Thursday, January 14, 2010

കര്‍ത്താവ്‌ ക്ഷമിക്കും (ഭാഗം 8)

(പുത്തന്‍ പള്ളി വരെ ഒന്ന് പോകണം എന്ന് തോന്നിയ നാളുകള്‍ .........................)

പിന്നീടുള്ള ദിവസങ്ങളില്‍ കന്യാസ്ത്രീയെ ഉന്നം വെച്ചുള്ള ചിന്തകള്‍ ആയിരുന്നു അധികവും. ആദ്യം ആദ്യം അതിനെ നമ്മുടെ കൂട്ടത്തില്‍ തന്നെ ഉള്ള ഏതെങ്കിലും കുരിശുകളുമായി കൂട്ടി കെട്ടാന്‍ എന്തെങ്ങിലും മാര്‍ഗം ഉണ്ടോ എന്ന് ചിന്തിച്ചു നോക്കി. അതിനൊരു ഗ്യാപ് കാണാത്തത് കൊണ്ടും, ഈ ശ്രമദാനം ഞാന്‍ തന്നെ നടത്തണം എന്നുള്ളത് കൊണ്ടും, ഈ പരിപാടിയുടെ കഥ തിരക്കഥ സംഭാഷണം സംവിധാനം നായകന്‍ വില്ലന്‍ ഹാസ്യ കഥാപാത്രം ക്യാമറ പോസ്റര്‍ എല്ലാം ഞാന്‍ തന്നെ ചെയ്യാന്‍ തീരുമാനിച്ചു.

എത്ര ദിവസത്തിന് ശേഷമാണ് ഞാന്‍ എലിസബത്തിനെ കാണുന്നത് എന്നോര്‍മയില്ല, പക്ഷെ കാണുന്നത് വീണ്ടും 'കൊപ്രാട്ടി' കോളേജിന്റെ മുന്നില്‍ വെച്ചാണ്. ചിരിക്കാന്‍ ഒരു വൈമനസ്യത്തോടെ എലിസബത്ത്‌ എന്റെ മുന്നില്‍...

'എന്താണ് എലിസബത്തെ നമ്മളെയൊക്കെ മറന്നല്ലേ ?' എന്റെ ചോദ്യം.

'സൂര്യനല്ലേ എന്നെ മറന്നത്'

'ഞാനോ ? ഏയ് തനിക്കു തോന്നുന്നതാണ്. ടുഷന്‍ കഴിഞ്ഞോ ?'

'കഴിഞ്ഞു'

'എന്നാല്‍ നമുക്കൊന്ന് നടക്കാം ?'

'എങ്ങോട്ട് ?'

'എങ്ങോട്ടെങ്ങിലും, മഠത്തില്‍ പോയാല്‍ പോരെ ? താന്‍ വാടോ !'

നേരെ തിരുവനമ്പാടി അമ്പലത്തിന്റെ പുറകില്‍ കൂടെ നടക്കുമ്പോള്‍ ഒരു വല്ലാത്ത ശൂന്യത ഞങ്ങളുടെ ഇടയില്‍ കെട്ടി നില്‍ക്കുന്നുണ്ടായിരുന്നു. അത് പൊളിക്കാനായി ഒരു നമ്പര്‍ ഇട്ടാലോ ?

ആദ്യം കുറച്ചു സോഫ്റ്റ്‌ നമ്പര് ആവാം.... (അഞ്ചു ശരങ്ങളും പോരാതെ .....).

'എലിസബത്തെ എനിക്കൊരു കാര്യം പറയാനുണ്ടായിരുന്നു'

'എന്തേ ?' ആ ചോദ്യത്തിലെ ആകാംക്ഷ എന്നെ ഒന്ന് സംശയിപ്പിച്ചു. എങ്ങനെയെങ്ങിലും ഏതു പറയാമായിരുന്നു. പക്ഷെ ഒരു പ്രശ്നം, ഒരു നല്ല കോള് ഇല്ലാതെ തുരുപ്പ് ഇറക്കുന്നത്‌ ബുദ്ധിയല്ല, ന്ച്ചാല്‍ തയ്യാറെടുപ്പ് ഇല്ലാതെ ഇറക്കാന്‍  പറ്റിയ നമ്പര്‍ അല്ല ഏതു എന്നര്‍ഥം. സൂക്ഷിച്ചില്ലേല്‍ പണി പാളും ! അതുകൊണ്ട് പെട്ടെന്ന് തന്നെ 'കൂലി' തള്ളുന്നതാണ് ഭംഗി.

'അല്ല അത് പിന്നെ ............ പിന്നെ .................. അല്ലെങ്കില്‍ ഇപ്പോള്‍ വേണ്ട പിന്നെ പറയാം'

'അതെന്തിനാ പിന്നെ ആക്കുന്നത്, ഇപ്പോള്‍ തന്നെ പറഞ്ഞുകൂടെ ?'

'അല്ല, ഇപ്പൊ പറഞ്ഞാല്‍ അത് ശരിയാവില്ല, പിന്നെ പറയാം'

'എന്താ ഒരു സസ്പെന്‍സ് ?'

'ഏയ് അങ്ങിനെ ഒന്നുമില്ല, എന്നാലും ................. പിന്നെ പറയാം'

'ശരി എന്നാല്‍ അങ്ങിനെ ആവട്ടെ'  (ഇപ്പൊ  പറഞ്ഞെങ്കില്‍ പെട്ടേനെ !)

മനപ്പൂര്‍വം അല്ലെങ്കിലും ഈ തുടക്കം എനിക്കിഷ്ടപ്പെട്ടു. ഇതില്‍ തന്നെ പിടിക്കുകയാവും നല്ലത്.

'അടുത്ത ആഴ്ച മുതല്‍ അവധിയല്ലേ എലിസബത്തെ, നാട്ടില്‍ പോകുന്നുണ്ടോ ?'

'ചിലപ്പോള്‍..............., മഠത്തില്‍ നിന്നും വേളാങ്കണ്ണിക്ക് പോകാന്‍ പരിപാടി ഉണ്ട്. ചിലപ്പോള്‍ അതാവും പരിപാടി, സൂര്യനോ ?'

'ഞാന്‍ ഒരു പരിപാടി ഇട്ടതായിരുന്നു, പിന്നെ അത് വേണ്ടെന്നു വച്ചു' ഞാന്‍ ഇതും പറഞ്ഞു എലിസബത്തിന്റെ മുഖത്തേക്ക് ഒന്ന് നോക്കി. ഗൂഡമായ ഒരു ചിരി അവിടെ പമ്മി നില്‍ക്കുന്നു !

ശരിയാക്കാം !

'വേറൊരു കാര്യം സൂര്യനോട് ചോദിക്കണം എന്ന് വിചാരിച്ചു, ഞങ്ങളുടെ ബസ്‌ കംപ്ലൈന്റ്റ്‌ ആണ്. അപ്പോള്‍ മദര്‍ പറഞ്ഞു ഏതെങ്കിലും ഒരു ട്രാവല്‍സില്‍ ഒന്ന് ട്രൈ ചെയ്യണം എന്ന്. സൂര്യന് ഏതെങ്കിലും ട്രാവല്‍സില്‍ പരിചയക്കാര്‍ ഉണ്ടോ ?'

ഒരു നിമിഷം ഞാന്‍ ചിന്തിച്ചു, എതെന്തെങ്ങിലും ഒരു 'വഴി' ആണോ ?

'എന്നാണു ഡേറ്റ് ? എത്ര സീറ്റ്‌ വണ്ടി വേണം ?' ഞാന്‍ രണ്ടു മൂന്ന് ചോദ്യങ്ങള്‍ വച്ചു. എന്തോ ഒരു സംഭവം, ഏതോ ഒരു വഴി ഇതില്‍ തെളിഞ്ഞു വരുന്നുണ്ട്. എന്താണെന്ന് ക്ലിയര്‍ ആകാന്‍ സമയം വേണം.

'വിഷുവിന്റെ തലേ ദിവസം, ഞങ്ങള്‍ എല്ലാവരും കൂടി ഏകദേശം ഒരു 40  പേര്‍ വരും'

'വിഷുവിന്റെ തലേ ദിവസം' അന്ന് തന്നെ വേണം അല്ലേടി !

'ശരി, ഞാന്‍ ഒന്ന് നോക്കട്ടെ'

'നാളെ പറയാമോ ?'

'പറയാം'

'കല്യാണില്‍' ഒന്ന് വിളിച്ചു പറഞ്ഞാല്‍ നടക്കാവുന്ന കാര്യമേയുള്ളൂ. വരട്ടെ എങ്ങനെ ഇതിനെ ഒരു വഴിയാക്കി മാറ്റാം എന്ന് തെളിയട്ടെ. നടന്നു നടന്നു ചെമ്പുക്കാവ് എത്തിയപ്പോള്‍ സിസ്റ്റര്‍ പറഞ്ഞു 'എന്നാല്‍ ഞാന്‍ അങ്ങോട്ട്‌ പോകട്ടെ, ആ കാണുന്നതാണ് മഠം'

നോക്കിയപ്പോള്‍ ഒരു പഴയ ഭാര്‍ഗവി നിലയം പോലെ ഒരു വീട്, ഇതിനകത്ത് എങ്ങനെ ആണാവോ ഈ 40  കഴിഞ്ഞു കൂടുന്നത് !

'അല്ലാ എലിസബത്തെ വേളാങ്കണ്ണിക്ക് എന്നെ വിളിക്കുന്നില്ലേ ?'

'അയ്യോ, പുറത്തു നിന്നുള്ളവര്‍ക്ക് വരാന്‍ ഒന്നും പറ്റില്ല' എലിസബത്ത് പാമ്പ് കടിച്ചപോലെ, അതായത് ഒരു നിലവിളി ശബ്ദത്തോടെ, ഒരു മറുപടി.

'വേളാങ്കണ്ണിക്ക് ആര്‍ക്കു വേണമെങ്കിലും പോകാമല്ലോ ?' ഞാന്‍ തിരിച്ചു ചോദിച്ചു.

'എന്നുവെച്ചാല്‍ സൂര്യന്‍ നേരെ അങ്ങോട്ട്‌ വരാമെന്നോ ? അങ്ങിനെ ആണെങ്ങില്‍ നന്നായി'

'അങ്ങനെയും ആകാം, വേണ്ടിവന്നാല്‍ ഞാന്‍ നിങ്ങളുടെ കൂടെ തന്നെ വരും, ഒരേ വണ്ടിയില്‍, കാണണോ ?'

'ചതിക്കല്ലേ സൂര്യ !' പാവം അതിനു പേടി, നമ്മള്‍ എങ്ങനെ അവരുടെ കൂടെ പോകാന്‍ ?

പെട്ടെന്ന് ഒരു മിന്നല്‍, അല്ലാ അങ്ങിനെ പോകാന്‍ എന്തെങ്ങിലും വഴിയുണ്ടോ ?

അല്ലാ പോയതുകൊണ്ട് വല്ല കാര്യമുണ്ടോ ? അതും ഒരു ചോദ്യമാണല്ലോ ! അവസാനം ആട്ടാന്‍ പോയവന്‍ നെയ്ത്തുശാലയില്‍ ചെന്നപോലെ ആകുമോ ? എന്തായാലും ഒരു കൈ നോക്കുക തന്നെ.

കിട്ടിയാല്‍ ചേമ്പ് അല്ലെങ്കില്‍ താള് !

രണ്ടു ദൈവങ്ങളുടെ ചിത്രം തെളിഞ്ഞു വന്നു, വേലയുധേട്ടനും രാധാകൃഷ്ണനും, കല്യാണ്‍ ട്രാവല്‍സിലെ 'ഡ്രൈവന്‍മാര്‍', അവര്‍ സഹായിച്ചാല്‍ ഞാന്‍ ഇവരുടെ വണ്ടിയില്‍ വേളാങ്കണ്ണിക്ക് പോകും ! പൂഹോയ് !

'ചതിക്കുകയും ഒന്നും ഇല്ല, പക്ഷെ ബസ്സില്‍ എന്നെ കണ്ടാല്‍ കിടന്നു ബഹളം വെക്കരുത്'

അപ്പോള്‍ സൂര്യ കാര്യമായിട്ടാണോ പറയുന്നത് ? എനിക്ക് പേടിയാകുന്നു. എന്തെങ്ങിലും പ്രശ്നം ഉണ്ടായാലോ ? എന്റെ കര്‍ത്താവേ, എനിക്കാലോചിക്കാന്‍ കൂടി പറ്റുന്നില്ല'

ഹും 'എലിസബത്തിന്റെ ജല്പനങ്ങള്‍ !

'എന്ത് പ്രശ്നം ? ആകെ തനിക്കു മാത്രമേ എന്നെ അറിയൂ, താന്‍ വിളിച്ചു കൂവി പ്രശ്നം ആക്കാതിരുന്നാല്‍ മതി' ഞാന്‍ ഒന്ന് നോര്‍മലൈസ് ചെയ്യാന്‍ ശ്രമിച്ചു.

'ദൈവമേ !' എലിസബത്ത് പ്രാര്‍ത്ഥന തുടങ്ങിയെന്നു തോന്നുന്നു. ആ 'ദൈവ വിളിയോടെ' എന്തൊക്കെയോ പിറുപിറുത്തു കൊണ്ട് നടക്കുന്നുണ്ട്.

'പിന്നെ കാണാം, മദറിനോട് വണ്ടി ശരിയായി എന്ന് പറഞ്ഞോളു. ഒരു രണ്ടു മണിക്കൂറിനകം ഞാന്‍ ഫോണ്‍ ചെയ്യാം'

ഇതു തന്നെ ആ അവസരം, ഇതായിരിക്കണം 'ആ വഴി'

ഞാന്‍ നേരെ രാധാകൃഷ്ണന്റെ വീട്ടിലേക്കു ചെന്നു, അത് മയിലിപ്പാടത്താണ്. 'ബുള്ളുവിന്റെ' വീടിനു തൊട്ടടുത്തു, മയിലിപ്പാടം രാജേഷിന്റെ ഓമന പേരാണ്, ന്ച്ചാല്‍ സ്റ്റേഷന്‍ പേര് ബുള്ളറ്റ് രാജേഷ്‌, അതിനെ ചുരുക്കി വിളിക്കുന്ന പേരാണ് 'ബുള്ളൂ' !. നമ്മുടെ ദോസ്താണ്. അവനാണ് രാധാകൃഷ്ണനെ പരിചയപ്പെടുത്തി തന്നതും. എല്ലാം നമ്മുടെ പട്ടരുടെ സൗഹൃദ  വലയമാണ് കേട്ടോ !

ചെല്ലുമ്പോള്‍ രാധാകൃഷ്ണന്‍ ഷര്‍ട്ടിന്റെ കയ്യൊക്കെ മടക്കി പുറത്തേക്ക് ഇറങ്ങാന്‍ തുടങ്ങുന്നു. നന്നായി ! നേരെ പിടിച്ചു കൊണ്ടുപോയി 'കല്‍ക്കട്ട' ബാറില്‍ ഇരുത്തി ഉള്ള കാര്യം മുഴുവനും അങ്ങ് പറഞ്ഞു. ആദ്യത്തെ മൂന്നാലെണ്ണം വരെ പറ്റില്ല, പിരിവില്ല എന്നൊക്കെ പറഞ്ഞെങ്കിലും പിന്നീടുള്ള ഓരോ പെഗ്ഗിലും എനിക്കുള്ള പിന്തുണ കൂടി കൂടി വന്നു. പതുക്കെ പിടിച്ചു കൊണ്ട് പോയി ബാറിന്റെ കൌണ്ടറില്‍ നിന്നു തന്നെ ഫോണ്‍ ചെയ്യിച്ചു വണ്ടി ബുക്ക് ചെയ്യിച്ചു. കൂട്ടത്തില്‍ വേലായുധേട്ടനെയും വിളിച്ചു കാര്യം പറഞ്ഞു.

'അല്ലെടോ എന്തൂട്ടാ ഗഡി അപ്പൊ നിന്റെ പ്ലാന്‍, നീ ആകെ ചളി ആക്കോ ?' രാധു എന്നോട്.

'ഏയ് ഇല്ലെടപ്പാ, നമ്മള് ഡീസന്റ് ആയി ഒരു ചുറ്റല് അത്രന്നെ'

'നീ നമ്മള്‍ക്ക് ബൂസ്ടുണ്ടാക്കി തരരുത്'

'ഏയ് നീയാ പൂശിക്കോ, ബാക്കി ഞാന്‍ ഏറ്റു. നീ ഇത് മറ്റു ശവികളോട് പറയരുത്, പറഞ്ഞാ നേരത്തെ പറഞ്ഞ സംഭവം നടക്കും. പിടി കിട്ടിയാ ?'

'പിടി മാത്രല്ല സംഗതി 'മുഴുവനും' എന്റെ കയ്യിലുണ്ട്, എന്നാലും ഒരു പേടി'

'ഒന്നും പേടിക്കണ്ടാടാ, നീ വീട്ടില്‍ പോയി ഒന്ന് 'തീവണ്ടി ആയി കളിച്ചു' സുഖായിട്ട് ഉറങ്ങിക്കോ, ഞാന്‍ സംക്രാന്തിയുടെ അന്ന് വരാം. '

രാധാകൃഷ്ണനെ ഒരു ഓട്ടോയില്‍ കേറ്റി വിട്ടിട്ടു ഞാന്‍ എലിസബത്തിനെ വിളിച്ചു. ഫോണ്‍ റിംഗ് ചെയ്യുന്നുണ്ട്.

'ഹലോ' ആരോ എടുത്തു.

'ഹലോ എലിസബത്തുണ്ടോ ?' ഞാന്‍

'എലിസബത്തോ ? ഏതു എലിസബത്ത് ? നിങ്ങളാരാ ?' ഇങ്ങോട്ട് ഒരു ലോഡ് ചോദ്യങ്ങള്‍. എല്ലാത്തിനും കൂടി ഒരു മറുപടി എന്റെ നാവില്‍ വന്നതാണ്. പിന്നെ അതങ്ങോട്ടു കടിച്ചിറക്കി, മര്യാദ റോളില്‍ ഞാന്‍.....

'സിസ്റര്‍ എലിസബത്തെയ്..... എലിസബത്ത്, പാലേന്നു അവളുടെ അപ്പനാണ്'

'ഇപ്പൊ വിളിക്കാം' അപ്പുറത്തെ മണവാട്ടി കുഞ്ഞാടായി ! ഒരു പരസ്യത്തിന്റെ ഇടവേള, നല്ല മൂഡ്‌, ഒരു സിഗരെട്ടു കത്തിച്ചു.

'ഹലോ' വിറയാര്‍ന്ന ശബ്ദത്തോടെ എലിസബത്ത്‌.

'മോളെ എലിസബത്തെ ഇതു അപ്പാനാണ്, ബസ്‌ ശരിയായി എന്ന് അവിടുത്തെ അമ്മാമയോട് ഒന്ന് പറഞ്ഞേക്ക്, പിന്നെ കാണാട്ടാ'

മറുപടിക്ക് കാത്തു നില്‍ക്കാതെ ഞാന്‍ ഫോണ്‍ വച്ചു. അപ്പുറത്തെ ഇപ്പോഴത്തെ അവസ്ഥ അറിയാവുന്നത് കൊണ്ട് കൂടുതല്‍ സംസാരിച്ചു നില്‍ക്കേണ്ട കാര്യം ഇല്ല എന്നറിയാം.

നന്ദന്റെ വീട്ടില്‍ പോയപ്പോള്‍ മുതല്‍ ദിനേശന്റെ വീട്ടിലേക്കു ഒരു ക്ഷണം അങ്ങിനെ നില്‍ക്കുന്നുണ്ടായിരുന്നു. അടുത്ത ദിവസങ്ങളില്‍ അതുമായി ബന്ധപ്പെട്ട യാത്രകള്‍ ആയിരുന്നു. അവന്റെ വീടിനടുത്ത് ഒരു ബീച്ച് ഉണ്ട്. ഒരു മനുഷ്യന്‍ ഉണ്ടാവില്ല. കുടിച്ചു കടലില്‍ തലകുത്തി മറയാന്‍ പറ്റിയ സ്ഥലം. അണ്ടര്‍വെയറിന്റെ  ഉള്ളില്‍ മണല്‍ കയറി നാശമാകും എന്നതൊഴിച്ചാല്‍ കടല്‍ കടലില്‍ കുളി മനോഹരം. കുളിച്ചു കയറിക്കഴിഞ്ഞാല്‍ പിന്നെ ചുരുങ്ങിയത് ഒരു 2 ലിറ്റര്‍ വെള്ളം ഓരോരുത്തരും കുടിക്കും, അപ്പോഴേക്കും കൊണ്ടുവന്ന ബിയര്‍ കഴിഞ്ഞിട്ടുണ്ടാവും, പിന്നെ അടുത്ത പെട്ടിക്കടകള്‍ തന്നെ ശരണം. എന്ത് കിട്ടിയാലും കുടി തന്നെ. അവര്‍ക്കും സന്തോഷം, 8 പേര്‍ വന്നാല്‍ 28 പേരുടെ കച്ചവടം ആണ് നടക്കുന്നത്.

അവന്റെ വീട്ടില്‍ പോയ ദിവസം ആണ് ഞാന്‍ മുളക് തിന്നു ഫിറ്റ്‌ ആയത്. സത്യം പറഞ്ഞാല്‍ അങ്ങിനെ ഒരനുഭവം അതുനു മുന്‍പോ ശേഷമോ ഉണ്ടായിട്ടില്ല. ഞാന്‍ ഒരു 2 -3 ഗ്ലാസ്‌ കള്ള് കുടിച്ചിട്ടുണ്ടാവും, ഏതോ ഒരു കറിയില്‍ ഉണ്ടായിരുന്ന ഒരു പച്ചമുളക് ഞാന്‍ കടിച്ചത് മാത്രം ഓര്‍മയുണ്ട്, എന്റെ രണ്ടു കണ്ണില്‍ നിന്നും വെള്ളം കുടു കുടാന്നു ചാടാന്‍ തുടങ്ങി എന്ന് മാത്രമല്ല ഞാന്‍ നല്ല ഫിറ്റ്‌. എനിക്ക് നടക്കാനോ മിണ്ടാനോ എന്തിനു ആരെയെങ്ങിലും നോക്കാനോ പറ്റുന്നില്ല !

എല്ലാവരും ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോള്‍, ഞാന്‍ എങ്ങിനെയോ പുറത്തു ചാടി. എന്തെല്ലാം കറികള്‍ ആണെന്നോ അവിടെ ഉണ്ടാക്കിയിരുന്നത്, എല്ലാം ഒരു ഓര്മ മാത്രം ആയി. നമ്മുടെ ഭാഷയില്‍ പറഞ്ഞാല്‍ @#*%പ്പോയി, അതന്നെ !

രണ്ടാം ദിവസ്സം കടലില്‍ പോയപ്പോള്‍ വാഴാനി ബഷീര്‍, അത് നന്ദന്റെ ഒരു ഫ്രണ്ട്-തെണ്ടി ('കിടക്ക ബഷീര്‍' എന്നും വിളിക്കും)  ഒന്ന് പേടിപ്പിച്ചു. അവന്‍ കരുത്തു തെളിയിക്കാന്‍ കണ്ണെത്താ ദൂരത്തേക്കു ഒരു നീന്തല്‍ ! അഞ്ചു മിനിറ്റ് കഴിഞ്ഞിട്ടാണ് സാധനം തിരിച്ചു വരുന്നത്. പക്ഷെ അപ്പോഴേക്കും എല്ലാവരുടെയും ഫിറ്റ്‌ ഇറങ്ങി. പിന്നെ ആരും പരസ്പരം അധികം സംസാരം ഉണ്ടായില്ല. ചെറിയൊരു ഷോക്ക് ‌!

'ദിനേശവാസം' കഴിഞ്ഞു പിന്നെ കോണത്തുകുന്നു ടൂര്‍. ചാത്തന്റെ ആവാസ സ്ഥലം കാണാന്‍ ഒരു യാത്ര !

അതെല്ലാം കഴിഞ്ഞു ക്ലാസ്സിലെത്തുമ്പോള്‍ വെക്കേഷന്‍ തുടങ്ങാന്‍ ഇനി രണ്ടു ദിവസം മാത്രം. നോക്കുമ്പോള്‍ നമ്മുടെ പൂത്തലയന്മാര്‍ ഇരുന്നു ഒരു ട്രിപ്പ്‌ പ്ലാന്‍ ചെയ്യുന്നു. ഈ കഴിഞ്ഞതൊന്നും പോരാതെ !

ഊട്ടി, കൊടൈക്കനാല്‍ അങ്ങിനെ അങ്ങിനെ. ഈ തല്ലിപ്പോളികള്‍ ചതിക്കുമോ എന്നായി എന്റെ ചിന്ത. രണ്ടു കാര്യങ്ങളാണ് ആ ചിന്തയുടെ പിറകില്‍, ഒന്ന് ഞാന്‍ വരുന്നില്ല എന്ന് പറഞ്ഞാല്‍ അതിനെപറ്റി വിശദമായ ഒരന്വേഷണം നടക്കും, ഉറപ്പ്.  രണ്ട് പട്ടരു വണ്ടി ഏല്‍പ്പിക്കാന്‍ പോകുന്നത് നമ്മുടെ ടീമിന്റെ അടുത്ത് തന്നെ ആണ്, ആരെങ്ങിലും ഒരാള്‍ അവനോടു കാര്യം പറയും. രണ്ടായാലും എല്ലാവരും കൂടി എന്റെ 'കട്ടേം പടോം' മടക്കും.

എന്റെ പുണ്യാളച്ചാ, കാത്തോളണേ !

പറഞ്ഞപോലെ തന്നെ അങ്ങേരു കാത്തു, ഊട്ടി കൊടൈക്കനാല്‍ എല്ലാം ലോപിച്ച് ലോപിച്ച് അവസാനം യാത്രിനിവാസില്‍ ഒരു 'അഖണ്ട വെള്ളമടി യന്ജം' (ഫുള്‍ ഡേ വെള്ളമടി) ആക്കി അവസാനിപ്പിച്ചു. ഒരു ചെയ്ഞ്ചിനു വേണ്ടി, നന്നായി, ഒരു ചെയ്ഞ്ച് ആര്‍ക്കാണ് ഇഷ്ടമല്ലാത്തത്‌ !

പക്ഷെ അത് വിഷുവിന്റെ തലേ ദിവസം ആക്കി ഫിക്സ് ചെയ്തപ്പോള്‍ ഞാന്‍ ഒന്ന് ഞെട്ടി. അന്ന് തന്നെ ആണല്ലോ ഭഗവാനെ വേളാങ്കണി ട്രിപ്പ്‌. എന്തുചെയ്യും ?

എന്ത് ചെയ്യാന്‍ ? വരുന്നത് വരട്ടെ, കാര്യങ്ങള്‍ ഇതുവരെ എത്തിയതേ നേരത്തെ വിളിച്ചു പ്രാര്‍ഥിച്ച പുള്ളിക്കാരന്റെ കൃപയാണ്. അപ്പൊ ബാക്കി അങ്ങേരു തന്നെ അങ്ങ് ശരിയാക്കി തരും !

സംക്രാന്തി ദിവസം വീട്ടില്‍ നിന്നും 'മനോഹരമായ ഊട്ടി ട്രിപ്പിനു' വേണ്ടി അനുവാദവും കാശുമൊക്കെ വാങ്ങി കാലത്ത് തന്നെ ഒരു എയര്‍ ബാഗുമായി വടക്കേ സ്റ്റാന്‍ഡില്‍ ചെന്നു ഇറങ്ങി. അപ്പോളാണ് ഒരപകടം മനസ്സില്‍ തോന്നിയത്‌. ഈ ബാഗുമായി അവന്മാരുടെ അടുത്ത് ചെന്നാല്‍ അത് പ്രശ്നമാകും. നേരെ ഡ്രൈവന്‍ രാധാകൃഷ്ണന്റെ അടുത്ത് ചെന്നു ബാഗ് അവന്റെ അടുത്ത് ഏല്പിച്ചു. വൈകിട്ട് വരുമ്പോള്‍ അതും കൂടി കൊണ്ട് വരാന്‍ ചട്ടം കെട്ടി ഒരു 100  രൂപയും കൊടുത്തു. കാര്യങ്ങള്‍ നേരെ 'ചൊവ്വെ' നടക്കാന്‍ !.

തിരികെ സ്റ്റേഡിയത്തിന്റെ  അടുത്ത് എത്തിയപ്പോള്‍ നന്ദനും രാജേഷും എത്തിയിട്ടുണ്ട്.

'എപ്പോ വന്നെടാ' നന്ദന്‍

'ദിപ്പോ' ഞാന്‍

'മറ്റവന്‍മാരൊക്കെ എവിടെ ?' ഞാന്‍ ചോദിച്ചു.

'ഗോപിയും വിജയനും വന്നിട്ടുണ്ട്, സിഗരട്ട് വാങ്ങാന്‍ പോയിരിക്കുകയാ, കൂട്ടത്തില്‍ രാമനെ ഫോണ്‍ ചെയ്യാനും പറഞ്ഞിട്ടുണ്ട്' രാജേഷ്‌.

'ഇനി എപ്പോഴാ പോകുന്നത്, മണി പത്തായിലോ, ഒരു ദിവസം എന്ന് പറഞ്ഞാല്‍ ഒരു ദിവസം ആയിരിക്കണം' നന്ദനാണ്.

എന്തൊരു ദേഷ്യം ! പറയുന്ന കേട്ടാല്‍ തോന്നും എന്ന് മുഴുവന്‍ കുടിക്കാന്‍ പോകുന്നത് ഇവനാണെന്ന് !

ഗോപിയും വിജയനും തിരിച്ചെത്തി. 'എടാ നമ്മളോട് യാത്രിനിവാസിലേക്ക് പൊക്കോളാന്‍ പറഞ്ഞു, പട്ടര്‍ അങ്ങോട്ട്‌  എത്തിക്കോളാം എന്ന്'

'എന്ന വാ പോകാം' ഇതും പറഞ്ഞു നന്ദന്‍ ഒറ്റ നടത്തം. ഇവന് ഞങ്ങളെ കുടിപ്പിക്കാന്‍ എന്തൊരു ആര്‍ത്തി, ഓരോരോ തരം സ്നേഹം !

യാത്രിനിവാസില്‍  പറ്റിയ ഒരു മൂലക്കിരുന്നു, മനോഹരമായ അഞ്ചാറു ബിയറുകള്‍ ഓര്‍ഡര്‍ ചെയ്തു. അതും ആ 'ചടയന്‍' തന്നെ. ആരെടാ ഇവന്‍ !

അത് തീരാറായപ്പോളെക്കും പട്ടരെത്തി. പിന്നെ മേളം രണ്ടാം കാലം, ഒന്നാം കാലം, പെരുക്കം എങ്ങനെ അങ്ങോട്ട്‌ മുന്നേറി. അതിനിടയില്‍ 'കക്ഷത്തില്‍ സെന്റും അടിച്ചു നടക്കുന്ന' ഏതോ 'ആഷ്-പൂഷ്' പിള്ളാര്, ഓര്‍ഡര്‍ ചെയ്ത ഫുഡ്‌ നേരം വൈകി എന്ന് പറഞ്ഞു വെയ്ട്ടരെ പിടിച്ചൊരു തള്ള്.

കള്ളുകുടിച്ചു ബഹളം വെച്ചു എന്ന് പറഞ്ഞു പട്ടരു പോയി ആ ചെറുക്കനെ രണ്ടെണ്ണം, അത് ചോദിച്ചവന് വേറെ രണ്ട്, തോട്ടടുടുത്തു മിണ്ടാതിരുന്നവന് വെറുതെ ഒരെണ്ണം, ടേബിളില്‍ ഒരു ചവിട്ടും !

യാത്രിനിവാസുകാര്‍ക്ക് സന്തോഷം, ഒന്നാമത് അവര്‍ക്ക് ഞങ്ങളെ അറിയാം, രണ്ടാമത് 'മുരളി' - ആ വെയ്റ്റര്‍ - പറയുന്നത് ഇവന്മാരെ കൊണ്ട് വലിയ ശല്യം ആയിരുന്നു എന്നാണ്. ഇതിനിടയില്‍ രാമന്റെ കൂടെ ഓടാന്‍ നോക്കിയ നന്ദനെ പിടിക്കാന്‍ രാജേഷ്‌ കൂടെ ചാടി, ദേ കിടക്കുന്നു രണ്ടെണ്ണം കൂടി പൂച്ചട്ടിയിന്മേല്‍. 3 എണ്ണം തദൈവ ! അതിലും ഹോട്ടലുകാര്‍ക്ക്‌ സന്തോഷം.

5 മണി ആയപ്പോഴേക്കും ഒരെണ്ണം എഴുന്നേല്‍ക്കാനും നടക്കാനും പറ്റാത്ത സ്ഥിതിയില്‍, നന്ദനും രാജേഷും ഞങ്ങളെ വേണ്ട പോലെ ശുശ്ര്ര്ഷിക്കുന്നുണ്ട്. വേണ്ടവരെയൊക്കെ കൊണ്ട് പോയി മുഖം കഴുകിക്കുന്നു. വാള് വെക്കേണ്ടവരെ കൊണ്ട് പോയി അതിനുള്ള സൗകര്യം ചെയ്തു കൊടുക്കുന്നു. ഗോപിയെ തല കുളിപ്പിച്ച് തുവര്‍ത്തിയാണ് പഹയന്മാര്‍ കൊണ്ട് വന്നത്.

ഈ കോലത്തില്‍ എന്തായാലും ഒരു സ്ഥലത്തേക്കും പോകാന്‍ പറ്റില്ല, എനിക്ക് മാത്രമല്ല, ആര്‍ക്കും !

'ഡേയ് മുരളി' ഞാന്‍ വിളിച്ചു.
'സര്‍' മുരളി ഹാജര്‍

'ഒരു മുറി അറേഞ്ച് ചെയ്യ് ഗഡി'

'അയ്യോ സാറെ, ഒറ്റ മുറി പോലും ഇല്ല, എല്ലാം ഫുള്‍ ആണ്'

'ഒന്ന് കുളിക്കണം അത്രേള്ളുഡാപ്പാ, അല്ലാണ്ട് അവിടെ കുന്തം മറയേണ്ട കാര്യം ഒന്നും ഇല്ല, നീ പോയി ഒന്ന് നോക്യേ, ഒരു രക്ഷയും ഇല്ലാണ്ട് ഇരിക്കില്ലെടാ'

'സാറെ..' അവന്‍ വീണ്ടും പമ്മുന്നു.

'ഒന്ന് നോക്കെഡാപ്പാ...'

'ശരി സാര്‍'

'മുരളിയെ രണ്ടു ബിയറും കൂടി !' ഗോപിയാണ്, തെണ്ടി !

'മുരളിയെ മൂന്ന്' വിജയന്‍

'എന്നാല്‍ നാലായിക്കോട്ടേ' പട്ടര്‍

'എന്നാപ്പിന്നെ നീ മാത്രമായി എന്തിനാടാ സൂര്യാ കുടിക്കാതിരിക്കുന്നത്, മുരളിയെ ആറെണ്ണം തികച്ചും എടുത്തോ' രാജേഷിന്റെ വക.

എന്തിന്നാ ആറെണ്ണം എന്ന് വെറുതെ ചോദിക്കണ്ടല്ലോ, അവസാനത്തെ രണ്ടെണ്ണം എനിക്കാണ്, എന്നും ഡബിള്‍ ആണ് എനിക്ക്, ഒമ്ലെറ്റ് മുതല്‍ ബസ്സിലെ സീറ്റ്‌ വരെ !

അതുകൂടി കഴിഞ്ഞപ്പോള്‍ ഏകദേശം ആയി, എങ്ങോട്ടോ നടക്കുന്നു, ആരൊക്കെയോ പിടിക്കുന്നു, എവിടെയോ കിടന്നു, ഉണര്‍ന്നു വാച്ചില്‍ നോക്കുമ്പോള്‍ 9 മണി. എന്റെ പുണ്യാളച്ചാ ബസ്‌ 10  മണിക്കാണ്. ഒരു മണിക്കൂര്‍, തിരുവയറൊഴിക്കണം, തിരുകുളി കുളിക്കണം, തിരുവായ ക്ലീന്‍ ചെയ്യണം, എന്തെല്ലാം പണി കിടക്കുന്നു.

എല്ലാം കഴിഞ്ഞു ഡ്രസ്സ്‌ ചെയ്യുമ്പോള്‍, എല്ലാ അവന്മാരും പരസ്പരം കെട്ടിപിടിച്ചു കിടപ്പാണ്. മാറി മാറി വിളിച്ചു നോക്കി, ങേ ഹെ ഒരെണ്ണം അനങ്ങിയില്ല.

താഴെ ചെന്നു മുരളിയിട് കാര്യം പറഞ്ഞു. നേരെ വിട്ടു. ചെല്ലുമ്പോള്‍ വണ്ടി മOത്തിന്റെ  മുന്നില്‍ തന്നെ ഉണ്ട്, രാധാകൃഷ്ണന്‍ കലിതുള്ളി നില്‍ക്കുന്നു.

'എന്തൂട്ടനെന്റിഷ്ടാ, ഞങ്ങള്‍ എത്ര നേരായി കാത്തു നില്‍ക്കുന്നു ?'

'ഒരബദ്ധം പറ്റി രാധ, വേലായുധേട്ടാ..... ' ഞാന്‍ സ്നേഹത്തോടെ വിളിച്ചു.

'ങാ, എത്തിയാ സൂര്യ, സാധനണ്ടാ ?'

'ഇല്ല ശരിയാക്കാം'

'സാധനോക്കെ എന്റെ കയ്യിലുണ്ട് നീ പോയി ഡ്രെസ്സാ മാറിയേ' രാധാകൃഷ്ണന്‍.

'ഡ്രെസ്സ് മാറണോ, ഇതു പോരെ ?'

എന്നാ ഒരു തൊപ്പിയും കൂടി വെച്ചോ, നന്നായിരിക്കും, ലോകത്ത് ഏതു ബസ്സിന്റെ കിളിയാണ് ഭായി ജീന്‍സും ടീഷര്‍ട്ടും ഇട്ടു നടക്കുന്നത്'

'കിളിയാ ?' ഞാന്‍ ചെറുതായി ഞെട്ടി.

'അല്ലാ, എന്നാ നീ കല്യാണ്‍ സാമിടെ മോനാണെന്നു പറഞ്ഞു വന്നോ. ഈ ഗഡി ഇതു ചളിയാക്കാനുള്ള എല്ലാ ലക്ഷണവും ഉണ്ട് വേലായുധേട്ടാ...'

'കളിക്കാണ്ട് നീ ഡ്രസ്സ്‌ മാറിയേ മോനെ' വേലായുധേട്ടന്‍ കൂടി പറഞ്ഞ സ്ഥിതിക്ക് ഇനി രക്ഷയില്ലാ.

'രാധാകൃഷ്ണാ.. എന്റെ കയ്യില്‍ ഈ ജാതി ഡ്രെസ്സേ ഉള്ളെടാ'

'അതെനിക്കറിയാം, നിന്റെ ഭാഗിന്റെ സൈഡില്‍ ഒരു ലുങ്കി വച്ചിട്ടുണ്ട്, വേഗം ഉടുത്തോണ്ട് വാ'

ഓഹോ അപ്പോള്‍ അവന്‍ കരുതി തന്നെയാ വന്നത്. ഞാന്‍ ലുങ്കിയും ഒരു ടീഷര്‍ട്ടും ഒക്കെ ആയി വന്നപ്പോള്‍, വേലായുധേട്ടന്‍ ഒരു ബക്കറ്റ് കയ്യില്‍ തന്നിട്ട്  'ആ പൈപ്പില്‍ നിന്നും ലേശം വെള്ളം  ഇങ്ങെടുത്തോ മോനെ'

വേഷം കെട്ടിയില്ലേ ആടിക്കളയാം !

വെള്ളം കൊണ്ട് വരുമ്പോള്‍, വേറൊരു കന്യാസ്ത്രീ, കുറച്ചു പ്രായമുള്ള ഒരു മുതല്‍, നമ്മുടെ ഡ്രൈവന്‍മാരെ  ചോദ്യം ചെയ്യുന്നു. എന്നെ കണ്ടതും എന്റെ നേരെ ഒരു ചോദ്യം

'ക്രിസ്ത്യാനി ആണല്ലേ ?' ഇതെന്തു കുരിശ് എന്ന് ഞാന്‍ അന്തം വിട്ടു രാധാകൃഷ്ണന്റെ മുഖത്തേക്ക് ഒരു നോട്ടം.

'സൈമണ്‍ എന്നാണല്ലേ പേര് ?' വീണ്ടും ചോദ്യം !

'അതെന്നു ഞാന്‍ പറഞ്ഞില്ലേ മദറെ' വേലയുധേട്ടനാണ്, അപ്പൊ അങ്ങേരുടെ ആണ് തിരക്കഥയിലെ ഈ മാറ്റം. മദര്‍ ഇവിടുത്തെ പുലിയായിരിക്കും.

'നിങ്ങള്‍ പറഞ്ഞിട്ടെന്താ കാര്യം, ഇയ്യാള്‍ പറയട്ടെ' എന്നെ ചൂണ്ടിക്കൊണ്ട്.

'അതേ, അതെന്ന്യ പേര്' ഞാന്‍.

'ഉം' മദര്‍ ഒന്നിരുത്തി മൂളി.

'എന്താ മതിയാവോ ?' വേലായുധേട്ടന്‍ ഒരു കലിപ്പ് ചോദ്യം.

'എന്താ ചോദിച്ചേ ?' മദര്‍ ചെറുതായി ഒന്ന് ചൂടായി.

'ഇതു മതിയാവോ, അതോ കുട്ടങ്കുളങ്ങര SI യുടെ കയ്യില്‍ നിന്നും ഒരു സര്‍ട്ടിഫിക്കറ്റ് വേണോ എന്നറിയാന്‍ ചോദിച്ചതാണ്'. വേലായുധേട്ടന്‍ ഫുള്‍ കലിപ്പിലാണ്.

'എന്റെ മദരെ, ഒന്ന് പോയെ, ഈ വേലായുധേട്ടന്‍ ഇങ്ങനെയാ, വേലായുധേട്ടാ അതാ വിട്ടേ' ഞാന്‍ കേറി ഇടപെട്ടു

'ഉം' വേലായുധേട്ടന്‍ തിരിഞ്ഞു നടന്നു.

'ഹും' മദറും

തക്ക സമയത്ത് ഇടപെടാന്‍ തോന്നിയതിനു 'ഉദ്ദിഷ്ട കാര്യത്തിനു ഉപകാര സ്മരണ' അല്ലെങ്കില്‍ ഇന്നത്തെ യാത്രാ കുന്തസ്യാ ആയേനെ !

'താനൊന്നിങ്ങു വന്നെ' മദര്‍ എന്നോടാണ്.

'എന്തേ മദര്‍ ?' ഞാന്‍ വിനീത വിധേയന്റെ ശബ്ദത്തില്‍.

'ക്രിസ്ത്യാനി ആയതു കൊണ്ട് പറയുകയാണ്‌, അവരുടെ കൂടെ കൂടി അധികം നടക്കണ്ട. അവന്മാര്‍ക്കെതിരെ എന്തായാലും ഞാന്‍ കംപ്ലൈന്റ്റ്‌ ചെയ്യുന്നുണ്ട്'

'അത് വേണ്ട മദറെ, ആളൊരു പാവമാണ്. ഇനി പ്രശ്നം ഒന്നും ഉണ്ടാകില്ല'

'ശരി ശരി, താന്‍ വല്ലതും കഴിച്ചോ ? വേണമെങ്ങില്‍ കുശിനിയില്‍ പോയി എന്തെങ്ങിലും വാങ്ങി കഴിച്ചോ'

'വേണ്ട മദര്‍, താങ്ക്സ്'

അത് കേട്ടതും മദര്‍ എന്നെ നോക്കി വെളുക്കെ ഒന്ന് ചിരിച്ചു. ഇത്രയും വേഗം ഇവരുടെ ഗുഡ് ബുക്കില്‍ കയറി പറ്റാം എന്ന് ഞാനും വിചാരിച്ചില്ല.

അവിടത്തെ കാരുണ്യത്തിനു സ്തോത്രം സ്തോത്രം !

'കര്‍ത്താവേ ഞാന്‍ ഭര്‍ത്താവില്ലാതെഴു പെറ്റു......
കര്‍ത്താവിന്റെ കൃപ കൊണ്ട് ഏഴും ചത്തു....'

എന്റെ മനസ്സ് ആഹ്ലാദം കൊണ്ട് തുള്ളി ചാടി. നേരെ രാധാകൃഷ്ണന്റെ ട്രൌസറിന്റെ പോക്കറ്റില്‍ കയ്യിട്ടു (അയ്യേ, അതൊന്നുമല്ല കാര്യം). ഒരു ഹാഫ് അതിനകത്തുണ്ടാകും എന്നെനിക്കറിയാം.

ജം ജം ജം തലയ്ക്കു ഒരു മൂനടി അടിച്ചു... കുപ്പി തുറന്നു,, നേരെ ഒരു കവിള്‍ ഞാന്‍

നീട്ടി വേലയുധേട്ടന്, 'അടിക്ക് ചേട്ടാ അടിക്ക്' ചേട്ടനും രണ്ടു കവിള്‍, പിന്നെ രാധാകൃഷ്ണന്‍, പിന്നെ ഞാന്‍ അങ്ങിനെ അങ്ങിനെ രണ്ടേ രണ്ടു റൌണ്ട്, കുപ്പി കാലി.

അപ്പൊ ദേ വരുന്നു....

ഭാര്‍ഗവി നിലയത്തിലെ മാലാഖമാര്...........................,
വരി വരിയായ്...................., നിലാവിന്റെയും ട്യൂബ് ലൈറ്റിന്റെയും വെളിച്ചത്തില്‍ അവര്‍ ശരിക്കും സ്വര്‍ഗത്തില്‍ നിന്നും ഇറങ്ങി വരുന്ന പോലെ തോന്നി, വെളുത്ത വസ്ത്രം ധരിച്ചു..... വെളുത്ത നിറത്തില്.............‍, അവരുടെ മുഖം നിലാ വെളിച്ചത്തില്‍ തിളങ്ങുന്നു, ഓരോരോ ബാഗും തൂക്കി, എല്ലാവരും ഏതോ കണ്‍വെയര്‍ ബെല്‍റ്റിലൂടെ അടുത്തടുത്ത്‌ വരുന്നു. എന്തൊരു മനോഹരമായ കാഴ്ച ! (എന്തൊരു നല്ല റം !) ഓരോരുത്തരായി എന്റെ മുന്നിലൂടെ നടന്നു വണ്ടിയില്‍ കയറുന്നു.

ഒരു മുഖം മാത്രം ചിരിച്ചുകൊണ്ട് വരുന്നു, 'എലിസബത്ത്‌' ! എല്ലാവരും കയറിയിട്ടും ഞാന്‍ മൊത്തത്തിലുള്ള ആ കാഴ്ച്ചയുടെ സുഖത്തില്‍ അന്തിച്ചു നിന്നുപോയി.

'വന്നു കേറഡാപ്പാ' രാധാകൃഷ്ണന്‍.

അപ്പൊ സംഭവബഹുലമായ മൂന്ന് ദിവസങ്ങള്‍, ഇവിടെന്നു തുടങ്ങുന്നു, എന്റെ മാതാവേ !

(ഈ യാത്രയിലെ വിശേഷങ്ങള്‍ അടുത്ത 'എപ്പിഡോസില്'‍, പരിപാടിക്ക് സ്പോന്സെര്‍മാരെ കിട്ടിയാല്‍ കൊള്ളാം, സ്പോണ്‍സര്‍ഷിപ്പ് 'കൂര്‍ക്ക ഇട്ട പോര്‍ക്കോ' അല്ലെങ്കില്‍ 'മുട്ടന്‍ റോസ്റ്റ് വിത്ത്‌ പാലപ്പമോ', ചുരുങ്ങിയ പക്ഷം ഒരു '10 വാത്ത് മുട്ടയെങ്കിലും' ആവാം.

അല്ലാതെ വലക്കാരി വിശാലക്ഷിയുടെ പോലെ  ...  ക്ടാവിന് കൊടുക്കാന്‍ വെച്ച  ഷര്ട്ടിന്റെ  ബട്ടന്‍ പോലുള്ള നാല് കാട മുട്ട കൊണ്ടൊന്നും ഈ സ്രാവിനെ വീഴ്ത്താന്‍ നോക്കേണ്ടാ !)

1 comment:

  1. സൂര്യ ശരിക്കും ചിന്മയയില്‍ എത്തിയപോലെ തോന്നി ട്ടോ .വീണ്ടും ആ കോളേജ് നാളുകളിലേക്ക് എത്തിച്ചതിനു നന്ദി .
    പിന്നെ എനിക്കിട്ട് വച്ചതിനു ഞാന്‍ ശരിയാക്കി തരാം ട്ടാ ശരിയാക്കി തരാം

    ReplyDelete