Sunday, January 24, 2010

കര്‍ത്താവ് രക്ഷിക്കും (ഭാഗം 10)

(ഒരു മുറിവെ ഉള്ളു എന്ന് കരുതി തെന്നി തെന്നി നടുക്കുമ്പോള്‍ 'മനസ്സ് നിറയെ ചോര'... ഒന്നുകില്‍ വേറെയും മുറിവുകള്‍ ഉണ്ടാകണം, അല്ലെങ്കില്‍ ആ 'ഒരു' മുറിവ് നല്ല ആഴത്തില്‍ ആയിരിക്കണം !)

ആ വെയിലത്ത് എങ്ങോട്ടെന്നില്ലാതെ പോകുമ്പോള്‍ തലപെരുക്കുകയായിരുന്നു. കടപ്പുറത്തെ ആദ്യം കണ്ട കടയില്‍ നിന്നും സിഗരെട്ടും വാങ്ങി വീണ്ടും നടക്കുമ്പോള്‍ മനസ്സിലോര്‍ത്തു, ആ കുപ്പിയും കൂടി എടുക്കാമായിരുന്നു.

പെട്ടെന്ന് പിന്നില്‍ നിന്നും ഒരു വിളി 'അണ്ണേ'.

തിരിഞ്ഞു നോക്കുമ്പോള്‍ കടക്കാരനാണ്. 'കാശ് കൊടുങ്കണ്ണേ'

ഛെ ! കാശ് കൊടുത്തില്ല, കാശ് വെച്ച് തിരിഞ്ഞപ്പോള്‍ വീണ്ടും 'അണ്ണേ ബാക്കി'

അവന്‍ ചിരിക്കുന്നു. എന്റെ അവസ്ഥ അവനു പിടി കിട്ടി കാണണം.

കണ്ണാടിപ്പെട്ടിയുടെ പുറത്ത് വച്ച കാശും എടുത്തു പോക്കറ്റില്‍ ഇട്ടു നടക്കുമ്പോള്‍ അതേ ശബ്ദം 'ഇന്നും ഇരുക്ക്‌ അണ്ണേ'

ശെടാ ഇത് വലിയ ശല്യമായല്ലോ ? തിരിഞ്ഞു നിന്നു, അവന്‍ തന്നെതെല്ലാം കൂട്ടിയെടുത്തിട്ടു ചോദിച്ചു 'മുടിഞ്ഞുതാ, അല്ലേ ഇന്നും ഇരുക്കാ ?' എനിക്ക് ദേഷ്യം വന്നു.

അപ്പോളും അവനു ചിരി, അതേ ചിരിയോടെ ഒരു ചോദ്യം 'എന്നണ്ണേ പ്രോബ്ലം എന്കിട്ടെ ശോല്ലുങ്കോ ? നാന്‍ സോള്‍വ്‌ പണ്ണിത്തരെന്‍ !'

പോടാ %$#@ എന്ന് പറയണം എന്നോര്ത്തതാണ് പക്ഷെ എന്ത് കാര്യം...

സോള്‍വ്‌ ചെയ്യാമെന്ന്‍, എന്ത് സോള്‍വ്‌ ചെയ്യാമെന്ന് ? കുറച്ച്‌ ഉപ്പു കൊണ്ട് വരാം എന്നോ ?  അതോ ഉപ്പും മുളകും കൂടി കൊണ്ടുവരാമെന്നോ ? പു%$#@*^!മോന്‍.

പെട്ടെന്ന് തോന്നി, ഈ തെണ്ടിയോടു ചോദിച്ചാല്‍ ചിലപ്പോള്‍ 'സാധനം' കിട്ടും. തിരിഞ്ഞു നിന്നിട്ട് ചോദിച്ചു 'തമ്പീ ഇങ്കെ പക്കത്തിലെ സരക്ക് കിടക്കുമാ ?'

'അതുതാനാ പ്രശ്നേ, മുതലിലെ ശോല്ല വേണ്ടിയ താനേ, ഒരേ ഒരു ബോട്ടില്‍ താന്‍ ഇരുക്കുത്, 200 റുപ്പീസ്' അപ്പൊ സാധനം ഇവിടത്തന്നെ ഉണ്ട്‌.

'കൊടുങ്കോ' ഞാന്‍ കാശ് കൊടുത്തു. അവന്‍ ഒരു പൊതി എനിക്ക് നീട്ടി.

'തമ്പീ, ഇത് ഊത്തരതുക്ക് ഏതാവത് ഇടം ഇരുക്കാ ?'

'ഇങ്കെയിലിരുന്തു  കൊഞ്ചം ദൂരം അപ്പടി പോയാല്‍  രൈട്ടിലെ ഒരു വഴി ഇരുക്ക്‌, അതുക്കപ്പുറം ഒരു മതില്‍, അന്കെന്തു കൊഞ്ചം ദൂരം നടന്നാല്‍ നിദാനാമാ ഊറ്റരുതുക്ക് അരുമായന ഇടം'

'താങ്ക്സ്' എന്ത് നല്ല മനുഷ്യന്‍, കുടിക്കാനുള്ള സാധനവും തന്നു, അതിനുള്ള സ്ഥലവും, ദൈവമേ, ഇവനെ മുന്പ് പറഞ്ഞ തെറിയൊക്കെ ഞാന്‍ തിരിച്ചെടുത്തിരിക്കുന്നു !

അവന്‍ കാണിച്ചു തന്ന 'അപ്പടി' വഴിയെ ഞാന്‍ പതിയെ നടന്നു, കുറെ ദൂരം കഴിഞ്ഞപ്പോള്‍ തലക്കകത്ത് എന്തോ കിടന്നു മൂളുന്നു. പതുക്കെ ബോട്ടില്‍ തുറന്നു ഒരു കവിള്‍ അകത്തോഴിച്ചു. (മൂളല്‍ നിന്നു !) പിന്നെയും നടന്നു, വീണ്ടും ഒഴിച്ചു. അങ്ങിനെ ഒഴിച്ചും നടന്നും ഒരു ഇരുപതു മിനിറ്റ് കഴിഞ്ഞപ്പോള്‍ അവന്‍ പറഞ്ഞ ആ കരിങ്കല്ല് കൊണ്ട് കെട്ടിയ മതിലിനു അടുത്ത് എത്തി. അതിന്റെ സൈഡില്‍ കൂടി കുറെ ദൂരം ചെന്നപ്പോള്‍ പരിചയം ഉള്ള സ്ഥലം പോലെ, വീണ്ടും ചെല്ലുമ്പോള്‍ കാണുന്നത് ആ 'ചെറിയ പള്ളി'. തിരിഞ്ഞു നോക്കുമ്പോള്‍ ആ പഴയ ശ്മശാനത്തിന്റെ ഗേറ്റ്.

പുലയാടി മോന്‍ ചതിച്ചല്ലോ ! വീണ്ടും അവിടേക്ക് തന്നെ എത്തിച്ചോ ?

എനിക്ക് ദൈവത്തിനോട് തന്നെ ദേഷ്യം തോന്നി.

അതിന്റെ മതിലില്‍ ഇരുന്നു വീണ്ടും വീണ്ടും കുടിച്ചു. എത്ര നേരം ആയെന്നോ, എത്ര കുടിച്ചോ എന്നറിയില്ലായിരുന്നു, പിന്നെ നോക്കുമ്പോള്‍ ആ ബോട്ടില്‍ കാലി. പക്ഷെ ബോധം പോയിട്ടില്ല. തല പമ്പരം പോലെ തിരിഞ്ഞു കളിക്കുന്നു, അതോ മനസ്സാണോ ?

എന്റെ നാല് ചുറ്റും എലിസബത്ത്, അവളുടെ ശബ്ദം, കണ്ണീര്‍, സ്പര്‍ശനം, ചിരി, എല്ലാം എല്ലാം പല പല ഇമേജുകള്‍ ആയി എന്റെ ചുറ്റും വട്ടം കറങ്ങുന്നു. ഈ ലോകം എന്റെ ചുറ്റും കറങ്ങുന്നു. പക്ഷെ അത് എലിസബത്തിന്റെ രൂപത്തില്‍ ആണെന്ന് മാത്രം.

നെഞ്ചില്‍ ഒരു കരിങ്കല്‍ കയറ്റി വെച്ച പോലെ..... ഒരു സിഗരെട്ടു കത്തിച്ചു. പെട്ടെന്ന് ആരോ എന്റെ തോളത്തു പിടിച്ചു. തിരിഞ്ഞു നോക്കുമ്പോള്‍ എലിസബത്ത്. ഞാന്‍ ആ കൈ പിടിച്ചിട്ടു ഒരു നിമിഷം അനങ്ങാതിരുന്നു. എന്റെ കണ്ണു നിറയാന്‍ തുടങ്ങി. എനിക്ക് ആ വിങ്ങല്‍ സഹിക്കാന്‍ പറ്റിയില്ല. അതുവരെ ഞാന്‍ പിടിച്ചു നിറുത്തിയതൊക്കെ  അണപൊട്ടി ഒഴുകി.  എന്റെ നെഞ്ചില്‍ ഇത്രയും നേരം കെട്ടി നിന്നതാണ് കണ്ണില്‍ കൂടി ഈ ഒഴുകി വരുന്നത് എന്ന് തോന്നിപ്പോയി.

'ഇതെന്താടാ ഇത് ?' ആ ശബ്ദം കേട്ടു ഞാന്‍ വീണ്ടും നോക്കി. അത് രാധുവാണ്‌. അപ്പൊ അവനായിരുന്നോ അത് ?

ആയിരുന്നു..... അപ്പോഴത്തെ ആ വിഭ്രാന്തിയില്‍ അത് എലിസബത്ത് ആയി എനിക്ക് തോന്നിയതാണ്.

'ഏയ്‌ ഒന്നുമില്ലെടാ, വാ പോകാം' ഞാന്‍ കണ്ണു തുടച്ചു കൊണ്ട് എഴുന്നേറ്റപ്പോള്‍ വീഴാന്‍ പോകുന്നു. രാധു എന്നെ പിടിച്ചു.

'നീ വല്ലാണ്ട് കുടിച്ചു അല്ലേ ?' പിന്നെ താഴെ കിടക്കുന്ന ബോട്ടിലില്‍ നോക്കീട്ടു 'ശിവനേ ഒരു ഫുള്ളാ ? എന്ത് കുടിയാടാ ഇത് ? ഉം.... ഈ വെള്ളം കൊണ്ട് മുഖവും തലയും ഒക്കെ ഒന്ന് കഴുക്.'

ഞാന്‍ അവന്റെ കയ്യീന്ന് വെള്ളം വാങ്ങി മുഖത്തും കുറച്ചു തലയിലും ഒഴിച്ചു. രാധു തന്നെ അവന്റെ തോര്‍ത്ത് കൊണ്ട് തല തുവര്‍ത്തി തന്നു. പിന്നെ അവന്റെ ചീര്‍പ്പ് വാങ്ങിച്ചു തലയൊക്കെ ഒന്ന് ചീവി, ഒരു സിഗരെട്ടു എടുത്തു കത്തിച്ചു അവന്റെ കൈ പിടിച്ചു ബസ്സിന്റെ അടുത്തേക്ക് നടന്നു.

'ചോദിക്കാന്‍ വിട്ടു എവിടുന്നാട നിനക്ക് സാധനം കിട്ടീത് , ഈ പള്ളിയുടെ പരിസരത്ത് നിന്നും ഞാന്‍ പണ്ട് പോലീസ് നായായേയും കൂട്ടി വന്നിട്ട് പോലും എനിക്ക് കിട്ടിയിട്ടില്ലല്ലോഡാ  ...' അവനു സംശയം, ഞാന്‍ ഇതും താങ്ങി പിടിച്ചാണോ ഞാന്‍  ഹോട്ടലില്‍ നിന്നും വന്നതെന്ന്.

'അതൊക്കെ ഉണ്ടെടാ...'

'എന്നാലും സമ്മതിക്കണം ചങ്ങായി, നിന്നെ സമ്മതിക്കണം, ഇത്രയും അടിച്ചട്ടും നീ നടക്കണ്‍ണ്ടല്ലോ !' രാധു.

അവനറിയാമോ ഈ ഒഴിച്ചതെല്ലാം നെഞ്ചില്‍ എരിഞ്ഞിരുന്ന നേരിപ്പൊടിലേക്കായിരുന്നു എന്ന്  ?

ബസ്സിനടുത്ത് എത്തുമ്പോള്‍ എല്ലാവരും നേരത്തെ തന്നെ കയറിയിട്ടുണ്ട്. ഞാന്‍ കയറി കാബിന്റെ ബാക്കിലെ ഒറ്റ സീറ്റില്‍ ഇരുന്നു. പിന്നെ പതുക്കെ തിരിഞ്ഞു നോക്കി, എലിസബത്ത് അവിടെ എഴുന്നേറ്റ് നിന്നും നോക്കുന്നുണ്ട്. ഒന്ന് ചിരിക്കാന്‍ പോലും പറ്റിയില്ല. ഞാന്‍ പതുക്കെ അവിടെ കിടന്നു.

വേലായുധേട്ടന്‍ പതുക്കെ രാധുവിനോട് 'എന്താണ്ടാ അവനു പറ്റിയത് ?'

'ഏയ് ഒന്നൂല്ല ചേട്ടാ, അവന്‍ രണ്ടു മൂന്നെണ്ണം കൂടുതല്‍ അടിച്ചു എന്നാ തോന്നുന്നത്'

'മൂനെണ്ണാ, ഒന്ന് പോയെടപ്പാ, കാര്യം അതൊന്നല്ല. ആ.... റൂമില്‍ ചെല്ലട്ടെ'

ഞാന്‍ ഒന്നും കേട്ടില്ല, കണ്ണടച്ചാല്‍ അപ്പൊ എത്തും അവള്‍,  പല രൂപത്തില്‍. ഛെ ! വീണ്ടും ചാടി എഴുന്നേറ്റു.

'എന്തെടാ മോനെ ?' വേലായുധേട്ടന്‍

'ഒന്നൂല്ല ചേട്ടാ ?' താഴെ ഇരുന്ന രാധുവിന്റെ ബോട്ടിലെടുത്തു ബാക്കിയുണ്ടായിരുന്നത് കൂടി അടിച്ചു.

'മതീടാ ഗഡി' രാധു.

ഞാന്‍ വീണ്ടും കിടന്നു.

പിന്നെ ഉണരുമ്പോള്‍ സമയം 9 മണി. ഞാന്‍ കിടക്കുന്നത് ബസ്സില്‍ തന്നെ. എഴുന്നേറ്റ് പുറത്ത് കടന്നു. ഭാഗ്യം ഡോര്‍ ഒന്നും ലോക്ക് ചെയ്തിട്ടില്ല. പുറത്തിറങ്ങി പതുക്കെ റൂമിലേക്ക്‌ നടക്കുമ്പോള്‍ രാധു താഴേക്കു വരുന്നു.

'ആ എണീറ്റാ, ഞാന്‍ വിളിക്കാന്‍ വരുവായിരുന്നു, വാ വാ' അവന്‍ വേഗം ബസ്സിന്റെ ഡോര്‍ ലോക്ക് ചെയ്തിട്ട് വന്നു.

'അപ്പൊ ഇന്ന് തിരിച്ചു പോണില്ലേടാ' ഞാന്‍ ചോദിച്ചു.

'ഏയ്‌ നാളെ രാത്രിയല്ലേ പോണത്. നാളെ പകല്‍ അവര്‍ക്ക് ഏതാണ്ട് ക്ലാസ്സ്‌ ഉണ്ട്.'

റൂമില്‍ വേലായുധേട്ടന്‍ കുളിച്ചു 'വീണ്ടും കുട്ടപ്പനായി' ഇരിക്കുന്നു.

'ആ,,, നീ കുളിക്കണ്‍ണ്ടാ സൂര്യാ ?' എന്നോട്.

'ഒന്ന് കുളിക്കണം ചേട്ടാ...' ഞാന്‍ ടവല്‍ എടുത്തു ബാത്ത്റൂമിലേക്ക് പോയി.

ഷവറിനടിയില്‍ നില്‍ക്കുമ്പോള്‍ തല മുതല്‍ തണുത്തു വരുന്നു. പിന്നെ ശരീരവും. അവസാനം കുളി കഴിയുമ്പോള്‍ മനസ്സും തണുത്തിരുന്നു!

തിരിച്ചു വരുമ്പോള്‍ വേലായുധേട്ടന്‍ വീണ്ടും ഓരോന്ന് ഒഴിച്ച് വെച്ചിരിക്കുന്നു. ഇങ്ങനെയോരോരോ ജന്മങ്ങള്‍ !

ഞാന്‍ ഒരു സിഗരറ്റും എടുത്തു ബാല്‍ക്കണിയില്‍ ചെന്നു നിന്നു. വേലായുധേട്ടന്‍ പിന്നാലെ...

'എന്താ പ്രശ്നം, ഏതാ പ്രശ്നം, എന്നൊന്നും ഞാന്‍ ചോദിക്കുന്നില്ല, നീയിതാ അടിച്ചേ, ഒക്കെ ശരിയാവും' രാധു ചിലപ്പോള്‍ പറഞ്ഞു കാണും.

ഞാന്‍ ഗ്ലാസ്‌ വാങ്ങി ഒരു സിപ് ചെയ്തു. പിന്നെ അവിടത്തന്നെ ഇരുന്നു. 'പതുക്കെ' എലിസബത്തിനെ ഓര്‍ത്തു. കടലില്‍ നിന്നുള്ള തണുത്ത കാറ്റ്. അവളെ ശരിക്കും ഒന്ന്  കാണണം എന്ന് തോന്നി, അപ്പോള്‍.

ഇതുവരെ ഓരോ പ്രാവശ്യവും 'അവളാര് ?' എന്ന ബോധമനസ്സിന്റെ ചോദ്യത്തില്‍ നിന്നും എന്റെ ഉപബോധ മനസ്സ് ഒഴിഞ്ഞു മാറുകയായിരുന്നു. സത്യത്തില്‍ അതൊരു ആവശ്യമില്ലാത്ത ചോദ്യമാണെന്നു ഇപ്പോള്‍ എനിക്ക് തോന്നുന്നു. അവള്‍ ഇപ്പോള്‍ എന്റെ ആരോ ആയി മാറിക്കൊണ്ടിരിക്കുന്നു.

'ആരായാലും നിനക്കെന്താ ?' എന്ന് എന്റെ മനസ്സിനെ ഞാന്‍ തന്നെ ചോദ്യം ചെയ്തു തുടങ്ങിയിരിക്കുന്നു !

എന്തായാലും നാളെ അവളെ കണ്ടിട്ട് തന്നെ കാര്യം. തീരുമാനിച്ചു. ഗ്ലാസ്സിലുള്ളത് ഒറ്റവലിക്ക് തീര്‍ത്ത് ഞാന്‍ അകത്തേക്ക് നടന്നു.

'ഞാന്‍ കിടക്കുന്നു, വേലണ്ണാ !'

'കിടന്നോ കാലത്ത് കാണാം'

കിടക്കുമ്പോള്‍ ഉറക്കം വരുമെന്ന് കരുതിയതല്ല. പക്ഷെ അധികം ചിന്തകള്‍ ഉണ്ടായില്ല.

കാലത്തു എഴുന്നേല്‍ക്കുമ്പോള്‍ മുറിയില്‍ അരണ്ട വെളിച്ചം മാത്രം, അതും ബാത്ത് റൂമിന്റെ അടച്ചിട്ട കതകിനിടയില്‍ കൂടിയും, ജനലില്‍ കൂടിയുള്ള നേര്‍ത്ത വെള്ള വെളിച്ചവും ചേര്‍ന്ന ഒന്ന്. സമയം, 0615. വെളുത്തു വരുന്നേ ഉള്ളു. ദേ വരുന്നു വേലായുധേട്ടന്‍ ബാത്ത് റൂമില്‍  നിന്നും, തലയും തുവര്‍ത്തി. ഇയാള്‍  ഇത്ര നേരത്തെ കുളിച്ചോ ?

'ചൂട് വെള്ളം വന്നിട്ടില്ല, അതുകൊണ്ട് ഞാന്‍ പച്ച വെള്ളത്തില്‍ അങ്ങ് കുളിച്ചു, നീയും വേണമെങ്ങില്‍ ഒന്ന് കുളിച്ചോ, എന്നിട്ട് നമുക്ക് പോയി നല്ല ചൂട് ഇഡ്ഡലി അടിച്ചേച്ചു  വരാം.'

ഞാനും അത് തന്നെ തീരുമാനിച്ചു. ചട പടാന്ന് 'ഒന്ന് മുതല്‍ പൂജ്യം വരെ' നടത്തി. തിരിച്ചിറങ്ങിയപ്പോള്‍ വേലുവാശാന്‍ ഒരു സിഗരറ്റും കത്തിച്ചിരിക്കുന്നു.

നല്ല തണുപ്പ്... ചൂടുള്ള കുറച്ച്‌ ഡ്രസ്സ്‌ ഒക്കെ കേറ്റി കഴിഞ്ഞപ്പോള്‍ വേലുവണ്ണന്‍റെ ഡയലോഗ്.

'വേഗം ഇതങ്ങോട്ട് അടിച്ചോ, എന്നെട്ടിറങ്ങാം' ഒരു ഡബിള്‍ ലാര്‍ജ്.

ഈ മനുഷ്യന്റെ ഒരു കാര്യം. (കുറാലി ബാബുവിനെക്കാള്‍ കഷ്ടം !)

ഞാന്‍ ഒറ്റ വലിക്കത് തീര്‍ത്തു. (അപ്പൊ ഞാനോ ?)

നേരെ താഴത്തെ ഹോട്ടലിലേക്ക്.

അവിടെ ഇഡ്ഡലി ആകുന്നെ ഉള്ളു, എന്നാലും ഇരുന്നു. പത്ത് മിനിട്ടിനകം സാധനങ്ങള്‍ വരി വരിയായ് എത്തി. ഒരു അര മണിക്കൂര്‍ നേരം നിശബ്ദ യുദ്ധം. ശേഷം സംസാരം.... 'ഇഡ്ഡലി നന്നായിട്ടുണ്ട് അല്ലേ, അപ്പൊ ചട്ടിനിയോ, സാമ്പാറും ദോശയും മോശമൊന്നും അല്ലാ, വടയും ചായയും എനിക്കിഷ്ടപ്പെട്ടു' അങ്ങിനെ പറഞ്ഞു വരുമ്പോള്‍, കൊണ്ടുവന്നത് എല്ലാം ഇഷ്ടായി എന്നര്‍ത്ഥം !

'ഡാ മറ്റേ സാധനം ഇന്ന് വരൂട്ടാ ?' പുറത്തെക്കിറങ്ങുമ്പോള്‍  'വെല്‍മുരുഗ്' എന്നോട്.

'ഏത് ?'

'മ്ടെ സാറ'

'ഏ ?'

'ഉം, അതന്നെ' വേലു ഒരു ചിരി !

'അപ്പൊ കഴിഞ്ഞാ ?' ഞാന്‍.

'പിന്നല്ലാണ്ട് ?'

'എപ്പോ ?'

'ഇന്നലെ ഞങ്ങടെ പ്രാര്‍ത്ഥന ഇതല്ലേ ആയിരുന്നു ?'

'എവിടെ വെച്ച് ?'

'ദിവിടെ, നമ്മടെ റൂമില്‍'

'എടോ ഭയങ്കരാ, എന്നാലും ഒരു കന്യാസ്ത്രീനെ ഇത്രപെട്ടെന്നു'

'മ$#@ണ്, അവള് കന്യാസ്ത്രീ ഒന്നും അല്ലേടാ, കുശിനിക്കാരത്തി'

'ആണാ ?'

'പിന്നെ ?'

'അപ്പൊ രാധുവോ ?'

'ആ പ%^*$#മോനെ ഇന്നലെ ഞാന്‍ വിളിച്ചതാ, അപ്പൊ അവനു പേടി, എന്തെങ്ങിലും പ്രശ്നം ഉണ്ടായാലോ എന്ന് അവന്‍ എന്നോട്, ഞാന്‍ പറഞ്ഞു പ്രശ്നം ഇണ്ടായാ നീ കുടുങ്ങും. ഞാന്‍ തല ഊരും. വയസ്സനല്ലേ ?.... എന്നൊക്കെ .....നീ കെട്ടേണ്ടി വരും എന്നും കൂടി പറഞ്ഞപ്പോ, ഗഡി സൈഡ് ആയി !'

'തന്നെ ഞാന്‍ സമ്മതിച്ചെടോ ?' ഒരു കംപ്ലിമെന്റ്റ്‌.

'ആ പിന്നെ സാധനത്തിനോടു നിന്റെ കാര്യം പറഞ്ഞിട്ടുണ്ട്, ഒരു 11 മണിയാവുമ്പോള്‍ കുരിശു ഇങ്ങട് വരും.'

'ഞാന്‍ ഉണ്ടാവില്ല ചേട്ടാ, മാത്രമല്ല എനിക്ക് വേണ്ട, അതിനുള്ള ഒരു മൂഡില്ല.'

'അതിക്കെ ശരിയാക്കാം, നാലെണ്ണം വിട്ടാല്‍ എല്ലാം ശരിയാകും' 'വെല്‍സ്' ധൈര്യം തന്നു !

'ഏയ് എനിക്ക് വേറെ പരിപാടി ഉണ്ട്'

'ആ, എനിക്ക് മനസ്സിലായി, അതൊക്കെ കൈ വിട്ട കളികള്‍ ആണ് ട്ടാ, ഡാ നീ കേള്‍ക്കണ്ടാ ?'

'ഉണ്ട് ചേട്ടാ'

'നീ ചെറുപ്പാണ്, റയിലുമ്മെ കൊണ്ടോയി തല വെക്കല്ലേ മോനെ'

'അങ്ങിനെയൊന്നും ഇല്ല ചേട്ടാ'

'ഞാന്‍ പറയാനുള്ളത് പറഞ്ഞു, ബാക്കി നിന്റിഷ്ടം'

ഒരു പതിനൊന്നു മണി വരെ ഞങ്ങള്‍ ഓരോരോ സ്മാളും ചീട്ടും ഒക്കെ ആയി അങ്ങിനെ ഇരുന്നു, അപ്പോഴേക്കും രാധു എഴുന്നേറ്റ് കുളിച്ചു റെഡി ആയിരുന്നു.

കതകില്‍ ആരോ തട്ടി. വേലായുധേട്ടന്‍ എഴുന്നേറ്റ് കതകു തുറന്നു.

എന്നിട്ട് പറഞ്ഞു 'ആ, വാ വാ '

നോക്കിയപ്പോള്‍ 'സാറാമ്മ ദി പീസ്‌ !'

ഞാന്‍ പതുക്കെ എഴുന്നേറ്റു ഡ്രസ്സ്‌ ഒക്കെ ഒന്ന് ശരിയാക്കി, തലയൊക്കെ ഒന്ന് ഒതുക്കി, പതുക്കെ പുറത്തേക്ക് നടന്നു.

'അല്ലാ സൈമണ്‍ ചേട്ടന്‍ എവടപ്പൂവാ ?' എന്നോടാണ്. അവളുടെ അമ്മേ .......

എല്ലാം കടിച്ചോതുക്കി ഞാന്‍ 'വേല്‍ മുരുകന്' ഒരു ചെറിയ നോട്ടം സമ്മാനിച്ചു.

ഉടനെ വേലായുധേട്ടന്‍ 'പുള്ളി ദിപ്പോ വരുടി, നീ ഇരിക്ക്'

ഞാന്‍ പുറത്തേക്കിറങ്ങി ഒരു സിഗരെട്ടു വലിച്ചു നടക്കുമ്പോള്‍, ആലോചിച്ചു 'എങ്ങനെയാണാവോ അവരുടെ ക്ലാസ് നടക്കുന്ന സ്ഥലത്തേക്ക് പോവുക ?' ചതിയായി, ആരോടെങ്ങിലും ചോദിച്ചു മനസ്സിലാക്കി പോരാമായിരുന്നു.

'ഡാ സൂര്യാ, നിക്ക് ഞാനും ഉണ്ട് !' രാധാകൃഷ്ണന്‍, ചാടി പോന്നതാണ്.

'നിനക്കറിയാമോ അവരുടെ ഈ ക്ലാസ് നടക്കുന്ന സ്ഥലം ?' ഞാന്‍

'ഇല്ല, അതെങ്ങിനെയാട എനിക്കറിയണെ ?'

'അവര് താമസിക്കണ സ്ഥലം അറിയോ ?'

'അറിയാം'

'എന്നാ വാ'

'എന്ന് വെച്ചാല്‍ ?'

'എന്ന് വച്ചാല്‍ അതന്നെ, നീയാ വന്നെ, ഓട്ടോയില് പോണാ ?'

'ഇല്ലെടാ, നടക്കാനാണെങ്കില്‍  രണ്ടു മിനിട്ടിന്റെ വഴെയേ ഉള്ളു'

'എന്നാ വേഗം വാ'

ഞങ്ങള്‍ രണ്ടും കൂടി അതിലെയും ഇതിലെയും നടന്നു, ഏതോ ഒരു ചായക്കടയുടെ ഉള്ളില്‍ കൂടെ വരെ ആ തെണ്ടി എന്നെ കൊണ്ട് പോയി, അവസാനം ഈ പറഞ്ഞ സ്ഥലം എത്തി.

ഞങ്ങള് അകത്തു കേറി നല്ല പാണ്ടി തമിഴന്‍മാരുടെ പോലെ, ആദ്യം കണ്ട ഒരുത്തനോട്‌, 'ഞങ്ങള്‍ കേരളത്തില്‍ നിന്നുള്ള തമിഴ് ശിങ്കങ്ങള്‍  ആണെന്നും, തൃശ്ശൂരില്‍ നിന്നും വന്ന ടീമിനെ കാണണം എന്നും ഉള്ള വിവരം അങ്ങോട്ട്‌ കാച്ചി !'

അവന്‍ അവിടുത്തെ സെക്യുരിറ്റി സിങ്കം ആയിരുന്നു. 'നില്ല്' എന്നാഗ്യം കാണിച്ചു അവന്‍ നേരെ അകത്തേക്ക് ഒരു പോക്ക്.

രണ്ടു മിനിറ്റ് കഴിഞ്ഞപ്പോള്‍ ലോക്കല്‍ സിങ്കം 'സിംഗിളാ' വന്നു.

'അവര്‍ ക്ലാസ് എങ്കെ എന്ന് യരുക്കുമേ തെരിയാത്, അന്ത ഗ്രൂപ്പ് അവരോടെ അമ്മ കൂടെ അന്ത ക്ലാസ് നടക്കിര ഇടത്ത് താന്‍ ഇരുക്കുത്. അവര്‍ കൂടെ വന്ത സെര്‍വിന്റെയും കാണലെ'

(അവള്‍ ഇവിടെയുണ്ട് എന്ന് വേണമെങ്കില്‍ നിനക്ക് ഞാന്‍ പറഞ്ഞു തരാടാ #@$^)

'അപ്പൊ, എന്ന ശോല്ലരെന്‍ അണ്ണാ, നാങ്ക നിക്കരതാ പോകരതാ ?' ഞാന്‍

'നില്ലുങ്കോ, അവര്‍ കൂടെ വന്ത ഒരു സിസ്റ്റര്‍ ഉടമ്പ് മുടിയാമല്‍ പടുത്തിക്കിരെന്‍, അന്ത അമ്മ ഇപ്പൊ കീളെ വരുവാന്‍, അവരെ കേളുങ്കോ, നീങ്ക വന്തതാ ഞാന്‍ അവര്‍ കിട്ടെ ശോല്ലിയിരുക്കിരേന്‍'

'കോപ്പ് എടവാട്' ഞാന്‍ രാധകൃഷ്ണനോട് പറഞ്ഞു. 'നീ വാഡാ, നമുക്ക് മറ്റേ സാധനത്തിനോടു തന്നെ ചോദിക്കാം, അതാ നല്ലത്'

ഞാന്‍ സിഗരെട്ടു എടുത്തു കത്തിച്ചു തിരിഞ്ഞു നടന്നു. പെട്ടെന്ന് രാധാകൃഷ്ണന്‍ ആര്‍ത്തിയോടെ വിളിച്ചു.

'ഡാ ഡാ സൂര്യ, പോവല്ലേ, മറ്റേ പാര്‍ട്ടി വരുന്നുണ്ട്'

'ഏത് പാര്‍ട്ടി' എന്ന് ചോദിച്ചുകൊണ്ട്  ഞാന്‍ തിരിഞ്ഞു നോക്കിയതും കണ്ടത് എലിസബത്തിനെ, പതുക്കെ സ്റെപ്പ് ഇറങ്ങി വരുന്നു. ഞാന്‍ സിഗരെട്ടു കളഞ്ഞു അക്ഷരാര്‍ദ്ധത്തില്‍ ഓടി ചെന്നു.

രാധുവിനെ ക്രോസ് ചെയ്യുമ്പോള്‍ അവന്‍ പറഞ്ഞു 'പതുക്കെ പോടാ, മറ്റേ കോമാളി നിന്നെ നോക്കണ്ട്‌' അത് കേട്ടതും ഞാന്‍ ഒന്ന് സ്ലോ ആക്കി.

അടുത്തെത്തിയപ്പോള്‍ ലോകം കീഴടക്കിയപോലെയോ അതോ സുനാമിയില്‍ നിന്നും തിരിച്ചു വന്ന പോലെയോ എന്താണ് ആ വികാരം എന്നറിയില്ല, സന്തോഷം അടക്കാന്‍ കഴിഞ്ഞില്ല.

'എലിസബത്തെ..'

'ഓ'

ദൈവമേ, ഈ നിമിഷം ഞാന്‍ മരിച്ചു പൊയ്ക്കോട്ടേ എന്ന് പറയാവുന്ന സന്തോഷം.

'നമുക്കൊന്ന് നടന്നാലോ ?'

'സെക്യുരിറ്റി ?'

'അത് അവന്‍ നോക്കിക്കൊള്ളും' ഞാന്‍ രാധുവിനെ ചൂണ്ടി പറഞ്ഞു.

'എന്നാല്‍ ഒരു മിനിറ്റ്' അവള്‍ വീണ്ടും മുകളിലേക്ക് പോയി.

'ഡാ രാധു, വേഗം വാ'

'ഈ സാധനത്തിനെ മറക്കെടാ ' ഞാന്‍ സെക്യുരിറ്റിയെ കണ്ണു കൊണ്ട് അടയാളം കാണിച്ചിട്ട് പറഞ്ഞു.

'അതിനു ഞാന്‍ വിളിച്ചാല്‍ അവന്‍ വരണ്ടേ ?' രാധു.

എനിക്ക് ദേഷ്യം വന്നു 'നിന്റെ തലേല് എന്തൂട്ടാടാ പോത്തേ, ചേറാ ? ബുദ്ധി ഉപയോഗിക്കെടാ... സ്മാള്‍ കിട്ടണ സ്ഥലം കാണിച്ചു തരാന്‍ ഗടിയോടു പറ, എന്നിട്ട് അതിനെ തുള്ളിയടിച്ചു വീഴത്ത്'.

ഞാന്‍ കയ്യില്‍ കിട്ടിയ കാശ് അവന്റെ കയ്യില്‍ കൊടുത്തു.

അവന്‍ നേരെ ചെന്നു സെക്യുരിറ്റി സിങ്കത്തിന്റെ ചെവിയില്‍ ഒരു വണ്ടിനെ കേറ്റി വിട്ടു !
പിന്നെ നോക്കുമ്പോള്‍ രണ്ടുപേരും 'പെരിയ നന്‍പര്‍കള്‍ മാതിരി' ഒരുമിച്ചു നടന്നു പോകുന്നു.

അവര്‍ പോയിക്കഴിഞ്ഞു രണ്ടു മിനിറ്റ് കഴിഞ്ഞാണ് എലിസബത്ത് വരുന്നത്.

'പോകാം' അവള്‍ പറഞ്ഞു.

'ശരി' ഞാനും

കടപ്പുറത്ത് കൂടെ കുറെ ദൂരം, എങ്ങോട്ടെന്നില്ലാതെ, നടക്കുമ്പോള്‍ ഞങ്ങള്‍ പരസ്പരം ഒന്നും മിണ്ടിയില്ല. ഇടയ്ക്ക് പരസ്പരം ഒന്ന് നോക്കും പിന്നെയും നടക്കും.

കുറച്ച്‌ കഴിഞ്ഞപ്പോള്‍ എലിസബത്ത് ചോദിച്ചു 'ഇന്നലെ പള്ളിയില്‍ നിന്നും എങ്ങോട്ടാ പോയത് ?'

'അത്.....' ഞാന്‍ ചുറ്റും നോക്കി, അതേ വഴി തന്നെ ! 'ഇതേ വഴിക്ക് തന്നെയാണ് ഞാന്‍ നടന്നത്, പക്ഷെ നടക്കുമ്പോള്‍ ഒരു കുപ്പി കയ്യില്‍ ഉണ്ടായിരുന്നു, എന്ന വെത്യാസം മാത്രം'

'ഓഹോ, അപ്പോള്‍ ഇന്നോ ?'

'ഇന്ന് നീയും'

'നീ' എന്ന വിളി കേട്ട് എലിസബത്ത്ചെറുതായി ഒന്ന് ചിരിച്ചു. എന്നിട്ട് ചോദിച്ചു 'എന്ന് വെച്ചാല്‍ ?'

'എന്ന് വെച്ചാല്‍... (ഞാന്‍ കൈകള്‍ മേലോട്ട് ഉയര്‍ത്തിക്കൊണ്ട്) ഇന്നലെ എന്റെ കയ്യില്‍ നീ തന്ന വീഞ്ഞും, ഇന്നു നിന്റെ കൂട്ടത്തിലെ ഒരു മാലാഖയും ! കര്‍ത്താവേ നീ എത്ര വലിയവന്‍, ഞാന്‍ എത്ര ഭാഗ്യവാന്‍ !'

എലിസബത്ത് കള് കള് എന്നു പൊട്ടിച്ചിരിച്ചു, ഞാനും ചിരിച്ചു പോയി. ചിരിയുടെ അവസാനം അവള്‍ എന്റെ കയ്യില്‍ പിടിച്ചു നടക്കാന്‍ തുടങ്ങി.

ഞാനും അവളുടെ കൈകള്‍ മുറുക്കെ പിടിച്ചു നടന്നു, ഇനി ഈ ജീവിതത്തില്‍ ഇത് ഞാന്‍ വിടില്ല എന്ന ഭാവത്തോടെ !

(കുറച്ചു സ്ലോ ആയി എന്നറിയാം, എന്നാലും ഇതില്‍ കൂടുതല്‍ ഇതിനെ ഫാസ്റ്റ് ആക്കാന്‍ എനിക്ക് പറ്റില്ല. കാരണം ...........

എന്റെ മനസ്സാണെഡൊ ഇത് !)

1 comment:

  1. വളരെ നല്ല വിവരണം . തുടര്‍ന്നുള്ള സംഭവ പരമ്പരകള്‍ക്കായി കാത്തിരിക്കുന്നു.

    ReplyDelete