Sunday, December 20, 2009

കര്‍ത്താവ്‌ ക്ഷമിക്കും (ഭാഗം 5)

(ഇങ്ങനെ പോയാല്‍ അധികം എഴുതേണ്ടി വരില്ലല്ലേ ? ഇതു കൂടി വായിച്ചു കഴിഞ്ഞാല്‍ ആ അഭിപ്രായം അങ്ങ് ഉറപ്പിക്കാം !)

കാലത്ത് എല്ലാവരും എത്തിയപ്പോള്‍ തന്നെ പിരിവു തുടങ്ങിയതാണ്‌, പക്ഷെ ഇതു വരെ ആയി അമ്പതു രൂപ പോലും ആയിട്ടില്ല. എന്ത് ചെയ്യും. നമ്മുടെ നാടന്‍ ടീമിന്റെ കാലുപിടിച്ചപ്പോള്‍ 'ദേ ഇനി ഈ മാല കൂടിയേ ഉള്ളു, അത് വേണമെങ്ങില്‍ തരാം, കൊണ്ട് പോയി കുടിക്ക് ' എന്നാണു അംബിക പറഞ്ഞത്. അതിനര്‍ത്ഥം അവര്‍ കാലിയായി എന്നാണ്. പിന്നെന്തു ചെയ്യും. കഴിഞ്ഞ തവണത്തെ പോലെ അല്ലെങ്കിലും ഭക്ഷണം, ചായ, സിഗരട്ട്  ഒക്കെ വേണ്ടേ. പെട്ടെന്ന് തലയുടെ വലതു ഭാഗത്തായി ഒരു ബള്‍ബ് കത്തി.


സിസ്റ്റര്‍ എലിസബത്ത്, വാഴ്ത്തപ്പെട്ടവള്‍, ദൈവത്തിനും എനിക്കും പ്രിയപ്പെട്ടവള്‍ !

ഞാന്‍ നേരെ അവരുടെ ക്ലാസ്സില്‍ ചെന്ന്, ഭാഗ്യം പൂത്തലയത്തി വന്നിട്ടുണ്ട്. നേരെ അടുത്ത് ചെന്ന്, ഏതോ അത്യാവശ്യം ഉള്ള ടോണിലും, സ്പീടിലും...

'എലിസബത്തെ ഒരു അത്യാവശ്യം...' ഞാന്‍ മുഖത്തും ശബ്ദത്തിലും ആ ഭാവം വരുത്തി.

'എന്തേ, എന്താ വേണ്ടത്' എലിസബത്തിന് സ്വാഭാവികമായി ആ ഭാവം വന്നു.

ഇനിയത്തെ പ്രശ്നം ഈ പരിപാടി ആര്‍ക്കു സ്പോണ്സര്‍ ചെയ്യണം എന്നതാണ്. ദിനേശന്‍... അവന്‍ ലീവല്ലേ..

'നമ്മുടെ ദിനേശന് ഒരു ആക്സിടെന്റ്റ്, ഹോസ്പിറ്റലില്‍ ആണ്. അത്യാവശ്യമായി കുറച്ചു പൈസ വേണം.' ഞാന്‍ അവതരിപ്പിച്ചു, മോശമായില്ല അവതരണം എന്നെനിക്കു തന്നെ തോന്നി. മനസ്സില്‍ ഞാന്‍ എന്റെ അഭിനയത്തിന് ഒരു 'നല്ല രണ്ടാമത്തെ നടന്‍' അവാര്‍ഡ്‌ കൊടുത്തു.

'എത്ര വേണം' സിസ്റ്റര്‍

'എത്ര ഉണ്ടാവും ?' ഞാന്‍

'എന്റെ കയ്യില്‍ ഇപ്പോള്‍ ഒരു 300 രൂപ ഉണ്ടാകും, പോരെങ്ങില്‍ ഞാന്‍ മഠത്തില്‍ നിന്നും വാങ്ങിത്തരാം.'

'ഈ അത് മതി' എന്റമ്മേ, എലിസബത്ത് ഭൂമിയിലേക്ക് ഇറങ്ങി വന്ന മാലാഖയല്ലേ എന്ന് തോന്നിപ്പോയി.

തിരിച്ചു ചെല്ലുമ്പോള്‍, ഒരു രാജ്യം പിടിച്ചടക്കിയ ഭാവം.

'എല്ലാവരും വാടാ പോകാം'

'കാശ് കിട്ടിയാ ?'

'വാടാ, ഇല്ലെങ്ങില്‍ വിളിക്കുമോ ?'

'എവിടുന്നാടാ ?'

'അപ്പം തിന്നാ മതി, കുഴി എന്നണ്ട'

'ഗോപിയെ ഇവന്‍ ഏതോ അപ്പം നമ്മളറിയാതെ തിന്നുന്നുണ്ട്, ഞാന്‍ അന്നേ പറഞ്ഞില്ലേ ഒരു പിശക്' നന്ദന്‍ ഗോപിയോട്.

ഞാന്‍ പറഞ്ഞില്ലേ ആ പണ്ടാരക്കാലന്‍ പോലീസ് നായാണ്‌. അവന്‍ പരമാവധി നോക്കും.

'കളിക്കാണ്ട് വാടാ, സമയം കളയണ്ടെ, ബെല്ലടിച്ചാല്‍ പിന്നെ മൂഞ്ചും' എല്ലാവരെയും വിളിച്ചു ഞാന്‍ ആദ്യം ഇറങ്ങി, എലിസബത്തിന്റെ മുഖത്തൊരു ടെന്‍ഷന്‍. അവരുടെ ക്ലാസ്സില്‍ നിന്നും ഇറങ്ങുന്നതിനു പിന്നാലെ എലിസബത്ത് വീണ്ടും...

'എന്തെങ്ങിലും ആവശ്യം ഉണ്ടെങ്കില്‍ മഠത്തിലേക്ക് വിളിച്ചാല്‍ മതി, ഇതാണ് ഫോണ്‍ നമ്പര്‍' ഒരു കടലാസ് എനിക്ക് തന്നു.

എനിക്ക് കഷ്ടം തോന്നി, ഇത്രയും നല്ല ഒരാളെ പറ്റിക്കുന്നത് കഷ്ടമല്ലേ ? അതേ കഷ്ടമാണ്, കഷ്ടപ്പെടാതെ ജീവിക്കാന്‍ പറ്റില്ലല്ലോ? ഞാന്‍ ആശ്വസിച്ചു !

എലിസബത്തിന്റെ കയ്യില്‍ പിടിച്ചിട്ടു ഞാന്‍ പറഞ്ഞു 'താങ്ക്സ്' പെട്ടെന്നാണ് അബദ്ധം മനസ്സിലായത്. ഉടനെ തന്നെ പരിഹാരവും കണ്ടു 'സോറി'. മറുപടി പറയാനോ കേള്‍ക്കാനോ നിന്നില്ല. കൂട്ടത്തില്‍ എത്താന്‍ ഞാന്‍ ഓടി.

വടക്കേചിറ അമ്പലത്തിന്റെ ആല്‍തറയിലാണ് ഇരുപ്പ്. പതിവുപോലെ പട്ടരു സാധനവും ആയി എത്തുന്നു. എല്ലാവരും അവരവര്‍ക്ക് വേണ്ട ആയുധങ്ങള്‍ ഉണ്ടാക്കുന്നു. വലിക്കുന്നു. ഇത്തവണ ഒരു addon കൂടി ഉണ്ട്. വലിച്ചു കഴിഞ്ഞപ്പോള്‍ ഓരോ മിഠായി. ഈ സാധനം വലിച്ചു കഴിഞ്ഞു മിഠായി തിന്നാല്‍ ഇരട്ടി കിക്ക് ആവും എന്നാണ് പട്ടരുടെ തിയറി. സംഭവം ഓരോരുത്തരും 2-3 ബീടികള്‍ കഴിഞ്ഞു. മിടായിയും തിന്നു. എന്താണ് സംഭവിക്കുന്നത്‌ എന്നോ, ഇപ്പൊ സംഭവിച്ചത് എന്തെന്നോ ഒരു പിടിയും ഇല്ല.

മുന്‍പില്‍ റോഡില്ല, വിശാലമായ ഒരു പുല്‍മേട്‌ മാത്രം, അവിടെ ആടുകള്‍ പുഴകള്‍, മരങ്ങള്‍. ഒരു പ്രശ്നം മാത്രം, എല്ലാം പച്ച നിറം, പച്ച ആടുകള്‍, മരങ്ങള്‍ മുഴുവന്‍ പച്ച, ഇത്രയും ചെറിയ സ്ഥലത്ത് 3 ചെറിയ പുഴകള്‍, അതും പച്ച. മരങ്ങള്‍ മുഴുവന്‍ ഒരു സ്ഥലത്ത് നിന്നു വേറൊരു സ്ഥലത്തേക്ക് തനിയെ നീങ്ങുന്നു. ആടുകള്‍ മരത്തില്‍ കയറുന്നു, ഇറങ്ങുന്നു, മനുഷ്യരായി ഞങ്ങള്‍ 5 പേര്‍ മാത്രം, എത്ര സുന്ദരമീ ഭൂമി ! (ബസ്‌ സ്റ്റാന്റ്, ബസ്‌, അതിനകത്തെ റോഡ്‌, ആളുകള്‍ ഇതൊക്കെയാണ് മേല്പറഞ്ഞ സാധനങ്ങള്‍, എന്ത് ചെയ്യാം, ഇപ്പൊ hyper വിഷന്‍ ആണ്)

ഒരു കാടിനുള്ളിലേക്ക്‌ എല്ലാവരും കയറുന്നു, അവിടമാകെ പച്ച നിറമുള്ള കസേരകള്‍. മേശകള്‍ (ഹോട്ടലാണെന്റെ ഇഷ്ടാ !). എന്തൊക്കയോ ആരൊക്കയോ പറയുന്നു, കൊണ്ട് വന്നു വക്കുന്നു കാണാതാകുന്നു. ഭയങ്കര തീറ്റ നടക്കുകയാണ്.
ഇടക്ക് ഗോപി മാത്രം ചിരിച്ചുകൊണ്ട് 'എവിടെ കത്തിയില്ലെടോ, എന്താടോ എല്ലാം കട്ട്‌ ചെയ്യാതെ കൊണ്ടുവന്നു വച്ചിരിക്കുന്നത്' എന്നൊക്കെ ചോദിക്കുന്നുണ്ട്. എന്നോടും പറഞ്ഞു, ചിരിച്ചു കൊണ്ട് തന്നെ 'ഇതു കണ്ടോടാ, ഉരുളക്കിഴങ്ങ് ആങ്ങിനെ തന്നെ ഇട്ടിരിക്കുന്നു.' ഞാന്‍ നോക്കുമ്പോള്‍ അതൊരു ചെറിയ കഷണമാണ്.

പക്ഷെ പച്ച നിറമുള്ള ഉരുളക്കിഴങ്ങ് കഷ്ണം ഞാന്‍ ആദ്യമായിട്ടാണ് കാണുന്നത് ! എനിക്ക് ഗോപിയുടെ തലമുടിയും പൊറോട്ടയും പച്ച നിറമാണ്.

ഗോപി എഴുന്നേറ്റു പോയി, അവനു ക്ലാസ്സില്‍ കയറണം എന്നാണു പറയുന്നത്. സന്തോഷ്‌ സാറിന്റെ സ്പെഷ്യല്‍ ക്ലാസ്സുണ്ട്‌. ഈ കോലത്തില്‍ തന്നെ കയറണം. പെട്ടെന്ന് എല്ലാവര്ക്കും ആ അഭിപ്രായം വന്നു. ക്ലാസ്സില്‍ കയറാം.

ബെസ്റ്റ് കണ്ണാ ബെസ്റ്റ് !

എല്ലാവരും പോകാന്‍ തുടങ്ങുമ്പോള്‍ പട്ടര്‍ എന്നോട്, 'നീ അവിടെ ഇരിക്ക്, ഒരു പണിയുണ്ട്' എന്നിട്ട് അവരോടു പറഞ്ഞു 'നിങ്ങള്‍ പൊയ്ക്കോ, ഞങ്ങള്‍ വന്നേക്കാം' അവര് പോയപ്പോള്‍ ബില്ലുകൊടുത്തു ഞങ്ങളും ഇറങ്ങി, ഈപ്രവശ്യം എന്താണാവോ ബില്ല് 185 രൂപയെ ആയുള്ളൂ.

ഞാന്‍ ചോദിച്ചു 'എന്തൂട്ടാണ്ട സംഭവം ?'

'രണ്ടു ബീഡി കൂടി ഉണ്ടെടാ'

'അത് ശരി, എന്നാല്‍ എടുക്ക്, ഫിനിഷ് ചെയ്തിട്ട് പോകാം'

ആ ബീഡി കൂടി കഴിഞ്ഞു രണ്ടു സര്‍വത്ത് കൂടി കുടിച്ചു കഴിഞ്ഞപ്പോള്‍ സുഖായി ! ഒരു പ്രൈവറ്റ് ജെറ്റ് വിമാനത്തില്‍ ഞാന്‍ കോളേജില്‍ എത്തി, അതോ ഞാനായിരുന്നോ ആ വിമാനം !

കോളേജില്‍ വേറൊരു ക്ലാസും ഇല്ല, ഞങ്ങളുടെ ക്ലാസ്സ്‌ ജസ്റ്റ്‌ സ്റ്റാര്‍ട്ട്‌ ചെയ്തു. സന്തോഷ്‌ സാറ് ഒരു രാധയാണ്, രാധാകൃഷ്ണന്റെ രാധ !

'എന്താഡോ നേരം വൈകിയത് ?'

'ഭക്ഷണം കഴിക്കാന്‍ ഹോട്ടലില്‍ ഭയങ്കര തിരക്കായിരുന്നു'

'ഉം കയറി ഇരുന്നോ'

ലാസ്റ്റ് ബഞ്ചിലേക്ക് നടക്കുമ്പോള്‍ ആദ്യം കാണുന്നത്...... ചാത്തന്‍ ഒരു ബെഞ്ചില്‍ ഒറ്റക്കിരിക്കുന്നു !

മറ്റുള്ളവരൊക്കെ പേടിച്ചു മാറിയിരിക്കുകയാണ്.

'സൂര്യാ ....... ആ ആ ആ ആ' ആ വിളി അങ്ങിനെ നീണ്ടു പോവുകയാണ്, ഉറക്കെ തന്നെ, നിറുത്തുന്നില്ല പഹയന്‍.

എനിക്കും ചിരി വന്നു. പക്ഷെ ചിരിച്ചാല്‍ പിന്നെ നിര്‍ത്താന്‍ പറ്റില്ല. അത് കൊണ്ട് അടക്കി പിടിച്ചിരിക്കുകയാണ്. രാമന്‍ വാ പൊതി ചിരിക്കുന്നുണ്ട്. വിജയനും.

നാടന്‍ ഗ്രൂപ്പിന്റെ ബാക്കിലെ ബഞ്ചില്‍ ഞാനിരുന്നു. ഇരുന്നു കഴിഞ്ഞപ്പോള്‍ ആണ് അബദ്ധം മനസ്സിലായത്. കലിതുള്ളി ഇരിക്കുകയാണ് എല്ലാവരും.

'എന്ത് വിഷം ആണ് ഗോപി കഴിച്ചിരിക്കുന്നത് ?' ചോദ്യം എന്നോട്, മിനിയുടെ വക.

ഞാന്‍ പറഞ്ഞു 'ജസ്റ്റ്‌ രണ്ടു ബിയര്‍ മാത്രം'

'ഒവ്വുവ്വ്, രണ്ടു ബിയര്‍ കഴിച്ചു ഇങ്ങനെ ആവുന്ന ആള്‍ക്കാര്‍, സത്യം പറ, ഇതു വേറെന്തോ ആണ്.'

'ഇല്ലെടോ, അത്രയേ ഉള്ളൂ, അവന്‍ ഭക്ഷണം കഴിച്ചിട്ടുണ്ടായിരുന്നില്ല, അതാ ഇങ്ങനെ'

'എന്ത് ഉറക്കെയാ അവന്‍ സംസാരിക്കുന്നത് ?'

'ആണോ ? അത് നമുക്ക് ശരിയാക്കാം' ഞാന്‍ ഗോപിയെ നോക്കി മിണ്ടരുതെന്ന് ആഗ്യം കാണിച്ചു. ഗോപി എന്നോട് തിരിച്ചും അത് പോലെ തന്നെ കാണിച്ചു. എന്നിട്ട് തലയാട്ടി. 'ഓക്കേ' എന്നര്‍ത്ഥത്തില്‍.

'ഇനി കുഴപ്പം ഉണ്ടാവില്ല.' ഞാന്‍ മിനിയോടെ പറഞ്ഞു.

സത്യത്തില്‍ എന്തൊക്കെ കുഴപ്പങ്ങള്‍ ആണ് വരാനിരിക്കുന്നത് എന്നാണ് ഞാന്‍ ആലോചിച്ചു കൊണ്ടിരുന്നത്.

ഗോപി ഇടക്കിടെ 'ഛെ, ഛെ' എന്ന് പറഞ്ഞു കൊണ്ട് കൈ കുടയുന്നുണ്ട്.

അപ്പോള്‍ വിജയന്‍ ചോദിച്ചു: 'എന്തേ ഗോപിയെ ?'

'പെര്മുട്ടെഷന്‍ സൈന്‍ ഇടാന്‍ പറ്റുന്നില്ലെടാ, ആരോ കൈ തട്ടി മാറ്റുന്ന പോലെ'

'വേറെ ആരുമല്ല, നീ തന്നെ ആണ് ' വിജയന്‍

'ഒന്ന് മിണ്ടാതിരിക്കെടാ' ഞാന്‍ രണ്ടാളോടും ആയി പറഞ്ഞു

'സൈലെന്‍സ് പ്ലീസ്' സാറിന്റെ വക.

'മിണ്ടാതിരിക്കെടാ സൂര്യാ !' ഗോപിയുടെ വീണ്ടും അതേറ്റു പിടിച്ചു, എനിക്കിട്ടു താങ്ങാന്‍ നോക്കിയതാണ്, അതും പഴയതിനേക്കാള്‍ ഉച്ചത്തില്‍, അത് കേട്ടതും വിജയന്‍ ചിരി തുടങ്ങി, പട്ടരും, ഞാനും, അത് വരെ പിടിച്ചു നിര്ത്തിയതൊക്കെ പുറത്തു ചാടി, സാമാന്യം ഉറക്കെ തന്നെ.

ക്ലാസ്സ്‌ നിന്നു.

'സുബോധം ഇല്ലാത്തവര്‍ ക്ലാസ്സില്‍ നിന്നും പുറത്തു പോകണം.' സാറ് വീണ്ടും

'ആരെടാ സുബോധം ഇല്ലാതെ ക്ലാസ്സില്‍ കയറിയത്, എഴുന്നേറ്റു പോടാ' രാമന്‍ എല്ലാവരോടുമായി ഉറക്കെ, അതും എഴുന്നേറ്റു നിന്നു കൊണ്ട് തന്നെ. അതുവരെ വാ പൊത്തിയും കണ്ട്രോള്‍ ചെയ്തും ചിരിച്ചവരുടെ എല്ലാ കണ്ട്രോളും പോയി, ഒറ്റ ചിരി. അതും അഞ്ചുപേരും ചേര്‍ന്ന്, പതുക്കെ, നാടന്‍ ഗ്രൂപ്പും ചില അവന്മാരും, നിമിഷ നേരം കൊണ്ട് മെംബേര്‍സ്ന്റെ എണ്ണം കൂടി വന്നു. പാവം സന്തോഷ്‌ സാറ് അന്തിച്ചു നില്‍കുകയാണ്‌.

താമസിയാതെ ക്ലാസ്സ്‌ മുഴുവനും അതില്‍ പങ്കു ചേര്‍ന്ന്. ഒരു 2-3 മിനുട്ടോളം അങ്ങിനെ പോയി, ആകെ കൂടി ക്ലാസ്സ്‌ കഞ്ചാവ് അടിച്ച അവസ്ഥ ! ഇടക്കിടെ സാറ് മതി, മതി, നിര്‍ത്തു എന്നൊക്കെ പറയുന്നുണ്ട്, ആര് കേള്‍ക്കാന്‍ ?

അവസാനം ഞങ്ങള്‍ അഞ്ചുപേര്‍ മാത്രമായി, പിന്നെ പിന്നെ അത് ഒരാളായി, ചാത്തന്‍ !

'ഗോപിയെ.... മതീടാ... നിര്‍ത്തിക്കോ, അതാ നല്ലത്' നന്ദന്‍ അവന്റെ സ്വതസിദ്ധമായ ശൈലിയില്‍ ഒരടി. ഗോപി സ്വിച്ച് ഓഫ്‌ ചെയ്തപോലെ ചിരി നിര്‍ത്തി, ഒരൊറ്റ ഡയലോഗില്‍ നന്ദന്‍ 'ആറാം തമ്പുരാന്‍' ആയി. എല്ലാവരുടെയും നോട്ടം പിന്നെ അവനില്‍ തന്നെ.

പെട്ടെന്ന് ഓടിന്റെ ഇടയില്‍ കൂടി വരുന്ന സൂര്യ വെളിച്ചത്തില്‍ ഭയങ്കര പുക. രാമന്‍ ഒരു ബീഡി കത്തിച്ചതാണ്.

'എന്താടോ അവിടെ ?' സന്തോഷ്‌ സാറ്.

'അപ്പുറത്തെ അടുക്കളയില്‍ നിന്നാണെന്ന് തോന്നുന്നു' രാമന്‍ തന്നെ മറുപടിയും കൊടുത്തു.

'അപ്പുറത്തെ അടുക്കളയില്‍ എന്താടോ ബീഡി വലിയാണോ നടക്കുന്നത് ?'

'ചിലപ്പോള്‍ ആരെങ്ങിലും ഒളിഞ്ഞിരുന്നു വലിക്കുന്നതാകും സാറേ'

'അതങ്ങിനെ തന്നെ ആണ്, പക്ഷെ അതവിടെ ആണോ ഇവിടെ ആണോ എന്നാണു സംശയം'. അപ്പോള്‍ അങ്ങേരും മോശമല്ല. ഇതൊക്കെ ആണെങ്കിലും മൊത്തത്തില്‍ ഒരു പന്തികേട്‌ അങ്ങേര്‍ക്കു തോന്നി. അതുകൊണ്ടാവണം പുള്ളി ക്ലാസ്സ്‌ അവസാനിപ്പിച്ചു.

പിറ്റേന്ന് ദിനേശന്‍ ക്ലാസ്സിലെത്തുന്നത് ഭയങ്കര കലിപ്പില്‍, സംഭവം അപ്പുറത്തെ ക്ലാസ്സിലെ ഒരുവിധപ്പെട്ട എല്ലാവരും അവനോടു 'ഇപ്പൊ എങ്ങനെ ? നടക്കാന്‍ പ്രയാസം ഉണ്ടോ ?, എപ്പോ ഹോസ്പിറ്റലില്‍ നിന്നും ഡിസ് ചാര്‍ജ് ആയി ?, ഇതെങ്ങിനെ പറ്റി ?, ഇന്നു കൂടി റസ്റ്റ്‌ എടുക്കാമായിരുന്നില്ലേ ?' എന്നിങ്ങനെ ഒരുപിടി ചോദ്യങ്ങള്‍ ചോദിച്ചിട്ടുണ്ട്.

'ആരെടാ അവിടെ ചെന്ന് ഞാന്‍ ചാവാന്‍ കിടക്കുകയാണെന്ന് പറഞ്ഞത് ?' അവന്‍ എല്ലാവരോടും ആയി ചോദിച്ചു. ഞാന്‍ നോക്കിയപ്പോള്‍ ഗോപി വന്നിട്ടില്ല, കിടക്കട്ടെ അവനു തന്നെ.

'ആ... ഗോപിയാണെന്ന് തോന്നുന്നു' ഞാന്‍ അവനോട്.

'ആ പന്നി ഇങ്ങോട്ട് വരട്ടെ'

എല്ലാവരും എന്നെ നോക്കുകയാണ്. എന്തോ തെറ്റ് ചെയ്ത പോലെ. പക്ഷെ എനിക്കുറപ്പായിരുന്നു ഇന്നു ചാത്തന് വരാന്‍ പറ്റില്ല എന്ന്. പിന്നെ നാളെ, അതിനെല്ലാം... വഴി തെളിഞ്ഞു വരും. എന്നിലെ ശുഭാപ്തി വിശ്വാസക്കാരന്‍ സ്വയം ആശ്വസിപ്പിച്ചു.

ഉച്ചക്ക് പുറത്തേക്കു നടക്കുമ്പോള്‍ പുറകില്‍ നിന്നും ഒരു വിളി.

'അതേയ് ... ' ആന്‍ മേരിയാണ്. കെട്ടിയവനെ വിളിക്കുന്നത്‌ പോലെ ആണല്ലോ പണ്ടാരം വിളിച്ചത്. അവനെ വിട്ടു ഇപ്പോള്‍ നമ്മുടെ അടുത്തെക്കായോ ? എന്റെ മോഹങ്ങള്‍ പൂവണിയുമോ ? എന്നെന്നും കണ്ണേട്ടന്റെ ആവുമോ ? പപ്പയുടെ സ്വന്തം അപ്പൂസ് ... ഏയ്‌ അത് സന്ദര്‍ഭത്തിന് യോജിച്ചതെല്ലാ, ബാക്കിയെല്ലാം ഓക്കേ,

'എന്തേ ആന്‍ ?'

'സിസ്റെര്‍ക്ക് ഒന്ന് കാണണം എന്ന് പറഞ്ഞു' ചതിച്ചോ കര്‍ത്താവേ ? കാശ് തിരിച്ചു ചോദിക്കാനാണോ ? ദിനേശന്‍ തെണ്ടി പോയി എന്തെങ്ങിലും ഒപ്പിച്ചോ ? എന്റെ മനസ്സില്‍ പലവിധ ചിന്തകള്‍ ഓടി നടന്നു, ചിലത് നീന്തിയും.

'എന്താ കാര്യം ?'

'അറിയില്ലാ'

'ഉം ക്ലാസ്സ്‌ കഴിയുമ്പോള്‍ കാണാം എന്ന് പറയൂ' ഞാന്‍ പറയേണ്ട എല്ലാ നുണകളെയും പറ്റി ഒരു ഗവേഷണം നടത്തി. ആ....... പിടിച്ചു നിന്നല്ലേ പറ്റു !

ക്ലാസ്സ്‌ കഴിഞ്ഞിറങ്ങി, കോളേജ് ഗേറ്റ് കടക്കുമ്പോള്‍ തന്നെ ദൂരെ ... ഞാന്‍ കണ്ടു.... ആ വെളുത്ത കത്രീനയെ !

ടുഷനു പോകാനുള്ള നില്‍പ്പാണ്. കാശ് ചോദിക്കാനല്ലെങ്ങില്‍ ഇന്നത്തെ ടുഷന്‍ പൊളിക്കണം. ഇന്നെന്തെങ്ങിലും വേണ്ടേ ?

അടുത്തെത്തിയപ്പോള്‍ ഞാന്‍ പെട്ടെന്ന് ചോദിച്ചു: 'എന്തേ എലിസബത്തെ കാണണം എന്ന് പറഞ്ഞത് ?'

'സത്യത്തില്‍ ഇന്നലെ എന്തായിരുന്നു പരിപാടി, ദിനേശന്റെ കാര്യം ഇനി പറയരുത്'. അപ്പൊ അത് തന്നെ സംഭവം.

'അത് വെറുതെ ഒരു രസം, സത്യത്തില്‍ രണ്ടു സ്മാള്‍ അടിക്കാന്‍ വേറെ ഒരു വഴിയും കാണാത്തത് കൊണ്ട് ചെയ്തു പോയതാണ്'

'എന്നാല്‍ അതിനാനെന്നു പറഞ്ഞു വാങ്ങിക്കൂടെ ?'

'അങ്ങിനെ പറഞ്ഞാല്‍ താന്‍ തരുമായിരുന്നോ ?'

'പിന്നെന്താ, അതൊരു കുറ്റമൊന്നും അല്ലല്ലോ ?'

'അല്ലാ ഓവറാണ് എന്നാണല്ലോ അന്ന് പറഞ്ഞത്, അത് കൊണ്ട് ചോദിച്ചതാണ്'

'പറഞ്ഞിട്ട് മനസ്സില്‍ ആകാത്തവരെ എങ്ങനെ നന്നാക്കാനാണ് ?'

'അപ്പൊ തീരുമാനിച്ചു, അല്ലെ ?'

'ആ, അതെന്നെ ഉറപ്പിച്ചതാണ്' എലിസബത്ത് ചിരിച്ചു കൊണ്ടാണ് അങ്ങിനെ പറഞ്ഞത്, സന്തോഷം കാശ് ചോദിക്കില്ലല്ലോ.

'ഇനിയെങ്ങിലും, നുണ പറഞ്ഞു കാശ് ചോദിക്കരുത്'

'ഓകെ' ഞാന്‍ സന്തോഷത്തോടെ സമ്മതിച്ചു.

ഒരു രക്ഷിതാവ് കൂടി പിറന്നു ! ഭൂമിയില്‍ സന്മനസ്സുള്ള കുടിയന്മാര്‍ക്ക് സമാധാനം !

'ഒരു കോഫി കഴിച്ചാലോ ?' നമ്മുടെ ഉന്നം ഇന്നത്തെ ടുഷന്‍ പൊളിക്കുകാ എന്നല്ലേ.

'അയ്യോ ക്ലാസ്സ്‌ ഉണ്ട്'

'എന്ത് ക്ലാസ്സ്‌, താന്‍ വാടോ'

'അയ്യോ'

'വാടോ' ഞാന്‍ ഒന്ന് നിര്‍ബന്ധിച്ചു. പറഞ്ഞു വെച്ച പോലെ ഒരു ഓട്ടോ മുന്നില്‍.

'ഇന്ത്യന്‍ കോഫി ഹൌസിലേക്ക് വരണ്ടോ ?'

'ആ പൂവാ' ആട്ടോക്കാരന്‍.

നേരെ എലിസബത്തിനെ പിടിച്ചു ഓട്ടോയില്‍ കയറ്റി. ഓട്ടോക്കാരന്‍ അടിമുടി എന്നെ ഒരു നോട്ടം. 'ആരെടാ ഇവന്‍, കന്യാസ്ത്രീയുടെ കൈക്ക് പിടിക്കുന്നവന്‍' എന്ന  ഭാവത്തില്‍, രൂപത്തിലും !

പക്ഷെ എലിസബത്തിന്റെ മുഖത്ത് പ്രത്യേകിച്ച് ഒരു മാറ്റവും കണ്ടില്ല. എനിക്കും.

ഇന്ത്യന്‍ കോഫി ഹൌസിലെ ഫാമലി റൂമില്‍ ഇരിക്കുമ്പോള്‍ എലിസബത്ത് എന്നോട് ചോദിച്ചു

'സത്യത്തില്‍ സൂര്യന്‍ അന്ന് പറഞ്ഞ കാര്യം ഞാന്‍ വീണ്ടും വീണ്ടും ആലോചിച്ചു. എന്തേ ഞാന്‍ കന്യാസ്ത്രീ ആകണ്ടായിരുന്നു ഇന്നു പറയാന്‍ കാര്യം ?'

'എനിക്കങ്ങനെ തോന്നി' എന്ത് തോന്നി ? ഒരു കുന്തവും തോന്നീല്ല. പക്ഷെ അങ്ങിനെ പറയാന്‍ പറ്റില്ലല്ലോ.

'എന്തോ... ഞാന്‍ ആലോചിച്ചു നോക്കിയപ്പോള്‍, പെട്ടെന്ന് തോന്നിയ ഒരു ഫാസിനേഷന്‍ മാത്രമല്ലേ ആ തീരുമാനത്തിന് പിന്നില്‍ ഉണ്ടായിരുന്നത് ഇന്നു തോന്നുന്നു'

'ആയിരിക്കാം, പക്ഷെ അതൊരു നല്ല തീരുമാനം ആയിരുന്നില്ലേ, പിന്നെന്താ ?'

'ആയിരുന്നു, പക്ഷെ....'

'എന്താണ് പ്രശ്നം ? എലിസബത്ത് കാര്യം പറ'

'ഏയ്‌ ഒന്നുമില്ല, വെറുതെ ഓരോന്ന് ആലോചിച്ചു'

'എന്ത് ?'

'സൂര്യയെ പറ്റി തന്നെ'

'എന്നെപ്പറ്റിയോ ? എന്നെപ്പറ്റി എന്താലോചിക്കാന്‍ ?' എന്റമ്മേ ! പിടിച്ചു മഠത്തില്‍ ചേര്‍ക്കാന്‍ ഉള്ള വല്ല പരിപാടിയുമാണോ ? ചതിക്കുമോ തല്ലിപ്പൊളി ? വേലിയില്‍ ഇരുന്ന എന്തെങ്ങിലും എടുത്തു എവിടെങ്ങിലും വെച്ചത് പോലെ ആകുമോ ? തലപോളിക്കുമോ ഗഡി ?

'ഒന്നുമല്ല എത്ര പെട്ടെന്നാണ് നമ്മള്‍ നല്ല ഫ്രണ്ട്സ് ആയതു'
ഭാഗ്യം ! അത്രയേ ഉള്ളോ, വെറുതെ മനുഷ്യനെ പേടിപ്പിച്ചു, പണ്ടാരം !
'അതെ അതെ ഞാനും ആലോചിക്കാറുണ്ട്'

'ഉണ്ടോ ? എന്നെപ്പറ്റി ആലോചിക്കാറുണ്ടോ ?' എലിസബത്ത് ചാടി ചോദിച്ചു. ഞാന്‍ വിചാരിച്ചു പെണ്ണല്ലേ വര്‍ഗം, എന്താ ആര്‍ത്തി !

'ഉണ്ടോന്നോ, എപ്പോഴും ഞാന്‍ ആലോചിക്കും, താന്‍ എത്ര നല്ല കുട്ടിയാണ്, കൂട്ട്കാരോടൊക്കെ ഞാന്‍ അത് പറയുകയും ചെയ്തു. എന്തിനു വീട്ടില്‍ അമ്മയോട് പോലും പറഞ്ഞിട്ടുണ്ട്.' ഞാന്‍ ശരിക്കങ്ങോട്ട് തട്ടി. കൂട്ടുകാരില്‍ ആരെങ്കിലും ഒരാള്‍ ഇതറിഞ്ഞാല്‍ തീര്‍ന്നു, എന്റെ അന്ത്യമായിരിക്കും പിന്നെ. പിന്നല്ലേ വീട്ടില്‍. എന്നാലും ക്ടാവിന് സന്തോഷായിക്കോട്ടേ !

സന്തോഷം കുറച്ചു കൂടുതലായി ഇന്നു തോന്നുന്നു, എലിസബത്തിന്റെ കണ്ണ് നിറഞ്ഞു.

ഇതാണെന്റെ കുഴപ്പം, എല്ലാം ഓവറാക്കും, എന്നാലും ഏറ്റു, മുകേഷ് വിളിച്ചപോലെ 'സാമിയെട്ടാ' ഇന്നു വിളിക്കണം ഇന്നു തോന്നി.

'എന്ത് പറ്റി എലിസബത്തെ ? കണ്ണ് നിറഞ്ഞത്‌, വിഷമം ആവാന്‍ ഞാന്‍ ഒന്നും പറഞ്ഞില്ലല്ലോ'

'വിഷമം ആയതോന്നുമല്ല, ഓരോന്ന് ആലോചിച്ചപ്പോള്‍ നിറഞ്ഞതാണ്‌'
'മാഡം എലിസബത്ത് ഒന്നും ആലോചിക്കണ്ട, ഈ മസാല ദോശ, കോള്‍ഡ്‌ കോഫി (അതെന്റെ വീക്ക്‌നെസ് ആണ് !) എന്നീ ഐറ്റംസ് അങ്ങോട്ട്‌ കഴിച്ചു കഴിയുമ്പോള്‍ വയറും നിറയും മനസ്സും നിറയും, എന്നാ തുടങ്ങല്ലേ ?'

'ഓക്കേ' എലിസബത്ത് ചിരിച്ചു.

ഞാന്‍ കോള്‍ഡ്‌ കോഫീ ഗ്ലാസ്‌ എടുത്തു നീട്ടിപിടിച്ചു, ഒരു പള്ളീലച്ചന്‍ ടോണില്‍ ഒരു ഡയലോഗ് അടിച്ചു.

'ഈ കോള്‍ഡ്‌ കോഫി എന്റെ രക്തവും, ഈ മസാല ദോശ എന്റെ ശരീരവും ആകുന്നു, ആയതു രണ്ടും ഇവിടുത്തെ പാചകക്കാരോട് പ്രത്യേകം പറഞ്ഞു ദോശയും കാപ്പിയും ആക്കി കൊണ്ടുവന്നിരിക്കുകയാണ്. ആയതിനാല്‍ നീ ദോശ ചട്ടിനിയില്‍ മുക്കി എന്റെ ഈ വലിയ രൂപം മനസ്സില്‍ ധ്യാനിച്ചുകൊണ്ട് ഭക്ഷിക്കുവിന്‍. ഐറ്റംസ് എല്ലാം തീര്‍ന്നു കഴിഞ്ഞാല്‍ കഴിഞ്ഞ തവണ ചെയ്തത്പോലെ കണ്ണില്‍കണ്ട എന്തിലെങ്ങിലും നോക്കിയിരിക്കാതെ, അവര്‍ കൊണ്ട് വന്നു വെക്കുന്ന ബില്ല് പേ ചെയ്യാന്‍ നമ്മുടെ എല്ലാം എല്ലാം ആയ കര്‍ത്താവിന്റെ നാമത്തില്‍ ഞാന്‍ നിന്നോടരുളിചെയ്യുന്നു'

'ആമേന്‍' എലിസബത്ത് മാത്രമല്ല, അപ്പുറത്തുള്ള പല കാബിനിലുകളില്‍ നിന്നും ആമേന്‍ കേട്ടു. ആരോക്കയോ കയ്യടിക്കുന്നു, എലിസബത്ത് ചിരിച്ചു ചുമച്ചു മറഞ്ഞു വീണു. മതി ഇന്നത്തെ ദിവസം ധന്യമായി.

പിന്നീടുള്ള പല ദിവസങ്ങളിലും ഞങ്ങള്‍ കോഫി ഹൌസില്‍ പോകാറുണ്ട്. എല്ലാം പഴയത് പോലെ, കൂട്ട് കാരുടെ പല വിശേഷങ്ങള്‍, രാധാകൃഷ്ണന്‍ മാഷുടെ അവിടുത്തെ വേറൊരു സാറ് 'ബീഡി വലിച്ചു കഴിഞ്ഞാല്‍ കുറ്റി പുറത്തേക്കിടാന്‍ അഭ്യര്‍ത്ഥന പോലെ പറഞ്ഞതും', പാന്റ് കീറിയത് തുന്നാന്‍ കൊടുത്തിട്ട് അണ്ടര്‍വെയര്‍ മാത്രം ഇട്ടു ചാത്തന്‍ ക്ലാസ്സില്‍ ഇരുന്നതും, വെള്ളമടിച്ചു പല പാരലല്‍ കോളേജ് ഡേകള്‍ കലക്കിയതും, വാഴനിയില്‍ പോയി, നന്ദന്റെ വീട്ടില്‍, അടിച്ചു പാമ്പായതും അവന്റെ വീട്ടില്‍ ചോറ് കൊണ്ടുവന്നു വെച്ചപ്പോള്‍ തന്നെ കെട്ടിറങ്ങാന്‍ ഞാന്‍ തൈര് ചേര്‍ത്ത് അടിച്ചതും... അങ്ങിനെ അങ്ങിനെ ഉണ്ടാകുന്ന മിക്ക വിശേഷങ്ങളും ഞങ്ങള്‍ സംസാരിക്കാറുണ്ട്.

പക്ഷെ ഇതിനിടയില്‍ എലിസബത്ത് ഒരു ചതി ചെയ്തു, ആന്‍ മേരിയും എലിസബത്തും എന്നെ പറ്റി സംസാരിക്കാരുണ്ടായിരുന്നു, ഞങ്ങള്‍ സംസാരിക്കുന്ന കാര്യങ്ങള്‍ അവര്‍ വീടും പോസ്റ്റ്‌മാര്ടം ചെയ്യാറുണ്ടായിരുന്നു എന്നര്‍ത്ഥം. നമ്മുടെ ഈ പരിപാടികള്‍ ഒക്കെ കേട്ടിട്ടാണോ എന്നറിയില്ല, അവള്‍ക്കു എന്നോടൊരു 'ഇത്'. നമുക്ക് നേരത്തെ 'അത്' ഉള്ളതാണല്ലോ.

ഒരു ദിവസം ആന്‍ എന്നോട് 'നമ്മളെയൊന്നും, കോഫി കഴിക്കാന്‍ വിളിക്കില്ലല്ലേ ?'

'അങ്ങിനെ ഒന്നും ഇല്ല, ഞാന്‍ വിളിച്ചാല്‍ വന്നില്ലെങ്ങിലോ എന്ന് വിചാരിച്ചു വിളിക്കതിരുന്നതാണ്' ഞാന്‍  മറുപടിയും കൊടുത്തു.
നീ വന്നാല്‍, എന്തിനു കോഫി മാത്രം ആക്കണം, ഒരു കല്യാണം കഴിക്കാന്‍ വരെ ഞാന്‍ വിളിക്കും, പറ്റിയില്ലെങ്ങില്‍, ഒരു ചെറിയ അബോര്‍ഷനെങ്ങിലും കഴിപ്പിക്കും ! നീ വരുമോ ? മോര് തരുമോ ?

'വിളിച്ചു നോക്ക്' ആന്‍, അതിനര്‍ത്ഥം നിന്റെ കയ്യില്‍ കാശുണ്ടെങ്ങില്‍ വിളിക്ക് അല്ലെങ്കില്‍ നടക്ക് ! നീ......., അതും നമ്മളോട്......., ശരിയാക്കി തരാം, ദിപ്പോ ശരിയാക്കി തരാം.

'ആയിക്കോട്ടെ, ഇന്നു ആന്‍ മേരിയുടെ ചിലവാകട്ടെ'

'ഉം......, ആയിക്കോട്ടെ' അത്ര സന്തോഷതിലോന്നുമല്ലെങ്ങിലും പുള്ളി അതങ്ങ് സമ്മതിച്ചു. ഭാവിയില്‍ എന്നെയും ഒസാമല്ലോ എന്നവള്‍ മനസ്സില്‍ കണ്ടു കാണും. വാടി, എന്ന് നിന്നെ ഞാന്‍ ശരിയാക്കി തരാം.

'എങ്ങോട്ട്  പോകണം ?'

'എങ്ങോട്ട് വേണം, സൂര്യന്‍ പറ'

സൂര്യന്‍ പറയല്ല... പത്താഴമാണ്, അത് നിനക്ക് ഇന്നു മനസ്സിലാകും !

'ഓക്കേ, ലുസിയ ഹോട്ടല്‍ !'

'ഓക്കേ' അവളും സമ്മതിച്ചു. പാവം. നീ ഇന്നൊരു ബലിമൃഗം മാത്രമാണ് !

നേരെ ലുസിയായില്‍ ചെന്നു. മനോഹരമായ രണ്ടു കസേരകളില്‍ ഞങ്ങള്‍ ഇരുന്നു, മെനു കൊണ്ടുവന്നപ്പോള്‍ ഞാന്‍ ചാടി പിടിച്ചു,

'ഓര്‍ഡര്‍ ഞാന്‍, ബില്ല് താന്‍, അങ്ങനെയല്ലേ ?'

'അങ്ങിനെ തന്നെ'

ടീ എസ്റ്റേറ്റ്‌ തൊഴിലാളികളുടെ മുദ്രാവാക്യം വിളിപോലെ തോന്നി, 'സ്ഥാനത്തിനോട് ആര്ത്തിയുള്ളവന്‍' അതായതു സ്ഥാനാര്‍ഥി, അത് എസ്റ്റേറ്റ്‌ മുതലാളി, അങ്ങേരോ വേണ്ടപ്പെട്ടവരോ മുദ്രാവാക്യം വിളിക്കും, തൊഴിലാളികള്‍ക്ക്‌ ഈ കടിച്ചാല്‍ പൊട്ടാത്ത വാക്കുകള്‍ ഒന്നും പറയാന്‍ അറിയില്ല, അവര്‍ പറയും 'അങ്ങിനെ തന്നെ മുതലാളി' !

'പെട്രോള്‍ എങ്ങനെ കത്തിച്ചു കളഞ്ഞാല്‍, എനിക്കിത്തിരി വിഷമം, ഉണ്ട്. പ്യാരി.. പെട്രോളിനെന്താ വില, 22 60 , ഡീസലോ ? 18 40 , എടാ മണ്ണെണ്ണ അല്ലെ ലാഭം, പോന്നിക്കരക്ക് ഇപ്പൊ എന്താ വേണ്ടത് പെട്രോളിന്റെയും ഡീസലിന്റെയും വിലയാ.... അയ്യോടാ ഞാന്‍ വിഷയത്തില്‍ നിന്നും ഞാന്‍ മാറിപ്പോയി, സോറിടാ !' അതുപോലായിപ്പോയി അല്ലെ ?

തിരിച്ചു വരാം, മെനു ഞാന്‍ പിടിച്ചു വാങ്ങിയില്ലെങ്ങില്‍ ഈ മുതല്‍ അത് കാണും അതിന്റെ ബോധം പോകുകയും ചെയ്യും. കാരണം, കോഫീ 40 രൂപയാണ്. ചിക്കന്‍ മസാല 100 രൂപയും.

(സത്യത്തില്‍ ആദ്യമായി എഴുതുന്നതിന്റെ ത്രില്ല് ഇപ്പോഴും എന്നെ ഡ്രൈവ് ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ അവസാന വായനക്കാരന്‍ ഞാന്‍ തന്നെ ആയാലും എഴുതും. അവസാനം അങ്ങിനെ തന്നെ ആവും എന്നായിരിക്കും ഇപ്പോള്‍ മനസ്സില്‍ തോന്നിയത്, അല്ലേ ?)

2 comments:

  1. ezuthu gambeeeram.. njaan ellam vaayikkununde... :)

    ReplyDelete
  2. വായിക്കുന്നുണ്ട് എന്നറിഞ്ഞതില്‍ സന്തോഷം



    അഭിപ്രായം എഴുതിയതില്‍ അതിലേറെ സന്തോഷം



    ഇത്രയും സന്തോഷം വന്നാപ്പോള്‍ സത്യത്തില്‍ എന്റെ പേരിന്റെ കൂടെ 'സന്തോഷി' എന്ന് ചേര്‍ക്കണം എന്ന് തോന്നിപ്പോയി, 'രാജ്കുമാര്‍ സന്തോഷി' ഒക്കെ പോലെ !



    നന്ദി -xh- ഒരായിരം നന്ദി




    നമോവാകം !

    ReplyDelete