Tuesday, December 8, 2009

കര്‍ത്താവ്‌ ക്ഷമിക്കും ! (ഭാഗം 3)

(2 എണ്ണം കഴിഞ്ഞാല്‍ ഞാന്‍ വയലന്റാകും എന്ന് വെറുതെ പറഞ്ഞതല്ല... ഇപ്പൊ കണ്ടോ കാര്യങ്ങള്‍ കൈവിട്ടു പോകുന്നത്, വീണ്ടും ഒരു ഭാഗം... അതാണ്‌......
ഇനി എന്തോക്കെയാണോ സംഭവിക്കാന്‍ പോകുന്നത്)


ഞങ്ങളുടെ ക്ലാസ്സിന്റെ ഒരു ഗുണം എന്ന് പറഞ്ഞാല്‍ അപ്പുറത്ത് അജിത്ത് സാറിന്റെ വീടാണ്‌. അജിത്ത് സാറ്, അജിത്ത് രാജ ആണ്. ഞങ്ങളുടെ കോളേജ്, ചിന്മയ മിഷന്‍ കോളേജ്, നടക്കുന്ന ശക്തന്‍ തമ്പുരാന്‍ കൊട്ടാരത്തിന്റെ ഇപ്പോഴത്തെ അവകാശി. സാറൊരു 'മാത്തമാജീഷ്യന്‍' കൂടിയാണ്. നമ്മുടെ ഭാഷയില്‍ പറഞ്ഞാല്‍ 'കണക്കു പുലി'. കൊട്ടാരത്തിന്റെ ഒരു ഭാഗത്ത്‌ തന്നെയാണ് താമസം. ചെറിയമ്മയും ചെറിയച്ച്ചനും കൂടെ ഉണ്ട്.  പക്ഷെ കാര്യം അതല്ല, ഞങ്ങളുടെ ക്ലാസ്സിന്റെ തൊട്ടടുത്ത്‌ സാറിന്റെ വീടിന്റെ അടുക്കളയാണ്‌. ചെറിയമ്മ ഒരു കറിക്കു കടുക്ക് വറുത്താല്‍ പിന്നെ അഞ്ചു മിനിട്ട് ക്ലാസ്സില്‍ ചുമയാണ്. അതിന്റെ ഗുണം എന്ന് പറഞ്ഞാല്‍ അത്യാവശ്യം ഒന്ന് വലിക്കണം എന്ന് തോന്നിയാല്‍ ചാടി പുറത്തിറങ്ങേണ്ട കാര്യമില്ല. ഈ പുക അടുക്കളയിലെ പുകയുമായി ലയിച്ചു ചേരും. ഇതിന്റെയെല്ലാം ഫലം അനുഭവിച്ചത് സന്തോഷ്‌ സാറാണ്. അത് വേറൊരു പാവം.

പിന്നീടെപ്പോഴോ, അസ്ട്രോനോമിയുടെ ഒരു നീണ്ട ക്ലാസ്സ്‌ കഴിഞ്ഞിറങ്ങുന്ന ഒരു ദിവസം,
ഞാന്‍ വിജയനോട് പറഞ്ഞു, 'വേഗം നടക്കെടാ, വിശന്നിട്ടു കുടല് കരിയുന്നു' ബസ്‌ സ്റ്റാന്റ്നു അടുത്തുള്ള ഹോട്ടലാണ് ലക്‌ഷ്യം.
'ഇനി തിരിച്ചു കയറുന്നുണ്ടോ ?' വിജയന്‍റെ മറു ചോദ്യം.
'തലയ്ക്കു പിരി പൊട്ടി ഇരിക്ക്യ, ഇനി കേറാന്‍ ഞാനില്ല.' എന്റെ മറുപടി അവനെ സമാധാനപ്പെടുത്തും  എന്നെനിക്കറിയാം. കാരണം അവനു സ്ഥലം വിടാമല്ലോ. കോട്ടെക്കുളത്താണ് അവന്റെ വീട്. രണ്ടു മണിക്കൂറില്‍ കൂടുതല്‍ ബസ്സില്‍, നേരത്തെ പോക്കുന്നത് അവനു സന്തോഷം.
'എന്ന ഞാന്‍ ബുക്ക്‌ എടുക്കട്ടെ' അവന്‍ തിരിച്ചോടി.

ഞങ്ങള്‍ ഇംഗ്ലീഷ് ക്ലാസ്സ്‌ വരെ എത്തിയിരുന്നു. കുറച്ചുപേര്‍ ഊണ് കഴിക്കുന്നു.ഉള്ള ആണുങ്ങളെ പറ്റാവുന്ന പെണ്ണുങ്ങള്‍ ഒക്കെ കൂടി വധിക്കുന്നു. അവറ്റകള്‍ക്ക് എന്നും റാഗിങ്ങ് ആവും. പാവങ്ങള്‍ !

കന്യാസ്ത്രീ പാത്രം തുറക്കാന്‍ പോകുന്നെ ഉള്ളൂ, കണ്ടപ്പോള്‍തന്നെ പതിവുള്ള വചനം ഞാന്‍ അടിച്ചു, അവര്‍ തിരിച്ചും. പെട്ടെന്ന്‍ അവരെന്നോട് ചോദിച്ചു 'ഊണ് കഴിക്കുന്നോ, ഷെയര്‍ ചെയ്യാം' ഞാന്‍ അന്തം വിട്ടു. ഇത്ര പെട്ടെന്ന്  ഒരു ചോദ്യം പ്രതീക്ഷിച്ചതല്ല.
'ഏയ് വേണ്ട അത് സിസ്റെര്‍ക്ക് ഉള്ളതേ കാണൂ, ഞങ്ങള്‍ എന്തായാലും പുറത്തു പോവുകയാണ്. ഞാന്‍ അത് പറയുമ്പോള്‍ അവര്‍ ചിരിക്കുന്ന്മുണ്ട്.
'അല്ല. അന്ന് പറഞ്ഞതിന് ശേഷം ഞാന്‍ കുറച്ചു ചോറ് കൂടുതല്‍ കരുതാറുണ്ട്‌'
'എന്ന് ?' ഞാന്‍ പെട്ടെന്ന് ചോദിച്ചു. എനിക്ക് സത്യത്തില്‍ മനസ്സിലായില്ലായിരുന്നു.
'ഒരു ദിവസം ചോറ് ചോദിച്ചത് ഓര്‍മയുണ്ടോ ? ഓര്‍മ നില്‍ക്കുന്ന ഒരു ദിവസം ആയിരുന്നില്ല എന്നെനിക്കു തോന്നിയിരുന്നു.' അതോരടിയാണല്ലോ എന്നെനിക്കു തോന്നി. നമ്മുടെ 'ജിന്നിനെ പെണ്ണ്' കണ്ട ദിവസം. പെട്ടെന്നെനിക്ക് സംഭവം ഓടി.
'ഓ അതോ, അത് ഞാന്‍ ചുമ്മാ പറഞ്ഞതല്ലേ, പിന്നെ ഓര്‍മ്മ നില്കതിരിക്കാന്‍ മാത്രം ഒന്നുമുണ്ടായിരുന്നില്ല.' ഞാനും വിട്ടില്ല.
'പക്ഷെ ഇതൊക്കെ കുറച്ചു ഓവറല്ലേ എന്നൊരു സംശയം' സംസാരം സീരിയസ്  ആവുകയാണ്. ഇതു ഇവിടെ വച്ച് നിര്‍ത്തണം, അല്ലെങ്ങില്‍ ബോറാകും എന്ന് തോന്നി.
ഞാന്‍ പറഞ്ഞു 'അതെ ഓവറാവാന്‍ വേണ്ടി തന്നെയാണ് ഇങ്ങനെ ചെയ്യുന്നത്. ചില കാര്യങ്ങള്‍ ഓവറായില്ലെങ്ങില്‍  ബോറാകും, വേറെ ചിലത് തിരിച്ചും. നന്നായി ഊണ് കഴിച്ചിട്ട് പാത്രങ്ങളൊക്കെ ശരിക്ക് കഴുകി വെക്കണം, കേട്ടോ ? വേറെ വിശേഷം ഒന്നും ഇല്ലല്ലോ ?.'

അതെല്‍ക്കും എന്നെനിക്കറിയാമായിരുന്നു. പക്ഷെ സംഭവം കുറച്ചു 'ഓവറായി' അവരുടെ മുഖം അങ്ങ് വീണു.
ഞാന്‍ തിരിഞ്ഞു വിജയനെ നിളിച്ചു. 'ഡാ നീ വരുന്നുണ്ടോ ?'
വീണ്ടും നോക്കുമ്പോള്‍ ആകെ കൂടി ഒരു മരണം നടന്ന അവസ്ഥ. കന്യാസ്ത്രീയുടെ മുഖവും കണ്ണും ചുവന്ന നിറം. ഞാനും ഒന്ന് വല്ലാതായി. അത്രയ്ക്ക് വേണ്ടായിരുന്നു. ഞാനൊന്നു ചിരിക്കാന്‍ ശ്രമിച്ചു, വിജയിച്ചോ എന്നറിയില്ല. പക്ഷെ അവര്‍ക്ക് ഒരു മാറ്റവും കണ്ടില്ല. 'ഛെ, മോശമായിപ്പോയി' വിജയന്‍ വന്നു.

ഞങള്‍ ഊണ് കഴിച്ചു പിരിഞ്ഞു. പക്ഷെ ബസ്സില്‍ ഇരിക്കുമ്പോള്‍ ആ കന്യാസ്ത്രിയുടെ മുഖം വീണ്ടും വീണ്ടും തെളിഞ്ഞു വന്നു. പിന്നെ തോന്നി നാളെ ഒരു സോറി പറഞ്ഞാല്‍ തീരാവുന്ന പ്രശ്നമേ ഉള്ളൂ.

പിറ്റേന്ന് ചെല്ലുമ്പോള്‍ തന്നെ ഞാന്‍ അവരെ നോക്കി, സീറ്റില്‍ എത്തിയിട്ടില്ല. ഫസ്റ്റ് ഇന്റെര്‍വെല്ലിനു നോക്കിയപ്പോഴും കണ്ടില്ല. ആ ബഞ്ചിലെ തന്നെ വേറൊരു മുതലിനോട് ചോദിച്ചു 'നമ്മടെ സിസ്ടരെന്തിയെ ?'. 'സുഖല്ല്യ, അതോണ്ട് ലീവാണ്'. അപ്പൊ അത്രയേ ഉള്ളൂ.

പിറ്റേ ദിവസം, രണ്ടു ദിവസമായി ഉന്നം വക്കുന്നു, രാമന്‍ പുതിയ ഒരു പരിപാടി അറേഞ്ച് ചെയ്തു, ബോസ്സെന്‍, ആദ്യമായാണ്, അത് കൊണ്ട് ആകെ കൂടി ഒരു ടെന്‍ഷന്‍. സാധനം സുഗതനോ കണ്ണന്കുട്ടിയോ  ഷാജുവോ, തീട്ടം പൈലി എന്ന് നാമധേയം, ആരോട് പറഞ്ഞാലും എത്തിക്കും. പക്ഷെ പട്ടര്‍ക്ക് ഒരു കണക്കുണ്ട്. 'അതൊന്നും കണ്ണില്‍ കണ്ടവര് കൊണ്ടുവന്നാല്‍ ശരിയാവില്ല. സുഗതന്‍ തന്നെ കൊണ്ടുവരണം. എന്നാലേ സാധനം നന്നാവൂ'
മൊത്തം 50 രൂപയാണ് ചെലവ്. അത് ചേര്‍ക്കാന്‍ തന്നെ രണ്ടു നിര്‍ബന്ധ പിരിവു വേണ്ടി വന്നു. പിന്നെ സന്തോഷ പൂര്‍വ്വം നമ്മുടെ നാടന്‍ ടീം തന്ന ബോണസ്സും. സ്റെടിയത്ത്തിന്റെ ബാക്കില്‍ എല്ലാവരും അക്ഷമരായി വെയിറ്റ് ചെയ്യുന്നു. നാടകീയമായി സുഗതന്‍ രംഗപ്രവേശം ചെയ്യുന്നു. സാധനം രാമനെ ഏല്പിക്കുന്നു. 2  പൊതി. ആദ്യ പൊതി തുറക്കുന്നു, രാമന്‍ പരിപാടി ആരംഭിക്കുന്നു. ഒരു കാജ ബീടിയിലെ ചുക്ക കളയുന്നു, സാധനം നിറക്കുന്നു. അത് ഫോളോ ചെയ്തു കൊണ്ട് ഞാന്‍ രണ്ടാമത്തെ.
രാമന്റെ നിര്‍ദേശം ഉടനെ, 'കുരു നിറക്കരുത്, പ്രാന്തായിപ്പോകും'
'എന്റമ്മോ എത്രയും പ്രശ്നങ്ങള്‍ ഉണ്ടോ, തല്ലിപ്പൊളി ആക്കുമോ പരിപാടി ?' മനസ്സില്‍ തോന്നിയതാണ് പറഞ്ഞില്ല. പട്ടരുടെ കഴിവില്‍ ഞങ്ങള്‍ക്ക് ആര്‍ക്കും സംശയം ഉണ്ടായിരുന്നില്ല. സുഗതനും ഒരു ബീഡി നിറക്കുന്നുണ്ട്. ആദ്യ ബീഡി രാമന്‍ കൊളുത്തി, രണ്ടാമത്തെ ഞാന്‍. രണ്ടു പുകയെടുത്തു. ഒരു സിഗരട്ട് വലിച്ചത് പോലെ പോലും തോന്നുന്നില്ല.
'ഡാ ഇതെന്തുട്ടു സാധനാടാ, ഒന്നും തോന്നുന്നില്ലല്ലോ ?'
'അനാവശ്യം പറയരുത്, നിനക്കിതു വലിക്കാന്‍ അറിയോ ? നീ പൊക അകത്തു പിടിക്കടാ, എന്നിട്ട് നോക്ക്'
എനിക്ക് പഴയൊരു വചനം ഓര്‍മ വന്നു  'പട്ടരില്‍ പൊട്ടനില്ല മോനെ', സത്യം !
രണ്ടു പൊക കൂടി, അകത്തു ശെരിക്കു പിടിച്ചിട്ടു തന്നെ, പുറത്തേക്കു വിടാന്‍ ഒന്നുമില്ലാത്ത പോലെ. ഒരു നിമിഷം കഴിഞ്ഞപ്പോള്‍ എന്റെ ഭാരം ശരിക്കും കുറഞ്ഞു. നോക്കുമ്പോള്‍, വിജയനും ദിനേശനും ശരിക്ക് പിടിക്കുന്നുണ്ട്. രാമന്‍ അടുത്ത ബീഡിക്ക് വട്ടം കൂട്ടുന്നു. സുഗതന്‍ സ്റ്റാന്റ് വിട്ടു. അല്ലെങ്കിലും അവനു ഈ പൊടി  പിള്ളേരുടെ കൂടെ നിന്ന് വലിച്ചാല്‍ വല്ലതും ആകുമോ ?
രണ്ടാം റൌണ്ട് കഴിഞ്ഞപ്പോള്‍ ഏകദേശം തിരക്കഥയും സംഭാഷണവും ആയി. 'സ്പേസ് വാക്ക്' ആണ് നടക്കുന്നത്, 95 കിലോ ഉണ്ടായിരുന്ന ഞാന്‍ ഏകദേശം പത്തോ ഇരുപതോ ആയി കുറഞ്ഞു കാണും. വല്ലാത്ത ഒരു കളരിങ്ങ് ആണ് ചുറ്റും. എല്ലാം ബ്രയിട്റ്റ് ആയി.
ലഞ്ച് ബ്രെയിക്ക് ബെല്ല് കേട്ട് കൊണ്ടാണ് ഞങ്ങള്‍ തിരിച്ചു ചെല്ലുന്നത്. പക്ഷെ വിജയം ടീച്ചര്‍ ഇംഗ്ലീഷ് ക്ലാസ്സില്‍ വാചകമടി അവസാനിപ്പിച്ചിരുന്നില്ല. നേരെ ചെന്ന് കയറുകയും ചെയ്തു. എല്ലാവരോടും അകത്തേക്ക് പോയ്ക്കൊള്ളന്‍ ടീച്ചര്‍ ആഗ്യം കാണിച്ചു. ആദ്യം കയറിയ ഞാന്‍ നേരെ നടന്നു, ഞങ്ങളുടെ ക്ലാസ്സില്‍ കയറി, അപ്പോഴാണ് മനസ്സിലായത്, വഴിനീളെ അടച്ചിട്ടിരുന്ന വാതിലുകളെല്ലാം ഞാന്‍ നെഞ്ചു വച്ച് ഇടിച്ചാണ് തുറന്നിരുന്നതെന്ന്. ആ ക്ലാസ്സ്‌ മൊത്തം അന്തം വിട്ടിരിക്കുക്കയാണ്, ടീച്ചറും.

ഞങ്ങളുടെ ക്ലാസ്സ്‌ കാലിയാണ്. ഇന്നു ഉച്ചവരയെ ക്ലാസ്സ്‌ ഉള്ളു.എന്നാല്‍ ബാക്കി എല്ലാവര്ക്കും സമയ വെത്യാസം ഇല്ല. വെറുതെ ഇരിക്കാന്‍ പറ്റുന്നില്ല, ചിരി തുടങ്ങിയാല്‍ നിറുത്താനും പറ്റുന്നില്ല. ദിനേശന്‍ പറയുന്നത് അവന്റെ തലയ്ക്കു ചുറ്റും ആരോ സൈക്കിള്‍ ഓടിച്ചു കൊണ്ട് നടക്കുന്നു എന്നാണ്. മുടിഞ്ഞ വിശപ്പും. ഇനി ടീച്ചറുടെ ക്ലാസ്സ്‌ കഴിയാതെ തിരിച്ചു പോകാന്‍ പറ്റില്ല. ഭാഗ്യം 10 മിനിറ്റ് കഴിഞ്ഞപ്പോള്‍ ടീച്ചര്‍ അവസാനിപ്പിച്ച്‌ പോയി. ഓരോരുത്തരായി പുറത്തേക്കു പോകുന്നു, സുരക്ഷാ കാരണങ്ങളാല്‍ ഞാന്‍ അവസാനം.

ഇംഗ്ലീഷ് ക്ലാസ്സിലൂടെ പോകുമ്പോള്‍ ദാ ഇരിക്കുന്നു നമ്മടെ കന്യാസ്ത്രി. സന്തോഷം, ഒരു സോറി ബാക്കി നില്‍ക്കുന്നുണ്ട്. ഞാന്‍ നേരെ അടുത്ത്  ചെന്ന്, വചനം അടിക്കുന്നു. ഒരു നിമിഷം കഴിഞ്ഞു ഒരു നിര്‍വികാരമായ നോട്ടത്തോടെ, മറു വചനം.

'ലേശം നീങ്ങി ഇരുന്നെ സിസ്ടരെ' അതും ഒരു നിമിഷത്തിനു ശേഷം. ക്ലാസ്സ്‌ മുറിയില്‍ പിന്‍പോയിന്റ്‌ നിശബ്ദദ. വളരെ കുറച്ചു പേരെ ക്ലാസ്സില്‍ ഉള്ളു. വീണ്ടു ഒരു നിമിഷത്തെ ഗ്യാപ്പില്‍ ഒരു നോട്ടം.

ഞാന്‍ ചിരിച്ചു കൊണ്ട് വീണ്ടും 'കുറച്ചു സ്ഥലം........'. കന്യാസ്ത്രി കുറച്ചു അഡ്ജസ്റ്റ് ചെയ്യുന്നു. എനിക്കിരിക്കാന്‍ അല്പം സ്ഥലം. ഞാന്‍ ഇരുന്നു. ചുറ്റും നോക്കിയപ്പോള്‍ മൊത്തത്തില്‍ ഒരമ്പരപ്പ്.
'എല്ലാവരും ഇങ്ങോട്ട് തന്നെ നോക്കി ഇരിക്കണം എന്നില്ല. അല്ല അഥവാ അങ്ങിനെ നോക്കണം എന്നുള്ളവര്‍, അവിടിരുന്നു ബുദ്ധിമുട്ടണ്ട, നേരെ ഇങ്ങോട്ട് പോരെ, എന്റെ ഓപ്പോസിറ്റ് ഇരുന്നു നോക്കിക്കൊള്‍ക' ആ പ്രഖ്യാപനത്തിന്റെ റിസള്‍ട്ട്‌ പെട്ടെന്ന് വന്നു. പിന്നാരും ഇങ്ങോട്ട് കണ്ണ് വച്ചില്ല, പക്ഷെ കാത് എന്ത് തന്നെ ആയാലും ഇവിടെ വെച്ചിട്ടുണ്ടാവും. ഉറപ്പ് !

'എന്താ പേര് ?' എന്റെ ചോദ്യം എല്ലാം കൊള്ളിയാന്‍ സ്റ്റൈലില്‍ തന്നെ.
സിസ്ട്ടെരിന്റെ മുഖത്ത് വീണ്ടും അത്ഭുതം. എന്തോ അബദ്ധം ചോദിച്ച എഫ്ഫക്റ്റ്‌.

പിന്നെയും നിശബ്ദദ...
'എലിസബത്ത്' പതുക്കെ എന്റെ കാതില്‍ മന്ത്രിച്ച ഒരു എഫ്ഫക്റ്റ്‌. വേറൊരു എഫ്ഫക്റ്റ്‌ ...
'നല്ല പേര്‍, എന്നാല്‍ പിന്നെ ഇനി മുതല്‍ അങ്ങിനെ വിളിക്കാം അല്ലെ ?
'അയ്യോ, ഞങ്ങളെ അങ്ങിനെ ആരും പേര് വിളിക്കാറില്ല'
'അത് സാരമില്ല, അങ്ങിനേം ഇങ്ങനേം ഉള്ള ഒരാളല്ല ഞാന്‍, എനിക്ക് വിളിക്കാം'
ഭാഗ്യം, ഒരു ചിരി കണ്ടു, 'അപ്പോള്‍ ശരി, പിന്നെ കാണാം' ഞാന്‍ എഴുന്നേറ്റു. പിന്നെയാണ് ഓര്‍ത്തത് ഉദ്ദേശിച്ച കാര്യം പറഞ്ഞില്ല.
'അന്ന് ഞാന്‍ പറഞ്ഞത് വിഷമമായോ ? ആയെങ്ങില്‍ ക്ഷമിക്കുക, അതൊരു തമാശക്ക് പറഞ്ഞത്  ആയിരുന്നു. ആലോചിച്ചപ്പോള്‍ എനിക്കും മോശമായി തോന്നി.' ഞാന്‍ പറഞ്ഞു നിര്‍ത്തിയപ്പോള്‍, അവരുടെ മുഖത്ത് വീണ്ടും ചിരി.
'അപ്പൊ ഇത്രയെ ഉള്ളോ, ഞാന്‍ വിചാരിച്ചു...'
ശെടാ, കടുവേ പിടിക്കുന്ന കിടുവയോ ? വെറുതെ കൊണ്ടുവന്നു തല വെച്ച് കൊടുത്തു. ഞാന്‍ മനസ്സിലോര്ത്തത്  അതാണ്‌. പക്ഷെ പറഞ്ഞത് ഇങ്ങനെ ആയിരുന്നു,
'അത് കാര്യമാക്കേണ്ട, കണ്ടതാണോ വിചാരിച്ചതാണോ നല്ലതെന്ന് നമുക്ക് വഴിയെ നോക്കാം, എലിസബത്ത് തല്ക്കാലം ഊണ് കഴിക്ക്'.

ചിരിച്ചു കൊണ്ട് ഞാന്‍ ഇത്രയും പറഞ്ഞപ്പോഴാണ് അപകടം മനസ്സിലായത്. ചിരിച്ചു പോയാല്‍ പിന്നെ നിര്‍ത്താന്‍ പറ്റില്ല. 'പണ്ടാരം' ഞാന്‍ ഓടി പുറത്തിറങ്ങി, ചിരി കൊലചിരിയായി മാറി, സംഭവം കൈവിട്ടു പോക്കുന്നു. ഞാന്‍ തിരിഞ്ഞു നോക്കുമ്പോള്‍ നമ്മുടെ കന്യാസ്ത്രീ പുറത്തു നിന്ന് നോക്കുന്നു, അവരെന്തു വിചാരിച്ചു കാണും.

'എടാ പുല്ലേ, ഒരു മാതിരി മറ്റേടത്തെ പരിപാടി കാണിക്കരുത്' വിജയനും ദിനേശനും, 'അര മണിക്കൂറായി നിന്നെയും കാത്തിരിക്കുകയാണ്, വിശന്നു ചാവാറായി'. നീ ഇവിടെ ആയിരുന്നു ?'
എന്ത് പറയാന്‍, ചിരി നിര്‍ത്തിയിട്ടു വേണ്ടേ എന്തെങ്ങിലും പറയാന്‍.
ഹോട്ടലിന്റെ അടുത്ത് ചെന്നപ്പോള്‍, രാമന്‍ സൈഡില്‍ നിന്നും ഒരു വിളി, 'ഡാ സാധനം ഒരു പൊതി ബാക്ക്യാണ്, അതെന്തിനാ കളയനെ ?'
ഞാന്‍ പറഞ്ഞു 'കളയണ്ട, എടുക്ക്'. 'വാടാ' മറ്റവന്‍മാരെയും വിളിച്ചു. സംഗതി രാമന്‍ 2 ബീഡി ഉണ്ടാക്കിയിട്ടുണ്ട്. ഒന്നാവാന്‍ നേരത്തെ ഉണ്ടാക്കി വലിച്ചിരിക്കുന്നു 'പഹയന്‍' !

ഞാനൊരെണ്ണം സ്വയം പാചകം ചെയ്തു, ഭക്ഷിച്ചു, അപ്പോഴേക്കും സ്പെഷ്യല്‍ എഫ്ഫക്റ്റ്‌ സ്റ്റാര്‍ട്ട്‌ ചെയ്തു.
വിജയന്റെയും ദിനെശന്റെയും സംസാരം കുറഞ്ഞു. ഇപ്പൊ നോട്ടം ആകാശത്തിന്റെ അട്ടത്തെക്കാന്.

ഹോട്ടലില്‍ കയറി ഇരുന്നു, എല്ലാവര്ക്കും പൊറോട്ടയും ഇറച്ചിയും. പട്ടര്‍ക്ക് സാമ്പാര്‍ 'പട്ടയടിക്കും, പട്ടിയെതിന്നില്ല' കഷ്ടം !

ഞാന്‍ നോക്കുമ്പോള്‍ ഒരു പ്രശ്നം.... സീറ്റില്‍ നിന്നും പതുക്കെ പൊങ്ങി പോകുന്നു. ഇപ്പോള്‍ മേശ വളരെ താഴത്താണ്.. പിന്നെയും പോങ്ങിക്കൊണ്ടിരിക്ക്യ. ഏകദേശം ഫാനില്‍ മുട്ടും എന്നാ സ്ഥിതി ആയപ്പോള്‍, എനിക്ക് മനസ്സിലായി ഇതു ഇങ്ങനെ വിട്ടാല്‍ ശരിയാവില്ല. പതുക്കെ കാല്‍ അനക്കാന്‍ തുടങ്ങി. ഭാഗ്യം താഴേക്ക് ഇറങ്ങുന്നു. കുറച്ചു കൂടി സ്പീഡില്‍ അനക്കിയപ്പോള്‍ ഇറങ്ങുന്ന വേഗത കൂടി. അവസാനം സീറ്റില്‍ ലാന്‍ഡ്‌ ചെയ്തു. കാല്‍ അനക്കം നിര്‍ത്തിയപ്പോള്‍ വീണ്ടും പൊങ്ങി പോകുന്നു. കാല്‍ അനക്കി കൊണ്ടിരിക്കുക അതെ രക്ഷയുള്ളൂ. മേശയുടെ താഴെ നോക്കിയപ്പോള്‍ വിജയന്റെയും ദിനെശിന്റെയും കാല്‍ അനങ്ങുന്നുണ്ട്. പട്ടരു കാലു നാലും കസേരയില്‍ കയറ്റി വെച്ചിരിക്കുന്നു. ഓരോരോ ജന്മങ്ങള്‍, അല്ലാതെന്തു പറയാന്‍.

തീറ്റ കഴിഞ്ഞു ബില്ല് വന്നപ്പോളാണ് ഞെട്ടിയത്. 342 രൂപ. ഓരോരുത്തരും മൂന്നും നാലും ബീഫും പന്ത്രണ്ടും പതിനഞ്ചും പൊറോട്ടയും കഴിച്ചിട്ടുണ്ട്. ഇത്ര തിന്നിട്ടും വിശപ്പ്‌ മാറുന്നില്ല എന്ന് മാത്രം. ആരുടെ കയ്യിലും കാശില്ല, പക്ഷെ ആപത്ത്ബാന്ധവാന്‍ ദിനേശന്‍ കാശെടുക്കുന്നു കൊടുക്കുന്നു. പിന്നെ എല്ലാവരും രാംദാസില്‍ സിനിമ, അതും അവന്റെ വക. ടിക്കറ്റ്‌ എടുത്തു കഴിഞ്ഞപ്പോള്‍ ദിനേശന്‍  'നമുക്കോരോ ചായ കുടിച്ചാലോ ?'
സത്യത്തില്‍ എല്ലാവരും അത് പറയണം ഇന്നു കരുതി ഇരുന്നതാണ്, പക്ഷെ കാശില്ലല്ലോ.

ഹോട്ടലില്‍ വീണ്ടും ! ചായയുടെ കൂടെ ലൈറ്റ് ആയി ഈരണ്ടു മസാലദോശയും വടയും. ഞാന്‍ മാത്രം ഒരു ഊത്തപ്പം കൂടി കഴിച്ചു. അതിന്റെ ബില്ലും അവന്‍ തന്നെ കൊടുത്തു. ആരൊക്കെ സിനിമ കണ്ടു എന്നറിയില്ല. എനിക്കൊന്നും മനസ്സിലായില്ല. മാത്രമല്ല ചിലപ്പോളൊക്കെ ഞാന്‍ തിയേറ്റര്‍ മുഴുവന്‍ പറന്നു നടന്നു.

ആകെ കൂടി മരിച്ചുപോയ ഒരവസ്ഥ !

പിറ്റേന്ന് കാണുമ്പോഴാണ് ദിനേശന്‍ പറയുന്നത്, അത് ... പട്ടിക്കു മരുന്ന് വാങ്ങാന്‍ വേണ്ടി വീട്ടില്‍ നിന്നും കൊടുത്തു വിട്ട പൈസ ആയിരുന്നു ഇന്നലെ എടുത്തു പൊടിച്ചത് !
'ഇപ്പൊ പട്ടി എന്നെ കാണുമ്പോള്‍ ഭയങ്കര കുരയാന്നെടാ' അവന്റെ ദുഖം അവന്‍ പറഞ്ഞു.

(തുടരും.... വേണ്ടെന്നു പറഞ്ഞാലും തുടരും)

2 comments:

  1. തുടരും എന്ന് പറഞ്ഞ സ്ഥിതിക്ക് വായിക്കാതെ മാര്‍ഗം ഇല്ലല്ലോ... നോക്കട്ടെ എന്റെ സഹന ശക്തി എത്രത്തോളം ഉണ്ടെന്നു...

    പിന്നെ പറയാന്‍ മറന്നു ഇവിടെ വായിക്കാന്‍ വരുന്ന എല്ലാവരും ഈ വട്ടു കേട്ട് കഞ്ചാവ് വലിക്കാന്‍ ഇടവരുന്ന പോലെ എഴുതണേ...
    ഓള്‍ ദി ബെസ്റ്റ് :)

    ReplyDelete
  2. സന്തോഷം, ഈ ടൈപ്പ് ആള്‍ക്കാരെ ഉദ്ദേശിച്ചു തന്നെയാണേ ഞാന്‍ ഇതെഴുതിയത്, ഇതുപോലെ കുറച്ചെണ്ണം സഹോദരന്‍ 'അയ്യപ്പന്‍' ഫോളോ ചെയ്യുന്നുണ്ട് അല്ലേ ?


    അങ്ങോട്ട്‌ വര്‍ദ്ധിക്കട്ടെ, സഹനശക്തി, ഞാന്‍ നോക്കിയപ്പോള്‍ വാരിക്കുഴി വെച്ച് വായനക്കാരെ പിടിച്ചാലേ രക്ഷയുള്ളൂ, അല്ലാതെ തലയ്ക്കു വെളിവുള്ള ആരെങ്ങിലും ഇതു വായിക്കുമോ ?


    ലുട്ടാപ്പിയും, ഡാകിനി അമ്മൂമ്മയും, കുട്ടൂസനും, എല്ലാവരും അങ്ങോട്ട്‌ വളരട്ടെ !


    നമോവാകം !

    ReplyDelete