരുടെ ക്ലാസ്സില്‍ ആരോ ക്ലാസ് സ്റ്റാര്‍ട്ട്‌ ചെയതപ്പോള്‍, ഞാന്‍ വീണ്ടും നോക്കി. ഇല്ലാ !

വീട്ടില്‍ നിന്നും എത്താന്‍ വൈകിയതാവും. ഞാന്‍ ആശ്വസിച്ചു. അന്ന് മുഴുവന്‍ ക്ലാസ്സില്‍ നേരിപ്പോടിനു മുകളില്‍ എന്ന പോലെ ഇരുന്നു.

പിറ്റേ ദിവസം ആകുമ്പോഴേക്കും നിരാശ എന്നെ ഒരു കിനാവള്ളിയെ പോലെ പിടിച്ചു ഞെരിക്കാന്‍ തുടങ്ങി. അന്നും എലിസബത്ത് ക്ലാസ്സില്‍ എത്തിയില്ല.

'ഞാന്‍ കയ്യീന്ന് പോകുന്ന ഇല്ലാ ലക്ഷണവും കണ്ട് തുടങ്ങി !'

നാലാം ദിവസം !

(ആട്ടക്കാരന് നട്ട പ്രാന്ത് ആയതു കൊണ്ട് പതിവിനു വിപരീതമായി, നാലാം ദിവസം കളിയില്‍, കീച്ചകവധമോ അല്ലെങ്കില്‍ പാഞ്ചാലി വസ്ത്രാക്ഷേപമോ കളിക്കും, അത് ആട്ടാക്കാരന്‍റെ പ്രാന്തിന്‍റെ ഏറ്റം പോലെ ഇരിക്കും !)

അപ്പോഴേക്കും എന്‍റെ കണ്ട്രോള്‍ മുഴുവന്‍ പോയി. അവരുടെ ക്ലാസ്സില്‍ കയറുമ്പോള്‍ ഞാന്‍ ഒന്ന് കൂടി നോക്കി, വന്നിട്ടില്ല.

ഞാന്‍ മേശമേല്‍ ഒറക്കെ ഒരടി അടിച്ചിട്ടു ചോദിച്ചു: ഈ' സിസ്റ്റര്‍ എവിടെപ്പോയിരിക്കുകയാണ് എന്നാര്‍ക്കെങ്കിലും അറിയാമോ ?'

'പുറത്ത് പോയിരിക്കുകയാണ്, ഇപ്പൊ വരും' ആരോ പറഞ്ഞു.

'ങേ വന്നോ ?' ആ ആവേശത്തില്‍ അറിയാതെ ചോദിച്ചു പോയി.

ഞാന്‍ തിരിച്ചു എന്‍റെ ക്ലാസ്സിലേക്ക് നടക്കുമ്പോള്‍ മനസ്സ് തണുത്തു.

പിന്നെ ബ്രേക്ക്‌ ടൈമില്‍ പുറത്തിറങ്ങുമ്പോള്‍ എലിസബത്ത് പുറത്ത് നില്‍ക്കുന്നുണ്ട്. ഞാന്‍ അടുത്ത് ചെല്ലുമ്പോള്‍ പുള്ളിക്കാരത്തി ചിരിച്ചു.

'ഇതെവിടായിരുന്നു എലിസബത്തെ ?'

'ഉച്ചക്ക് കാണാം' അത്രയും പറഞ്ഞിട്ട് പ്രത്യേകിച്ചു ഭാവമാറ്റം ഒന്നും കൂടാതെ അവള്‍ ക്ലാസ്സിലേക്ക് പോയി.

എന്തോ എന്നോട് കാര്യമായി പറയാന്‍ ഉണ്ടെന്ന് എനിക്ക് മനസ്സിലായി. വൈകുന്നെരമെങ്ങില്‍ വൈകുന്നേരം.

നേരെ പട്ടരോട് പോയി പറഞ്ഞു 'ഡേയ് കുറെ ദിവസമായി അടിച്ചിട്ടു, ഇന്ന് ഞാന്‍ പോകുന്നില്ല'

'സന്തോഷം, ആരൊക്കെ ഇന്ന് പോകുന്നില്ല എന്ന് ഇപ്പൊ പറഞ്ഞാല്‍ പരിപാടി പ്ലാന്‍ ചെയ്യാം, 'മലവണ്ണാന്‍' (അത് ഈ ഞാനാണ്, ആ നായിന്റെ മോന്‍ നന്ദന്‍ ഇട്ട പേരാണ് !)  ഇന്ന് പോകുന്നില്ല !'

'ഞാനുണ്ട്' ഗോപി... 'ഞങ്ങളും' നന്ദന്‍  വിജയന്‍ രാജേഷ്‌.

'ശരി നമുക്ക് എന്ന് ഹോട്ടല്‍ വുഡ് ലാന്‍ഡ്‌സില്‍ ആകാം' പട്ടരുടെ വക.

'ഓകെ' അതിലാര്‍ക്കും എതിരഭിപ്രായം ഉണ്ടാകാന്‍ വഴിയില്ലല്ലോ !

ഉച്ചക്ക് പുറത്ത് ടെയെഫെയുടെ മുന്നില്‍ ഇരിക്കുമ്പോള്‍ വിജയനും രാജേഷും സിനിമക്ക് പോകുന്നു.

'ഡേയ് നീ വരുന്നുണ്ടോടാ ?'

'ഏയ്‌, രാത്രി ഹോട്ടലില്‍ കാണാം'

കുറച്ചു കഴിഞ്ഞപ്പോള്‍ എലിസബത്ത് പുറത്ത് വന്നു. ഞാന്‍ എഴുന്നേറ്റു അടുത്ത് ചെന്നു. ഒരു മൌനം എവിടെയോ തളം കെട്ടി കിടക്കുന്നുണ്ട്.

'പോകാം' ഞാന്‍ ചോദിച്ചു

'നമുക്ക് നാളെ കാണാം, എനിക്ക് പെട്ടെന്ന് മഠത്തിലേക്ക് ഒന്ന് പോകണം'

'എന്ത് പറ്റി ?'

'പ്രത്യേകിച്ചു ഒന്നുമില്ല, എന്നാലും പോണം. പിന്നെ നാളെ ഞാന്‍ ക്ലാസ്സില്‍ വരില്ല, ഒരു പതിനൊന്നു മണിയാവുമ്പോള്‍ സൂര്യ റൌണ്ടില്‍ വരുമോ, ഇന്ത്യന്‍ കോഫീ ഹൌസിന്‍റെ അവിടെ കാണാം'

'നീ എന്തൊക്കെയാ ഈ പറയുന്നത്, ക്ലാസ്സില്‍ പോകാതെ അങ്ങോട്ട്‌ പോണോ, നമുക്ക് ക്ലാസ്സ്‌ വിട്ടിട്ടു പോയാല്‍ പോരെ ?' ഞാന്‍ ചെറുതായി ഒന്നമ്പരന്നു.

'അതൊക്കെ പറയാം, വരാമോ ?'

'വരാം'

'ശരി, അപ്പൊ നാളെ കാണാം'

എന്താണാവോ കാര്യം ? ഭാവി പരിപാടികള്‍, അങ്ങിനെ വല്ലതും ആയിരിക്കുമോ ? എനിക്ക് ചെറിയ ഒരു ഭയം ഇല്ലാതില്ല. ഒന്ന് സ്വന്തം കാലില്‍ നില്‍ക്കാതെ ഇതുപോലെയുള്ള 'ജുറാസിക് പാര്‍ക്ക്' റിസ്കുകള്‍ എടുക്കാന്‍ പറ്റില്ലല്ലോ ?

അവന്‍മാരും പോയി, അല്ലെങ്കില്‍ സിനിമക്കെങ്ങിലും പോകാമായിരുന്നു. നേരെ പട്ടരെ വിളിച്ചു. അഞ്ചു മിനിറ്റുനുള്ളില്‍ എത്താം എന്ന് മറുപടി. നേരെ വുഡ്-ലാണ്ട്സ്, നേരത്തെ റൂമെടുത്തു 'പ്രയോഗം' തുടങ്ങി, പിന്നെ ആ മേളം അങ്ങിനെ അങ്ങിനെ എപ്പോഴോ അവസാനിച്ചു !

രാവിലെ എല്ലാവരും റെഡി ആകുമ്പോഴും ഞാന്‍ കിടക്കയില്‍ തന്നെ ആയിരുന്നു.

'ഡാ വേഗം ആവട്ടെ' ഗോപി.

'ഞാനില്ല, നിങ്ങള്‍ പൊക്കോ'

'എടാ റൂം മൂന്ന് മണി വരെ ഉള്ളു എന്നാ രാമന്‍ പറഞ്ഞത്, അത് കഴിഞ്ഞാ പിന്നേം കാശ് കൊടുക്കേണ്ടി വരും'

'ഏയ്‌ അതിനു മുന്പ് ഞാന്‍ ചാടും'

'എന്നാ നീ നേരത്തെ വരുന്നുണ്ടെങ്കില്‍ ടെയെഫെയുടെ അവിടെ വാ, അല്ലെങ്കില്‍ നാളെ കാണാം'

'ഓകെ'

പിന്നെയും ഒന്ന് രണ്ടു മണിക്കൂര്‍ കഴിഞ്ഞാണ് ഞാന്‍ റെഡി ആയി പുറത്തിറങ്ങിയത്. ഇന്ത്യന്‍ കോഫീ ഹൌസിന്‍റെ അടുത്തെത്തുമ്പോള്‍ സമയം പതിനൊന്നര. എലിസബത്തിനെ  അവിടെങ്ങും കണ്ടില്ല. ഞാനൊരു സിഗരറ്റും കത്തിച്ചു നടക്കുമ്പോള്‍, ദേ വരുന്നു എലിസബത്ത് കൂടെ 'സാധനം സാറാമ്മയും'. കര്‍ത്താവേ ഇതിനി പുതിയ വല്ല പ്രശ്നവും സോള്‍വ്‌ ചെയ്യാനാണോ വരാന്‍ പറഞ്ഞത് എന്നായി സംശയം.

പണ്ടാരക്കാലന്‍ വേലായുധേട്ടന്‍ 'അരി അരച്ചതും പോരാണ്ട് മാവ് അടുപ്പത്തും വെച്ചാ' !

ഇനിയിപ്പോള്‍ എന്ത് പുലിവാലോക്കെ ആണോ നമ്മള്‍ സോള്‍വ്‌ ചെയ്യേണ്ടി വരുക !

പക്ഷെ അടുത്തെത്തിയപ്പോള്‍ 'സാധനം' വളരെ സീരിയസ് ആയി 'അധികം വൈകരുത്' എന്ന് ഒരുപദേശവും കൊടുത്തു പെട്ടെന്ന് തിരിച്ചു നടന്നു. എന്നെ ഒന്ന് മൈന്‍ഡ് പോലും ചെയ്യാതെ, പെണ്ണല്ലേ ജാതി !

എലിസബത്ത്  ആദ്യം... പിന്നെ ഞാന്‍... എന്ന രേഖയില്‍ അകത്തേക്ക് പോകുന്നു. 'സ്ഥിരം' മുറിയില്‍ കയറുന്നു.

എന്‍റെ ക്ഷമ പതുക്കെ നശിച്ചു തുടങ്ങി...

പിന്നെയും വെയ്റ്റര്‍ വരുന്ന വരെ മൌനം നിലനിര്‍ത്താന്‍, ഞാന്‍ വേണുനാഗവള്ളിയും അവള്‍ ശോഭയും ആയി (പശ്ചാത്തലത്തില്‍ ഗാനം: 'ശരബിന്ദു മലര്‍ദീപ നാളം നീട്ടി....)

'വെയ്റ്റന്‍' വരുന്നു. 'രണ്ടു കോള്‍ഡ്‌ കോഫീ.....' അവള്‍ ഓര്‍ഡര്‍ കൊടുക്കുന്നു.

'മാത്രം ?' 'വെയ്റ്റന്‍'

'മാത്രം' അവള്‍

ഛെ എന്തൊരു യാന്ത്രികത !

'എന്താ എലിസബത്തെ കാര്യം' ഇതും ചോദിച്ചു ഞാന്‍ അവളുടെ മുഖത്തേക്ക് നോക്കുമ്പോള്‍ അവള്‍ ഇപ്പോള്‍ പൊട്ടും എന്നപോലെയായി എന്നെ നോക്കുന്നു.

'എന്തുപറ്റി, എന്തായാലും എന്നോട് പറ' ഞാന്‍ വീണ്ടും.

തൂവാലയെടുത്ത്‌ മുഖം പോത്തിയിരിക്കുമ്പോള്‍ എനിക്ക് കാണാമായിരുന്നു അതിന്‍റെ  പല ഭാഗങ്ങളും നനഞ്ഞു വരുന്നത്.

'വെയ്റ്റന്‍'വീണ്ടും 'കോള്‍ഡ്‌ കോഫി'

ഞാന്‍ പെട്ടെന്ന് പറഞ്ഞു 'ഞങ്ങളുടെ ഫ്രണ്ട്സ് വരുന്നുണ്ട്, അവരും കൂടി കഴിച്ചിട്ടു ബില്ല് മതി'

'ഓകെ സര്‍' അവന്‍ പോയി.

ഇല്ലെങ്ങില്‍, പിന്നെ ബില്ല് തരാനും അതിന്‍റെ കാശ് വാങ്ങാനും ബാക്കി തരാനും ഒക്കെ ആയി ഇവന്‍ കേറി ഇറങ്ങും. മര്യാദക്ക് ഒന്നും സംസാരിക്കാനും പറ്റില്ല.

അവന്‍ പോയ ഉടനെ വീണ്ടും 'എന്ത് പറ്റി എലിസബത്തെ, എന്താണെങ്കിലും  പറ, എന്തിനും ഞാന്‍ ഉണ്ടാവും കൂടെ, എന്‍റെ വാക്കാണ്‌'

നനഞ്ഞ തൂവാല എലിസബത്ത് മുഖത്ത് നിന്നും മാറ്റുമ്പോള്‍, ആ മുഖം ഇതിനു മുന്പ് ഒരിക്കലും ഞാന്‍ കാണാത്തത് ആയിരുന്നു. ഇങ്ങനൊരു ഭാവം, ഇത്രയും ദുഖം, അവളുടെ മുഖത്ത് എന്നല്ല, ഞാന്‍ വേറെ ആരുടെ മുഖത്തും അതുവരെ കണ്ടിരുന്നില്ല.

'ഞാന്‍ വെറുതെ നിന്നെ ആശ്വസിപ്പിക്കാന്‍ പറഞ്ഞതല്ല, കാര്യമായിട്ട് തന്നെ പറഞ്ഞതാണ്' അത് പറയുമ്പോള്‍ ഞാന്‍ അവളുടെ തോളില്‍ ചെറുതായി ഒന്ന് തൊട്ടു.

അതേ കരച്ചലിന്‍റെ അടക്കി പിടിച്ചുള്ള ശബ്ദത്തില്‍ രണ്ടുകൈകൊണ്ടും തോളിലിരുന്ന എന്‍റെ കൈ മുറുകെ പിടിച്ചു കൊണ്ട് പറഞ്ഞു 'എനിക്കറിയാം, അതെനിക്കറിയാം, അതുകൊണ്ടാണ് ഞാന്‍ കരഞ്ഞത് സൂര്യ, എനിക്കു അതിനുള്ള ഭാഗ്യമില്ല, അതിനുള്ള ഭാഗ്യം ദൈവം തന്നില്ല...' എലിസബത്ത് പിച്ചും പേയും പറയുന്നത് പോലെ ആണ് അത്രയും പറഞ്ഞത്. എനിക്ക് ശരിക്കും പേടി തോന്നി തുടങ്ങി. എന്തോ പ്രശ്നമുണ്ട്.

'അതൊന്നും അങ്ങിനെ അല്ലാ എലിസബത്തെ, ഞാനുണ്ടാവും എന്ന് പറഞ്ഞാല്‍ പിന്നെ അതാര്‍ക്കും മാറ്റാന്‍ പറ്റില്ല, ഞാന്‍ ഉണ്ടാവും' ഞാന്‍ വീണ്ടും അവള്‍ക്കു ധൈര്യം കൊടുത്തു. കൂട്ടത്തില്‍ എനിക്ക് തന്നെയും !

'പറ്റും, സൂര്യ അത് മാറ്റാന്‍ ദൈവത്തിനു പറ്റും, ദൈവത്തിനു മാത്രം'

'എന്ന് വെച്ചാല്‍, നീ ഒന്ന് തെളിച്ചു പറ, എന്താ ഉണ്ടായത് ?'

'12-)o തിയതി ഞാന്‍ ജര്‍മനിയിലേക്ക്‌ പോകും, ബോംബെയില്‍ നിന്നും, നാളെ കഴിഞ്ഞു മറ്റെന്നാള്‍ ഞാന്‍ ബോംബെക്കും'

എന്‍റെ ജീവിതത്തില്‍ അന്ന് വരെയും മരണം എന്തെന്ന് ഞാന്‍ അറിഞ്ഞിരുന്നില്ല.

ഇപ്പോള്‍ ‍.... ഇപ്പോള്‍  ഞാന്‍ അറിയുന്നു എന്താണ് മരണം എന്ന്.

എന്‍റെ സ്നേഹം... ഇത്രയും ദിവസത്തെ എന്‍റെ മാസസ്സിന്റെ വിങ്ങല്‍, എല്ലാം ഒരു നിമിഷം കൊണ്ട് തകര്‍ന്നുപോയി.

വീണുടഞ്ഞ അക്വോറിയത്തിലെ മീനിനെ പോലെ ഞാന്‍ 'ശ്വാസം കിട്ടാതെ' പിടഞ്ഞു.

എലിസബത്ത് നിര്‍ത്തിയിട്ടുണ്ടായിരുന്നില്ല , കരഞ്ഞു കൊണ്ട് തന്നെ പിന്നെയും പറഞ്ഞു കൊണ്ടിരുന്നു: 'ആന്റിയാണ് എല്ലാം ശരിയാക്കിയത്, ഞാന്‍ നാട്ടില്‍ ചെന്നപ്പോള്‍ ആണ് വിവരം അറിഞ്ഞത്, പെപെഴ്സ് എല്ലാം ആന്റി ഒരു കൊല്ലം മുന്‍പേ കൊടുത്തിരുന്നു, പക്ഷെ .... ഞാന്‍.... ഞാന്‍..... '

അതോടു കൂടി എലിസബത്ത് പൊട്ടിക്കരഞ്ഞു. ഞാന്‍ സ്തബ്ദനായിപ്പോയിരുന്നു. അവളെ ഒന്നാശ്വസിപ്പിക്കാന്‍ കൂടി എനിക്ക് കഴിഞ്ഞില്ല.

എന്‍റെ കണ്ണു നിറഞ്ഞോ എന്നറിയില്ല, പക്ഷെ എനിക്കൊന്നും കാണാന്‍ കഴിയുന്നില്ലായിരുന്നു.

എന്‍റെ തൊണ്ട അടഞ്ഞോ എന്നും അറിയില്ല, പക്ഷെ എനിക്കൊന്നും പറയാന്‍ പറ്റുന്നില്ലായിരുന്നു.

കുറെ നേരം ഞങ്ങള്‍ അവിടെ ഇരുന്നു. പക്ഷെ അവള്‍ അത്രയും പറഞ്ഞതിന് ശേഷം പിന്നെ എനിക്കൊന്നും പറയാന്‍ ഇല്ലായിരുന്നു.

ഒന്നെനിക്ക് മനസ്സിലായി, ഈ ഇരിക്കുന്ന 'അഹങ്കാരത്തോടെയുള്ള എന്‍റെ വിശ്വാസം' ഇനിയില്ല. ഇനിയുള്ള രണ്ടു ദിവസങ്ങള്‍ അത് എന്നെ പഠിപ്പിക്കും.

ഒരു നിമിഷം എന്‍റെ മനസ്സ് പറഞ്ഞു, എന്‍റെ ആദ്യതോന്നാല്‍ ശരിയായിരുന്നു എന്ന്, എലിസബത്ത് മരിച്ചുപോയി ! അതോ മരിച്ചത് ഞാനാണോ ?

അതേ രണ്ടു പേരുമാണ്.....

ഞാന്‍ എലിസബത്തിനോട് പറഞ്ഞു 'പോകാം'

അവള്‍ കരഞ്ഞു കലങ്ങിയ കണ്ണുകള്‍ ഉയര്‍ത്തി അത്ഭുതത്തോടെ എന്നെ നോക്കി.

'സത്യമാണ് എലിസബത്തെ, നമുക്ക് പോകാം. ഇനിയൊന്നും പറയാനില്ല. ഇതില്‍ നിന്നും ഒരു തിരിച്ചു പോക്ക് നമുക്ക് സാധ്യമല്ല. നിന്റെ ഇപ്പോഴത്തെ അവസ്ഥയില്‍ നിന്നും നിനക്ക് ഒളിച്ചോടാന്‍ പോലും കഴിയില്ല, പിന്നെ എന്തിനു നമ്മള്‍ പിരിയണം ?'

എലിസബത്തിന്റെ മുഖത്ത് വേറെന്തോ ഭാവം, ഞാന്‍ ഇനി ആത്മഹത്യാ ആണോ ഉദ്ദേശിക്കുന്നതെന്ന് അവള്‍ക്കു തോന്നിക്കാണണം. പാവം!

ആ ഭാവത്തിനു വലിയ പ്രാധാന്യം കൊടുക്കാതെ ഞാന്‍ തുടര്‍ന്നു...

'എലിസബത്ത് ഞാനും അവസാനം കണ്ടതെവിടെ ആയിരുന്നു എന്നോര്‍ക്കുന്നുണ്ടോ ?'

ഒരു നിമിഷം എലിസബത്ത് ബംഗാളി സിനിമ കാണുന്ന പോലെ എന്നെ വീണ്ടും നോക്കി !

ഞാന്‍ പറഞ്ഞു 'അവിടെ.... ആ കൊച്ചു പള്ളിയില്‍, ആ തിരുസ്വരൂപത്തിന്‍റെ മുന്നില്‍.. അവിടെ വെച്ചാണ് നമ്മള്‍ അവസാനമായി കണ്ടത്ത്'

'അതിന്‍റെ പിറ്റേന്നു ആ ശ്മശാനത്തില്‍ ഒരു കല്ലറയുടെ മുന്നില്‍ നീയെന്‍റെ തോളില്‍ തലവെച്ചു നിന്നില്ലേ, അത് നമ്മള്‍ മരിച്ചതിന്‍റെ  പിറ്റേ ദിവസം ആയിരുന്നു. അത് നമ്മുടെ തന്നെ കല്ലറ ആയിരുന്നു എലിസബത്തെ,  നമ്മളുടെ രണ്ടു പേരുടെയും'

'ഒരിക്കലും പിരിയാതിരിക്കാനാണ് നമ്മള്‍ ചേര്‍ന്ന ദിവസം തന്നെ മരിച്ചത്. അല്ലേ എലിസബത്തെ ?'

എലിസബത്ത് ഒരു നിമിഷം കണ്ണടച്ചിരുന്നു, പിന്നെ എന്നെ നോക്കി വിറയ്ക്കുന്ന ചുണ്ടുകളോടെ തുളുമ്പുന്ന കണ്ണുകളോടെ തലയാട്ടി. 'ആണ്' എന്ന അര്‍ത്ഥത്തില്‍.

'നമുക്കൊരിക്കലും പിരിയാന്‍ കഴിയില്ല എലിസബത്തെ, ഒരിക്കലും..' ഇത്രയും പറഞ്ഞു ഞാന്‍ അവളുടെ മുഖം ചേര്‍ത്ത് പിടിച്ചു ആ നെറ്റിയില്‍ ചുംബിച്ചു. അവള്‍ എന്‍റെയും.

പിന്നെ ഒരു നിമിഷം ആ കൈ ഞാന്‍ മുറുകെ പിടിച്ചിട്ടു, തല കൊണ്ട് 'പോകാം' എന്ന് ആഗ്യം കാണിച്ചു.

പിന്നെ പതിഞ്ഞ ശബ്ദത്തില്‍ അവള്‍ പറഞ്ഞു 'ഞാന്‍ എറണാകുളം സ്റ്റേഷനില്‍ നിന്നും വൈകീട്ട് 7 മണിയുടെ ട്രെയിനാണ് പോകുന്നത്. മറ്റെന്നാള്‍....'

പറഞ്ഞത് മുഴുമിക്കാന്‍ സമ്മതിച്ചില്ല. 'ഞാന്‍ വരില്ല, എന്നോ മരിച്ചു പോയ നമ്മള്‍ ഇനിയെന്നും കാണുന്നവരാണ്, എനിക്കാതെ പറ്റു'

ഒരു നിമിഷം എന്‍റെ മുഖത്ത് നോക്കിയിട്ട് അവള്‍  വീണ്ടും തല താഴ്ത്തി ഇരുന്നു. എന്‍റെ പോക്കെറ്റില്‍ ഉണ്ടായിരുന്ന നോട്ടില്‍ നിന്നും കുറച്ചെണ്ണം വാരി ടേബിളില്‍ വച്ചു. എന്നിട്ട് എഴുന്നേറ്റു.

എലിസബത്ത് 'കുറച്ചു നേരം കൂടി' എന്ന ഒരു അപേക്ഷയുടെ ഭാവത്തോടെ നോക്കുന്ന കണ്ടു. പക്ഷെ ഞാന്‍ തീരുമാനിച്ചിരുന്നു. ഇവളെ നഷ്ടപ്പെടാതിരിക്കാന്‍ വേണ്ടിയും, എനിക്ക് സ്വയം നഷ്ടപ്പെടാതിരിക്കാന്‍ വേണ്ടിയും ഇതേ ഒരു വഴിയുള്ളൂ എന്ന്.

ഞാന്‍ ചെറുതായി ചിരിച്ചു കൊണ്ട് ചോദിച്ചു 'പോകുന്നതല്ലേ നല്ലത് ?'

വീണ്ടും ഒരു നിമിഷം ആവള്‍ ആലോചിച്ചു. ഞാന്‍ ചിരിച്ച അതേ അളവില്‍ ചിരിച്ചു കൊണ്ട് അവള്‍ എഴുന്നേറ്റു. വാതില്‍ തുറക്കാന്‍ തുനിഞ്ഞ എന്നെ അവള്‍ തടഞ്ഞു.

ഒരു നിമിഷം പെട്ടെന്ന് നിറഞ്ഞ കണ്ണുകള്‍ ഒരു കൈ കൊണ്ട് തുടച്ചു കൊണ്ട്, എന്‍റെ കവിളില്‍ പതിയെ തലോടി, പിന്നെ പറഞ്ഞു ...

'പോകാം'

പുറത്തിറങ്ങി നടക്കുമ്പോള്‍ ഞങ്ങളുടെ വൈറെര്‍ എതിരെ, 'പൈസ അവിടെ വെച്ചിട്ടുണ്ട്' ഞാന്‍ പറഞ്ഞു.

പുറത്തിറങ്ങി ഞങ്ങള്‍ വീണ്ടു പരസ്പരം നോക്കി, സാറാമ്മ കാത്തു നിക്കുന്നുണ്ടായിരുന്നു.

'ശരി എലിസബത്ത്' ഞാന്‍ പറഞ്ഞു.

ഇനി യാത്ര പറയേണ്ട ആവശ്യമില്ലല്ലോ!

'ശരി' എന്നവളും

തിരിഞ്ഞു നടക്കുമ്പോള്‍ മനസ്സില്‍ എന്‍റെ പ്രിയപ്പെട്ട ആര്‍ക്കോ വേണ്ടി ഞാന്‍ ഒരു ജന്മം ഉഴിഞ്ഞു വെച്ചിട്ട് വരുന്ന ഒരു സുഖം. ഇനിയൊന്നും പേടിക്കാനില്ല എന്ന ഭാവം.

വീണ്ടും ഒരിക്കല്‍ കൂടി തിരിഞ്ഞു നോക്കി. കുറെ അകലെ അവളും തിരിഞ്ഞു നില്‍ക്കുന്നുണ്ടായിരുന്നു.

ഞാന്‍ പതിയെ കൈ വീശിക്കാണിച്ചു. ചിരിച്ചു കൊണ്ട് അവളും. അതിനുശേഷം അതേ കൈ കൊണ്ട് കണ്ണു തുടക്കുന്നുണ്ടായിരുന്നു.

ഞാന്‍ വീണ്ടും നടന്നു. ഇനിയെത്ര ദൂരം പോയാലാണ് ആ കല്ലറയില്‍ എത്തുക ?

ആ കല്ലറയില്‍ ആരെങ്കിലും പൂക്കള്‍ വെക്കുന്നുണ്ടോ ആവോ ? അതോ അവരും പരസ്പരം വീണ്ടും കണ്ടു കാണുമോ ?

(ശുഭം)

(ആ വര്‍ഷം തന്നെ, ആറു മാസത്തിനിടക്ക്, എലിസബത്തിന്‍റെ രണ്ടു കത്തുകള്‍ വന്നിരുന്നു. ആദ്യത്തേത് അവിടുത്തെ അഡ്രെസ്സും ഫോണ്‍ നമ്പറും ഒക്കെ വെച്ചുള്ളതും, രണ്ടാമത്തെ അവള്‍ ഇപ്പോഴും എന്നെ ഓര്‍ക്കുന്നു എന്ന് പറഞ്ഞത് കൊണ്ടുള്ളതും. കണ്ണീരിന്‍റെ നനവുള്ള കത്തുകള്‍.

ഒന്നിനും ഞാന്‍ മറുപടി അയച്ചില്ല. ആ കത്തുകള്‍ സൂക്ഷിക്കാനും നിന്നില്ല.  എലിസബത്തിനെ നഷ്ടപ്പെടാന്‍ ഞാന്‍ ഒരുക്കമായിരുന്നില്ല, ഒരിക്കലും !)

3 comments:

 1. ഹൃദയസ്പര്‍ശിയായ വിവരണം .

  ReplyDelete
 2. നന്ദി പുഴു !

  പുസ്തകം തിന്നു തിന്നു പുഴു നെറ്റിലും കയറി അല്ലെ ?

  ഈ പോസ്റ്റുകള്‍ക്ക്‌ വായനക്കാര്‍ കുറയും എന്ന് എനിക്ക് ഉറപ്പായിരുന്നു, ഇതൊക്കെ എഴുതാനും പിന്നത് വായിക്കാനും ആര്‍ക്കും താല്‍പര്യം കാണില്ല.

  ആളുകള്‍ക്ക് സ്നേഹം പോലും ഇപ്പോള്‍ ഗുളികയായി കിട്ടണം എന്നാലേ വേണ്ടു !

  ReplyDelete
 3. നൈസ് ആയിണ്ടു ചേട്ടാ. ഒന്ന് കോളേജിൽ ഒക്കെ പോയി വന്ന പോലെ. വായിച്ചത് ഒരു ആറ് കൊല്ലത്തിനു ശേഷം ആയി, എന്നാലും സംഗതി കിടു. പിന്നീട് എഴുതിയില്ലേ??

  ReplyDelete