Tuesday, January 19, 2010

കര്‍ത്താവ്‌ രക്ഷിക്കും (ഭാഗം 9)

(അവസാനം മുറിവിനു മുകളില്‍ വര്‍ഷങ്ങള്‍ക്കു ശേഷം ഒന്ന് തലോടി.....)

ബസ്സിലേക്ക് കയറിയപ്പോഴേക്കും മദര്‍ യാത്രക്ക് വേണ്ടിയും യാത്രക്കാരുടെ ആരോഗ്യത്തിനു വേണ്ടിയും ബസ്സിന്റെ കണ്ടീഷന് വേണ്ടിയും ഒരു നീണ്ട പ്രാര്‍ത്ഥന നടത്തി.

കാബിനില്‍ നിന്നും ഞാന്‍ എലിസബത്ത് ഇരിക്കുന്ന സ്ഥലം നോക്കി കൊണ്ടിരുന്നു. അവസാനം കണ്ടുപിടിച്ചു അഞ്ചാമത് നിരയില്‍ വിന്‍ഡോ സീറ്റ്‌. 'മുതല്‍' എന്നെ കണ്ടതും വീണ്ടും ചിരിച്ചു. ഞാനും.

പെട്ടെന്ന് കാബിനിന്റെ വാതില്‍ തുറന്നു ഒരു രൂപം അകത്തു വന്നിട്ട് പറഞ്ഞു

'പോകാം'

വേലായുധേട്ടന്‍ കാബിനിലെ വെളിച്ചം തെളിയിച്ചു. രാധാകൃഷ്ണന്‍ നല്ല ഉറക്കം. മാറി ഓടിക്കാനുള്ളതല്ലേ ?

നോക്കുമ്പോള്‍ നടി ഗീത ഒരു പത്തു വയസ്സ് കൂടി കൂടിയാല്‍ എങ്ങനിരിക്കും ? അത് പോലൊരു പീസ്‌. പക്ഷെ കന്യാസ്ത്രീ അല്ലാ കാരണം സിവില്‍ ഡ്രസ്സ്‌ ആണ്. ചിലപ്പോള്‍ മഫ്ടിയില്‍ ആയിരിക്കും.

'ങേ ?' വേലായുധേട്ടന്‍.

'അല്ലാ പോകാമെന്ന് മദര്‍ പറഞ്ഞു' രൂപം മൊഴിഞ്ഞു.

'എന്നാല്‍ പോകാം അല്ലേ ?' വേലായുധേട്ടന്‍ രൂപത്തിനോട്. (നമ്പര്‍......)

'ഉം' രൂപം ചിരിച്ചുകൊണ്ട്. (നമ്പര്‍ മനസ്സിലായി .....)

'എന്താ പേര്' 'വേല്‍ ചേട്ട്‌'

'സാറാമ്മ, സാറാന്നു വിളിക്കും' രൂപം.

'സാറാന്നു വിളിച്ചാല്‍ ....' അടുത്ത നമ്പര്‍

'ഹി ഹി..' ഒരു ചിരി.

(പാശ്ചാത്തലത്തില്‍ ഈ ഗാനം: നീ ചോദിച്ചാല്‍ ഞാന്‍ സാധിക്കില്ലാന്നു പറയോ കൃഷ്ണാ... കൃഷ്ണാ... )

'സാറാമ്മ ഇങ്ങോട്ട് വരൂ' അകത്തു നിന്നും മദറിന്റെ ശബ്ദം. (കഴുവേറിടെ മോളെ എന്നത് അണ്ടര്‍സ്റ്റുഡ്)

'എടോ സൈമാ, ആ വാതിലങ്ങോട്ടു കുറ്റി ഇട്ടോളു' മദര്‍ വീണ്ടും.

ഒരു നിമഷം തലമാന്തി ഇരുന്ന എന്നോട് വെട്രിവേല്‍

'ഡാ നിന്നോടാണ്, നീയാണ്ടാ സൈമണ്‍ !' ഞാന്‍ പെട്ടെന്ന് ചാടി എണീറ്റു.

'ഓകെ മദര്‍' എന്നിട്ട് വാതില്‍ കുറ്റി ഇട്ടു.

'സാധനം കൊള്ളാം അല്ലേ വേലായുധേട്ടാ ?'

'സംഗതി നെടുവരിയനാണ്, നീ അവന്റെ ബാഗില്‍ നിന്നും മറ്റേ കുപ്പി എങ്ങേടുത്തെ !'

അപ്പൊ സാധനം ഇനീം ഉണ്ടല്ലേ ?

ബാഗിന്റെ സിബ് തുറന്നപ്പോള്‍ ദേ കിടക്കുന്നു തൊരപ്പന്റെ പിള്ളാരുടെ പോലെ അഞ്ചാറു പൈന്റുകള്‍.

രാധാക്രിഷ്ണുക്കീ ജയ്‌ !

ഒരെണ്ണം ആചാരപൂര്‍വ്വം തുറന്നു ഞാന്‍ രണ്ടു കവിള്‍ അടിച്ചു. രണ്ടെണ്ണം വേലുഅണ്ണനും. വണ്ടി സ്റ്റാര്‍ട്ട്‌ ചെയ്തു, അങ്ങിനെ യാത്ര തുടങ്ങി. ടൌണ്‍ വിട്ടു പാലക്കാട് റൂട്ടിലൂടെ വണ്ടി പറ പറക്കുമ്പോള്‍ ഞാന്‍ വീണ്ടും കാബിന്‍ വിന്‍ഡോയിലൂടെ എലിസബത്തിനെ നോക്കി. ഉറങ്ങിയിട്ടില്ല. അത് മാത്രമല്ല ഭൂരിഭാഗം പേരും വര്‍ത്തമാനം പറഞ്ഞു കൊണ്ടിരിക്കുന്നു. ഒരു രണ്ടു മിനുട്ട് കഴിഞ്ഞപ്പോള്‍ എലിസബത്ത് ഇങ്ങോട്ട് നോക്കി. അപ്പൊ അറിയാം ഞാന്‍ ഇവിടെ ഉണ്ടെന്ന്. ഞാന്‍ ചിരിച്ചു. അടുത്തിരിക്കുന്ന 'മണവാട്ടിയെ' ഒന്ന് നോക്കി, ഉറപ്പിച്ചു, പിന്നെ എന്നെ നോക്കി ചിരിച്ചു.

പക്ഷെ ഈ ചിരിയില്‍ ഞാന്‍ മയങ്ങി എന്ന് പറഞ്ഞാല്‍ അതിലൊരു അതിശയോക്തിയും ഇല്ല സഹോദര. അത്ര മനോഹരം, ബസ്സിലെ അരണ്ട വെളിച്ചം, പുറത്തു നിന്നും ഉള്ള നീല നിലാവ്, ഇടക്കിടെ ഫ്ലാഷ് പോലെ അടിക്കുന്ന നിയോണ്‍ വെളിച്ചം.

ഞാന്‍ പതുക്കെ എന്റെ തലയുടെ മുന്നില്‍ നിന്നും പിന്നിലേക്ക്‌ തടവി കാണിച്ചു, തട്ടം മാറ്റാനായിരുന്നു. അതിനു മനസ്സിലാവുമോ എന്തോ ? പക്ഷെ ആര്‍ക്കു മനസ്സിലായില്ലെങ്ങിലും ഒരു പെണ്ണിന് ഒരു സിഗ്നല്‍ മനസ്സിലാകാതിരിക്കുമോ ? വീണ്ടും അടുത്തിരിക്കുന്ന സാധനത്തിനെ നോക്കി, പതിയെ തട്ടം പിന്നോട്ട് മാറ്റി.

ദൈവമേ, ഇളകി പറന്നു നടക്കുന്ന ഇളം ബ്രൌണ്‍ നിറത്തിലുള്ള ആ തലമുടി കൂടി ആയപ്പോള്‍ എലിസബത്ത് ഒരു കൊച്ചു സുന്ദരി ആയി മാറി.

കര്‍ത്താവേ നീ എത്ര ഭാഗ്യവാന്‍, നിന്റെ മണവാട്ടിമാര്‍  എത്ര സുന്ദരികള്‍ !

'ഡാ' പെട്ടെന്ന് ഒരു വിളിയും പുറത്തു ഒരടിയും. വേലു ദി ഡ്രൈവന്‍ !

'നീ എന്തൂട്ടാണ്ട അങ്ങട് നോക്കി ഇരിക്കണത്‌ ? മറ്റേ സാധനത്തിനെ ആണെങ്ങില്‍. ഒറ്റയ്ക്ക് മറയ്ക്കരുത്‌'

'ഏയ്, ഗുരുവിനു തരാതെ നമ്മള്‍ക്കൊരു പരിപാടിയും ഇല്ലേ !'

'സാധനം കഴിഞ്ഞാ ?'

'ഇല്ല'

'എന്നാ എടുക്കഡാപ്പാ'

വീണ്ടും രണ്ടു രണ്ടു കവിളുകള്‍, അതും കാലി. പിന്നെ നോക്കുമ്പോള്‍ ഒന്നും ഓര്‍മയില്ല. പിന്നീട് എഴുന്നേല്‍ക്കുമ്പോള്‍ വണ്ടി എവിടെയോ നിര്‍ത്തിയിട്ടിരിക്കുന്നു, കാബിനില്‍ ആരുമില്ല. പതുക്കെ എഴുന്നേറ്റ് സൈഡ് ഡോര്‍ തുറന്നു പുറത്തിറങ്ങുമ്പോള്‍, ഏതാണ്ട് നേരം വെളുത്തിരിക്കുന്നു. രണ്ടു ഡ്രൈവന്‍മാരും ചായ കുടിച്ചു കൊണ്ടിരിക്കുന്നു. ഞാന്‍ സൈഡില്‍ നിന്നും ഒരു 'ശൂ ശൂ' വച്ചിട്ട് അവരുടെ അടുത്ത് ചെന്നിരുന്നു.

'ആ എഴുന്നേറ്റാ ? ഇങ്കെ ഒരു ടീ കൊട് അണ്ണാ' രാധു.

'എന്തൂട്ടാ സൂര്യ നീ മൂക്കിന്റുള്ളില്‍ 3 ലിട്ടെരിന്റെ ഡീസല്‍ ജെനരെട്ടര്‍ ആണോ ഫിറ്റ് ചെയ്തിരിക്കുന്നത് ? രാത്രി നീ ചെവിതല കേള്‍പ്പിച്ചിട്ടില്ലല്ലോ ഗഡി !' വേലായുധേട്ടന്‍.

'വെള്ളമടിച്ചാല്‍ പിന്നെ ഞാന്‍ ഭയങ്കര 'കൂര്‍ക്ക' വലിയാണ് ചേട്ടാ'

'പണ്ടാരം, നീ ഉറങ്ങി കഴിഞ്ഞിട്ട് പിന്നെ ഞങ്ങള്‍ രണ്ടാളും ഉറങ്ങിയിട്ടില്ലെടാ മറ്റവനെ'

'അങ്ങിനെ ആണോ ? എന്നാല്‍ നമുക്കതിനു പരിഹാരം ഉണ്ടാക്കാം, ഇനി എത്ര ദൂരം ഉണ്ട് 'വേലുമ്മാന്‍ നമ്മുടെ സ്ഥലത്തേക്ക് ?'

'2 മണിക്കൂര്‍, അത്രയേ ഉള്ളു'

'എന്നാല്‍ അവിടെ ചെന്നിട്ടു മുഴുവന്‍ ചിലവും എന്റെ വക'

'അപ്പൊ നീ പള്ളിയില്‍ പോകുന്നില്ലേ ?'

'അത് നമുക്ക് നാളെ പോകാമന്നേ'

'എന്നാല്‍ ഓക്കേ, തെറിക്കാം'

'ഓകെ, ചലോ ചലോ വേളാങ്കണി'

'ഒന്ന് മിണ്ടാണ്ട്‌ വാടാ, പ്രൈമറി സ്കൂളീന്ന് ടൂര്‍ വന്ന പോലെ'

പിന്നോത്തൊരു ഉറക്കത്തോട്‌ കൂടി ഞാന്‍ എഴുന്നേല്‍ക്കുന്നത്‌ രാധു വിളിക്കുമ്പോള്‍ ആണ്.

'വാടാപ്പാ, ഇവിടെയാ നമുക്ക് റൂം'. നോക്കുമ്പോള്‍ ഒറ്റ എണ്ണം ബസ്സില്‍ ഇല്ല.

'അപ്പൊ അവരോക്കെയോ ?' എനിക്ക് നിരാശ അടക്കാന്‍ കഴിഞ്ഞില്ല.

'അവരൊക്കെ പള്ളീടെ ഏതോ ഹോസ്റ്റലില്‍ ആണ്. നമുക്ക് അവിടെ താമസിക്കാന്‍ പറ്റില്ലത്രേ. അതുകൊണ്ട് അവര് ബുക്ക്‌ ചെയ്തതാണ് ഈ ഹോട്ടല്‍ റൂമും'

'ആ ഹോസ്റല്‍ ഇവിടെ നിന്നും എത്ര ദൂരം ഉണ്ട് ?' ഞാന്‍ പിന്നെയും.

'അത് കുറെ ദൂരം ഉണ്ടെടോ ?' പള്ളിയില്‍ പോകുന്ന വഴിയില്‍. എന്തേ ?'

'അപ്പൊ ഇനി നമ്മള്‍ എപ്പോഴാ അങ്ങോട്ട്‌ പോകുന്നത് ?'

'നാളെ, ഇന്നവര്‍ക്ക് അവിടെ തന്നെ എന്തോ ധ്യാനമോ പൂജയോ മാരണമോ ഉണ്ടത്രേ. നാളെ അവരെ പള്ളിയില്‍ കൊണ്ട് പോകാന്‍ കാലത്ത് ചെല്ലണം. നീ ഈ 'അഫിമുഖ' സംഭാഷണം നിര്‍ത്തി വേഗം ബാഗും എടുത്തോണ്ട് കൊണ്ട് വാ'.

അവന്റെ കൂടെ റൂമില്‍ ചെന്നപ്പോള്‍, വെലായുധേട്ടന്റെ കുളി കഴിഞ്ഞു കുട്ടപ്പനായി ഇരിക്കുന്നു. ഇത്ര വേഗമോ ?  ഞാനും രാധുവും ഒരുമിച്ചൊരു കുളി, അപ്പിയിടല്‍ മാത്രം തനി തനി.

വേലായുധേട്ടന്‍ കുറച്ചു ചീട്ടുമായി ഇരിക്കുന്നു. ഇയാള്ക്കൊന്നും ഉറക്കം ഇല്ലേ ?

'വേഗം വന്നെ ഗഡി, ഒരു റൌണ്ട് കീറാം'.

'വല്ലതും കഴിക്കണ്ടേ ?' ഞാന്‍ ഈ തണുപ്പത്ത് കുളിയും വിശാല മായ തൂറലും കഴിഞ്ഞപ്പോള്‍ വിശന്നിട്ടു പാടില്ല.

'നീ ഇരിക്കെടാ ശവി, അതിക്കെ ഇപ്പോള്‍ വരും' ഓ അപ്പൊ എല്ലാം ഓര്‍ഡര്‍ ചെയ്തു വച്ചിരിക്കുകയാണല്ലേ ? അതും ഒരു കണക്കിന് നന്നായി.

കളിതുടങ്ങി അഞ്ചു മിനിട്ടിനു ഉള്ളില്‍ സാധനങ്ങള്‍ എത്തി, നോക്കുമ്പോള്‍ ഒരു 3 ഫുള്‍ ബോട്ടിലും. പിന്നെ ഒന്നും ഓര്‍മയില്ല.

'എഴുന്നേറ്റു റെഡി ആവഡാ  പിള്ളേരെ' ചാടി എഴുന്നേറ്റു നോക്കുമ്പോള്‍ 'വേലുമ്മാന്‍' റെഡി ആയി നില്‍ക്കുന്നു. ഒരു ദിവസം കഴിഞ്ഞിരിക്കുന്നു. പിന്നെ ഒരൊറ്റപ്പാച്ചിലില്‍  ഞങ്ങള്‍ രണ്ടാളും റെഡി ആയി വണ്ടിയില്‍ !

വണ്ടി ചെന്നു ഒരു പഴയ കെട്ടിടത്തിന്റെ മുന്നില്‍ നിര്‍ത്തി. ഞങ്ങളെ കണ്ടെന്ന പോലെ സകല 'പെന്‍ഗ്വിന്‍സും' ഇറങ്ങി വരി വരിയായ് വന്നു. ഏറ്റവും പുറകില്‍ കയ്യില്‍ ഒരു  വാച്ച് കേട്ടിക്കൊണ്ടിറങ്ങുന്നു, ദി ക്വീന്‍ എലിസബത്ത് !. അടുത്തെത്തിയപ്പോള്‍ കഴിഞ്ഞ രാത്രിയിലെ പോലെ, (ആക്ച്വലി കഴിഞ്ഞതല്ല, എന്തെങ്കിലും ആവട്ടെ, അതല്ലല്ലോ പോന്നിക്കരയുടെ വിഷയം) അതേ ചിരി അതേ ഭാവത്തോടെ !

വണ്ടി അവിടെയും ഇവിടെയും ഇടിക്കും എന്ന ഭാവത്തില്‍ വളഞ്ഞു പുളഞ്ഞു ഒരു സ്ഥലത്ത് നിര്‍ത്തി. നല്ല കാറ്റ്. ഇറങ്ങിയപ്പോള്‍ കുറച്ചു ദൂരെ കടല്‍ ! നിറുത്തിയതിന്റെ വലതു വശത്തായി അങ്ങ് അകലെ പള്ളി, ഒരു രണ്ടു കിലോമീറ്റര്‍ കാണും. എന്തിനാണാവോ എത്ര അകലെ കൊണ്ട് വന്നു നിര്‍ത്തിയത് ?

'എല്ലാവരും പ്രാര്‍ഥിച്ചിട്ട്‌ വേണമെങ്ങില്‍ കടല്‍കരയില്‍ ഒന്ന് നടന്നോളു. അധികം ദൂരെ പോകാതെ എന്തെങ്ങിലും പര്‍ചെയ്സ് ചെയ്യണമെങ്കില്‍ അതും ആവാം. നാല് മണിക്ക് മുന്‍പ് ഇവിടെ തിരിച്ചെത്തണം' മദര്‍.

ഞാന്‍ വാച്ചില്‍ നോക്കി, 12 മണി, 4 മണിക്കൂര്‍ സമയം ഉണ്ട്. എല്ലാവരും പള്ളിയിലേക്ക് നടക്കുന്നു. ഞാന്‍ പിന്നാലെ ചെന്നു.  ഞാന്‍ ചുറ്റും നോക്കിയപ്പോള്‍ അവര്‍ പോകുന്നതിന്റെ ഓപ്പോസിറ്റ് വഴിയില്‍ ഒരു ചെറിയ പള്ളി. ഒരു മനുഷ്യന്‍ ഇല്ല ആ പരിസരത്തൊന്നും.

എലിസബത്തിന്റെ അടുത്തെത്തിയപ്പോള്‍ വേറാരും കേള്‍ക്കുന്നില്ല  എന്ന് ഉറപ്പു വരുത്തി ഞാന്‍ പറഞ്ഞു,

'വേഗം തന്നെ പുറത്ത് ചാടിക്കോണം. ഞാന്‍ ആ ചെറിയ പള്ളിയില്‍ കാണും'.

'അയ്യോ' ചെറിയ ശബ്ദത്തില്‍ ഒരു ചെറിയ നിലവിളി.

'അയ്യോ കയ്യോ എന്നൊന്നും പറയണ്ട, ഞാന്‍ അവിടെ കാണും'.

പതുക്കെ ഒന്നും അറിയാത്തവനെ പോലെ ഞാന്‍ കൂട്ടത്തില്‍ നിന്നും അകന്നു അകന്നു നടന്നു തിരിച്ചു പോന്നു. തിരിഞ്ഞു നോക്കുമ്പോള്‍ ഞാന്‍ പ്രതീക്ഷിച്ചതില്‍ നിന്നും വെത്യസ്തമായി എലിസബത്ത് ചിരിക്കുന്നു. അതേ ചിരി. എന്റെ മനസ്സ് ആദ്യമായി പ്രോഗ്രെസ് കാര്‍ഡ്‌ തിരുത്തുന്ന കുട്ടിയുടേത് പോലെ വല്ലാതെ തുടിക്കാന്‍ തുടങ്ങി. ബസ്സിന്റെ അടുത്ത് കൂടി നടക്കുമ്പോള്‍, കാബിനില്‍ നിന്നും ഒരു വിളി.

'എന്നാടപ്പാ രണ്ടെണ്ണം അടിച്ചോ, ഒരു ധൈര്യത്തിന് !' രാധാകൃഷ്ണന്‍ കണ്ടെന്നു തോന്നുന്നു.

'വേണ്ടെടാ' ഞാന്‍.

'ഉം ഉം, ശരി' എന്നവനും. ഭാഗ്യം വേലായുധേട്ടനെ അവിടെങ്ങും കാണാന്‍ ഇല്ല.

ഞാന്‍ ആ ചെറിയ പള്ളിയുടെ അടുത്തെത്തിയപ്പോള്‍ കടലില്‍ നിന്നുള്ള നല്ല കാറ്റ്, അതെന്നെ ശരിക്കും റിഫ്രെഷിംഗ് ആക്കി. നല്ല ഭംഗിയുള്ള കൊച്ചു പള്ളി. പരിസരത്തെങ്ങും ഒരു മനുഷ്യ ജീവിയെപ്പോലും കണ്ടില്ല, പക്ഷെ ധാരാളം പക്ഷികള്‍, അണ്ണാന്‍മാര്‍ (അണ്ണന്‍മാരല്ല !)  അങ്ങിനെ അങ്ങിനെ. സെലക്ട്‌ ചെയ്ത സ്ഥലം സൂപ്പര്‍. അതിനു ഞാന്‍ എനിക്ക് തന്നെ ഒരു ബിയര്‍ ഓര്‍ഡര്‍ ചെയ്തു പിന്നെ ഒരു സിഗരെട്ടു കത്തിച്ചു.

പതുക്കെ നടന്നു.പള്ളിയുടെ ഇടത്തു വശത്ത് ഒരു ചെറിയ വഴി. നേരെ ചെന്നു കയറുന്നത് കടല്‍ ഭിത്തിയുടെ താഴെ. അവിടെ നിന്നും വേറെ ഒരു വഴി, വഴിയില്‍ നിന്നും വഴിയിലേക്കൊരു ഒരു വഴി !

നടന്നു നടന്നു ചെന്നു കയറിയത് ഒരു ശ്മശാനത്തില്‍. ചുറ്റും കരിങ്കല്‍ മതിലുള്ള ഒരു സ്മശാനം. ഒരു പത്തു നാനൂറു പേര്‍ക്ക് പുളപ്പനായിട്ടു മരിച്ചു കിടക്കാനുള്ള സൌകര്യം ഉള്ള ഒരു സംഭവം. അതിനകത്ത് കയറി നോക്കിയപ്പോള്‍, കല്ലറകള്‍ മാത്രം, പക്ഷെ എല്ലാം നല്ല ചിക്ലി ഉള്ള അവന്‍മാരുടെ കല്ലറകള്‍ ആയിരിക്കും. മാര്‍ബിളും മോസൈക്കും ഒക്കെ ധാരാളം ഉപയോഗിച്ചിട്ടുണ്ട്. കരിങ്കല്‍ പതിച്ച അതിനു ചുറ്റുമുള്ള ചെറിയ റോഡിലൂടെ ഞാന്‍ ഒന്ന് ചുറ്റിയടിച്ചു. കടല്‍ ഭിത്തിയോട് ചേര്‍ന്ന് ഒരു കല്ലറ മാത്രം കരിങ്കല്‍ ഉപയോഗിച്ച് പണിതിരിക്കുന്നു.

ഈ കാശില്ലാത്തവന്‍മാരൊക്കെ എന്തിനാ മരിക്കാന്‍ നില്‍ക്കുന്നത് ?

പേര്: അന്റോണിയോ റോഡ്രിഗസ്
ജനനം: 1942 (France)
മരണം - 1993 (India)
കൃത്യമായി 51 വര്ഷം ജീവിച്ച ഫ്രെഞ്ച്കാരന്റെ കല്ലറ എങ്ങിനെ ഇവിടെ വന്നു ? അതിലേറെ എന്നെ ആകര്‍ഷിച്ചത് ആ കല്ലറയില്‍ വച്ചിരുന്ന ഒരുപിടി പൂക്കള്‍ ആയിരുന്നു. കെട്ടുകയോ ബൊക്കെ ആക്കുകയോ ചെയ്യാത്ത ഒരു പിടി ഓര്‍ക്കിഡ് പൂക്കള്‍. അവ കല്ലറക്ക്  മുകളില്‍ കാറ്റത്ത്‌ സ്ഥാനം തെറ്റി കിടക്കുന്നു. ഓര്‍ക്കിഡ് അത്ര പെട്ടെന്ന് വാടില്ലെങ്കിലും, ഈ കടല്‍ കാറ്റിലും  കാലാവസ്ഥയിലും കൂടിയാല്‍ 2 ദിവസം. അപ്പോള്‍ ആരായിരിക്കും 2 ദിവസത്തിനിടയില്‍  ഈ ഫ്രെഞ്ച്കാരനെ കാണാന്‍ ഇവിടെ വന്നത് ? ഭാര്യ, കാമുകി, അതോ മക്കളോ ?

മരണം എല്ലാത്തിന്റെയും ഒരവസാനം ആണെന്ന് പറയുന്നുണ്ടെങ്കിലും ഒന്നിന്റെ മാത്രം അവസാനം അല്ലെന്നു എനിക്ക് തോന്നി, സ്നേഹിക്കുന്നവരുടെയും സ്നേഹിക്കപ്പെട്ടവരുടെയും ഓര്‍മകളുടെ, അവക്ക് ജനനം മാത്രമേ ഉള്ളു, തലമുറകളിലൂടെയുള്ള ജീവിതവും, അതേ, അതിനു മാത്രം മരണം ഇല്ല !

സമയം കുറെ ആയി, തിരിച്ചു നടക്കുമ്പോള്‍ തലയില്‍ ഫ്രഞ്ച് തൊപ്പി വച്ച സുന്ദരനായ ഒരു ചെറുപ്പക്കാരന്റെ മുഖം വരച്ചെടുക്കാന്‍ നോക്കി. വാച്ചില്‍ നോക്കി, ദൈവമേ 2 മണി. എലിസബത്ത് വന്നു പോയിക്കാണുമോ ?

തിരിച്ചു പള്ളിയുടെ അടുത്തെത്തിയപ്പോള്‍ അകലെയുള്ള 'പെരിയ' പള്ളിയില്‍ മണി മുഴങ്ങുന്നു. പരിസരത്തൊന്നും നമ്മുടെ ടീമിനെ കാണാന്‍ ഇല്ല. സമാധാനമായി.  പിന്നെ പള്ളിക്ക് ചുറ്റും ഒന്ന് നടന്നു. നല്ല വൃത്തിയായി സൂക്ഷിച്ചിരിക്കുന്ന പരിസരം. ഞാന്‍ വീണ്ടും ഒരു സിഗരെട്ടിനു തീ കൊളുത്തി.

അത് വലിച്ചു കഴിഞ്ഞപ്പോള്‍ പതുക്കെ പള്ളിയുടെ അകത്തു കയറി. മനോഹരമായി അലങ്കരിച്ച ഒരു ചെറിയ അള്‍ത്താര, അതിനകത്ത് യേശുനാഥന്റെ ഒരു ചെറിയ പ്രതിമ, കുരിശില്‍ കിടക്കുന്ന രൂപത്തില്‍. പരിസരത്ത് മറ്റു ഗടിപിടികള്‍ എല്ലാം ഉണ്ട്. ആകെ പത്തോ പതിനഞ്ചോ ബഞ്ചുകള്‍. അരണ്ട പകല്‍ വെളിച്ചവും കടല്‍ കാറ്റിന്റെ നേര്‍ത്ത ഇരമ്പലും കൂടി ഇതിനകത്ത് ഒരു ശാന്തമായ അന്തരീക്ഷം. മുന്‍വശത്ത്, എന്നാല്‍ കുറച്ചു പിന്നിലായി ഒരു ബഞ്ചില്‍ ഞാനിരുന്നു. ചുറ്റും നോക്കിയപ്പോള്‍ ഒരു സംശയം എലിസബത്ത് വന്നിട്ട് കാണാതെ പോകുമോ, കാരണം അത്രയ്ക്കു വെളിച്ചം കുറവാണ് ഇതിനകത്ത്. സമയം നോക്കി 2:15 മണി. അവര് 'കുര്‍ബാനിയും' 'ഷോലെയും' ഒക്കെ കഴിഞ്ഞാവും വരുന്നത്.

പിന്നെ അള്‍ത്താരയിലേക്ക് നോക്കിയിരുന്നപ്പോള്‍ മനസ്സ് വീണ്ടും അസ്വസ്ഥമായി. തെറ്റ് എന്തെങ്ങിലും ചെയ്യുന്നുണ്ടോ ?

പണ്ടാരം അതിനു ഞാന്‍ ഒന്നും ചെയ്തില്ലല്ലോ, ശെടാ ഇതെന്തൊരു പുലിവാല്  !

അങ്ങിനെ സ്വയം തല്ലിയും തടുത്തും ഇരിക്കുമ്പോള്‍ എന്റെ തൊട്ടടുത്ത്‌ എലിസബത്ത് വന്നിരുന്നു. ഞാന്‍ പെട്ടെന്ന് ഞെട്ടിക്കൊണ്ട് നോക്കി. എലിസബത്ത്‌ പതുക്കെ ചിരിച്ചു. ഇന്നലെ കണ്ടത് പോലെ അല്ലാ, ഒരു ചിരി, ഒരു ചെറു പുഞ്ചിരി !

'ശരിക്കും പ്രാര്‍ഥിച്ചോ ?' ഞാന്‍ പതിയെ ചോദിച്ചു. സത്യത്തില്‍ പതിയെ ആയിപ്പോയതാണ്. എലിസബത്ത് വന്നിരുന്നപ്പോള്‍, എന്റെ ശബ്ദം വല്ലാതെ നേര്‍ത്തു പോയി.

'പ്രാര്‍ഥിച്ചു, പക്ഷെ ശരിക്കും ഇവിടെ പ്രാര്‍ഥിക്കാം എന്ന് വിചാരിച്ചു'

'ഓക്കേ, ഞാന്‍ ഇതുവരെ പള്ളിയില്‍ പ്രാര്‍ഥിച്ചിട്ടില്ല, വല്ല ചിട്ടവട്ടങ്ങളും ഫോളോ ചെയ്യണോ ?'

'ഒന്നും ഇല്ല, ദൈവത്തിനെ മനസ്സില്‍ വിചാരിച്ചു അങ്ങോട്ട്‌ പ്രാര്‍ഥിച്ചാല്‍ മതി'

'ഓക്കേ, അപ്പൊ ആളൊരു 'ഇന്ത്യന്‍' ക്രിസ്ത്യാനി ആണല്ലേ. സന്തോഷം.' വീണ്ടും എലിസബത്ത് ചെറുതായി ചിരിച്ചു. പിന്നെ എലിസബത്ത് മുന്നിലെ ബഞ്ചിന്റെ പിന്നിലുള്ള പലകയില്‍ മുട്ട് കുത്തി നിന്നു, കൈ രണ്ടും ബഞ്ചിന്റെ ചാരിനു മുകളില്‍  തൊഴുതു നില്‍ക്കുന്ന പോലെ വെച്ച് കണ്ണടച്ച് നിന്നു. ഞാന്‍ വിചാരിച്ചു ഇതായിരിക്കും പള്ളിയില്‍ പ്രാര്‍ഥിക്കാനുള്ള 'ആസനം'.

ഞാനും അതുപോലെ ഒക്കെ നിന്നു... എന്ത് പ്രാര്‍ഥിക്കും ? എലിസബത്തിനെ നോക്കിയപ്പോള്‍ എന്തൊക്കെയോ പിറുപിറുക്കുന്നുണ്ട്. പാവം ! ആദ്യമായി എനിക്ക് എലിസബത്തിനോട് ഒരു സഹാനുഭൂതി തോന്നി. പിന്നെ നിര്‍വചിക്കാന്‍ ബുദ്ധിമുട്ടുള്ള ഒരു ബന്ധവും. അതോ അത് വേറെ എന്തെങ്ങിലും ആണോ ? ആയിരിക്കണം. എന്നോട് കാണിക്കുന്ന ഈ വിശ്വാസം ഒരു വെറും ബന്ധം മാത്രമല്ല, അത് ഒരു തരം സ്നേഹം തന്നെയാണ്. സത്യത്തില്‍ സ്നേഹവും വിശ്വാസവും മാത്രമല്ലേ ലോകത്ത് പരസ്പരപൂരകങ്ങള്‍ ആയിട്ടുള്ളൂ !

ഇവള്‍ക്ക് എല്ലാ നന്മകളും ഉണ്ടാകണേ എന്റെ ദൈവമേ ! അറിയാതെ ആണെങ്കിലും എന്റെ ഉള്ളിന്റെ ഉള്ളില്‍ നിന്നും അങ്ങിനെയൊരു  പ്രാര്‍ത്ഥന ഉണ്ടായി.

പെട്ടെന്ന് ഈ പറഞ്ഞത് കേട്ട പോലെ എലിസബത്ത് എന്നെ നോക്കി. ഞാനും സെയിം പോസില്‍ തന്നെ നില്‍ക്കുന്ന കണ്ടിട്ടാവണം ഒന്ന് ചിരിച്ചു.

'എന്തേ എലിസബത്തെ ?' ഞാന്‍ ചോദിച്ചു.

'ഇപ്പൊ എന്തെങ്ങിലും പറഞ്ഞോ ?'

'ഒന്ന് പ്രാര്‍ഥിച്ചു, എന്തേ അതവിടെ കേട്ടോ ?'

'എന്റെ പേര് പറഞ്ഞോ ?'

'ഇല്ല, എന്തേ ?'

'എന്നെ പറ്റി എന്തെങ്ങിലും പറഞ്ഞോ ?'

'ഇല്ലെടോ, തന്നെ 'പ്പറ്റി' ഒന്നും പറഞ്ഞില്ല' ഞാന്‍ അതില്‍ ഒന്ന് ഊന്നി പറഞ്ഞു.

'എന്ന് വെച്ചാല്‍ ?'

'ഈ പെണ്ണിന് നല്ലത് വരുത്തണേ എന്ന് പ്രാര്‍ഥിച്ചു. എന്താ കാര്യം ?'

ഒരു നിമിഷം... എലിസബത്ത് എന്നെ നോക്കിയിരുന്നു. പിന്നെ വേണ്ടും പ്രാര്‍ഥിക്കാന്‍ തുടങ്ങി. ഞാനും കണ്ണടച്ച് നിന്നു. മനസ്സ് ശരിക്കും ശാന്തമായത് പോലെ. കുറച്ചു കഴിഞ്ഞു ഞാന്‍ വീണ്ടും എലിസബത്തിനെ നോക്കുമ്പോള്‍‍, അവള്‍ താഴേക്കു നോക്കിയിരിക്കുന്നു മാത്രമല്ല, ആ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നു. വല്ലാത്തൊരു അവസ്ഥയിലായി ഞാനും.  എന്താ പറ്റിയത് ? എന്താ പറയേണ്ടത് ? ആകെ മൂടല്‍ മഞ്ഞിനകത്ത് പെട്ട പോലെ.

'അയ്യോ എലിസബത്തെ കരയാതെ, എന്താ പറ്റീത് ?' ഉത്തരമോ എങ്ങലടിയോ ഒന്നും ഇല്ലാതെ നിര്‍നിമേഷയായി എലിസബത്ത് എന്നെ ഒന്ന് നോക്കി. പക്ഷെ ആ കണ്ണുകള്‍ നിറഞ്ഞ് ഒഴുകുന്നുണ്ടായിരുന്നു, മനസ്സിന്റെ ഉറവ പൊട്ടിയ പോലെ !.

ഞാന്‍ വേഗം കണ്ണ് തുടച്ചു കൊടുത്തു കൊണ്ട് പറഞ്ഞു 'എന്താ എലിസബത്തെ ഇത്, വിഷമിക്കാതിരി, എന്താണെങ്കിലും  എന്നോട് പറ'

മറുപടി ഒന്നും പറഞ്ഞില്ല എന്ന് മാത്രമല്ല, എലിസബത്ത് കണ്ണു തുടച്ചുകൊണ്ടിരുന്ന  എന്റെ കൈ പിടിച്ചു അവളുടെ നെറ്റിയില്‍ വച്ചു. കണ്ണുനീര്‍ എപ്പോഴും നിന്നിട്ടില്ല. എത്ര നേരം അങ്ങിനെ ഇരുന്നു എന്നെനിക്കറിയില്ല. പരസ്പരം ഒരക്ഷരം സംസാരിച്ചില്ല. എന്റെ നെഞ്ചിനകത്ത് എന്തോ വന്നു കെട്ടിയ പോലെ. എത്ര പ്രാവശ്യം ഞാന്‍ എലിസബത്തേ എന്ന് വിളിക്കാന്‍ ശ്രമിച്ചു എന്നറിയില്ല. പക്ഷെ ഒറ്റ പ്രാവശ്യം പോലും എനിക്കതിനു കഴിഞ്ഞില്ലേ. എന്റെ വലത്തെ കൈ എലിസബത്ത് വിട്ടുമില്ല.

അവസാനം ഞാന്‍ രണ്ടു കൈകൊണ്ടും അവളുടെ കൈകള്‍  കൂട്ടിപിടിച്ചിട്ടു പതുക്കെ വിളിച്ചു 'എലിസബത്തേ'

'എന്തോ !' ഞാന്‍ വീണ്ടും അത്ഭുതത്തോടെ അവളുടെ കണ്ണിലേക്കു നോക്കി, അങ്ങിനെ ഇതുവരെ അവള്‍ എന്ന് മാത്രമല്ല എന്റെ ജീവിതത്തില്‍ ആരും വിളി കേട്ടിട്ടില്ല.

'പോകണ്ടേ ?' ഞാന്‍ ചോദിച്ചു. സത്യത്തില്‍ അങ്ങിനെ ഒരു സിറ്റുവേഷന്‍ എങ്ങനെ ഹാന്‍ഡില്‍ ചെയ്യണം എന്നെനിക്കറിയില്ലായിരുന്നു. അതുകൊണ്ടായിരുന്നു അങ്ങനെ ഒരു ചോദ്യം ചോദിച്ചത്.

(എക്സ്പീരിയന്‍സ് ഉള്ള വായനക്കാര്‍ ഇപ്പൊ പറഞ്ഞു കാണും 'കളഞ്ഞില്ലേ കഞ്ഞിക്കലം  ! ഇവനാരെടാ ഈ നേരത്ത് പോകുന്ന കാര്യം ചോദിക്കുന്നത്, പൊങ്ങന്‍ !)

'പോകാം, ദൈവമേ മൂന്നര മണി !' എലിസബത്ത് വാച്ചില്‍ നോക്കിക്കൊണ്ട്‌ പറഞ്ഞു.

ഞാനുമൊന്നു ഞെട്ടി, ഒന്നര മണിക്കൂര്‍, അതിനിടയില്‍ സംസാരിച്ചത് രണ്ടോ മൂന്നോ വാചകങ്ങള്‍ മാത്രം ! അപ്പൊ ബാക്കി സമയം ഒക്കെ എന്ത് ചെയ്യുകയായിരുന്നു ?  എപ്പോഴായിരുന്നു നെഞ്ചിനകത്ത് ഈ ഭാരം കേറ്റി വച്ചത് ?  ഈ തോന്നുന്ന വിങ്ങലിനെ എന്ത് പേരിട്ടു വിളിക്കണം ?

പുറത്തേക്കുള്ള വാതിലിനടുത്ത് എത്തിയപ്പോള്‍ എലിസബത്ത് കണ്ണു തുടച്ചു കൊണ്ട് ഒരിക്കല്‍ കൂടി എന്റെ കയ്യില്‍ പിടിച്ചിട്ടു പറഞ്ഞു,

'ഞാന്‍ പോട്ടെ, അവരെല്ലാം എന്നെ തിരക്കുന്നുണ്ടാവും'

എനിക്കൊന്നും പറയാന്‍ പറ്റിയില്ല, പുറത്തെത്തിയപ്പോഴേക്കും എലിസബത്ത് കൈ വിട്ടിട്ടു വേഗം നടന്നു പോയി. ഞാന്‍ പള്ളിക്ക് പുറത്ത് അവള്‍ പോകുന്നതും നോക്കി നിന്നു. അങ്ങ് കണ്ണെത്താ ദൂരത്തെത്തിയിട്ടും അവള്‍ ഒരിക്കല്‍ പോലും തിരിഞ്ഞു നോക്കിയില്ല.

ഞാന്‍ ഒരു സിഗരെറ്റെടുത്ത്‌ ചുണ്ടത്തു വച്ചു. കടപ്പുറത്തെ കാറ്റില്‍ കത്തിക്കാറുള്ള ഞാന്‍ അവിടെ വച്ചു അതൊന്നു കത്തിക്കാന്‍ ആറോ ഏഴോ തീപ്പെട്ടിക്കൊള്ളി ചിലവാക്കേണ്ടി വന്നു. ഒരുതരം വിറയല്‍, ശബ്ദം പുറത്തേക്ക് വരായ്ക ഇതെല്ലാം ഇപ്പോഴും ഉണ്ട്.

എന്താണ് എനിക്ക് സംഭവിച്ചത് എന്ന് വീണ്ടും വീണ്ടും ചോദിച്ചിട്ടും എന്റെ മനസ്സൊരു ഉത്തരം തരുന്നില്ലല്ലോ ഭഗവാനെ !

തിരിച്ചു ബസ്സിന്റെ അടുത്തേക്ക് നടുക്കുമ്പോള്‍ ഞാന്‍ സിഗരറ്റുകള്‍ ഒന്നൊന്നായി വലിച്ചു കൊണ്ടിരുന്നു. ബസ്സിന്റെ അടുത്തെത്തിയപ്പോഴേക്കും കയ്യിലെ സിഗരട്ട് എല്ലാം കഴിഞ്ഞു. ബസ്സില്‍ രാധു ആണെങ്ങില്‍ നല്ല ഉറക്കം, അവനെ ആകെ തപ്പിയിട്ടും ഒരു സിഗരട്ട് പോലും കിട്ടിയില്ല. ആകെ കിട്ടിയത് സീറ്റിനു താഴെ ഉണ്ടായിരുന്ന കുപ്പിയാണ്. പിന്നൊന്നും ആലോചിച്ചില്ല, അതെടുത്ത് മടമടാന്നു കുടിച്ചു. എന്നിട്ട് വീണ്ടും ഇറങ്ങി നടന്നു. എങ്ങോട്ടാണ് എന്നറിയാതെ .....

തിരിച്ചു കിട്ടാത്ത സ്നേഹം മനസ്സിന്റെ വിങ്ങലാണെന്നായിരുന്നു പദ്മരാജന്‍ പറഞ്ഞത്, അങ്ങിനെയെങ്ങില്‍ മനസ്സിന്റെ വിങ്ങല്‍ ഒരു മുറിവായിരിക്കണം, നിര്‍വചിക്കാന്‍ പറ്റാത്ത സ്നേഹത്തിന്റെ മുറിവ്, അതായിരിക്കണം ഇപ്പോള്‍ അവളെന്നോട് പറഞ്ഞത്, അത് പറഞ്ഞപ്പോഴായിരിക്കും ആ സ്നേഹം മുറിവായത്.


(മുറിവില്‍ നിന്നും ഇപ്പോള്‍, ഇത്രയും വരഷങ്ങള്‍ക്ക് ശേഷവും, ചെറുതായി രക്തം പൊടിക്കുന്നുണ്ടോ ? വഴിയില്ല !)

2 comments:

  1. Soorya...
    Ithokkeyaanu ithra naalum ezhuthathe vachirunnathu!! Ee partile last session (in the church) ente bhavanayil oru chitramaayi theliyunnund'.. Kannuneerinte pollal enikku feel cheyyunnund'..
    Anyway, ee ezhuthu thudangaan 1% enkilum njan kaaranakkaranaayittundenkil njan abhimaana poorithanaayi!
    Ezhuthoo..iniyuminiyum. nee athinum mathram undeda!!

    ReplyDelete
  2. ഒരു ശതമാനം അല്ലേടാ, തുടങ്ങാനുള്ള പ്രചോദനം നൂറു ശതമാനവും നീ തന്നെ ആയിരുന്നു. പിന്നെ ഇതൊക്കെ ഒരുതരം മഞ്ഞു പിടിച്ചപോലെ അങ്ങിനെ കിടക്കുകയായിരുന്നു. എന്റെ വളരെ ക്ലോസ് ചിന്മയ ആയ ഫ്രണ്ട്സിനു പോലും ഈ കഥകള്‍ അറിയില്ല.

    നിനക്കിഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ വളരെ സന്തോഷം !

    വിശാലന്റെ സഹായങ്ങളും തേടുന്നുണ്ട്, ഇതൊക്കെ ഒന്ന് പ്രമോട്ട് ചെയ്യാന്‍.

    നമോവാകം

    ReplyDelete